ക്രിസ്ത്യൻ മിഷനറിമാർ വളരെ സംഘടിതമായി ഭാരതത്തിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ചിന്താശേഷി ഉള്ള മലയാളികൾ പോലും പലപ്പോഴും സത്യത്തിനു നേരെ കണ്ണടക്കുന്ന കാഴ്ച്ച ഖേദകരമാണ്. ക്രിസ്ത്യൻ മിഷനറിമാർ എന്ന ഒറ്റ പേരിനു കീഴിൽ എല്ലാ മിഷനറിമാരെയും കൂട്ടികെട്ടാൻ ഇന്ന് ഭാരതത്തിൽ സാധ്യമല്ല.
ഭാരതത്തിലെ ക്രിസ്ത്യൻ സമൂഹം ഇന്ന് എണ്ണമറ്റ സഭകൾ കൊണ്ട് വ്യത്യസ്തമാണ്. ഓരോ സഭയ്ക്കും അവരുടേതായ പ്രവർത്തന ശൈലി ഉണ്ട്. ഈ വ്യത്യസ്തതകൾ മനസിലാക്കാതെ ഇത്തരം കാടടച്ചു ആരോപണങ്ങൾ ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്. വസ്തുതകൾ വ്യക്തമായി മനസിലാക്കാതെ പോയാൽ രാഷ്ട്രീയക്കാരുടെ ജല്പനങ്ങൾക്കും മാധ്യമങ്ങളുടെ സ്വകാര്യ അജണ്ടകൾക്കും മുമ്പിൽ നമ്മുടെ ചിന്താശേഷിയെ ഈ വിഷയത്തിൽ പണയം വച്ചു പോയെന്നിരിക്കും.
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സംഘടിതവും അംഗസംഖ്യകൊണ്ട് വലുതുമായ ക്രിസ്ത്യൻ സമൂഹം കത്തോലിക്ക സഭയാണ്. അതുകൊണ്ടു തന്നെ നമ്മുടെ രാജ്യത്തു ക്രിസ്ത്യൻ സമൂഹത്തിനു നേരെ ഉയർന്നു വരുന്ന എല്ലാ ആരോപണങ്ങൾക്കും പൊതുസമൂഹത്തിനു മുമ്പിൽ ഉത്തരം പറയേണ്ട ധാർമ്മീക ബാധ്യത കത്തോലിക്ക സഭയ്ക്കുണ്ട്. ഒറ്റവാക്യത്തിൽ പറഞ്ഞാൽ, നിർബന്ധിത മത പരിവർത്തനം കത്തോലിക്ക സഭ ഒരു കുറ്റകൃത്യമായി തന്നെ കാണുന്നു. കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളിലോ കത്തോലിക്ക മിഷനറിമാർ ആരെങ്കിലുമോ നിർബന്ധിതമായി മത പരിവർത്തനം നടത്തിയാൽ രാജ്യത്തിന്റെ നിയമ പരിധിക്കുള്ളിൽ ആ വ്യക്തിയെ കൊണ്ടുവരണം എന്നതാണ് സഭയുടെ വ്യക്തമായ നിലപാട്.
യേശു ക്രിസ്തു അവിടുത്തെ സുവിശേഷം ലോകം മുഴുവനും അറിയിക്കാൻ ശിഷ്യന്മാരെ ഭരമേല്പിക്കുകയും ക്രിസ്തു നേരിട്ട് നേതൃത്വം ഏൽപ്പിച്ച പത്രോസിന്റെ എടമുറിയാത്ത പിൻഗാമികൾ എന്ന നിലയിൽ സുവിശേഷവത്കരണ പ്രക്രീയയിൽ ക്രിസ്തുവിന്റെ മനസ്സറിയാനുള്ള ബാധ്യത കത്തോലിക്കാ സഭ എന്നും ഏറ്റെടുക്കാറുണ്ട്.
ക്രിസ്തുവിന്റെ സുവിശേഷം സ്നേഹത്തിന്റേതാണ്. സ്നേഹത്തിനു വിരുദ്ധമായതെല്ലാം ക്രിസ്തുവിരുദ്ധതയാണ്. ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസം കൂടാതെ എല്ലാ മനുഷ്യർക്കും ദൈവം സമീപസ്ഥമാണ് എന്നാണ് അവിടുത്തെ സുവിശേഷത്തിന്റെ അന്തസത്ത. സകല മനുഷ്യരും ജീവജാലങ്ങളും ആകാശവും ഭൂമിയും മറ്റു ഗ്രഹങ്ങളും എന്നല്ല സമസ്തവും ചേർത്തു പിടിക്കുന്നതാണ് ക്രിസ്തുവിന്റെ സഭ. സകലത്തിന്റെയും സൃഷ്ടാവായ “ശക്തി” നിനക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഏതോ ഒരു സ്വർഗത്തിൽ ഇരിക്കുന്ന ദൈവം അല്ലെന്നും ആ ശക്തി നിന്നെ സ്നേഹിക്കുന്ന നിന്റെ പിതാവാണെന്നും നീ ദൈവത്തിന്റെ പ്രിയപ്പെട്ട മകനും മകളും ആണെന്നും ഈ ദൈവത്തിന്റെ ചൈതന്യത്തെ നീ നിന്റെ ശരീരത്തിൽ സംവഹിക്കുന്നു എന്നും പഠിപ്പിച്ച ലോകത്തിലെ ഏക ഗുരു ക്രിസ്തുവാണ്. ഈ പഠനമാണ് ലോകം മുഴുവൻ എത്തിക്കാൻ ക്രിസ്ത്യാനികൾ പ്രതിജ്ഞാബദ്ധരായിരിക്കുന്നത്.
ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കാനും ലോകത്തോട് പറയാനും തീവ്രമായ ആഗ്രഹം ഉള്ളവർക്ക് മാത്രം ക്രിസ്ത്യാനിയാകാം. കത്തോലിക്ക സഭയിൽ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും മാമോദീസ സ്വീകരണം ഉണ്ട്.
കത്തോലിക്ക മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്കു ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കുന്നതോടൊപ്പം തങ്ങൾ ജീവിക്കുന്ന വിശ്വാസവും പകർന്നു കൊടുക്കുന്നതാണ് കുഞ്ഞുങ്ങളുടെ മാമോദീസ. കുഞ്ഞു വലുതായി സ്വയം തീരുമാനം എടുക്കാറാകുമ്പോൾ ഈ വിശ്വാസം തുടരാനും ഉപേക്ഷിക്കാനും കുഞ്ഞിന് സ്വാതന്ത്ര്യം ഉണ്ട്.
കത്തോലിക്ക സഭയിൽ ഓരോ കൂദാശയും നൽകുന്നതിന് മുമ്പ് സ്വീകരിക്കുന്ന വ്യക്തിയുടെ സ്വതന്ത്ര തീരുമാനം പൊതുവേദിയിൽ ആരായും. വിശ്വാസം ആരും ആരുടെ മേലും അടിച്ചേൽപ്പിക്കുന്നില്ല. മുതിർന്നവർ മാമോദീസ സ്വീകരിക്കാൻ ആഗ്രഹിച്ചു വന്നാൽ പരിശീലനത്തിന് ദീർഘ നാളുകൾ കൊടുക്കും. നല്ല ഉദ്ദേശത്തോടെയാണോ മാമോദീസ സ്വീകരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് കൃത്യമായി വിലയിരുത്തും. തുടർന്ന്, രാജ്യ നിയമ പ്രകാരം രണ്ടു സാക്ഷികളെ കൂട്ടി ഒരു നോട്ടറി പബ്ലിക്കിന്റെ മുമ്പാകെ മുദ്രപത്രത്തിൽ, മതം മാറാനുള്ള ഈ തീരുമാനം തന്റെ സ്വന്തമായ തീരുമാനം ആണെന്നും ആരും മതം മാറാൻ തന്നെ നിർബന്ധിച്ചിട്ടില്ലെന്നും എഴുതി സാക്ഷികളോടൊപ്പം ഒപ്പിട്ടു മുദ്രപത്രം പള്ളിയിൽ സമർപ്പിക്കുമ്പോൾ മാത്രമാണ് ഈ വ്യക്തിയ്ക്ക് മാമോദീസ കൊടുക്കണോ എന്ന് വൈദീകർ ആലോചിക്കുന്നത്. ഭാരതത്തിലെ നിലവിലുള്ള നിയമ പ്രകാരം ഇപ്രകാരം നിയമാനുസൃതമായി ആർക്കും മതം മാറാനും മറ്റൊരു മതം സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന കാര്യം മറക്കാതിരിക്കാം.
ഇനി, വിവാഹ കാര്യത്തിൽ, ഒരു കത്തോലിക്ക വിശ്വാസി കത്തോലിക്ക വിശ്വാസം ജീവിക്കുന്ന പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കണം എന്ന് സഭ പഠിപ്പിക്കുന്നു. കാരണം, വിശ്വാസി ആയിരിക്കുന്ന ആളുടെ വിശ്വാസജീവിതം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തുന്നതിനും ഇത് സഹായകരമാണ് എന്ന സഭയുടെ ബോധ്യത്തിൽ നിന്നാണിത്. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ മറ്റു ക്രിസ്തീയ സഭകളിൽ നിന്നോ ഇതര മതത്തിൽ നിന്നോ വിവാഹം കഴിക്കേണ്ടി വന്നാൽ അവരെ സഹായിക്കുന്ന നിയമങ്ങളും കത്തോലിക്ക സഭയിൽ ഉണ്ട്. ഇതര സഭയിലോ മതത്തിലോ അംഗമായ ഒരാളെ തങ്ങളുടെ വിശ്വാസം നിലനിർത്തിക്കൊണ്ടു തന്നെ വിവാഹം നടത്താനും കത്തോലിക്ക സഭ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും മാമോദീസ സ്വീകരിച്ചു സഭയുടെ അംഗം ആകാൻ കത്തോലിക്ക സഭ ആരെയും നിർബന്ധിക്കാറില്ല.
ക്രിസ്തു പഠിപ്പിച്ച അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശം സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സഭയുടെ എല്ലാ സ്ഥാപനങ്ങളും നിലനിൽക്കുന്നത്. എന്ന് കരുതി, ആരെയും മാമോദീസ മുക്കി ക്രിസ്ത്യാനിയാക്കുക എന്ന ഗൂഢ ലക്ഷ്യം ഒന്നും കത്തോലിക്ക സ്ഥാപനങ്ങൾക്കില്ല. ഒന്നാം നൂറ്റാണ്ടു മുതൽ മിഷനറിമാർ ഭാരതത്തിൽ ഉണ്ട്. അവർ സേവനം ചെയ്യുന്ന പ്രധാനപ്പെട്ട മേഖല വിദ്യാഭ്യാസവും ആതുര ശുശ്രൂഷയുമാണ്. മതപരിവർത്തനം നടത്താൻ ഏറ്റവും പറ്റിയ സേവന മേഖലയാണ് ഇവ രണ്ടും. ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്ത്യൻ മിഷനറിമാർ നിർബന്ധിതമായി മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചായിരുന്നെങ്കിൽ ഇന്ന് ഭാരതത്തിന്റെ മുഖം മറ്റൊന്നായേനേ. 2022 എത്തിയിട്ടും ഭാരതത്തിൽ ക്രിസ്ത്യാനികളുടെ ശതമാനം വെറും 2.3 മാത്രമാണെന്ന ഔദ്യോഗീക കണക്കു മാത്രം മതി ഈ നിർബന്ധിത മതപരിവർത്തന ആരോപണത്തിന്റെ പൊള്ളത്തരം തിരിച്ചറിയാൻ. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ ഉടനീളം ഓടി നടന്നു മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിക്കുന്നവരുടെ കയ്യിലെ കണക്കിലും 2.3 ശതമാനത്തിൽ ഉയർച്ചയില്ല എന്നതാണ് ഇതിലെ രസകരമായ വിരോധാഭാസം.
കത്തോലിക്ക സഭയ്ക്ക് ഭാരതത്തിൽ ഉടനീളം ലോകോത്തര നിലവാരത്തിൽ ഉള്ള സ്ഥാപനങ്ങൾ ഉണ്ട്. പല സംസ്ഥാനങ്ങളിലും സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കുന്നവരിൽ ഒരു ശതമാനം പോലും ക്രിസ്ത്യാനികൾ ഇല്ല എന്നതാണ് വസ്തുത. മൂന്നു വയസിൽ ഒരു കത്തോലിക്ക സ്കൂളിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു ഹിന്ദു കുട്ടി പതിനേഴാം വയസിലും ഇരുപതാം വയസിലും സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപോകുന്നത് ഒരു ക്രിസ്ത്യാനി കുട്ടിയായി അല്ല. നല്ല മനുഷ്യനായിട്ടാണ്. ഒരു കത്തോലിക്ക ആശുപത്രിയിൽ ചികിത്സ കിട്ടി പുറത്തു പോകുന്ന ഹിന്ദുവായ വ്യക്തി ക്രിസ്ത്യാനിയായല്ല പുറത്തു പോകുന്നത്. ആരോഗ്യമുള്ള നല്ല മനുഷ്യനായിട്ടാണ്. ഇന്നേ വരെയും കത്തോലിക്ക സ്ഥാപനങ്ങളിൽ ആരെയെങ്കിലും നിർബന്ധിതമായി മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന ആരോപണം ആരും ഉന്നയിച്ചു കേട്ടിട്ടില്ല.
ഹൈന്ദവ മഠങ്ങളും സന്യസ്തരും നടത്തുന്ന സ്ഥാപനത്തിൽ ഒരു ക്രിസ്ത്യാനിയായ ഞാൻ സേവനം തേടി പോകുമ്പോൾ അവരുടെ പ്രാർത്ഥനയിൽ ഞാൻ പങ്കുകൊള്ളണം. അത് അവരുടെ സ്കൂളായാലും ആശുപത്രിയായാലും എന്ത് സ്ഥാപനമായാലും. എന്നെ ആരും നിർബന്ധിച്ചിട്ടല്ല ആ പ്രൈവറ്റ് മാനേജ്മന്റ് സ്ഥാപനത്തിൽ ഞാൻ പോകുന്നത്. അതൊരു ഹിന്ദു സ്ഥാപനമാണെന്നു മനസിലാക്കിയാണ്. അങ്ങനെയെങ്കിൽ ക്രിസ്ത്യൻ സ്ഥാപനത്തിൽ സേവനം തേടിയെത്തിയാൽ അവിടുത്തെ പ്രാർത്ഥനയിൽ പങ്കുകൊള്ളണം. അങ്ങനെ ഇതര മത പ്രാർത്ഥനയിൽ പങ്കുകൊണ്ടാൽ ഉരുകിപോകുന്നതാണ് നിങ്ങളുടെ മതവിശ്വാസമെങ്കിൽ നിങ്ങൾ ആ സ്ഥാപനം വിട്ടുപോകുകയാണ് വേണ്ടത്. സഭയുടെ സ്ഥാപനങ്ങളിൽ നടത്തുന്ന ക്രിസ്ത്യൻ പ്രാർത്ഥന അവസാനിപ്പിക്കാം എന്ന വ്യാമോഹം വേണ്ട.
ഭാരതത്തിന്റെ സംസ്കാരത്തെയും തനിമയെയും നിലനിർത്താൻ ഭാരത കത്തോലിക്കാ സഭയും മറ്റു ക്രിസ്ത്യൻ മിഷനറിമാരും നടത്തിക്കൊണ്ടിരിക്കുന്ന സംഭവനയെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.
ഭാരതത്തിലെ ആദ്യത്തെ ചരിത്രപുസ്തകവും നിഘണ്ടുവും പ്രാദേശിക ഭാഷകളും മുതൽ ഭാരതത്തിന്റെ മണ്ണിനെ അതിന്റെ തനിമയിൽ നിലനിർത്തുന്നതിൽ ക്രിസ്ത്യൻ മിഷനറിമാരുടെ അത്രെയും സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന ആരും ഇന്നും ഭാരതത്തിൽ ഇല്ല. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനും എല്ലാ മതങ്ങളുടെയും അന്തസത്ത ഉൾക്കൊണ്ട് ജീവിക്കാനും ശാസ്ത്രബോധത്തോടെ വളരാനും ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ തലമുറകളെ പഠിപ്പിക്കുന്നു. കത്തോലിക്ക വൈദീക വസ്ത്രവും സന്യാസിനി വസ്ത്രവും ധരിച്ചു ഭാരതത്തിന്റെ ക്ലാസ് മുറികളിൽ ശാസ്ത്രം പഠിപ്പിക്കുന്ന മിഷനറി അധ്യാപകരുടെ ദീർഘ വീക്ഷണത്തിന്റെ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന പുരോഗമനങ്ങളും വികസനങ്ങളും. ഭാരതത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ടിരിക്കുന്ന പ്രഗത്ഭരായ ഉദോഗസ്ഥരുടെയും രാജ്യത്തിന് അഭിമാനമായി സേവനം ചെയ്തുകൊണ്ടിരിക്കുന്നവരുടെയും മുമ്പിൽ മൈക്ക് വയ്ക്കുമ്പോൾ “എന്നെ ഞാൻ ആക്കിമാറ്റിയതും എന്റെ ഉള്ളിൽ വെളിച്ചം തന്നതും ക്രിസ്ത്യൻ മിഷനറിമാരാണ്” എന്ന് ഇടറിയ ശബ്ദത്തിൽ തൊഴുകൈയ്യോടെ വിളിച്ചു പറയുന്ന കാഴ്ചയും ശബ്ദവും കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.
ഇനി ചില അപ്രിയ സത്യങ്ങൾ മനസിലാക്കിയെങ്കിൽ മാത്രമേ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെയുള്ള നിർബന്ധിത മത പരിവർത്തന ആരോപണത്തിന്റെ പിന്നിലെ യഥാർത്ഥ കഥ മനസിലാകുകയുള്ളു.കത്തോലിക്ക മിഷനറിമാരായ വൈദീകരും സന്യസ്തരും അല്മായരും ഭൂരിപക്ഷവും സേവനം ചെയ്യുന്നത് സഭയുടെ സ്ഥാപനങ്ങളിൽ അല്ല. ഭാരതത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ്. ഇവർ എന്തിനാണ് അവിടേയ്ക്കു പോകുന്നത്? ആരാണ് ഇവരുടെ ശത്രുക്കൾ? ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ സേവനം ചെയ്യാൻ പോകുന്നതിന്റെ ഉദ്ദേശ്യം മത പരിവർത്തനമല്ല. അവിടുത്തെ മനുഷ്യർക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾ ലഭ്യമാക്കി കൊടുക്കാനാണ്. എക്കാലവും ഇത്തരം ക്രിസ്ത്യൻ മിഷനറിമാരുടെ ശത്രുക്കൾ നമ്മുടെ രാജ്യത്തിലെ ചെറിയൊരു വിഭാഗം രാഷ്ട്രീയ പ്രവർത്തകരാണ്. അതിനു കൃത്യമായ കാരണവും ഉണ്ട്.
ഭാരതത്തിലെ വിരലിൽ എണ്ണാവുന്ന അത്രെയുമുള്ള ചില നഗരങ്ങളിലെ വെട്ടവും വെളിച്ചവും നമ്മെ കാണിച്ചു നമ്മുടെ കണ്ണിൽ പൊടിയിട്ടാണ് ഈ രാഷ്ട്രീയ പ്രവർത്തകർ വികസനം പറഞ്ഞു നമ്മുടെ വോട്ട് മേടിച്ചു അധികാരത്തിൽ എത്തുന്നത്.
ഭാരതത്തിലെ ഭൂരിഭാഗം വരുന്ന ഉൾനാടൻ ഗ്രാമങ്ങളിലെ ജനത്തിന്റെ അവസ്ഥ ഇന്നും പരിതാപകരമാണ്. അടിസ്ഥാനപരമായ ജീവിത സൗകര്യങ്ങൾ അവർക്കില്ല. വിദ്യാഭ്യാസം പോയിട്ട് ഉടുതുണിപോലും ഉടുക്കാനില്ലാത്ത മനുഷ്യരാണ് പലയിടത്തും ഉള്ളത്.
പശു തൊഴുത്തിലാണ് താമസം. പശു ദൈവമാണെന്ന് പഠിപ്പിക്കുന്നത് ഹൈന്ദവ ദൈവസങ്കല്പം പഠിപ്പിക്കാനാണെന്നു തെറ്റിദ്ധരിക്കരുത്. പശു ദൈവമാണെന്ന് പഠിപ്പിച്ചാൽ പിന്നെ ആ പാവങ്ങൾ ദൈവത്തിന്റെ കൂടെ പരാതി പറയാതെ കിടന്നുറങ്ങുമെല്ലോ. ഈ അവസ്ഥയിൽ ഭാരതത്തിലെ ഉൾനാടൻ ഗ്രാമങ്ങളെ നിലനിർത്തേണ്ടത് ഇത്തരം രാഷ്ട്രീയക്കാരുടെ ആവിശ്യമാണ്. അവരുടെ വോട്ട് ബാങ്കാണ് ഈ പാവങ്ങൾ.
സർക്കാർ കണക്കിൽ ഇവിടം സ്വർഗമാണ്. സർക്കാർ ഇവർക്ക് ആനുകൂല്യങ്ങൾ വാരിക്കൊടുക്കുന്നു; ഇവർ സ്വീകരിക്കുന്നതായി രേഖയിൽ ഉണ്ട്. ആനുകൂല്യങ്ങൾ കൃത്യമായി മിടുക്കന്മാരുടെ അറപ്പുരകളിൽ എത്തുന്നുണ്ട്. നേരിൽ ചെന്ന് കണ്ടാൽ ഇങ്ങനെയും മനുഷ്യന് പരിതാപകരമായി ജീവിക്കാൻ സാധിക്കുമോയെന്ന് നമ്മൾ അത്ഭുതത്തോടെ ചിന്തിച്ചു പോകും. ഇവിടെ കത്തോലിക്ക മിഷനറിമാർ എത്തി യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ഈ ജനത്തിന് അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഒരുക്കും. ഇവർ ആദ്യം ചെയ്യുന്നത് വൃത്തിയോടും വെടിപ്പോടും കൂടി ജീവിക്കാൻ ഈ മനുഷ്യരെ പരിശീലിപ്പിക്കും. ഇവർക്ക് ഭോഷക ആഹാരം ഉറപ്പു വരുത്തും. വീടും ശുചിമുറിയും നിർമ്മിച്ച് കൊടുക്കും. ഇവിടുത്തെ രാഷ്രീയക്കാരുടെ കണ്ണിലെ ഏറ്റവും വലിയ അപരാധം മിഷനറിമാർ ഈ മനുഷ്യർക്ക് വിദ്യാഭ്യാസം കൊടുക്കുന്നു എന്നതാണ്. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പഠിക്കുമ്പോൾ ഇവർ ചിന്തിക്കുന്ന മനുഷ്യരാകും. ശാസ്ത്രം പഠിക്കുമ്പോൾ ഇവരുടെ വീക്ഷണം മാറും. ഇവർ ആദ്യം തിരിച്ചറിയുന്നത് ഇത്രെയും കാലം ഈ രാഷ്ട്രീയം പറഞ്ഞു വന്നവർ തങ്ങളെ ദുരുപയോഗിക്കുകയായിരുന്നു എന്നാണ്. അതോടെ വോട്ട് ബാങ്ക് പൊളിഞ്ഞു വീഴും. ഈ സാഹചര്യത്തിൽ രാഷ്ട്രീയക്കാർ ഇറക്കുന്ന അവസാനത്തെ തുറുപ്പു ചീട്ടാണ് നിർബന്ധിത മത പരിവർത്തന ആരോപണം.
പണ്ടൊരിക്കൽ പാലാക്കാരനായ ഒരു മിഷനറി കത്തോലിക്ക വൈദീകനെ അദ്ദേഹം സേവനം ചെയ്യുന്ന ഗ്രാമത്തിൽ പോയി കണ്ട സംഭവം ഓർക്കുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ ഇരുപത്തിയഞ്ചു വർഷം ശ്രമിച്ചിട്ടാണ് ഈ ഗ്രാമത്തിൽ വൈദ്യുതി എത്തിയത്” എന്ന്. സർക്കാരിന്റെ കണക്കിൽ ഇവിടെ വൈദ്യുതി ഉണ്ട്. രാഷ്ട്രീയക്കാർ ഗ്രാമ വാസികളോട് പറഞ്ഞിരിക്കുന്നത് ഇവിടെ വൈദ്യുതി വന്നാൽ ദേവി കോപിക്കും എന്നാണ്. ഇത്രയും വർഷം സർക്കാരിനോട് സമരം ചെയ്തു ജനത്തെ ബോധവത്കരിച്ചു ഗ്രാമത്തിൽ വൈദ്യുതി എത്തിയ അന്ന് ആ ഗ്രാമവാസിയായ ഒരാൾ സന്തോഷം കൊണ്ട് വൈദ്യുതി പോസ്റ്റിൽ വലിഞ്ഞു കയറി കമ്പിയിൽ പിടിച്ചു കരിഞ്ഞു മരിച്ചു. ദേവി കോപിച്ചു എന്ന് പറഞ്ഞു രാഷ്ട്രീയക്കാർ ജനത്തെ ഇളക്കി വിട്ടു അച്ചനെ ഉപദ്രവിച്ചു. ഇങ്ങനെയുള്ള സംഭവങ്ങളാണ് ഈ ഗ്രാമങ്ങളിൽ പലതിലും അരങ്ങേറുന്നത്. ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി ജീവിതം മാറ്റി വച്ച സ്റ്റാൻ സ്വാമി അച്ചന്റെ അവസ്ഥ എന്തായെന്ന് പറയേണ്ടതില്ലലോ.
കത്തോലിക്ക മിഷനറിമാരുടെ കൂടെ മിഷൻ പ്രവർത്തനത്തിന് ഇറങ്ങി അവരോടൊപ്പം ജീവിക്കാൻ അവസരം കിട്ടുമ്പോൾ മാത്രമാണ് സഭയുടെ യഥാർത്ഥ മുഖം മനസിലാകുന്നത്.
കേരളത്തിൽ സാമ്പത്തീകമായി നല്ല നിലയിലുള്ള കുടുംബങ്ങളിൽ ജനിച്ചുവളർന്ന വിദ്യാസമ്പന്നരായ മിടുക്കി പെൺകുട്ടികൾ കത്തോലിക്ക സന്ന്യാസം സ്വീകരിച്ചു ഭാരതത്തിലെ ഉൾനാടൻ ഗ്രാമ പ്രദേശത്തു സേവനം ചെയ്യാൻ വരുമ്പോൾ അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലും അവിടെ ഉണ്ടാവില്ല. കയ്യിൽ കൊന്തയും ഉരുട്ടി മലയാളത്തിൽ ഉറക്കെ ജപമാല ചൊല്ലി കൊടും കാട്ടിലൂടെ ഇരുപതും മുപ്പതും കിലോമീറ്ററുകൾ നടന്നാണ് ഇവർ ഗ്രാമങ്ങളിൽ എത്തുന്നത്. കുളിച്ചിട്ടു മാസങ്ങളായ, കണ്ടാൽ അറപ്പു തോന്നുന്ന, വിസർജ്യങ്ങൾ തലമുതൽ കാലു വരെ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ഈ സഹോദരിമാർ വാരി എടുത്തു താലോലിച്ചു പൊതുകിണറിന്റെ കരയിൽ കൊണ്ടുപോയി തേച്ചു കുളിപ്പിക്കുന്ന കാഴ്ച ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
പൗരോഹിത്യ ജീവിതത്തിന്റെ യാതൊരു പകിട്ടും ഇല്ലാതെ തൊഴിലാളികളെപോലെ ഗ്രാമീണരോടൊപ്പം പോയി പണിയെടുക്കുന്ന മലയാളി വൈദീകർ നമ്മുടെ മിഷൻ പ്രദേശത്തുണ്ട്. പാറക്കല്ലിന്റെ മേലേ തുണിവിരിച്ചു അവർ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തപ്പോൾ കിട്ടിയ ദൈവാനുഭവം കേരളത്തിലെ കോടികൾ കൊണ്ട് മെനഞ്ഞെടുത്ത കൊട്ടാരസമാനമായ പള്ളികളിൽ അർപ്പിച്ച വിശുദ്ധ കുർബാനകളിൽ നിന്ന് എനിക്ക് ലഭിച്ചിട്ടില്ല. അവിടെ വർഷങ്ങളായി അവർ ഈ സേവനം ചെയ്യുന്നെങ്കിലും ആരെയും മാമോദീസ മുക്കി ക്രിസ്ത്യാനിയാക്കാൻ ശ്രമിക്കാറുമില്ല എന്ന് അറിയുമ്പോഴാണ് മിഷനറി പ്രവർത്തനം എന്താണെന്ന് മനസിലാകുന്നത്. ഇവരുടെ ജീവിതം കണ്ടു ഇവർ പ്രാർത്ഥിക്കുന്ന ദൈവത്തെ അന്വേഷിച്ചു വന്നു മനഃപരിവർത്തനം സംഭവിച്ചു ക്രിസ്ത്യാനിയാകുന്നവരുണ്ട്.
ഭാരതത്തിലെ അമിത ജനസംഖ്യകൊണ്ടും രാഷ്ട്രീയ ഭരണ പരാജയം കൊണ്ടും തെരുവിൽ ആക്കപ്പെടുന്ന മനുഷ്യരുടെ എണ്ണം അസംഖ്യമാണ്. പോഷകാഹാര കുറവ് കൊണ്ടും, ചികിത്സയുടെ അഭാവം കൊണ്ടും വൈകല്യത്തോടെ ജനിക്കുന്നവരും മാനസികവും ശാരീരികവുമായ രോഗാവസ്ഥയിലുള്ള പാവപ്പെട്ടവരും ഭക്ഷണം ലഭിക്കാതെ വിശപ്പുകൊണ്ട് തെരുവിൽ അലയുന്നവരുടേയുമൊക്കെ എണ്ണം ആരും ഇന്നും കണക്കുകൂട്ടി എടുത്തിട്ടില്ല. ഇവരെ ഒന്നും രാജ്യപൗരന്മാരായി പോലും സർക്കാർ കാണുന്നതായി തോന്നുന്നില്ല.
വഴിയരികിൽ പുഴുവരിച്ച കിടക്കുന്ന ആളുകളെ നമ്മൾ ഇന്ന് അധികം കാണാറില്ല. അങ്ങനെ ഉള്ളവർ ഇല്ലാത്തതുകൊണ്ടല്ല. ഇത്തരക്കാരെയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരെയും ക്രിസ്ത്യൻ മിഷനറിമാർ വാരിയെടുത്ത് കൊണ്ട് പോയി രാജകീയമായി പരിചരിക്കുന്നു. മദർ തെരേസ സന്യസ്തർ നടത്തുന്ന സ്ഥാപനങ്ങളിൽ ആയുസ്സിൽ ഒരിക്കൽ എങ്കിലും പോയാൽ, അവരു ചെയ്യുന്ന കാര്യങ്ങളെ നിരീക്ഷിച്ചാൽ, ദൈവത്തിന്റെ മുഖമുള്ള മാലാഖമാരെ നിങ്ങൾക്ക് ആ സന്യസ്തരിൽ കാണാം. സത്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നവരെ ഞാൻ സ്നേഹപൂർവ്വം വെല്ലുവിളിക്കുന്നു; ഈ സന്യസ്തർ ശുശ്രൂഷിക്കുന്ന ഒരു രോഗിയെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയി ഒരു ദിവസം പരിചരിച്ചു കാണിക്കാമോ?
വേണ്ട; ഈ രോഗികളുടെ അടുത്ത് കുറച്ചു സമയം വെറുതെ ഇരിക്കാൻ നിങ്ങൾക്ക് ധൈര്യം ഉണ്ടോ?
എനിക്ക് സാധിക്കാത്തതുകൊണ്ടാണ് ദുഷിപ്പു പ്രചരിപ്പിക്കുന്ന മതഭ്രാന്തു തലയ്ക്കു പിടിച്ച രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഞാൻ ധൈര്യപൂർവ്വം വെല്ലുവിളിച്ചത്. ഇവർ പരിചരിക്കുന്ന ഈ അശരണരാരും ഈ മിഷനറിമാരുടെ ബന്ധുക്കളല്ല; ഈ രാജ്യത്തിൽ നമ്മെ പോലെ ജീവിക്കാൻ അർഹതപ്പെട്ട പൗരന്മാരാണിവർ.
നമ്മുടെ രാജ്യത്തിലെ നമ്മുടെ സഹോദരങ്ങളായ ഈ രോഗികളെയും അശരണരെയും പരിചരിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ് ഉള്ളത്?
ഇവിടെ രാഷ്ട്രീയം പ്രസംഗിച്ചു ഉടയാത്ത ഉടുപ്പിട്ടു വിപ്ലവം പറയുന്നവർക്കോ ഇവർ നേത്രത്വം കൊടുക്കുന്ന സർക്കാരിനോ അതോ ക്രിസ്ത്യൻ മിഷനറിമാർക്കോ?
സർക്കാരും രാഷ്ട്രീയക്കാരും ചെയ്യേണ്ട ഈ ഉത്തരവാദിത്വം അവർ ചെയ്യാതിരിക്കുമ്പോഴാണ് സർക്കാരിന്റെ യാതൊരു ആനുകൂല്യവും കൈപ്പറ്റാതെ സാധാരണ മനുഷ്യർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കൊടുക്കുന്ന ചില്ലറ പൈസകൊണ്ട് ക്രിസ്ത്യൻ മിഷനറിമാർ സ്നേഹത്തോടെ ഇവരെ പരിചരിക്കുന്നത്.
മനുഷ്യൻ തെരുവിൽ പുഴുവരിച്ച കിടക്കുമ്പോൾ ഒരു രാഷ്ട്രീയക്കാരനും ഇല്ല അവരെ സഹായിക്കാൻ. മിഷനറിമാർ ഓടി എത്തി തുണിയിൽ പൊതിഞ്ഞു കൊണ്ടുപോയി കുളിപ്പിച്ച് ശരീരത്തിലെ ദുർഗന്ധം വമിക്കുന്ന പുഴുക്കളെ പെറുക്കി മാറ്റി മരുന്ന് വയ്ക്കുമ്പോളും ഈ വിപ്ലവകാരികൾ ഇല്ല. ഇവരുടെ വായിൽ ആഹാരം വച്ച് കൊടുക്കുമ്പോളും അവരുടെ പ്രാഥമീക കാര്യങ്ങൾ ചെയ്യാൻ സഹായിക്കുമ്പോളും രാഷ്ട്രീയ വിപ്ലവകാരികളെ കാണാനില്ല.
മിഷനറിമാരുടെ സ്ഥാപനങ്ങളിൽ ഏതെങ്കിലും രോഗി മരിച്ചു എന്ന് അറിഞ്ഞാൽ ഉടയാത്ത ഉടുപ്പും ഇട്ടു കുറെ തെരുവ് ഗുണ്ടകളെയും മാധ്യമ വ്യവസായികളെയും കൊണ്ട് ഓടി എത്തും. എന്തിനാണെന്നോ?
അവിടെ ഇവരെ ശുശ്രൂഷിച്ച സന്യസ്തർ ചൊല്ലുന്ന പ്രാർത്ഥന ക്രിസ്ത്യൻ പ്രാർത്ഥനയാണോ എന്ന് അറിയാൻ. മേശപ്പുറത്തു ഇരിക്കുന്ന ബൈബിൾ എടുത്തു തൊണ്ടിമുതലാണെന്നു പറഞ്ഞു ഈ സന്യസ്തരെ നിർബന്ധിത മത പരിവർത്തന കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തി ജയിൽ അടയ്ക്കുന്നു. രോഗികൾക്ക് ആഹാരവും മരുന്നും വാങ്ങി കൊടുക്കാൻ കഴിയാത്ത വിധം സാമ്പത്തീക സ്തംഭനം സൃഷ്ടിക്കുന്നു.
ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലികൊല്ലുന്ന നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളും ഈ രാഷ്ട്രീയക്കാരുടെ കൂടെ ചേർന്ന് മിഷനറിമാരെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ രാജ്യത്തിലെ നീതിന്യായ വ്യവസ്ഥ നോക്കുകുത്തിയാകുന്നു.
നീതി ദേവതയുടെ കണ്ണ് മാത്രമല്ല കാതും നാവും കയ്യും കാലും ഇവർ കൂട്ടികെട്ടികൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിൽ നീതി ബോധം ഉള്ള ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകർ ഉണ്ടെങ്കിലും മത തീവ്രവാദം തലയ്ക്കു പിടിച്ച ഇത്തരം രാഷ്ട്രീയക്കാർ നമ്മുടെ രാജ്യത്തിൻറെ ശത്രുക്കളാണെന്നു നമ്മൾ തിരിച്ചറിയണം.
ഭാരതത്തിലെ ക്രിസ്ത്യൻ സഭകളിൽ കത്തോലിക്ക സഭ മാത്രമല്ല ധാരാളം സഭകൾ മാതൃകാപരമായി മിഷനറി പ്രവർത്തനം നടത്തി ഈ രാജ്യത്തിലെ പാവപെട്ട മനുഷ്യരെ പരിചരിക്കുന്നുണ്ട്. കത്തോലിക്ക സഭയിൽ യാതൊരു വിധത്തിലും നിർബന്ധിത പരിവർത്തനം നടക്കുന്നില്ല എന്ന വസ്തുത മറനീക്കി കാണിക്കേണ്ട സമയം അതിക്രമിച്ചു. എന്നാൽ, മറ്റൊരു അപ്രീയ സത്യം കൂടി പറയാതെ വയ്യ.
ക്രിസ്ത്യൻ മിഷനറിമാർ എന്ന വ്യാജേന ചിലർ രാജ്യത്തിൻറെ പലഭാഗങ്ങളിലും ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ, ഇവർ സംഘടിതരല്ലാത്തതു കൊണ്ട് ഇവർ കാട്ടി കൂട്ടുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം കത്തോലിക്ക മിഷനറിമാരിലും ഇതര സഭകളിലെ നല്ലവരായ മിഷനറിമാരിലും കെട്ടിവയ്ക്കപ്പെടുന്നു. ഇത്തരം കള്ളനാണയങ്ങളെ വേർതിരിച്ചു മനസിലാക്കാൻ രാജ്യത്തിൻറെ നീതി ന്യായ വ്യവസ്ഥയും മാധ്യമങ്ങളും മെനക്കെടാറില്ല. ഇതിന്റെ മറവിൽ ഈ കള്ളനാണയങ്ങൾ സുരക്ഷിതരായി അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്നുമുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രത്യക്ഷമായി സേവനം ചെയ്യുന്ന കത്തോലിക്ക മിഷനറിമാരെ ആക്രമിക്കാൻ വളരെ എളുപ്പവുമാണ്.
പീഡനം ഏല്ക്കുന്ന കത്തോലിക്ക മിഷനറിമാരുടെ പൊതുവെയുള്ള പ്രതികരണം മൗനവും പ്രാർത്ഥനയും സഹനവും മാത്രമാണ്. അത് മിഷനറിമാരുടെ ബലഹീനതയായി കണ്ടു അവരെ അകാരണമായി ആക്രമിക്കുന്ന നീതി രഹിതമായ പ്രവർത്തിയാണ് ഇന്ന് നമ്മുടെ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നത്. അനീതി കണ്ടിട്ടും നിഷ്ക്രീയമായി നോക്കി നിൽക്കുന്നതും സത്യത്തിനു നേരെ കണ്ണടയ്ക്കുന്നതും ദൈവനിഷേധമാണ് എന്ന തിരിച്ചറിവുകൂടി ഈക്കാലത്തു നമ്മുക്ക് ഉണ്ടാകണം.
ജോർജ് പനന്തോട്ടം