ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാപ്പോലീ ത്തൻ പള്ളി അങ്കണത്തിൽ സജ്ജമാക്കുന്ന പന്തലിൽ രാവിലെ ഒമ്പതിന് ആ രംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. തുടർന്ന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

പതിനേഴു വർഷം ചങ്ങനാശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ സീറോമലബാർ സഭാ സിനഡ് തെരഞ്ഞെടുത്തത്. 11.45ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച്ബി ഷപ് മാർ തോമസ് തറയിലിന് ആശംസകളും നേരും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, വിവിധ സഭാ മേലധ്യക്ഷന്മാർ, മന്ത്രിമാർ, വത്തിക്കാൻ പ്രതിനിധി, യൂറോപ്യൻ സഭാപ്രതിനിധികൾ ഉൾപ്പെടെ അമ്പതിൽപ്പരം മെത്രാൻമാർ, വിവിധ മത, സമുദായ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

അതിരൂപതയിലെ 250ലേറെ വരുന്ന ഇടവകകളിൽനിന്നുള്ള പതിനായിരത്തോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. സ്ഥാനാരോഹണ ശുശ്രൂഷകൾക്കായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ വിപുലമായ പന്തൽ സജ്ജമാക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മെത്രാപ്പോലീത്തൻപള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, ജനറൽ കോഓർഡിനേറ്റർ റവ. ഡോ. തോമസ് കറുകക്കളം, മീഡിയ കമ്മിറ്റി കൺവീനർ ഫാ. ജയിംസ് കൊക്കാവയലിൽ, പിആർഒ ജോജി ചിറയിൽ, കൈക്കാരൻ ജോമി കാവാലംപുതുപ്പറമ്പിൽ, മീഡിയ കമ്മിറ്റിയംഗം സൈബി അക്കര എന്നിവർ പങ്കെടുത്തു.