അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു

“ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല. ചിലപ്പോൾ കേട്ട ഭാവം കാണിക്കില്ല. ജാഡ കണ്ടാൽ തോന്നും ശാസ്ത്രജ്ഞന്മാർ ആണെന്ന്.! ഇക്കാര്യങ്ങൾ അന്വേഷിക്കുകയും അതേക്കുറിച്ചു പറയുകയും ചെയ്യേണ്ടവരല്ലേ ? എനിക്ക് സഭയിലുള്ള വിശ്വാസം പോകുന്നത് ഇവർ കാരണമാണ് “

“അച്ചന്മാർ ഇങ്ങനെയാണെന്നു അടുത്തറിയുന്നതാണ് വിശ്വാസത്തിന്റെ തുടക്കം”. ഞാൻ പറഞ്ഞു.

“അതെങ്ങനെ “

ഞാൻ കൂട്ടത്തിൽ കൂടാത്തതിലുള്ള അമർഷം മറച്ചുവെക്കാതെയായിരുന്നു ചോദ്യം. “എടാ … എല്ലാ അച്ചന്മാരും കേട്ട പാതി കേൾക്കാത്ത പാതി എല്ലാ അത്ഭുതവും പൊക്കിപ്പിടിച്ചു ലോകം മുഴുവൻ കൊണ്ട് നടന്നാൽ എന്ത് സംഭവിക്കും”

“എന്ത് സംഭവിക്കാനാ .. അതല്ലേ അവരുടെ ജോലി. “

“എന്നാൽ പറയൂ … അതിൽ ഏതെങ്കിലും ഒരത്ഭുതം പിന്നീട് അബദ്ധമാണെന്ന് തെളിഞ്ഞാൽ എന്ത് സംഭവിക്കും ? “

“ഒന്നോ രണ്ടോ അബദ്ധമൊക്കെ ആർക്കും പറ്റുമെന്ന് എല്ലാവര്ക്കും അറിയാം “

“അപ്പോൾ കത്തോലിക്കാ സഭ പഠിപ്പിക്കുന്നതെല്ലാം സത്യമാണെന്നു പിന്നെ പറയാൻ പറ്റുമോ ?”

“ഇല്ല”

“അതേസമയം ആയിരം അത്ഭുതത്തെ എതിർത്താലും ശരിയാണെന്നു പൂർണമായി ഉറപ്പുള്ള ഒരെണ്ണത്തെ മാത്രം ശരിയെന്നു പറയാൻ തുടങ്ങിയാലോ ? “

“ശരിക്കു പഠിച്ചിട്ടല്ലാതെ സഭ ഒന്നും ശരിവക്കില്ല എന്ന് പറയും “

കത്തോലിക്കാ സഭ അത്ഭുതം വിറ്റു നടക്കുന്നു എന്ന് പറയുന്ന മടയന്മാർ അറിയാത്ത സഭയുടെ യഥാർത്ഥ മുഖം നീ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് നിന്റെ ഈ അറിവ് അത്ഭുതത്തിന്റെ തുടക്കമാണ് എന്ന് ഞാൻ പറഞ്ഞത്. കത്തോലിക്കാ സഭ ഒരു കാര്യവും ശരിയാണ് എന്ന് 100 ശതമാനം ഉറപ്പില്ലാതെ ശരിയെന്നു പറയുകയില്ല”

സംഭാഷണത്തിന്റെ ഒടുവിൽ ഇറ്റലിയിലെ ലാഞ്ചിയാനോയിൽ ഉൾപ്പെടെ നടന്ന സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഞാൻ അവനു കാണിച്ചു കൊടുത്തു. മരിച്ചുപോയ വിശുദ്ധരുടെ ശരീരങ്ങൾ അഴുകാതിരുന്നതിനുവരെ അവർ കാരണങ്ങൾ കണ്ടെത്തി.എന്നാൽ ഗോതമ്പപ്പം മാംസമായി മാറി അനേക നൂറ്റാണ്ടുകൾ അഴുകാതിരിക്കുന്ന ഈ അത്ഭുതം transubstantiation എന്ന സ്വർഗ്ഗത്തിന്റെ പ്രവർത്തിയെക്കുറിച്ചു ആരെയും വിശ്വസിപ്പിക്കാൻ ഉതകുന്നതാണ്.

കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാന എന്താണെന്നും മാർപ്പാപ്പയോടു ചേർന്ന് നിൽക്കുന്ന വൈദീകരുടെമേൽ പ്രവർത്തിക്കുന്ന അത്ഭുത വരദാനം എന്തെന്നും നമുക്ക് തിരിച്ചറിയാൻ ദൈവം ഇത് അനുവദിക്കുന്നു.

ഇത് ഞാൻ എഴുതാൻ കാരണം, മാടവനയിലെ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചു കേട്ടപ്പോൾ ഒട്ടും എടുത്തു ചാടാതെ പ്രതികരിച്ച ജോഷി മയ്യാറ്റിലച്ചൻ പതിയെ പതിയെ ഈ അത്ഭുതത്തെക്കുറിച്ചു കുറിക്കാൻ ഇടയായ രീതി വായിച്ചപ്പോഴാണ്. അച്ചനും വിഷയം ഗൗരവത്തിലെടുക്കാൻ പ്രധാന കാരണം അത്ഭുതം നേരിട്ടുകണ്ട വൈദീകൻ എടുത്തു ചാടാതെ സംയമനത്തോടെ സഭയുടെ വഴികളെ സമീപിക്കുന്നത് കണ്ടപ്പോഴാണ്.

അങ്ങനെയാണ് വൈദീകർ. അവർ അങ്ങനെ തന്നെ ആയിരിക്കട്ടെ. അതാണ് സഭയെ വിശ്വസിക്കുമ്പോൾ നമുക്കുള്ള ഉറപ്പു. ചുമ്മാതൊന്നും അവരൊന്നും സമ്മതിക്കില്ലെന്ന് ! അതുകൊണ്ടു തന്നെ സമ്മതിച്ചതെല്ലാം നമുക്ക് വിശ്വസിക്കാമെന്നു!

ഇന്ന് ലോകമെങ്ങും ഏറ്റെടുത്ത കരുണയുടെ സന്ദേശം എത്രയോ വര്ഷം സഭ പെട്ടിയിൽ പൂട്ടി വച്ചു. എളിമയോടെ ഫൗസ്റ്റീനാമ്മ അത് സ്വീകരിക്കാൻ കാരണം തന്റെ വെളിപാടുപോലും സഭ അംഗീകരിച്ചാൽ മാത്രമേ സത്യമാകൂ എന്നതുകൊണ്ടാണ്.

നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.വിളിച്ചു പറയാൻ ആരെങ്കിലും വേണമല്ലോ. മെഡ്ജുഗോറി പോലുള്ള പല മരിയൻ പ്രത്യക്ഷീകരണങ്ങളും ഇങ്ങനെ സഭയുടെ അനുവാദം കാത്തിരിക്കുന്ന അത്മായർ ഏറ്റെടുത്ത സ്വർഗ്ഗത്തിന്റെ ഇടപെടലുകളാണ്.

പിന്നീടൊരിക്കൽ സഭ അത് സ്വർഗത്തിന്റേതല്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനും ഞാൻ പറയുന്ന വിഷയം സഭ അനുവദിക്കുന്നതുവരെ ശരിയെന്നു പൂർണമായി പറയാനാകുകയില്ല എന്ന് പരസ്യമായി സംസാരിക്കാനുമുള്ള തുറവി ഉണ്ടായിരിക്കുക എന്നത് മാത്രമാണ് നമുക്കുണ്ടായിരിക്കേണ്ട ഗുണം. ഒപ്പം ഒന്നും കൈവിട്ടുപോകാതെ നോക്കാനുള്ള ജാഗ്രതയും.

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്