ആഗോള പാവങ്ങളുടെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസീസ് പാപ്പ നവംബർ 12 ന് അസീസിയിൽ 500 ഓളം ദരിദ്രരെ കാണുന്നതിന്റെ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു.
വി. ഫ്രാൻസിസിന്റെ ഗ്രാമമായ അസീസിയിൽ നവംബർ 12 ന് വെള്ളിയാഴ്ചയാണ് ആഗോള ദരിദ്രരുടെ ദിനം ആചരിക്കാൻ പാപ്പ അസീസിയിലേക്ക് പോകുന്നത്.
അവിടെ പാപ്പയോട് കൂടെ ഒരു ദിവസം ചിലവഴിക്കാൻ യൂറോപ്പിലെ പല ഭാഗത്ത് നിന്നുമുള്ള 500 ഓളം പാവങ്ങളാണ് ഒരുമിച്ച് കൂടുന്നത്. രാവിലെ 9 മണിക്ക് പാപ്പ അവിടെ എത്തിചേർന്ന് ബസിലിക്കയുടെ ചത്വരത്തിലാണ് പാപ്പക്ക് അവർ സ്വീകരണം ഒരുക്കുന്നത്.
പാപ്പക്ക് അവർ തീർത്ഥാടകന്റെ കുപ്പായവും, വടിയും സമ്മാനിക്കും. ബസിലിക്കയിൽ അതിന് ശേഷം പാപ്പയുടെ സാന്നിധ്യത്തിൽ ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിൽ ആറ് പേർ അവരുടെ സാക്ഷ്യം നൽകുന്നുണ്ട്.
പാപ്പയുടെ മറുപടിക്ക് ശേഷം അവർ എല്ലാവരും പ്രാർത്ഥനയിൽ സമയം ചിലവഴിക്കുന്നുണ്ട്. പ്രാർത്ഥനക്ക് ശേഷം 500 പാവങ്ങളോട് കൂടെ ചായ സൽക്കാരം ഉണ്ടായിരിക്കും. അതിന് ശേഷം പാപ്പയുടെ സമ്മാനങ്ങൾ അവർക്ക് പാപ്പ വിതരണം ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്. അതിന് ശേഷം അസിസി മെത്രാൻ ബിഷപ് ഡോമേനികോയുടെ കൂടെ ഭക്ഷണത്തിന് ശേഷമാണ് പാപ്പ വത്തിക്കാനിലേക്ക് തിരിച്ച് വരുന്നത്.
14 ന് ഞായറാഴ്ച വത്തിക്കാനിൽ പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ പാവങ്ങളുടെ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായ വി ബലിയർപ്പണവും ഉണ്ട്.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ