”Everyone who goes on ahead and does not abide in the teaching of Christ, does not have God. (2 John 1:9)
ക്രിസ്തുവിന്റെ പ്രബോധനം എന്നു പറയുന്ന ദൈവത്തിന്റെ വചനത്തെ അതിലംഘിക്കുന്ന ഒരുവനു ദൈവമില്ല. ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു എന്നാണ് യോഹന്നാൻ 1:1 ൽ പറയുന്നത്. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിന് മുൻപ് തന്നെ വചനം ഉണ്ടായിരുന്നു. എന്നാൽ ദൈവത്തിന്റെ വചനത്തിന് അനുസ്യതമായി അതായത് ദൈവത്തിന്റെ നിയമത്തിന് അനുസ്യതമായി അന്ന് ആർക്കും ജീവിക്കാൻ സാധിച്ചില്ല അതിനാൽ വചനം ദൈവമായി യേശുക്രിസ്തു ഭൂമിയിൽ ജാതനായി പാപത്തിൽ ഒഴികെ എല്ലാ കാര്യത്തിലും മനുഷ്യന് സദ്യശ്യനായി.
ആദ്യകാലങ്ങളിൽ ബൈബിളിനു മുൻപ് തോറ എന്ന ചുരുളുകൾ ആണ് ദൈവത്തിന്റെ പ്രബോധനം ആയി ഉപയോഗിച്ചത്. ദൈവ-മനുഷ്യ ബന്ധത്തിന്റെ തലങ്ങളാണ് തോറ പ്രതിപാദിക്കുന്നത്. മോശയുടെ മരണത്തോടെയാണ് തോറ അവസാനിക്കുന്നത്. പിന്നീട് ദൈവത്തെ ആരാധിക്കുന്നവരുടെ പ്രബോധനം ആയി ന്യായപ്രമാണം അഥവാ വചനാധിഷ്ഠിത നിയമം ഉണ്ടായി. ഒരു ക്രിസ്തീയ വിശ്വാസിയുടെ അനുസരണത്തിന്റെ കാതൽ ദൈവത്തിന്റെ വചനം ആയിരിക്കണം. തിരുവചനം നമ്മിൽ ഫലമേകണമെങ്കിൽ വിശ്വാസവും ദൈവകൃപയും അത്യാവശ്യമാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യഹൃദയങ്ങളെ തന്നിലേക്കടുപ്പിക്കാനാണ് യേശു വചനം മാംസമായി ഭൂമിയിൽ അവതരിച്ചത്. നമ്മൾ ഉപവാസവും നോമ്പും എല്ലാം എടുക്കുന്നതിലും അധികം കർത്താവ് ആഗ്രഹിക്കുന്നത് നമ്മൾ അവിടുത്തെ വചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്. വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കണം. ദൈവത്തിന്റെ വചനം അനുസരിക്കുന്നവരോടു കൂടി മാത്രമേ ദൈവം ഉണ്ടാവുകയുള്ളു. തിരുവചനം അനുസരിക്കാൻ തുടങ്ങുമ്പോൾ അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ നാം ക്രമപ്പെടുത്തേണ്ടതായി വരും. വചനം വിശ്വസിക്കുന്നവരുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടുകയും അവരെ വിശുദ്ധീകരിക്കുകയും ചെയ്യും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.