ഫാ. ജോസഫ് ഇലഞ്ഞിമറ്റം

ഭവനനിര്‍മ്മാണം ഏതൊരു കുടുംബത്തിനും ഒരായുസ്സിന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. ആദിമസഭ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നിരുന്നത് (നടപടി 2:42) ഭവനങ്ങളിലാണല്ലോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്ന ഗാര്‍ഹികസഭയുടെ ഇരിപ്പിടമായ വീടും അതിന്‍റെ നിര്‍മ്മിതിയും ചില അബദ്ധവിശ്വാസങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നത് അജപാലകരുടെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന കാര്യമാണ്. ത്രിത്വൈകദൈവത്തിന്‍റെ കൂടാരമാവേണ്ട ഭവനം അവിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും ഇടമാകാതിരിക്കേണ്ടതിന് വേണ്ട ശ്രദ്ധയും പ്രബോധനവും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്.

ഭവനനിര്‍മ്മാണത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് വാസ്തുപ്രകാരമുള്ള നിര്‍മ്മിതി. ഭാരതത്തില്‍ സഭ വേരിറങ്ങിയ കാലംമുതലേ സാംസ്കാരിക അനുരൂപണത്തിന് പ്രാമുഖ്യം നല്കിയിരുന്നെങ്കിലും വിശ്വാസത്തിനു കോട്ടം വരത്തക്കവിധത്തില്‍ ഇതരമതസ്ഥരുടെ ആചാരരീതികളിലേയ്ക്ക് വിശ്വാസികള്‍ വീഴാതിരിക്കാന്‍ സഭ എക്കാലത്തും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അത്തരത്തില്‍ വാസ്തുശാസ്ത്രാധിഷ്ഠിതമായ നിര്‍മ്മാണപ്രവൃത്തനങ്ങള്‍ എത്രമാത്രം ശാസ്ത്രീയവും ക്രൈസ്തവാരൂപിക്ക് ചേര്‍ന്നതുമാണ് എന്നതിനെപ്പറ്റിയുള്ളതാണ് ഈ പഠനം.

വാസ്തുപുരുഷന്‍ ‍

മത്സ്യപുരാണത്തിലെ വാസ്തുഭൂതോത്ഭവധ്യായത്തില്‍ വാസ്തുപുരുഷനെപ്പറ്റിയുള്ള വിവരണമനുസരിച്ച് ”അന്ധകാസുരനെ വധിച്ച ശിവന്‍റെ നെറ്റിയില്‍ നിന്ന് പതിച്ച വിയര്‍പ്പു തുള്ളിയില്‍ നിന്നും രൂപമെടുത്തതാണ് വാസ്തു. അഹങ്കാരിയായ ഈ സത്വത്തെ സകലദേവകളും ചേര്‍ന്ന് ബന്ധിച്ച് ഭൂമിയില്‍ കുഴിച്ചിട്ടു. അത് ശിവന്‍റെ കാല്‍ക്കല്‍ അഭയം പ്രാപിച്ചു. മനസലിഞ്ഞ് ശിവന്‍ അതിന് ഭൂമിയില്‍ പണിയുന്ന സകലതിനും മേല്‍ വീടുകള്‍ക്കും അവ നില്ക്കുന്ന സ്ഥാനത്തിനുംമേല്‍ അധീശത്വം നല്കി. വീടുപണിക്ക് മുന്‍പും ശേഷവും വാസ്തുവിനും അതില്‍ ആവസിച്ച ദേവകളെയും പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ നടത്തിയിരിക്കണം. അല്ലെങ്കില്‍ ഉടമസ്ഥന്‍റെ സൗഭാഗ്യങ്ങള്‍ വാസ്തു നശിപ്പിക്കും. അങ്ങനെ ഈ സത്വം വാസ്തുദേവന്‍ എന്നും വാസ്തുപുരുഷന്‍ എന്നുമൊക്കെ വിളിക്കപ്പെടാന്‍ തുടങ്ങി.

ശിവന്‍റെ ആജ്ഞപ്രകാരമോ ദേവകളുടെ ശക്തിയാലോ താഴ്ത്തപ്പെട്ട വാസ്തു ഭൂമിയില്‍ കിടന്നത് ചതുരശ്രാകാരമായിട്ടത്രെ. ഈശാനകോണിൽ ശിരസ്സും, നിരൃതികോണിൽ പാദങ്ങളും, അഗ്നി-വായുകോണുകളിൽ കൈകാൽമുട്ടുകളും, മാറിടത്തിൽ കൈത്തലങ്ങളും വച്ച് ശിവനെയും ദേവകളെയും കമഴ്ന്നുകിടന്ന് നമസ്കരിച്ച വാസ്തുവിനെ ദേവന്മാർ മലര്‍ത്തി കിടത്തി. വാസ്തുവിന്റെ ശിരസ്സിൽ ഈശാനനും വലതുകണ്ണിൽ ദിതിയും ഇടതുകണ്ണിൽ പർജന്യനും നാഭിയിൽ ബ്രഹ്മാവും അടക്കം അൻപത്തിമൂന്ന് മൂർത്തികൾ വാസ്തുപുരുഷശരീരത്തിൽ സ്ഥിതിചെയ്യുന്നുവെന്നാണ് പുരാണസങ്കല്പം.

ഭൂമിയില്‍ നിര്‍മിക്കുന്ന എല്ലാത്തിന്‍റെയും ദേവതയായ വാസ്തുപുരുഷന്‍റെ കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനും വടക്ക് കുബേരനും തെക്ക് യമനുമാണെന്നാണ് സങ്കല്പം. ഇതിന്‍റെ അനുസ്മരണമായി ഭവനനിര്‍മ്മാണത്തിനു ശേഷം വാസ്തുപുരുഷന്‍റെയും മറ്റു ദേവകളുടെയും പ്രീതിക്കായി നല്‍കുന്ന ബലിയാണ് പുരവാസ്തുബലി എന്നു പറയുന്നത്. മണ്ണില്‍ പണിയപ്പെടുന്ന സകലതിന്‍റെയും അധിപതിയായ വാസ്തുപുരുഷന് അതൃപ്തിയുണ്ടാകാത്തവിധം കെട്ടിടം പണിയുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. കശ്യപമുനി രചിച്ച കശ്യപശില്പമാണ് ആദ്യം വിരചിതമായ വാസ്തുഗ്രന്ഥമെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ വാസ്തുശാസ്ത്രത്തിന്‍റെ ആധാരഗ്രന്ഥമായി കരുതപ്പെടുന്നത് വിശ്വകര്‍മ്മപ്രകാശികയാണ്.

വാസ്തുശാസ്ത്രവും വാസ്തുവിദ്യയും ‍

വസ് എന്ന സംസ്കൃത പദത്തില്‍ നിന്നാണ് വാസ്തു എന്നാ വാക്കിന്റെ ഉത്ഭവം. കെട്ടിടം പണിയുന്ന സ്ഥലം, നിര്‍മിക്കപ്പെടുന്ന കെട്ടിടം എന്നൊക്കെ വാസ്തു എന്നതിന് അര്‍ഥം നല്‍കാം. ”ഗൃഹ-ക്ഷേത്ര-ആരാമ-സേതുബന്ധതടാകമാധാറോവ വാസ്തു” അഥവാ വീട്, അമ്പലം, ഉദ്യാനം, പാലം, തടാകം, ഇരിക്കാനും, കിടക്കാനും സഞ്ചരിക്കാനുമുള്ള ഉപാധികളെയെല്ലാം വാസ്തുവിന്റെ അര്‍ത്ഥ പരിധിയില്‍ പെടുത്താം എന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു.

വാസ്തുസംബന്ധിയായ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കപ്പെടുന്നതും പലപ്പോഴും സമാസമം പ്രയോഗിക്കപ്പെടുന്നതുമായ രണ്ട് വാക്കുകളാണ് വാസ്തുവിദ്യയും വാസ്തുശാസ്ത്രവും. യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയതയുള്ള ജ്യോതിശാസ്ത്രവും ശാസ്ത്രീയത അവകാശപ്പെടാനില്ലാത്ത ജ്യോതിഷവും തമ്മിലുള്ള ബന്ധമേ വാസ്തുവിദ്യയും വാസ്തുശാസ്ത്രവും തമ്മിലുള്ളു. നാട്ടറിവുകളെയും പ്രായോഗികതയെയും ആസ്പദമാക്കിയുള്ള തച്ചുശാസ്ത്രവിദ്യകള്‍ എല്ലാ നാട്ടിലും പ്രചാരത്തിലുള്ളതുപോലെ ഭാരതത്തിലെ പൗരാണിക നിര്‍മാണ സാങ്കേതികവിദ്യയാണ് വാസ്തുവിദ്യ.

എന്നാല്‍ വാസ്തുവിദ്യ എന്ന തച്ചുശാസ്ത്രപദ്ധതിയോട് മിത്തുകളും ചില അന്ധവിശ്വാസങ്ങളും കലര്‍ന്ന് അത് വാസ്തുശാസ്ത്രമായി. ശാസ്ത്രം എന്ന പദം വാസ്തുവിനോട് കൂടി ചേര്‍ക്കുന്നത് അതിലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട സാര്‍വ്വത്രികസത്യങ്ങളെന്ന അര്‍ത്ഥത്തിലല്ല മറിച്ച് ഗൗളിശാസ്ത്രം, പക്ഷിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം എന്നൊക്കെ പറയുമ്പോലെയുള്ള പ്രത്യേകതരം അറിവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.

എല്ലാ ദേശത്തും വികസിച്ച തനതായ നിര്‍മാണരീതികള്‍ക്കും അതാത് കാലഘട്ടതിന്റെതായ സാങ്കേതികവിദ്യയുടെ അകമ്പടിയും ശാസ്ത്രീയതയതയുണ്ടാവും. കേരളത്തിലെ പൗരാണിക മണിമന്ദിരങ്ങളും ക്ഷേത്രസമുച്ചയങ്ങളും ഈ നാട്ടിലെ തച്ചുശാസ്ത്രമികവിന്റെ അടയാളങ്ങളാണ്. അത്തരത്തില്‍ വാസ്തുവിദ്യ ഒരു തദ്ദേശീയമായ തച്ചുശാസ്ത്രമാണ്. എന്നാല്‍ ഇതിനോടനുബന്ധമായുള്ള വാസ്തുശാസ്ത്രത്തില്‍ മിത്തുകളും നാട്ടറിവുകളും ജ്യോതിഷവും കൂടികലര്‍ന്നിരിക്കുന്നു. എന്നുവച്ചാല്‍ ഭാരതീയ നിര്‍മ്മാണരീതി അടിസ്ഥാനപരമായിത്തന്നെ വാസ്തുപുരുഷ സങ്കല്പവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കപ്പെട്ടത്.

തല വടക്കുകിഴക്ക്‌ ദിക്കിലും കാല്‍ തെക്കുപടിഞ്ഞാരുമായി ശയിക്കുന്ന വാസ്തുപുരുഷന്‍റെ ശയനതിനു ആലോസരമുണ്ടാക്കാത്തതും അദ്ദേഹത്തില്‍ കുടിയിരിക്കുന്ന 54 ദേവകളെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരിക്കണം കെട്ടിട നിര്‍മാണം. ഉദാഹരണത്തിന് വീടിന്‍റെ വായുസഞ്ചാരത്തെ വാസ്തുപുരുഷന്‍റെ ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ടുത്തിയാണ് വാസ്തുശാസ്‌ത്രം മനസിലാക്കുന്നത്. വീടിനുള്ളില്‍ വായുസഞ്ചാരത്തിനപാകതയുണ്ടെങ്കില്‍ അത് വാസ്തുപുരുഷനെ ശ്വാസംമുട്ടിക്കുകയും ഭവനാംഗങ്ങള്‍ വാസ്തുദേവന്‍റെ അപ്രീതിക്ക് പാത്രീഭവിക്കുകയും ചെയ്യും.

വാസ്തുവിലെ നിര്‍മാണ നിര്‍ദേശങ്ങള്‍ ‍



സിവില്‍ എഞ്ചിനിയറിംഗ് പഠിച്ചവര്‍ക്കും ആര്‍ക്കിടെക്റ്റുമാര്‍ക്കുമൊക്കെ അല്പസ്വല്പം വാസ്തു അറിയാതെ പിടിച്ചു നില്ക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്. വാസ്തുവിന്‍റെ സോഫ്റ്റുവെയറുകള്‍ (ഉദാഃ Vedic Vasthu) ഉപയോഗിച്ചാണ് പല എഞ്ചിനീയറുമാരും കെട്ടിടങ്ങള്‍ക്ക് പ്ളാന്‍ തയ്യാറാക്കുന്നത്. നിര്‍മിക്കുന്ന ഗൃഹത്തെ ജീവനുള്ള ഒന്നായി അഥവാ വാസ്തു ആവസിച്ച ഇടമായി കണക്കാക്കിയുള്ള നിര്‍മാണമാണ് വാസ്തുവിദ്യയുടെ അടിസ്ഥാനപ്രമാണം.

അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ അന്നത്തെ മനുഷ്യരുടെ ശാസ്ത്രബോധവും പ്രായോഗികബുദ്ധിയും നിലവിലുള്ള അന്ധവിശ്വാസങ്ങളും കൂടികലര്‍ന്നതാണ് വാസ്തുവിദ്യ എന്നുപറയാമെങ്കിലും നിര്‍മ്മിക്കപ്പെടുന്ന കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് സൗഖ്യവും സ്വസ്ഥിതിയും ഉണ്ടാവണം എന്നതാണ് അന്നും ഇന്നും വാസ്തുവിദ്യയുടെ അടിസ്ഥാന ചിന്താധാര. എന്നാല്‍ കാലഘട്ടം മാറിയതിനും ശാസ്ത്രം പുരോഗമിച്ചതിനുമനുസരിച്ചൊരു തുടര്‍ച്ച ഈ തച്ചുശാസ്ത്ര വിദ്യയ്ക്കുണ്ടായിട്ടില്ല.

ഒരു വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സുഖവും സ്വസ്ഥിതിയും ഉണ്ടാകേണ്ടതിന് അവിടേയ്ക്കുള്ള വായുസഞ്ചാരം, സൂര്യരശ്മികളുടെ പതനം, ജലസാന്നിധ്യം, സഞ്ചാരസൗകര്യം തുടങ്ങിയവ പ്രധാനപ്പെട്ട സംഗതികളാണ്. പ്രകാശത്തിനു പ്രധാനമായും സൂര്യനെയും സുഖകരമായ അവസ്ഥക്ക് ചൂടകറ്റാന്‍ കാറ്റും മാത്രം ആശ്രയമുള്ള കാലഘട്ടത്തില്‍ അവയുടെ സാന്നിധ്യത്തെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിച്ചുള്ള നിര്‍മ്മാണരീതിയാണ് വാസ്തുവിദ്യ മുന്നോട്ടു വച്ചത്.

അവയില്‍ ചിലത് പൂജാമുറി വടക്കുകിഴക്കും കിടപ്പുമുറി തെക്കുപടിഞ്ഞാറും അടുക്കള തെക്കുകിഴക്കും കുളിമുറി വടക്കുപടിഞ്ഞാറും ആയിരിക്കണം, കിണറ് തെക്കുപടിഞ്ഞാറ് വരാന്‍ പാടില്ല, വീടിന്‍റെ പടികള്‍ ഒറ്റസംഖ്യ ആയേ തീരൂ, വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ടസംഖ്യ ആയിരിക്കണം എന്നിങ്ങനെയൊക്കെയാണ്.

വാസ്തുവിദ്യയുടെ ശാസ്ത്രീയത ‍

അടുക്കള വടക്കുകിഴക്കായി വേണം എന്നാണ് വാസ്തു നിര്‍ദേശം. കേരളത്തില്‍ പൊതുവേ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറായിട്ടാണ്. അവിടെ അടുക്കള വന്നാല്‍ കാറ്റടിച്ചു വീടിനുള്ളില്‍ പുക നിറയാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല വീടിനുള്ളില്‍ തീ പിടിക്കുകയും ചെയ്യും. പറമ്പിന്റെ തെക്കുഭാഗത്ത് യമസ്ഥാനത്ത് കിണറു വരാന്‍ പാടില്ല എന്ന നിഷ്കര്‍ഷയ്ക്ക് കാരണം അവിടെയാണ് സാധാരണ മൃതദേഹം ദഹിപ്പിക്കുന്നത് എന്നതാണ്. രണ്ടും ഒരേ സ്ഥാനത്ത് വന്നാല്‍ അത് മൂലം കുടിവെള്ളം മലിനപ്പെടുന്നതിനാലാണ് ഇത് എന്ന് മനസിലാക്കാന്‍ സാമാന്യയുക്തി ഉപയോഗിച്ചാല്‍ മതി.

കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സുസ്തിഥി ഉണ്ടാകേണ്ടതിനാവശ്യമായ ‘ശാസ്ത്രീയത’ കൊണ്ടുവരാനുള്ള ശ്രമം വാസ്തുവിലുള്ളപ്പോഴും വാസ്തുവിലുള്ള ഗൃഹനിര്‍മാണ നടപടിക്രമങ്ങളെല്ലാം തന്നെ ശാസ്ത്രീയമെന്നു പറയുക വയ്യ. കാറ്റിന്‍റെ ഗതിയനുസരിച്ച് കിടപ്പുമുറിയും അടുക്കളയും വാസ്തുവില്‍ ക്രമീകരിക്കുമ്പോള്‍ തെക്കന്‍കാറ്റുള്ളിടത്തും പടിഞ്ഞാറന്‍ കാറ്റുള്ള നാട്ടിലും ഒന്നുപോലെയാണോ ഇതൊക്കെ പണിയേണ്ടത് എന്ന ചോദ്യമുയരാം. ഒരു കാര്യത്തെ ശാസ്ത്രം എന്നു വിളിക്കുന്നത് അതിന്‍റെ തത്ത്വങ്ങള്‍ക്ക് സാര്‍വ്വത്രികത ഉണ്ടാകുമ്പോഴാണ്.

എന്നാല്‍ വാസ്തു ദേശത്തിന്‍റെ പ്രത്യേകതകള്‍ക്കനുസരിച്ച് എന്നതിനേക്കാള്‍ മിത്തുകളില്‍ നിന്നുയരുന്ന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ. അങ്ങനെ വരുമ്പോള്‍ വാസ്തുവിദ്യയുടെയും ശാസ്ത്രീയത സംശയത്തിന്‍ നിഴലിലാകുന്നു. ഒപ്പം, വാസ്തു നിര്‍ദേശത്താല്‍ വീട്ടുവളപ്പില്‍ ജന്മനക്ഷത്ര വൃക്ഷം നട്ടുവളര്‍ത്തുന്നതു വഴി ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നുണ്ട് തുടങ്ങിയ ഗുണഫലങ്ങള്‍ മറക്കാനും പാടില്ല.

സ്ഥാനനിര്‍ണയം ‍

സ്ഥാനം നോക്കാന്‍ കഴിവുള്ള വ്യക്തികളെ കിണറിന് സ്ഥാനം നോക്കാനും വീടിന് കുറ്റിയടിക്കാനുമൊക്കെ വിളിക്കാറുണ്ട്. റേഡിയോസ്തേഷ്യ അഥവാ ഡൗസിംഗ് എന്നു വിളിക്കുന്ന ഈ വിദ്യയ്ക്കുള്ള കഴിവ് ചില വ്യക്തികളിലുണ്ട്. പരിസരനിരീക്ഷണം, ഭൂമിയുടെ കാന്തികപ്രവൃത്തനത്തോടുള്ള വ്യക്തിയുടെ സഹകരണം, ഭൗമവികരണങ്ങള്‍ തിരിച്ചറിയാനുള്ള വ്യക്തികളുടെ കഴിവ് എന്നിങ്ങനൊക്കെ സ്ഥാനനിര്‍ണ്ണയ കഴിവിന് വിശദീകരണങ്ങളുണ്ടെങ്കിലും എന്താണ് ഇത്തരമൊരു കഴിവിന്‍റെ അടിസ്ഥാനമെന്നതിന് ശാസ്ത്രീയമായ വിശദീകരണം നല്കാനായിട്ടില്ല.

ചില വ്യക്തികള്‍ ഇതിനെ പൈശാചികപ്രവൃത്തനമായി കണക്കാക്കുന്നുണ്ടെങ്കിലും ഇതിനെ ഒരു നിഷ്പക്ഷ നിരുപദ്രവകരമായ ഒന്നായി കണക്കാക്കാവുന്നതേയുള്ളു. എന്നാല്‍ അധാര്‍മ്മികവും നിഷിദ്ധവുമായ ഉദ്ദേശ്യങ്ങള്‍ക്കായും ഉദ്ദേശ്യങ്ങളോട് ചേര്‍ന്നും അന്യദേവകളുടെ ശക്തിയായി ഇതിനെ വ്യാഖ്യാനിച്ചുപയോഗിക്കുമ്പോള്‍ ഇത് ക്രൈസ്തവര്‍ക്ക് അംഗീകരിക്കുന്നതിന് തടസ്സമാവുന്നു.

മുഹൂര്‍ത്തം നിശ്ചയിക്കല്‍ ഗൃഹനാഥന്‍റെയും, വികാരിയച്ചന്‍റെയും, ക്ഷണിതാക്കളുടെയും സൗകര്യമാണ് വീടിനുള്ള സ്ഥാനനിര്‍ണ്ണയും, തറകല്ലിടീല്‍, കട്ടിളവയ്പ്പ്, കയറിത്താമസം എന്നിവയുടെ സമയം നിശ്ചയിക്കുമ്പോള്‍ പ്രധാനപ്പെട്ടത്. ”ആകാശത്തില്‍ രാശി തിരിച്ച്‌ നിരീക്‌ഷിക്കുന്നവരും നിന്‍െറ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടു വന്നു നിന്നെ രക്‌ഷിക്കട്ടെ. അവര്‍ വൈക്കോല്‍ത്തുരുമ്പു പോലെയാണ്‌. അഗ്‌നി അവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്‌തിയില്ല” (ഏശയ്യാ 47:13 -14).

കലണ്ടര്‍ നോക്കി രാഹുവും, ഗുളികനുമനുസരിച്ച് ശുഭസമയം നിശ്ചയിച്ച് അപ്പോള്‍ കയറിത്താമസവും വിവാഹവുമൊക്കെ നടത്തുന്നവരാണധികവും. അരി, പണം മുതലായ സാമഗ്രികളോടുകൂടി (മിക്കപ്പോഴും ആശാരിയുടെ അകമ്പടിയോടെ) ആഘോഷപൂര്‍വ്വം കുടുംബാംഗങ്ങള്‍ വീടിനുള്ളിലേയ്ക്കു കയറി പാലുകാച്ചുന്നതിനെ കയറിത്താമസമെന്നും വൈദികന്‍ വീട്ടിലെത്തി പ്രാര്‍ഥന ചൊല്ലുന്ന കര്‍മ്മത്തെ വീടുവെഞ്ചരിപ്പെന്നും മനസിലാക്കാം.

രാഹുപ്രകാരമുള്ള ശുഭസമയത്ത് വൈദികനെ പ്രാര്‍ഥനയ്ക്കായി കിട്ടിയില്ലെങ്കില്‍ സൗകര്യപ്രദമായൊരു സമയത്ത് അദ്ദേഹത്തെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തിയശേഷം കയറിത്താമസത്തോടനുബന്ധിച്ച പാലുകാച്ചലും മറ്റും ‘ശുഭമുഹൂര്‍ത്തങ്ങളില്‍’ നടത്തുന്ന പ്രവണത ആശാസ്യമല്ല. ജീവിതത്തിലെ ഓരോ നിമിഷവും ദൈവം നല്കിയതാകയാല്‍ മുഹൂര്‍ത്തങ്ങള്‍ സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളെ തിരുത്തുന്നതിനാവശ്യമായ ബോധനം വിശ്വാസികള്‍ക്ക് നല്കേണ്ടതാണ്.

വാസ്തുവും അന്ധവിശ്വാസങ്ങളും ‍

പ്രായോഗികവും ശാസ്ത്രീയവുമായ നിരവധി കാര്യങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ കണ്ടെത്താനാവുമെങ്കിലും അതിലേറെ അന്ധവിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട് എന്ന് പറയാതെ വയ്യ. അടുക്കളയുടെയും കിണറിന്റെയുമൊക്കെ സ്ഥാനത്തിനു കൊടുക്കാന്‍ വിശദീകരണങ്ങളുണ്ടെങ്കില്‍ വിശദീകരണങ്ങളൊന്നുമില്ലാത്ത ഒട്ടനവധി ആചാര നിര്‍ദേശങ്ങള്‍ കെട്ടിടനിര്‍മ്മിതിയില്‍ വാസ്തുശാസ്ത്രത്തിലുണ്ട്. പ്രായോഗികവും ശാസ്ത്രീയവുമായ വശങ്ങള്‍ നിരവധി വാസ്തുവിദ്യയില്‍ ഉണ്ടെങ്കിലും അതിലടങ്ങിയിട്ടുള്ള മിത്തുകളും അന്ധവിശ്വാസങ്ങളും അതില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

കെട്ടിടനിര്‍മാണവിദ്യ ഇന്നത്തേതുപോലെ വികാസം പ്രാപിക്കാത്ത ഒരു കാലത്ത് ഉടലെടുത്ത വാസ്തുശാസ്ത്രം ഇക്കാലത്ത് അത്രമാത്രം പ്രസക്തമല്ല. കാരണം ഇന്ന് കെട്ടിട നിര്‍മാണത്തിന് അതിനൂതന സാങ്കേതിക സംവിധാനങ്ങളുണ്ട്. വാസ്തുവിദ്യ പകര്‍ന്നു തരുന്ന ചില പ്രായോഗിക കാര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നു മാത്രം.

വെളിച്ചത്തിന് ലൈറ്റും കാറ്റിനു ഫാനും ഉള്ളപ്പോള്‍ കോണും ദര്‍ശനവും നോക്കിയുള്ള പണികള്‍ക്കായി നിര്‍ബന്ധബുദ്ധി കാട്ടേണ്ടതില്ല എന്നര്‍ത്ഥം. ഉദാഹരണത്തിന് വീടിന് ഗേറ്റ് വയ്ക്കുന്നത് സ്ഥലത്തിന്‍റെ ആകെ ചുറ്റളവിനെ ഏഴുകൊണ്ട് ഹരിച്ചു കിട്ടുന്ന അംശത്തില്‍ മൂന്നാമതോ നാലാമതോ അംശത്താവണം എന്നൊക്കെ പറയുന്നതില്‍ യുക്തിസഹമായതെന്തുണ്ട് ? അല്ലെങ്കില്‍ കല്ലിടേണ്ടത് തെക്കുപടിഞ്ഞാറേ മൂലയിലാണെന്നും അവിടുന്നാണ് വീടുപണി തുടങ്ങേണ്ടതെന്നും നിര്‍ദേശിക്കുന്നതിന് പറയാന്‍ ന്യായമെന്തുണ്ട് ?

വാസ്തുവെന്ന പ്രശ്നനിവാരിണി ‍

ജീവിതപ്രശ്നങ്ങള്‍ പലപ്രകാരത്തില്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തവര്‍ക്ക് വാസ്തുവിദഗ്ദര്‍ മിക്കവാറും ഉപദേശിക്കുന്നത് വീട് പൊളിച്ചുപണിയാണ്. രോഗം, സാമ്പത്തിക തകര്‍ച്ച, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയ ദോഷങ്ങള്‍ മാറുന്നതിന് വാസ്തു ആചാര്യന്‍മാര്‍ വീടു പൊളിച്ചുപണിയിക്കുകയും മുറികളുടെ സ്ഥാനം മാറ്റുകയും മുറികള്‍ കൂട്ടിച്ചേര്‍ക്കുകയും കിണറുമൂടി വേറെ കുഴിപ്പിക്കുന്നതും ചെയ്യിക്കുന്നതായി കണ്ടുവരുന്നു. വാതിലുകളും ജനലുകളും ഇരട്ടസംഖ്യയാക്കാന്‍ പുതിയ ജനാല വയ്ക്കുകയോ ഉള്ളത് അടച്ചുകളയുകയോ ചെയ്യുക, പടികളുടെ എണ്ണം ഒറ്റസംഖ്യയാക്കാന്‍ പണി നടത്തുക, വീടിന്‍റെ ഗെയിറ്റിന്‍റെ സ്ഥാനം മാറ്റിപ്പണിയുക, മരണച്ചുറ്റ് ഒഴിവാക്കുന്നതിനായി മുറികൂട്ടിയെടുക്കുക, വാസ്തുപ്രകാരം സ്ഥാനംതെറ്റിക്കിടക്കുന്ന മുറികള്‍ മാറ്റിപ്പണിയുക തുടങ്ങിയ വിദ്യകളാണ്.

മുഖ്യവാതിലിന്‍റെ സ്ഥാനം, മുറികളുടെ ഉയരവ്യത്യാസം എന്നിവയൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നാണ് വാസ്തുമതം. സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത പഞ്ചശിരസ് അഥവാ ആന, സിംഹം, പോത്ത്, പന്നി, ആമ എന്നിവയുടെ രൂപം ചെമ്പു പാത്രത്തിലാക്കി മുറിയിലൊരിടത്ത് വയ്ക്കുന്ന രീതിയുമുണ്ട്. ഓരോ ജീവിതപ്രശ്നത്തിനും തക്ക സംസ്കൃതശ്ളോകങ്ങളും മറ്റും ഇവര്‍ ചൊല്ലി പൊളിച്ചുപണിയെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുന്നു.

നാല്ക്കാലികള്‍ അകാലത്തില്‍ മരിച്ചാല്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന തൊഴുത്ത് പോലും പൊളിച്ചുമാറ്റി പണിയിക്കുന്നു. സ്ഥലങ്ങള്‍ക്കുമുണ്ട് വാസ്തു. സ്ഥലകച്ചവടത്തില്‍ ഒരു സ്ഥലത്തിന്‍റെ വാസ്തു ശരിയല്ല എന്നു ബ്രോക്കര്‍ പറഞ്ഞാല്‍ കച്ചവടം നടക്കാത്ത അവസ്ഥയാകും. ഇത്രയധികം വാസ്തുശാസ്ത്രാനുസാരിയായി നിര്‍മ്മിക്കപ്പെട്ട മനകളും ഇല്ലങ്ങളും എങ്ങനെ ക്ഷയോന്മുഖമായി എന്നതിന് വാസ്തുവിശാരദര്‍ക്ക് ഉത്തരമില്ലതാനും.

കച്ചവടവത്കരിക്കപ്പെടുന്ന വാസ്തു ‍

ജ്യോതിഷിയും വാസ്തുവിദഗ്ദനും എഞ്ചിനീയറും കോണ്‍ട്രാക്ടറും തമ്മിലുള്ള ഒത്തുകളിയാണ് പരസ്പരം റഫറു ചെയ്ത് പ്രശ്നരഹിതഭവനവും പ്രശ്നനിവാരണവും സാധ്യമാക്കിക്കൊടുക്കുന്നത്. പണിയും പൊളിച്ചുപണിയും കണ്‍സള്‍ട്ടേഷനും ദോഷനിവാരണവുമൊക്കെ പരസ്പരധാരണയോടുകൂടിയ ബിസിനസായി മാറിയിരിക്കുന്നു. അതാണ് കാണാനെത്തുന്നവരുടെയടുത്ത് എഞ്ചിനീയറും വാസ്തുവിദഗ്ദനുമെല്ലാം പരസ്പരം പൊക്കിപ്പറഞ്ഞ് ആളെ അവിടങ്ങളിലെത്തിക്കുന്നത്. ചാനലുകളില്‍ വാസ്തു ആചാര്യന്‍മാരെക്കൊണ്ട് വസ്തുദോഷം ചര്‍ച്ചചെയ്യിച്ചും വാരികകളില്‍ വാസ്തു സംബന്ധിച്ച സംശയനിവാരണ പംക്തികള്‍ ആരംഭിച്ചും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.


വാസ്തുദോഷങ്ങള്‍ മൂലം പഴയ ഔദ്യോഗിക മന്ദിരം ഉപേക്ഷിച്ച് 50 കോടിയിലധികം ചിലവഴിച്ച് പുതിയത് പണിതീര്‍ത്ത് കഴിഞ്ഞ നവംബറില്‍ താമസം മാറ്റിയ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിനെപ്പോലുള്ള ഭരണാധികാരികള്‍ പോലും ഇത്തരം വിശ്വാസങ്ങളുടെ പിടിയിലമര്‍ന്ന് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നത് അതിന്‍റെ വാസ്തു ശരിയല്ലാഞ്ഞിട്ടാണെന്നു പറഞ്ഞ വാസ്തുവിദഗ്ദര്‍ കേരളത്തിലുണ്ട്.

ഭാരതീയ വാസ്തു കൂടാതെ ചൈനീസ് വാസ്തുവിദ്യയായ ഫുങ്ഷ്വേയ്ക്കുമുണ്ട് ക്രൈസ്തവരുടെയിടയില്‍ വേരോട്ടം. വീട്ടിലും ഓഫീസിലുമൊക്കെ അനുകൂലോര്‍ജ്ജം നല്കാനും പ്രതികൂലോര്‍ജ്ജത്തെ പുറന്തള്ളാനുമൊക്കെ വ്യാളീരൂപങ്ങളും മൊട്ടത്തലയന്‍ സന്ന്യാസീരൂപങ്ങളും ചില ചെടികളും ഉപദേശിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ഫുങ്ഷ്വേ വിദഗ്ദര്‍ ഉണ്ട്. വീട് ഫുങ്ഷ്വേ രീതിയില്‍ വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് അഭിമാനമായി കരുതുന്നവരേറെയുണ്ട്.

വാസ്തുവും ക്രൈസ്തവരും ‍

ഇത്തിരി സ്ഥലത്ത് വീടുവയ്ക്കുന്നവര്‍ പോലും പരമാവധി ദോഷമകറ്റി വീടുപണിതു തരണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്ന് കോണ്‍ട്രാക്ടറുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉറച്ച ക്രൈസ്തവവിശ്വാസികള്‍ പോലും മരണച്ചുറ്റ് ഒഴിവാക്കി വേണം ഭവനനിര്‍മ്മിതി എന്ന് നിര്‍ബന്ധിക്കാറുള്ളതായി എഞ്ചിനീയറുമാര്‍ പറയുന്നു. മരണച്ചുറ്റ് എന്നാല്‍ ഒരു വീടിന്‍റെ ആളവിന് 5 ഘട്ടങ്ങളാണുള്ളത് – ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം.

കാര്‍പോര്‍ച്ച് ഒഴിച്ചുള്ള ചുറ്റളവനിനെ 72 ആയി ഹരിച്ച് എത്ര കോല്‍ എത്ര അംഗുലം എന്ന് കണക്കാക്കി ഇതില്‍ ഏത് ഘട്ടത്തില്‍ വരുന്നു എന്ന് നോക്കുന്നവരുണ്ട്. വീടുപണിയുന്നവര്‍ ചുറ്റളവ് വാര്‍ദ്ധക്യത്തിലും മരണത്തിലും ആകാതെ നോക്കണം എന്നാണ് വാസ്തുശാസ്ത്രം. ഒരോ മുറിയുടെയും വാസ്തു അളവ് നോക്കുന്നവരും ക്രൈസ്തവരില്‍ ഉണ്ട്. ഇതെന്തിന് എന്നതിന് കാര്യകാരണസഹിതം തൃപ്തികരമായ മറുപടിയില്ല.


ക്രൈസ്തവവിശകലനം ‍



ദൈവത്തില്‍ ആശ്രയം വയ്ക്കാതെ പ്രശ്നം മാറാന്‍ വാസ്തു തേടിപോകുന്നവര്‍ ദൈവത്തെ തിരിച്ചറിയാത്തവരാണ്. ശാസ്ത്രീയ നിര്‍മാണ വൈദഗ്ദ്യം ഇത്രയും പുരോഗമിച്ചിടത്ത് വാസ്തുവിലെ ചില നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താം എന്നതിനപ്പുറം അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള നിര്‍മാണനിര്‍ദേശങ്ങള്‍, പ്രത്യേകിച്ചും യുക്തിസഹമായി വിശദീകരിക്കാനാവാത്തവ, ഒരു ക്രൈസ്തവന്‍ പിന്‍പറ്റേണ്ടതില്ല. സമയത്തിനും സ്ഥലത്തിനും ദോഷമാരോപിക്കുന്ന യുക്തിരഹിതമായ ചില വാസ്തുനടപടികള്‍ വിശ്വാസവിരുദ്ധം തന്നെയാണ്.



ശാസ്ത്രീയമായ അറിവുകളുണ്ടെങ്കില്‍ വാസ്തുവില്‍ നിന്നും സ്വീകരിക്കാവുന്നതാണ് എന്ന് പറയുമ്പോള്‍ പോലും അതിലും മെച്ചമായ ശാസ്ത്രീയതയുള്ള നിര്‍മാണരീതി ഇന്നത്തെ നിര്‍മാണ സാങ്കേതികവിദ്യയ്ക്കുണ്ട് എന്നു നാം മനസിലാക്കണം. അതിനാല്‍ വാസ്തു ക്രൈസ്തവര്‍ക്ക് അപ്രസക്തമെന്ന് പറയേണ്ടിവരും. വാസ്തുദോഷം എന്ന പേരില്‍ മനുഷ്യപ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിപോകുന്നവരും ഉത്തരം കൊടുക്കുന്നവരും ക്രൈസ്തവ ദൃഷ്ടിയില്‍ വിശ്വാസത്തില്‍ പോരയ്മയുള്ളവരാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ഒന്നാം പ്രമാണലംഘനമല്ലേ?



മലയാളിയുടെ സമ്പാദ്യവും ആയുസ്സും കുഴിച്ചിടുന്നത് വീടുപണിയിലാണെന്നു പറയാം. ഒരാള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയ വീട് ആഢ്യതയുടെ പ്രതീകമായി കെട്ടിയുയര്‍ത്തുന്നു. മൂന്നുപേര്‍ക്കു താമസിക്കാന്‍ മൂന്നുനിലവീട് ആവശ്യമില്ലല്ലോ. വര്‍ഷത്തില്‍ പത്ത് ദിവസം മാത്രം നാട്ടിലുള്ള വിദേശമലയാളി ഇരുപതുമുറി വീട് കെട്ടുന്നത് ഉപയോഗശൂന്യമല്ലേ ? മരുന്നുകമ്പനിക്കാരും മെഡിക്കല്‍ റെപ്പുമാരും ആശുപത്രികളും ഡോക്ടറുമാരും ഇന്ന് നമ്മുടെ ശരീരത്തോടു ചെയ്യുന്നതെന്തോ അതുതന്നെയാണ് ഇന്ന് എഞ്ചിനീയറും വാസ്തുവിദഗ്ദനും കോണ്‍ട്രാക്ടറുമെല്ലാം ചേര്‍ന്ന് നമ്മുടെ വീടിനോട് ചെയ്യുന്നത്. കൂടുതല്‍ മരുന്ന് കുറിക്കുന്ന ഡോക്ടറുമാര്‍ക്ക് വിദേശയാത്ര എന്നതുപോലെ സിമന്‍റുകമ്പനിക്കാരും പെയിന്‍റുകമ്പനിക്കാരുമെല്ലാം വിദേശയാത്രാനുകൂല്യം എഞ്ചിനീയര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെല്ലാം നല്കുന്നുണ്ട്.

എന്നാല്‍ ഈ വീടുകളെല്ലാം താമസസൗകര്യമുള്ളതും കാലങ്ങളോളം നിലനില്ക്കുന്നതുമാണോ ? അല്ല എന്നതാണ് സത്യം. വീടുകള്‍ പണിയുന്നതിന്‍റെ അടിസ്ഥാന പ്രമാണം ആഢംബരവും ഡംഭുകാട്ടലുമല്ല വീട്ടുകാര്‍ക്കുള്ള താമസസൗകര്യവും ലാളിത്യവുമായിരിക്കട്ടെ. അതുപോലെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്തതാക്കിത്തീര്‍ക്കുന്ന, ഓരോ വീടിനെയും ഓരോ സാമ്രാജ്യമാക്കുന്ന വലിയ മതിലുകള്‍ പണിയുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീടുകള്‍ക്കുള്ളില്‍ പ്രാര്‍ഥനാമുറിയെന്ന പേരില്‍ വലിയ കപ്പേളകള്‍ പണിതീര്‍ക്കുന്നവരും മുറ്റത്ത് ഗ്രോട്ടോ പണിയുന്നവരുമൊക്കെയുണ്ട്. നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളാണിവയെല്ലാം.

വീടുവെഞ്ചരിപ്പുമായി ബന്ധപ്പെട്ട് ആശാരിയുടെയോ മറ്റ് പൂജാരിമാരുടെയോ കര്‍മ്മങ്ങള്‍ ക്രൈസ്തവഭവനങ്ങളില്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആശാരിയും മറ്റും അവരുടെ ജോലി തുടങ്ങിയതിന്‍റെയോ അവസാനിപ്പിക്കുന്നതിന്‍റെയോ പ്രാര്‍ഥനാകര്‍മ്മങ്ങള്‍ വ്യക്തിപരമായി ചെയ്താല്‍ അവരെ നിരുത്സാഹപ്പെടുത്തേണ്ടതില്ല; എന്നാല്‍ അതൊരു പരസ്യമായ ആഘോഷവും തെറ്റിദ്ധാരണയ്ക്കിടവരുത്തുന്നതുമായ പ്രവൃത്തിയാകരുത്‌.

ഭവനനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ടത് ‍

വീടിനുള്ള സ്ഥാനനിര്‍ണ്ണയും, തറക്കല്ലിടീല്‍ , കട്ടിളവയ്പ്പ്, കയറിത്താമസം എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. കട്ടിളവയ്പ്പിനും വീടിന്‍റെ തറക്കല്ലിടുന്ന അവസരത്തിലും കാശുരൂപത്തോടും കുരിശിനോടുമൊപ്പം മറ്റു തകിടുകള്‍ ഇടുന്നില്ല എന്ന് കാര്‍മ്മികന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിന്‍റെ സന്തോഷത്തിന്‍റെയും ആദരവിന്‍റെയും പ്രതീകമായി ദക്ഷിണ നല്കുന്നതും മറ്റും വ്യക്തികള്‍ക്ക് ദൈവത്വം കല്പിക്കുന്ന തെറ്റിദ്ധാരണയോടെയുമാകരുത്.

വിശ്വാസവിരുദ്ധവും ധാര്‍മ്മികതയ്ക്കു നിരക്കാത്തതും ആകാത്തിടത്തോളം സഭ ഒരിക്കലും നാട്ടാചാരങ്ങളെ എതിര്‍ക്കുന്നില്ല. എന്നാല്‍ പുഷ്പങ്ങളും അരിസാധനങ്ങളുമായി വീടിനുള്ളിലേക്ക് കയറുന്നതും ദക്ഷിണ നല്കുന്നതുമൊക്കെയാണ് ഭവനത്തിന് എെശ്വര്യം നല്കുന്നത് എന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തപ്പെടേണ്ടതാണ്. ഒപ്പം വിളക്കണയുക, നിര്‍മാണതൊഴിലാളിക്ക് അപകടമുണ്ടാവുക തുടങ്ങിയ കാര്യങ്ങള്‍ വീടിന്‍റെ എെശ്വര്യത്തെ കെടുത്തിക്കളയും എന്ന ചിന്താഗതിയും മാറ്റി കുടുംബത്തിന്‍റെ എെശ്വര്യം ദൈവാനുഗ്രഹമാണ് എന്ന കാഴ്ച്ചപ്പാടിലേയ്ക്ക് വരേണ്ടതാണ്.

വിവാഹമധ്യേയുള്ള സ്തോത്രക്കാഴ്ച്ച നിര്‍ധനയുവതികളുടെ വിവാഹസഹായനിധിയായി സമാഹരിക്കുന്നതുപോലെ പുതിയ വീടുകള്‍ വെഞ്ചരിക്കുന്ന അവസരത്തില്‍ ഇടവകയുടെ ഭവനനിര്‍മാണ പദ്ധതിയിലേക്ക് സംഭാവന നല്കാന്‍ വികാരിമാര്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്.

ഉപസംഹാരം ‍

ശാസ്ത്രീയമായ നിര്‍മ്മാണവിദ്യയ്ക്ക് അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള ഒരു വിശദീകരണം നല്കുന്ന ഒന്നായി നിസ്സാരമായി വ്യാഖ്യാനിക്കാവുന്നിടത്തോളം പോലും ശാസ്ത്രീയമല്ല വാസ്തു. അയ്യായിരം വര്‍ഷം പഴക്കവും സൂര്യനുദിച്ചാല്‍ മാത്രം വെളിച്ചവും കാറ്റുണ്ടെങ്കില്‍ മാത്രം സുഖവുമുള്ള ഒരു കാലത്തു നിന്നും പിന്നീട് നവീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ നിര്‍മ്മാണസൂത്രം കാലാനുസൃതമല്ല എന്ന് പറയേണ്ടിവരും. ജീവിതത്തില്‍ തകര്‍ച്ചകളൊഴിവാക്കാനുള്ള വിദ്യകള്‍ തേടിപ്പോകുന്ന മനുഷ്യന്‍ കണ്ടെത്തുന്ന ഒരു മുട്ടുശാന്തിയോ കച്ചിത്തുരുമ്പോ ആണ് വാസ്തു.

വിശ്വാസി വാസ്തുനോക്കി ഭവനം പണിയുന്നത് അതിന്‍റെ ശാസ്ത്രീയതയോടുള്ള ആഭിമുഖ്യത്തേക്കാള്‍ ജീവിതത്തില്‍ പ്രശ്നങ്ങളൊഴിവായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയാലാവുമ്പോള്‍ അത് വെളിവാക്കുന്നത് അയാളുടെ വിശ്വാസത്തിന്‍റെ ഉപരിപ്ളവതയാണ്. അതുപോലെ ഒരാള്‍ തന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വാസ്തു തേടിയിറങ്ങുമ്പോള്‍ അത് വെളിവാക്കുന്നത് വിശ്വാസക്കുറവിനെയാണ്. ”ശക്‌തന്‍ ആയുധധാരിയായി തന്‍െറ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്‍െറ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്‌ ”(ലൂക്കാ 11:21).

ദൈവത്തിന്‍റെ സംരക്ഷണം വിശ്വാസിയുടെ ഭവനത്തിന്മേലുണ്ടാകുമ്പോള്‍ ഒന്നും ആ കുടുംബത്തെ തകര്‍ക്കുന്നില്ല എന്ന വിശ്വാസം ഇല്ലാതാകുമ്പോള്‍ സംഭവിക്കുന്ന പിടിവള്ളി മാത്രമാണ് വാസ്തു.

(ലേഖകനായ ഫാ. ജോസഫ് ഇലഞ്ഞിമറ്റം ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികനും കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്ററുമാണ്)

കടപ്പാട്

നിങ്ങൾ വിട്ടുപോയത്