ഭൂകമ്പദുരന്തത്തിനിരയായവർക്കു സഹായം
ഭൂകമ്പദുരന്തത്തിനിരയായ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നതു മനുഷ്യസ്നേഹികളായ എല്ലാവരെയും വേദനിപ്പിക്കുന്നു. പതിനായിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ ഭവനങ്ങളും സമ്പാദ്യങ്ങളും അപ്രത്യക്ഷമായി. മുറിവേറ്റു നിസ്സഹായവസ്ഥയിലായിരിക്കുന്ന അവിടത്തെ ജനങ്ങൾക്കു പരസഹായം ഏറ്റവും ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ, നല്ല അയൽക്കാരന്റെ ഉപമയിലൂടെ ഈശോ നമ്മോടാവശ്യപ്പെടുന്നതു് അവരെ കഴിവനുസരിച്ചു സഹായിക്കണമെന്നാണ്.
ഭാരത കത്തോലിക്കാസഭ ജീവകാരും പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത് കാരിത്താസ് ഇന്ത്യ എന്ന സംഘടനയിലൂടെയാണ്. ഭൂകമ്പത്തിനിരയായ തുർക്കി, സിറിയ പ്രദേശങ്ങളിലെ ആൾക്കാർക്ക് ആശ്വാസമായി സാമ്പത്തികസഹായം ചെയ്യാൻ ഇന്ത്യയിലെ കത്തോലിക്കാ രൂപതകളോടു കാരിത്താസ് ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ട്. അതനുസരിച്ചു നമ്മുടെ അതിരൂപതയും കഴിക്കുന്ന സഹായം ചെയ്യാനാഗ്രഹിക്കുന്നു. വലിയ നോമ്പുകാലത്ത് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണമെങ്കിലും ഉപേക്ഷിച്ച് അതുവഴി സമാഹരിക്കാവുന്ന ധനം ഓരോ കുടുംബവും ഇടവകപ്പള്ളിയിൽ ഏൽപ്പിച്ച് അടിയന്തിര സഹായപദ്ധതിയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ‘കാരിത്താസ് ചങ്ങനാശേരി’ എന്ന പേരിലുള്ള അടിയന്തിര സഹായ നിധിയിലേക്ക് ഇപ്രകാരം സംഭാവനകൾ സമാഹരിക്കുന്ന പദ്ധതി നമുക്കുള്ളതാണല്ലോ. ഈ വർഷം മേൽപറഞ്ഞ അടിയന്തിര സഹായം ലക്ഷ്യംവച്ച് എല്ലാവരും സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഉടനെതന്നെ സഹായം എത്തിക്കേണ്ടതുള്ളതുകൊണ്ട് ഈ ഫെബ്രുവരി മാസത്തിൽത്തന്നെ ഇടവകതലത്തിൽ സംഭാവനകൾ ശേഖരിച്ചു മാർച്ച് പത്തിനുമുമ്പ് അതിരൂപതാകേന്ദ്രത്തിൽ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്നു ബഹുമാനപ്പെട്ട വികാരിയച്ചന്മാരോട് അഭ്യർഥിക്കുന്നു. ഇടവകകളിൽ സമാഹരിക്കുന്ന തുക ഫൊറോനാകേന്ദ്രങ്ങളിൽ എത്തിച്ചാൽ രൂപതയിൽ നിന്നും അത് കൈപ്പറ്റുന്നതാണ്. ദുരിതബാധിതരെ നമ്മുടെ പ്രാർത്ഥനയിൽ അനുസ്മരിക്കുകയും ചെയ്യാം.ദൈവത്തിനു പ്രീതികരമായ ഒരു ഉപവിപ്രവൃത്തിയായി പരിഗണിച്ച് എല്ലാവരും സഹകരിക്കുമല്ലോ.
Archbishop Joseph Perumthottam