ഡിജോ കാപ്പൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ

കേരള കോൺഗ്രസ്‌ രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദമായിരുന്നു ഡിജോ കാപ്പന്റേത്…1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചുവെങ്കിലും എല്ലാവരോടും സ്നേഹ ബന്ധം കാത്തു സൂക്ഷിച്ചു..

ഞാൻ എഴുതിയ പി ജെ ജോസഫ് സാറിന്റെ ജീവചരിത്രം,’പി ജെ ജോസഫ് കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മ യോഗി ‘ അപകടത്തിന് രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തിന് അയച്ചു കൊടുത്തത്..

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോൾ ഡിജോ കാപ്പന്റെ മകൾ വിളിച്ചു അച്ഛൻ പറഞ്ഞിട്ടാണ് വീളിക്കുന്നതെന്നു പറഞ്ഞു.. അദ്ദേഹത്തിനു സംസാരിക്കുവാൻ കഴിയുമായിരുന്നില്ല..പുസ്തകം അദ്ദേഹം വായിച്ചു എന്ന് അറിയിച്ചു… നല്ല അഭിപ്രായമാണ് എന്നും പറഞ്ഞു..

കേരള കോൺഗ്രസിന് ഊർജ്ജം പകർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ അനുസ്മരിച്ചപ്പോൾ അദ്ദേഹം അത് നിശബ്ദമായി കേട്ടിരുന്നു.. ഇത്രയും പെട്ടെന്ന് വിട പറയുമെന്ന് കരുതിയില്ല.. പ്രിൻസ് ലൂക്കോസിന്റെ മൃതദേഹം കോട്ടയത്ത്‌ പാർട്ടി ഓഫിസിൽ കൊണ്ടു വന്ന വേളയിലാണ് ഡിജോ കാപ്പനെ അവസാനമായി കണ്ടത്.. പ്രിയപ്പെട്ട ഡിജോ കാപ്പന് അന്ത്യാഭിവാദ്യങ്ങൾ…പ്രാർത്ഥനയോടെ വിട..

ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ

2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിരുന്നു അന്ത്യം.

പാലാ മീനച്ചിൽ പഞ്ചായത്തിൽ പാലക്കാട് (ഇടമറ്റം) എന്ന ഗ്രാമത്തിൽ കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി.ജോസഫിൻ്റെയും മേരി ജോസ ഫിൻ്റെയും മൂത്ത പുത്രനായ ഡിജോ കാപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ യാണ് പൊതുരംഗത്ത് എത്തുന്നത്.

ഇടമറ്റം കെ.റ്റി.ജെ.എം.സ്‌കൂളിൽ പഠിക്കുമ്പോൾ കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി. യൂണിറ്റ് പ്രസിഡണ്ടായിട്ടാണ് പൊതു പ്രവർത്തനം തുടങ്ങിയത്. സ്‌കൂൾ ലീഡറായും പാലാ സെൻ്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. പാലാ കോളേജിലും, കളമശ്ശേരി രാജഗിരി കോളേജിലും, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലും നിന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു.

1982 ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി. കേരള യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും മെമ്പറാ യിരുന്നു. എം.ജി.യൂണിവേഴ്‌സിറ്റിയിലും 10 വർഷം സെനറ്റ് മെമ്പറായും പ്രവർത്തിച്ചു.

1983-1985 ൽ കെ.എസ്.സി സംസ്ഥാന പ്രസിഡൻ്റും, 1989-1991 ൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ കളികളിൽ മനം മടുത്ത് പാർലമെൻ്ററി പദവികളിൽ താല്‌പര്യം പ്രകടിപ്പിക്കാതിരുന്ന ഡിജോ കാപ്പൻ 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടർന്ന് ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടിയുളള പ്രവർത്തനങ്ങളിൽ മുഴുകി. സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ മുഖ്യ ചുമതലക്കാരിലൊരാളായിരിക്കെ സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ പൊതുതാല്‌പര്യ ഹർജികളിലൂടെ രണ്ട് ഡസൻ കേസുകളിലെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിധികൾ നേടിയെടുത്തു.

കെ.എസ്.ആർ.ടി.സി യുടെയും വൈദ്യുതി ബോർഡിൻ്റെയും പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കി മാറ്റുവാൻ നിരന്തരം പൊരുതി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ ഉപഭോക്താക്കളുടെ പ്രതിനിധിയെന്ന നിലയിൽ ഡിജോ കാപ്പനെപ്പോലെ നിരന്തരം ഹാജരായിട്ടുളള മറ്റൊരാളില്ല.

പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡണ്ട്, ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആന്റ് എൻവയൺമെൻ്റ്, പ്രൊട്ടക്ഷൻ ഫോറം പ്രസിഡണ്ട് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾ വഹിച്ച ഡിജോ കാപ്പൻ വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.

പൊതുവിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കക്ഷിരാഷ്ട്രീയത്തിതീതമായി വിപുലമായ സൗഹൃദബന്ധത്തിനുടമയായ കാപ്പൻ സി.കെ.ജീവൻ സ്‌മാരക ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാളായിരുന്നു.

നിരവധി പ്രമുഖ നേതാക്കളുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നിൽ ഡിജോ കാപ്പൻ്റെ നിശബ്ദ പ്രവർത്തനങ്ങളും, തന്ത്രങ്ങളും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

രോഗതുരനായിരിക്കെ മരണം മുന്നിൽ കണ്ട പി.റ്റി.തോമസ് തന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെ വേണമെന്ന് എഴുതി ഏല്‌പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു.

ഡോ. ജോബിൻ എസ് കൊട്ടാരം

ഹൈ പവർ കമ്മിറ്റി അംഗം, കേരള കോൺഗ്രസ്‌ പാർട്ടി

Dr Jobin S Kottaram Ph.D

നിങ്ങൾ വിട്ടുപോയത്