മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത തീര്‍ത്ഥാടനകേന്ദ്രം.
കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ ഇടവകാംഗങ്ങളെ ചേര്‍ത്തുപിടിച്ച് മാതൃക സൃഷ്ടിക്കുകയാണ് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക. 138 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്തിരിക്കുകയാണ് പ്രശസ്തമായ ഈ തീര്‍ത്ഥാടനകേന്ദ്രം. തെരഞ്ഞെടുത്ത 17 കുടുംബങ്ങള്‍ക്ക് മാസംതോറും 2,000 രൂപയും ബാക്കിയുള്ള 121 കുടുംബങ്ങള്‍ക്ക് ഓരോ മാസവും 1,000 രൂപ വീതവും നല്‍കും. കഴിഞ്ഞ മാസം മുതല്‍ പദ്ധതി ഇടവകയില്‍ നടപ്പിലായി.
ഇതുകൂടാതെ ആ കുടുംബങ്ങളില്‍ ചികിത്സപോലെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അവിടെയും സഹായത്തിന്റെ കരങ്ങളുമായി ഇടവക ഉണ്ടാകും. 5,000 രൂപ മുതല്‍ ആവശ്യത്തിന്റെ സ്വഭാവമനുസരിച്ച് സഹായം നല്‍കാനാണ് തീരുമാനം. 10 കുടുംബങ്ങളെ ഇടവക നേരിട്ടും ബാക്കി 128 കുടുംബങ്ങളെ ഇടവകാംഗങ്ങളുടെ പങ്കുവയ്ക്കലിലൂടെയുമാണ് സഹായിക്കുന്നത്. ഇടകയിലെ എകെസിസിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായമായി ഇതിനകം ഒരു ലക്ഷത്തിലധികം രൂപ നല്കികഴിഞ്ഞു.
കോവിഡ് കാലത്തിന്റെ ദുരിതങ്ങളെപ്പറ്റി ചിന്തിച്ച ഇടവക വികാരി ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലിന്റെ മനസില്‍ ഉദിച്ച ഒരു ചിന്തയായിരുന്നു പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകുക എന്നത്. നിശ്ചിത കാലത്തേക്ക് സഹായം ലഭിക്കുമെന്നുള്ള ഉറപ്പുകൂടിയാകുമ്പോള് ആ കുടുംബങ്ങള്‍ക്ക് അതു വലിയൊരു ആശ്വാസമായി മാറുമെന്ന് അച്ചന് അറിയാമായിരുന്നു. തന്റെ മനസില്‍ ഉദിച്ച ആശയം കൈക്കാരന്മാരെും കമ്മറ്റിക്കാരെയും അറിയിച്ചപ്പോള്‍ പൂര്‍ണപിന്തുണയുമായി അവര്‍ കൂടെനിന്നു. ഒപ്പം സഹവികാരി ഫാ. സ്കറിയ മേനാപറമ്പിലും. ഈ ആശയം ദൈവത്തിന്റെ ആഗ്രഹമായിരുന്നു എന്നതിന്റെ വലിയ തെളിവാണ് ഇതിനോട് സഹകരിക്കാന്‍ അനേകര്‍ മുമ്പോട്ടുവന്നത്.
ഇടവകയില്നിന്നുള്ളവരുടെ പങ്കുവയ്ക്കലിലൂടെയാണ് പദ്ധതി മുമ്പോട്ടുകൊണ്ടുപോകുന്നത്. ജോലി ഉള്ളവരോ പെന്‍ഷന്‍കാരോ ആണ് സഹായിക്കുന്നവരില്‍ അധികവും.ആദ്യം 100 കുടുംബങ്ങളെ ദത്തെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, സഹായം അര്‍ഹിക്കുന്നവര്‍ കൂടിവന്നപ്പോള്‍ എണ്ണം 138-ല്‍ എത്തുകയായിരുന്നു. സഹായം തേടിയവരുടെ എണ്ണം കൂടിയപ്പോള്‍ സഹായിക്കാന്‍ തയാറായവരുടെ എണ്ണവും കൂടി. ഇതൊരു ദൈവിക പദ്ധതിയായിരുന്നു എന്നതിന്റെ അടയാളമായിട്ടാണ് ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ അതിനെ കാണുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അരുവിത്തറ ഇടവക എന്നും മുമ്പിലാണെന്ന് ഫാ. പാലയ്ക്കാപ്പറമ്പില്‍ പറയുന്നു. ഏതാണ്ട് 30 ലക്ഷം രൂപയോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 37 വീടുകള്‍ പണിതു നല്‍കുന്നതിനായി ഒരു കോടി രൂപയാണ് ചെലവഴിച്ചത്. 10 വീടുകള്‍ പുതുതായി നിര്‍മ്മിക്കുകയും 27 വീടുകള്‍ ഭാഗികമായി നിര്‍മ്മിക്കുകയുമായിരുന്നു. കൂടാതെ ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ നാല് വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയുമാണ്.
വിശുദ്ധ ഗീവര്‍ഗീസിന്റെ നാമത്തിലുള്ള പുരാതനവും പ്രശസ്തവുമായ ഈ തീര്‍ത്ഥാടനകേന്ദ്രം മനുഷ്യസ്നേഹത്തിന്റെ കാര്യത്തിലും മുമ്പിലാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.
അനുമോദനങ്ങൾ ആശംസകൾ