ആലാഹായുടെ പുത്രനും ആലാഹായുടെ വചനവുമായ മാറൻ ഈശോ മ്ശീഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ യോഹന്നാൻ മാംദാനായിൽ നിന്നും യോർദ്ദ്നാൻനദിയിൽ വച്ച് മാമ്മോദീസാ സ്വീകരിച്ചതിൻ്റെ അനുസ്മരണവും ആഘോഷവുമാണ് പൗരസ്ത്യ സുറിയാനി സഭ ആരാധനക്രമ വത്സരത്തിലെ ദനഹായുടെ ആഴ്ചകളിൽ അഥവാ ദനഹാക്കാലത്ത് പ്രത്യേകമായി ഓർമിക്കുന്നത്.
ദാസൻ്റെയും പാപിയുടെയും രൂപം സ്വീകരിച്ച മനുഷ്യനായ ദൈവപുത്രൻ തൻ്റെ പിതാവുമായി നിലനിർത്തേണ്ട സമാനത കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി, യോഹന്നാൻ മാംദാനായിൽ നിന്ന് മാമ്മോദീസാ സ്വീകരിക്കുന്നു. അപ്പോൾ യോഹന്നാൻ മാംദാനാ ഈശോയോട് ചോദിക്കുന്ന ചോദ്യവും അതിന് നമ്മുടെ കർത്താവ് നൽകുന്ന മറുപടിയും വളരെ പ്രസക്തമാണ്. “ഞാന് നിന്നില്നിന്ന് മാമ്മോദീസാ സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന് അവനെ തടഞ്ഞു.എന്നാല്, ഈശോ പറഞ്ഞു: ഇപ്പോള് ഇതു സമ്മതിക്കുക; അങ്ങനെ സര്വനീതിയും പൂര്ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന് സമ്മതിച്ചു.”(മത്തായി 3 : 14-15)ഇപ്രകാരം, സ്വയം ശൂന്യമാകലിൻ്റെ മഹനീയമായ ഒരു മാതൃക നമുക്ക് ഈശോ നൽകുന്നു.
പൗരസ്ത്യ സുറിയാനി സഭയ്ക്ക് ദനഹാക്കാലം ഓർമ്മകളുടെ കാലമാണ്. തങ്ങളുടെ ജീവിതം വഴിയായി ഈശോയെ നമുക്ക് കാണിച്ച് തന്നവരെ ഈ കാലയളവിൽ, പ്രത്യേകമായി വെള്ളിയാഴ്ചകളിൽ നമ്മുടെ സഭ അനുസ്മരിക്കുന്നു. ദനഹാക്കാലം ആരംഭിക്കുന്നതിന് മുൻപ് വരുന്ന വെള്ളിയാഴ്ച, അതായത് സൂവാറാക്കാലത്തെ അവസാന വെള്ളിയാഴ്ച, ഈശോയ്ക്ക് ജന്മം നൽകിയ മർത്ത് മറിയത്തെ ഏറ്റവും പ്രാധാന്യത്തോടെ നാം അനുസ്മരിക്കുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മാതാവിൻ്റെ തിരുനാളുകളിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഇതാണ്. ഈശോയെ നമുക്ക് നൽകിയ അമ്മ, അതാണല്ലോ പരിശുദ്ധ അമ്മയുടെ എല്ലാ മഹത്വത്തിനും നിദാനം.
ജനുവരി ആറിന് നമ്മുടെ കർത്താവിൻ്റെ മാമ്മോദീസായുടെ അനുസ്മരണമായ ദനഹാത്തിരുനാൾ നാം ആഘോഷിക്കുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ വെളിപ്പെടുത്തലും ഈ തിരുനാൾ ദിനത്തിൽ നാം കാണുന്നു. “സ്വർഗം തുറക്കപ്പെട്ടു; ജലധാരയുണ്ടായി; പ്രാവ് മുകളിൽ ആവസിച്ചു; ഇടിമുഴക്കത്തേക്കാൾ ഉജ്ജ്വലമായി പിതാവിന്റെ സ്വരം അട്ടഹസിച്ചു “ഇവൻ എന്റെ പ്രിയപുത്രനാകുന്നു.” മാലാകാമാർ അവനെ പ്രഘോഷിച്ചു; കുട്ടികൾ തങ്ങളുടെ ഓശാനകളാൽ സന്തോഷപൂർവം ആർത്തുവിളിച്ചു.” “മുകളിലും താഴെയും പുത്രന് ഓരോ മുന്നോടിയുണ്ട്. മുകളിൽ നിന്ന് പ്രകാശനക്ഷത്രം സന്തോഷപൂർവം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.താഴെ നിന്ന് യോഹന്നാൻ പ്രഘോഷിച്ചു. രണ്ട് മുന്നോടികൾ; ഒരു ഭൗമീകനും ഒരു സ്വർഗീയനും.” (മാർ അപ്രേം – ദനഹാഗീതങ്ങൾ)
പൗരസ്ത്യ സഭകൾ ദനഹാത്തിരുനാളിനോട് ചേർത്താണ് ഈശോയുടെ തിരുപ്പിറവി ആഘോഷിക്കുന്നത്.മാർത്തോമ്മാ നസ്രാണികളായ നമ്മളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യത്തോടെ നാം ആഘോഷിക്കുന്ന ഒരു തിരുനാളാണ് ദനഹാ. രാക്കുളി അഥവാ പിണ്ടികുത്തി തിരുനാൾ എന്ന പേരിലാണ് നമ്മൾ ഈ തിരുനാൾ ആഘോഷിക്കുന്നത്.
“ഏൽ ഏൽ പയ്യാ, ഏൽ പയ്യാ, സത്യവെളിച്ചം മ്ശീഹായേ നിന്നുടെ ദനഹാ സ്തുത്യർഹം….ബാവാ പുത്രൻ റൂഹായെന്നീ മൂവരുമൊന്നായ് വാണീടുന്നു, ദുർഗ്രഹമങ്ങേ ദൈവസ്വഭാവം ദനഹാവഴിയായ് വെളിവാകുന്നു…..”
അംഗശുദ്ധി വരുത്തി പള്ളിയിൽ കയറുക എന്നത് മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമാണ്. ഇത് യഹൂദ – ഭാരതീയ പാരമ്പര്യങ്ങളുടെ തുടർച്ചയായി നിലനിന്ന, ഇന്നും നിലനിൽക്കുന്ന ഒരു ആചാരമാണ്. വെള്ള വസ്ത്രങ്ങൾ അണിഞ്ഞ്, കുളിച്ച് ദേഹശുദ്ധി വരുത്തി പള്ളിയിൽ കയറുക എന്നത് നമ്മുടെ പൂർവ്വികർ പള്ളിക്ക് കൊടുത്തിരുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു.നമ്മുടെ കർത്താവിന്റെ ദനഹാ തിരുനാളിന് പാലാ പള്ളിയിലും, മുട്ടുചിറ റൂഹാ ദ്കുദ്ശാ പള്ളിയിലും, മൂവാറ്റുപുഴ പള്ളിയിലും മറ്റ് പല പുരാതന നസ്രാണി പള്ളികളിലും ഇപ്പോഴും രാക്കുളി പെരുന്നാൾ എന്നാണ് പറയുന്നത്. ഇപ്പോഴും അവിടങ്ങളിൽ പലയിടത്തും “രാക്കുളി”യുമുണ്ട്. രാത്രിയിൽ കുളിച്ച് ശുദ്ധമായി പള്ളിയിൽ പ്രവേശിക്കുക എന്നതാണ് ഈ പേരുകൊണ്ട് അർത്ഥമാക്കുന്നത്. ദനഹായുടെ തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത് അഞ്ചാം തീയതി വൈകുന്നേരം റംശാ നമസ്കാരത്തോടെയാണ്. പള്ളിക്കുളത്തിൽ കുളിച്ച് അവർ പള്ളിയിൽ കയറുന്നു. നമസ്കാരം കഴിഞ്ഞ് പ്രത്യേകം അലങ്കരിച്ച വാഴപ്പിണ്ടികളിൽ എണ്ണത്തിരികൾ തെളിച്ച് വെളിച്ചമായ മ്ശീഹായുടെ യോർദ്ദ്നാനിലെ വെളിപ്പെടുത്തലിനെ ‘ഏൽ പയ്യാ’ (തേജോമയനായ / അഴകുള്ള / തിളങ്ങുന്ന ദൈവം) ഗീതങ്ങളോടെ പ്രഘോഷിക്കുന്നു. പിറ്റേന്ന്, ആറാം തീയതി ആഘോഷമായ തിരുനാൾ റാസയോട് കൂടി തിരുനാൾ അവസാനിക്കുന്നു. വാഴപ്പിണ്ടിയിൽ തിരി തെളിയിച്ച് ആഘോഷിക്കുന്നതിനെ സൂചിപ്പിക്കാനാണ് പിണ്ടിപ്പെരുന്നാൾ, പിണ്ടികുത്തി പെരുന്നാൾ എന്നൊക്കെ വിളിക്കുന്നത്. നമ്മെ സംബന്ധിച്ച് വെളിച്ചത്തിന്റെ – മ്ശീഹായുടെ – ആഘോഷമാണ് ദനഹ. വീടുകളിലും വാഴപ്പിണ്ടികളിൽ തിരി തെളിയിച്ച് നമ്മൾ ദനഹ ആഘോഷിക്കുന്നു. തെക്കൻ കേരളത്തിൽ രാക്കുളിയും വടക്കൻ കേരളത്തിൽ പിണ്ടിപ്പെരുന്നാളുമാണ് പ്രധാന ആഘോഷങ്ങൾ.ഇടക്കാലം കൊണ്ട് ആരും പിണ്ടിപ്പെരുന്നാൾ ആഘോഷിക്കാതെ പോയെങ്കിലും ഇപ്പോൾ വീണ്ടും നല്ല രീതിയിൽ തന്നെ ആഘോഷിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ പലയിടത്തും നഷ്ടപ്പെട്ടു പോയ ഒന്നാണ് രാക്കുളി. പള്ളിയുടെ അടുത്ത് ജലാശയങ്ങൾ/ തോടുകൾ ഉണ്ടെങ്കിൽ അവിടെയോ, അല്ലെങ്കിൽ പള്ളിമുറ്റത്ത് തന്നെയുള്ള പള്ളിക്കുളത്തിലോ ആളുകൾ ദേഹശുദ്ധി വരുത്തിയിരുന്നു. ഇത് മ്ശീഹായുടെ മാമ്മോദീസയുടെ അനുസ്മരണവും കൂടിയാണ്. പള്ളിയോട് ചേർന്നുള്ള പള്ളിക്കുളം നമ്മുടെ വലിയൊരു സംസ്കാരമായിരുന്നു. മുട്ടുചിറ പള്ളി പോലെ ചിലയിടങ്ങളിൽ ഇന്നും പള്ളിക്കുളങ്ങൾ ഒരു ചരിത്രസാക്ഷ്യമെന്നോണം നിലനിൽക്കുന്നു, ചിലയിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പള്ളിക്കുളങ്ങൾ കാണാൻ കഴിയും. ഇപ്പോഴും മലയാറ്റൂർ മല കയറാൻ വരുന്ന വിശ്വാസികൾ അടിവാരത്തുള്ള ആറ്റിൽ കുളിക്കുന്നത് കാണാറുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യത്തിലും ദനഹ തിരുനാളിന് അനുബന്ധിച്ചുള്ള സ്നാനം ഉണ്ട്. ദനഹ തിരുനാളിൽ അവർ തണുത്തുറഞ്ഞ ജലാശയങ്ങളിൽ മുങ്ങിക്കുളിച്ച് പള്ളിയിൽ കയറുന്നത് പലപ്പോഴും നാം കാണാറുണ്ട്. മൈനസ് 25 ഡിഗ്രി തണുപ്പ് ഉള്ള സമയങ്ങൾ ആണ് അവിടെ എപ്പിഫനി തിരുനാൾ. ജലാശയങ്ങളുടെ മുകളിൽ ഉള്ള ഐസ് പാളികൾ സ്ലീവാ ആകൃതിയിൽ മുറിച്ച് മാറ്റി, അതിന്റെ അടിയിലുള്ള വെള്ളത്തിൽ അവർ മുങ്ങി കയറുന്നു. അവർ ഇന്നും ഈ പാരമ്പര്യം മുടങ്ങാതെ തുടരുന്നു.
പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് മാർ നെസ്തോറിയസിൻ്റെ കൂദാശക്രമം അർപ്പിക്കേണ്ട ആരാധനാവത്സരത്തിലെ അഞ്ച് ദിനങ്ങളിൽ ആദ്യത്തെ ദിനം നമ്മുടെ കർത്താവിൻ്റെ പരിശുദ്ധ ദനഹാത്തിരുനാൾ ദിനത്തിലാണ്.
മാറാനായ തിരുനാൾ ദിനമായ അന്നേദിവസം പരിശുദ്ധ കുർബാന മധ്യേ (ഏക പിതാവ് പരിശുദ്ധനാകുന്നു….. എന്ന് ചൊല്ലുന്നതിന് മുൻപ്) ദ്ഹീലത്ത് അഥവാ ഭയഗീതം ആലപിക്കുകയും ആ സമയത്ത് മദ്ബഹായുടെ ഉള്ളിലെ വിരി അടയ്ക്കുകയും ചെയ്യേണ്ടതാണ്.
ഈശോയെ ലോകത്തിൽ പ്രഘോഷിച്ച വിശുദ്ധരായ പിതാക്കന്മാരെയാണ് ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിൽ പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത്.
ദനഹായ്ക്ക് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച, ദനഹാക്കാലം ഒന്നാം വെള്ളിയാഴ്ച, മ്ശീഹായ്ക്ക് വഴിയൊരുക്കാൻ വന്ന മാർ യോഹന്നാൻ മാംദാനായുടെ ദുക്റാന (ഓർമ്മ) നാം ആഘോഷിക്കുന്നു.”ഇതാ ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ആലാഹായുടെ കുഞ്ഞാട്” എന്ന് ഉദ്ഘോഷിച്ച് ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിയ യോഹന്നാൻ മാംദാനായെയാണ് നാം ഈ ദിനത്തിൽ അനുസ്മരിക്കുന്നത്.പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് മാർ നെസ്തോറിയസിൻ്റെ കൂദാശക്രമം അർപ്പിക്കേണ്ട ആരാധനാവത്സരത്തിലെ അഞ്ച് ദിനങ്ങളിൽ രണ്ടാമത്തെ ദിനം മാർ യോഹന്നാൻ മാംദാനായുടെ തിരുനാളിലാണ്.
രണ്ടാം വെള്ളിയാഴ്ച മ്ശീഹായ്ക്ക് സാക്ഷ്യം നൽകിയവരും ശ്ലീഹന്മാരിൽ പ്രമുഖരുമായ മാർ കേപ്പാ – മാർ പൗലോസ് ശ്ലീഹന്മാരുടെ ദുക്റാന നാം ആഘോഷിക്കുന്നു.തുടർന്ന് മൂന്നാം വെള്ളിയാഴ്ച മ്ശീഹായ്ക്ക് സാക്ഷ്യം നൽകി, അവൻ്റെ സ്വർസാ (സുവിശേഷം) പ്രഘോഷിച്ച (കാറോസൂസാ) മാർ മത്തായി, മാർ മർക്കോസ്, മാർ ലൂക്കാ, മാർ യോഹന്നാൻ എന്നീ നാല് സുവിശേഷകന്മാരുടെ ദുക്റാനയും നാലാം വെള്ളിയാഴ്ച മ്ശീഹായ്ക്ക് സാക്ഷ്യം നൽകിയതിൻ്റെ പേരിൽ ജീവൻ വെടിയേണ്ടി വന്ന, സഹദാമാരിൽ ആദ്യജാതൻ എന്നറിയപ്പെടുന്ന, സഭയിലെ ആദ്യ മ്ശംശാനായായ മാർ എസ്തപ്പാനോസ് സഹദായുടെ ദുക്റാനയും നാം ആഘോഷിക്കുന്നു.
അഞ്ചാം വെള്ളിയാഴ്ച നമ്മുടെ പരിശുദ്ധ പിതാക്കന്മാരായ മാർ ദിയദോറോസ്, മാർ തെയോദോറോസ്, മാർ നെസ്തോറിയസ് എന്നീ ശ്രേഷ്ഠ ആചാര്യന്മാരായ യവന (ഗ്രീക്ക്) മല്പാന്മാരുടെ ദുക്റാന നാം ആഘോഷിക്കുന്നു.പൗരസ്ത്യ സുറിയാനി സഭയുടെ പഞ്ചാംഗം അനുസരിച്ച് ദനഹാക്കാലം അഞ്ചാമത്തെ വെള്ളിയാഴ്ച യവന (ഗ്രീക്ക്) മല്പാന്മാരുടെ ഓർമ്മ ആഘോഷിക്കുന്നു. ഗ്രീക്ക് പിതാക്കന്മാരുടെ ഓർമ്മ എന്ന പേരിലാണ് ആഘോഷിക്കുന്നതെങ്കിലും എല്ലാ ഗ്രീക്ക് പിതാക്കന്മാരെയും പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നില്ല. മറിച്ച് മാർ ദിയദോറോസ്, മാർ തെയോദോറോസ്, മാർ നെസ്തോറിയസ് എന്നീ പിതാക്കന്മാരെ മാത്രമാണ് നാം അനുസ്മരിക്കുന്നത്. കാരണം ഇവർ പ്രഘോഷിച്ചത് നമ്മുടെ സഭയുടെ ദൈവശാസ്ത്രം ആണ്; പൗരസ്ത്യ സുറിയാനി സഭയുടെ ദൈവശാസ്ത്രം. നമ്മുടെ സഭയുടെ ആരാധന ക്രമത്തിൽ ഉപയോഗിക്കുന്ന രണ്ടാമത്തെ കാറോസൂസയിൽ (ന്സല്ലേ ഉനെവ്ഏ) ഈ പിതാക്കന്മാരെ നിത്യവും അനുസ്മരിക്കുന്നുമുണ്ട്. അതുപോലെ പൗരസ്ത്യ സുറിയാനി ആരാധനയിൽ മാർ തെയോദോറോസ്, മാർ നെസ്തോറിയോസ് എന്നീ പിതാക്കൻമാരുടെ പേരിലുള്ള രണ്ട് കൂദാശാ ക്രമങ്ങൾ പരിശുദ്ധ കുർബാനയിൽ ഉപയോഗിച്ചുപോരുന്നു. അതുകൂടാതെ പൗരസ്ത്യ സുറിയാനി മാമോദീസാ ക്രമത്തിൽ മാർ തെയോദോറോസിനാൽ രചിക്കപ്പെട്ട ദീർഘമായ ഒരു കാറോസൂസായും ഉപയോഗിക്കുന്നുണ്ട്. ആണ്ടുവട്ടത്തിൽ മാർ നെസ്തോറിയോസിൻ്റെ കൂദാശ ക്രമം ഉപയോഗിക്കേണ്ടതായ മൂന്നാമത്തെ ദിവസം ഗ്രീക്ക് മല്പാന്മാരുടെ തിരുനാൾ ദിനത്തിലാണ്.
ആറാം വെള്ളിയാഴ്ച മ്ശീഹായ്ക്ക് സാക്ഷ്യം നൽകി സത്യവിശ്വാസം പഠിപ്പിച്ച സകല സുറിയാനി മല്പാന്മാരുടെ ദുക്റാനയും നാം ആഘോഷിക്കുന്നു.അവരിൽത്തന്നെ പ്രത്യേകമായി നിസ്സിബിസ്സ് വിദ്യാപീഠത്തിലെ മല്പാന്മാരെയാണ് നാം അനുസ്മരിക്കുന്നത്.ശ്ലീഹന്മാരുടെ പിൻഗാമികളായി എട്ടാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ തിരുസഭയിൽ ജീവിച്ചിരുന്ന വിശുദ്ധരും പണ്ഡിതരുമായ ദൈവശാസ്ത്രപ്രബോധകരാണ് സഭാപിതാക്കന്മാർ.അവർ ഈശോ മ്ശീഹായുടെ യഥാർത്ഥ ദനഹാകളാണ്.അവരിൽ നമ്മുടെ സഭയിൽ സത്യവിശ്വാസം പ്രഘോഷിച്ചവരാണ് സുറിയാനി മല്പാന്മാർ.മാർത്തോമാശ്ലീഹായിലൂടെ കൈമാറി ലഭിച്ച മ്ശീഹാനുഭവവും, സത്യവിശ്വാസവും, വിശുദ്ധ പാരമ്പര്യങ്ങളും, ആദ്യനൂറ്റാണ്ടുകളിൽ നമുക്ക് കൈമാറുകയും സഭയുടെ തൂണുകൾ ആയി നിലകൊണ്ട് സഭയാകുന്ന സൗധത്തെ നിലനിർത്താൻ സഹായിക്കുകയും ചെയ്ത സത്യപ്രബോധകരാണ് സുറിയാനി മല്പാന്മാർ. അവരിൽ വിശ്രുത എഴുത്തുകാരും ദൈവശാസ്ത്രത്തിന് ലളിതമായ ഭാഷണം ഒരുക്കിയ കവികളും ഉന്നത ദൈവശാസ്ത്രജ്ഞരും അജഗണത്തെ നയിച്ച മെത്രാന്മാരും ദയറാ വാസികളായ മഹാതാപസികരും ഏകാന്തവാസികളും സ്തംഭവാസികളും ഉണ്ടായിരുന്നു.
മാർ അപ്രേം, മാർ നർസായ്, മാർ അവറാഹം, മാർ ലൂല്യാൻ, മാർ യോഹന്നാൻ, മാർ അഫ്രഹാത്ത്, മാർ യാക്കോവ് എന്നിവരാണ് അവരിൽ പ്രധാനികൾ.സാധാരണ ബുദ്ധിക്ക് അഗ്രാഹ്യങ്ങളായ ദൈവിക രഹസ്യങ്ങളെ, തീഷ്ണമായ താപസ ജീവിതശൈലിയും ദൈവവചനത്തിൻ്റെ ആഴമായ ധ്യാനവും വഴി വെളിപാടുകളിലൂടെ മനസ്സിലാക്കുകയും വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങളും സത്യ പ്രബോധനങ്ങളും നൽകിയവരാണ് ഇവർ. വിശുദ്ധഗ്രന്ഥ ഭാഗങ്ങൾക്ക് ഈ പിതാക്കന്മാർ നൽകിയിട്ടുള്ള ആധ്യാത്മിക വ്യാഖ്യാനങ്ങളെ അതിശയിക്കുന്ന ഒരു വ്യാഖ്യാനവും സഭയിൽ ഇന്നില്ല. ഇന്നും സഭയുടെ പ്രബോധനങ്ങൾക്ക് അടിസ്ഥാനം ഇവരുടെ പഠനങ്ങൾ തന്നെയാണ്. ദൈവസ്തുതികൾക്കായി നാം ഉപയോഗിക്കുന്ന യാമ നമസ്കാരങ്ങൾ ഈ സഭാപിതാക്കന്മാർ രചിച്ച പ്രാർത്ഥനകളാലും ഗീതങ്ങളാലും സമ്പന്നമാണ്.
എഴുതപ്പെട്ട വ്യാഖ്യാനങ്ങളിലൂടെ എന്നതിനേക്കാൾ തങ്ങളുടെ ജീവിതം വഴി ദൈവവചനത്തിന് ഭാഷ്യം നൽകിയവരാണ് അവർ. അവരുടെ വിശുദ്ധജീവിതം നമുക്ക് ഏറെ പ്രചോദനം നൽകുന്നവയാണ്.ഈശോമ്ശീഹായുടേയും സുവിശേഷങ്ങളുടേയും തിരുസഭയുടേയും ജന്മദേശത്തോട് ചേർന്നു വളർന്ന നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം ശ്ലൈഹിക സഭയുടെ തന്നെ തനതായ പാരമ്പര്യമാണ്. തത്വശാസ്ത്രത്താൽ കറപുരളാത്തതും ദൈവവചനത്തിൽ ചാലിച്ചെടുത്തതുമായ ദൈവശാസ്ത്രമാണ് സുറിയാനി മല്പാന്മാരുടേത്.
ഏഴാം വെള്ളിയാഴ്ച മലങ്കര (മലബാർ) ഇടവകയുടെ മദ്ധ്യസ്ഥനായ ആവൂൻ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാനയാണ്. മ്ശീഹാമാർഗ്ഗം പകർന്നുനൽകാൻ വിദൂര ദേശത്ത് നിന്നും ഹെന്ദോയിലെ (ഇന്ത്യ) മലങ്കര (കേരളം) നാട്ടിൽ എത്തി, ഇവിടെ മാർഗ്ഗം സ്ഥാപിച്ച്, നമ്മെ വിശ്വാസത്തിൽ ജനിപ്പിച്ച നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെ ദനഹാക്കാലത്തെ ഓർമ്മ….. മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസത്തിൻ്റെ വലിയൊരു പ്രതിഫലനമാണ് ഈ തിരുനാൾ. ഏക ഇടയൻ്റെ കീഴിലുള്ള ഏക നസ്രാണി ഇടവക (സഭ).സഭ എന്നോ രൂപത എന്നോ ഉള്ള വേർതിരിവുകൾ ഒന്നുമില്ലാത്ത ഒരൊറ്റ സഭ, ഒരേ പള്ളിയും ഒരേ മാർഗ്ഗവും…… ഈ ദിവസം, നസ്രാണികളുടെ ഒരുമയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം……. പലതായി ഭിന്നിച്ച് പോയ നമ്മുടെ സഭ ഒന്നാകാൻ മലങ്കര ഇടവകയുടെ മദ്ധ്യസ്ഥനായ ആവൂൻ മാർത്തോമ്മാ ശ്ലീഹായുടെ പ്രാർത്ഥന നമുക്ക് അപേക്ഷിക്കാം……. അന്ന് തന്നെ ഇടവകമധ്യസ്ഥൻ്റെ തിരുനാളും സഭ ആഘോഷിക്കുന്നു (Vat. Syr. 22).
അവസാന വെള്ളിയാഴ്ച അറൂവ്താ ദ്അന്നീദേ (സകല മരിച്ച വിശ്വാസികളുടെയും തിരുനാൾ) നാം ആഘോഷിക്കുന്നു. വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കുന്ന അതേ പ്രാധാന്യത്തോടെ നമ്മുടെ ഇടയിൽ ഈശോയ്ക്ക് സാക്ഷ്യം നൽകി ജീവിച്ച് കടന്നുപോയ നമ്മുടെ പ്രിയപ്പെട്ടവരേ, നമ്മുടെ ഏറ്റവും അടുത്ത വിശുദ്ധരെ നാം അനുസ്മരിക്കുന്നു.”നിന്നിലുള്ള ശരണത്തിൽമരണനിദ്രപ്രാപിച്ചവരെ ഉയിർപ്പിക്കണമേ.നിന്റെ കൃപയാൽ അവരെ വലത്തുഭാഗത്തു നിറുത്തുകയും ആദിമുതൽ നിന്നെ പ്രസാദിപ്പിച്ചസകലനീതിമാന്മാരോടും നിർമലരോടും കൂടെ നിന്റെ രാജ്യത്തിലെ സ്വർഗീയഭാഗ്യങ്ങളാൽ ആനന്ദിപ്പിക്കുകയും ചെയ്യണമേ.”(മാർ നെസ്തോറിയസിൻ്റെ കൂദാശ)
പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ ഈശോയെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെ അനുസ്മരിച്ച ശേഷം, അവസാന വെള്ളിയാഴ്ച്ച നമ്മുടെ പ്രിയപ്പെട്ടവരായ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ നാം ആചരിക്കുന്നു. ഈശോയെ നമുക്ക് കാണിച്ചുതന്നവരിൽ നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ നമ്മുടെ പൂർവ്വികർ തന്നെ……നമുക്ക് ജന്മം നൽകി, ഈശോയെ നമുക്ക് കാണിച്ചുതന്ന്, മ്ശീഹാമാർഗത്തിൽ നമ്മെ വളർത്തിയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന സുദിനം.അവരുടെ ജീവിതം നമുക്ക് മാതൃകയാണ്. മാർത്തോമ്മാ ശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ അമൂല്യ നിധിയായ നമ്മുടെ ശ്ലൈഹികവിശ്വാസം കൈമോശം വരുത്താതെ നമുക്ക് പകർന്നു നൽകിയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം…..അവരെപ്രതി നമുക്ക് ആലാഹായ്ക്ക് കൃതജ്ഞത അർപ്പിക്കാം……നാം ഇന്നും വിശ്വാസികൾ ആയിരിക്കുന്നതിന് കാരണക്കാർ അവരാണ്; അവരുടെ വിശ്വാസ ജീവിതമാണ് നമ്മുടെ മാർഗ്ഗദീപം.
“പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ, കശീശാമാർ, മ്ശംശാനാമാർ എന്നിവരുടെയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ, പുത്രീപുത്രന്മാർ, സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമയാചരിച്ചുകൊണ്ടു നിങ്ങൾ പ്രാർഥിക്കുവിൻ.മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും,സത്യവിശ്വാസത്തോടെ മരിച്ച്,ഈ ലോകത്തിൽ നിന്നു വേർപെട്ടുപോയഎല്ലാവരെയും അനുസ്മരിക്കുവിൻ.എല്ലാ നിവ്യന്മാരെയും ശ്ലീഹന്മാരെയും സഹദാമാരെയും വന്ദകരെയും ഓർമിക്കുവിൻ. മരിച്ചവരുടെ ഉയിർപ്പിൽ അവരെ മുടിചൂടിക്കുന്ന ആലാഹാ അവരോടുകൂടെ നമുക്കു പ്രത്യാശയും പങ്കാളിത്തവും ജീവനും സ്വർഗരാജ്യത്തിൽ അവകാശവും നല്കട്ടെ.”(പൗരസ്ത്യ സുറിയാനി കുർബാന)
“കർത്താവേ, സത്യവിശ്വാസത്തോടെഈ ലോകത്തിൽ നിന്നു മരിച്ചുപോയവർ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിനുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.അങ്ങു മാത്രമാണ് സത്യത്തിന്റെ പിതാവായ ദൈവമെന്ന് എല്ലാ മനുഷ്യരും അറിയണമെന്നുംയഥാർഥജ്ഞാനത്തിലേക്കു തിരിഞ്ഞ്എല്ലാവരും രക്ഷിക്കപ്പെടണമെന്നുംഅങ്ങ് ആഗ്രഹിക്കുന്നുവല്ലോ.അങ്ങ് അനാദിമുതൽ കർത്താവാണെന്നുംസൃഷ്ടിക്കപ്പെടാത്തവനുംസകലത്തിന്റെയും സഷ്ടാവുമായ പിതാവും പുത്രനും റൂഹാദ്കുദ്ശായുമായ ദൈവമാണെന്നും അവർ അറിയട്ടെ.മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രനും ദൈവവചനവുമായ കർത്താവീശോമ്ശീഹാപൂർണമനുഷ്യത്വം ധരിച്ച് ദൈവത്തിന്റെ ശക്തിയാലും റൂഹാദ്കുദ്ശായാലും സകലതും പൂർത്തീകരിക്കുകയുംനീതീകരിക്കുകയും ചെയ്തുവെന്നുംഅവിടന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യസ്ഥനും നിത്യജീവന്റെ ദാതാവുമാണെന്നുംഎല്ലാവരും ഗ്രഹിക്കട്ടെ.കർത്താവേ, മർത്ത്യമായ ശരീരത്തിലുംഅമർത്ത്യമായ ആത്മാവിലുംഞങ്ങളുടെ പരേതരായ സഹോദരർ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളുംഅങ്ങയുടെ മുമ്പാകെ അവർക്കു വന്നുപോയിട്ടുള്ള വീഴ്ചകളുംകൃപാപൂർവം മോചിക്കണമേ.എന്തുകൊണ്ടെന്നാൽ,പാപം ചെയ്യാത്തവരുംഅങ്ങയുടെ പക്കൽ നിന്നു കരുണയും പാപമോചനവുംആവശ്യമില്ലാത്തവരുമായി ആരുമില്ല. അങ്ങു കാരുണ്യപൂർവം ഞങ്ങളിൽ സംപ്രീതനാകണമെന്ന്ഞങ്ങൾ യാചിക്കുകയും അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.”(മാർ തെയദോറോസിൻ്റെ കുർബാന)
അന്നീദേ അഥവാ സകല മരിച്ച വിശ്വാസികളുടെയും ഈ തിരുനാൾ “ആദാമിൻ്റെ മക്കളുടെ ഓർമ്മ” എന്നും അറിയപ്പെടുന്നു (Vat. Syr. 22)ഇതിനിടയിൽ, പൗരസ്ത്യ സുറിയാനിക്കാരായ നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യത്തോടെ നാം ആഘോഷിക്കുന്ന “ബാവൂസാ ദ്നിനേവായാ” അഥവാ മൂന്നുനോമ്പ് കടന്നുവരുന്നു. അനുതാപതിൻ്റെ കാലഘട്ടം. ഈ നോമ്പ് ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ ഒരുക്കത്തോടെ ആഘോഷിക്കുന്നത് കൽദായ പാരമ്പര്യത്തിലാണ്. മാർത്തോമ്മാ നസ്രാണികളായ നാം യാതൊരു കുറവും വരുത്താതെ ആഘോഷിച്ചുപോരുന്ന ഒന്നാണ് മൂന്നുനോമ്പ്. മൂന്ന് ദിവസം മുഴുവനായും ഉപവാസത്തിലും നമസ്കാരങ്ങളിലും പ്രാർഥനയിലുമായി പള്ളിയിൽ തന്നെ കഴിച്ചുകൂട്ടുന്ന പാരമ്പര്യവും നമുക്ക് ഉണ്ടായിരുന്നു. സൗമാ റമ്പാ അഥവാ വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസങ്ങൾക്ക് മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആചരിച്ചിരുന്ന ഈ നോമ്പ് പതിനെട്ടാമിട നോമ്പ് എന്നും അറിയപ്പെട്ടിരുന്നു. മൂന്ന് നോമ്പിൻ്റെ ബുധനാഴ്ചയും പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് മാർ നെസ്തോറിയസിൻ്റെ കൂദാശക്രമം അർപ്പിക്കേണ്ട ആരാധനാവത്സരത്തിലെ അഞ്ച് ദിനങ്ങളിൽ ഒന്നാണ്. ഇപ്രകാരം മാർ നെസ്തോറിയസിൻ്റെ കുർബാന ക്രമം അർപ്പിക്കേണ്ട ആകെയുള്ള അഞ്ച് ദിവസങ്ങളിൽ നാലും ദനഹാക്കാലത്താണ്. അഞ്ചാമത്തെ ദിവസം പെസഹാ വ്യാഴാഴ്ചയുമാണ്. മറ്റ് ദിവസങ്ങളിൽ മാർ തിയോദോറോസിൻ്റെ ക്രമവും അർപ്പിക്കുന്നു.
ഈ തിരുനാളുകൾക്ക് പുറമേ ആദ്യത്തെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കന്യകകളുടെ പ്രാർത്ഥനയും (Vat. Syr. 22), നാലാം ബുധനാഴ്ച മാർ സർഗീസിൻ്റെയും മാർ ബാക്കോസിൻ്റെയും (Vat. Syr. 22), ഏഴാം ഞായറാഴ്ച കാസോലിക്കാമാരായ ശെമ്ഓന്റെയും സഅദോസ്തിന്റെയും ബർബശ്മിൻ്റെയും ഓർമ്മ (Vat. Syr. 22) യും, ഏഴാം വെള്ളിയാഴ്ച സെബസ്തായിലെ 40 സഹദാമാരുടെ ഓർമ്മയും ദനഹായുടെ ആഴ്ചകളിൽ പൗരസ്ത്യ സുറിയാനി സഭ ആഘോഷിക്കുന്നു.
ദനഹാ മുതൽ വലിയ നോമ്പിൻ്റെ പേതൃത്താ വരെ എട്ട് ആഴ്ചകൾ ഉണ്ടെങ്കിലാണ് ഈ ക്രമം പാലിക്കാൻ കഴിയുന്നത്. ആഴ്ചകളുടെ എണ്ണം കുറയുന്നത് അനുസരിച്ച്, അടുത്തടുത്ത് വരുന്ന രണ്ട് വെള്ളിയാഴ്ച്ചകളിലെ ചില തിരുനാളുകൾ ഒന്നിച്ച് ആഘോഷിക്കുകയും ചെയ്യും. ഉദാഹരണമായി, ആറ് ആഴ്ച്ചകൾ മാത്രമാണ് എങ്കിൽ സുവിശേഷകരും കേപ്പാ – പൗലോസ് ശ്ലീഹന്മാരും ഒരുമിച്ച് അനുസ്മരിക്കപ്പെടുന്നു. അഞ്ച് ആഴ്ചകൾ എങ്കിൽ യവന – സുറിയാനി പിതാക്കന്മാരെ ഒരുമിച്ച് സ്മരിക്കുന്നു. നാലാണെങ്കിൽ എസ്തപ്പാനോസിന്റെയും ഇടവക മദ്ധ്യസ്ഥന്റെയും തിരുനാളുകൾ ഒന്നിച്ച് ആഘോഷിക്കുന്നു.
ഈ തിരുനാളുകൾക്ക് എല്ലാം ശേഷം പേതൃത്തായോടെ പൗരസ്ത്യ സുറിയാനി സഭ സൗമാ റമ്പാ അഥവാ വലിയ നോമ്പിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. സൗമാ റമ്പാ ഒന്നും നാലും ഏഴും ആഴ്ചകൾ റാസകളുടെ (വി. കൂദാശയുടെ) ആഴ്ചകളെന്നു വിളിക്കപ്പെടുന്നു.
ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.