ഇന്നത്തെ മനോരമയുടെ ഒന്നാം പേജിലെ പ്രധാനവാര്‍ത്ത മലമ്പുഴയിലെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ്. ആദ്യ എഡിഷനുകളില്‍ അതിൻ്റെ തലക്കെട്ട് ഇങ്ങനെയാണ്:

”ബാബൂ, ഭയക്കരുത്, ഞങ്ങള്‍ കൈപിടിക്കും.”

ബാബു എന്തായാലും രാവിലെ പത്രം കാണില്ലെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു തലക്കെട്ട് എന്നു പലര്‍ക്കും സംശയം തോന്നാവുന്നതേയുള്ളൂ.ശരിയാണ്, ബാബു ഇന്നു രാവിലെ പത്രം കണ്ടിട്ടില്ല. എന്നാല്‍, ബാബുവിൻ്റെ കുടുംബം, കൂട്ടുകാര്‍, പരിചയക്കാര്‍ അങ്ങനെ ബാബുവിനായി കാത്തിരിക്കുന്നവര്‍, ബാബുവിൻ്റെ രക്ഷയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റു മനുഷ്യര്‍… അവരെല്ലാം രാവിലെ പത്രം വായിക്കുമല്ലോ.

ബാബുവിനെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ടുള്ള ആ തലക്കെട്ട് ആ മനുഷ്യരിലെല്ലാമുണ്ടാക്കിയ ആശ്വാസവും പ്രതീക്ഷയും എത്രയാകും!ആ പ്രതീക്ഷ തന്നെയാണല്ലോ തലക്കെട്ടുകളില്‍ വരേണ്ടതും?

ഇനി, ആദ്യ എഡിഷനുകളിലെ ഈ തലക്കെട്ട് പുലര്‍ച്ചെ അച്ചടിച്ച് നഗരമേഖലകളില്‍ ലഭിച്ച പത്രത്തില്‍ മാറിയിട്ടുണ്ട്. അത് ഇങ്ങനെയാണ് – “ഭയമൊഴിയുന്നു, അവര്‍ ബാബുവിൻ്റെ വിളിപ്പാടകലെ”പുലര്‍ച്ചെ മൂന്നുമണിയോടെ സൈനിക സംഘം മലമുകളിലെത്തി ബാബുവിനോടു സംസാരിച്ച ശേഷം അച്ചടിച്ച കോപ്പികളിലാണ് ഈ പുതിയ തലക്കെട്ട്.

എന്തായാലും, സൈന്യം ബാബുവിൻ്റെ കൈപിടിച്ചിരിക്കുന്നു.

കൈപിടിക്കുമെന്ന ആ വാക്ക്, പ്രതീക്ഷ വെറുതെയായില്ല.അതാണല്ലോ സന്തോഷം!

K Tony Jose

നിങ്ങൾ വിട്ടുപോയത്