ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 4

ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ അർത്ഥം സുവിശേഷം വായിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ മാത്രമല്ല, അത് ദിവസേനയുടെ ജീവിതത്തിൽ ജീവിച്ചു കാണിക്കുന്നതിലാണ്. ഈശോ പറയുന്നു: “കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.”(മത്തായി 7 : 21)

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന് സുവിശേഷത്തെ ഒരു നിയമഗ്രന്ഥ മാത്രം കാണാതെ, ജീവിതപാതയായി സ്വീകരിച്ചു. ഫ്രാൻസിസ്കൻ ആത്മീയതയുടെ കാതൽതന്നെ സുവിശേഷത്തിന്റെ സമൂലവും അക്ഷരാർത്ഥത്തിലുള്ളതുമായ ആലിംഗനം ആണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധ സുവിശേഷം ഹൃദയം കൊണ്ട് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയിൽ ഇത്തിൾക്കണ്ണിപോലെ പടർന്നു പിടിച്ചിരുന്ന ഭൗതികതയുടെ പുറംതോട് അടർന്നു വീഴാൻ ആരംഭിച്ചു.. ഫ്രാൻസിസ് പറയുന്നു “വിശുദ്ധ സുവിശേഷത്തിന്റെ തനിരൂപം അനുസരിച്ച് ജീവിക്കണമെന്ന് അത്യുന്നതൻ തന്നെ എനിക്ക് വെളിപ്പെടുത്തി.”

സുവിശേഷത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ ജീവിതം മാത്രമായിരുന്നില്ല അത് മറിച്ച് ഈശോയുടെ വാക്കുകളുടെ പൂർണ്ണഹൃദയത്തോടുകൂടിയുള്ള സ്വീകരണമായിരുന്നു ഫ്രാൻസിസിനു സുവിശേഷാത്മക ജീവിതം. ക്രിസ്തു ശിഷ്യന്മാരെ പ്രേഷിത ദൗത്യത്തിന് അയക്കുന്ന തിരുവചന ഭാഗം കേട്ടപ്പോൾ ഫ്രാൻസിസ് ഇപ്രകാരം പ്രത്യുത്തരിച്ചു എന്നു തോമസ് ചെലാനോ സാക്ഷ്യപ്പെടുത്തുന്നു :”ഞാൻ ആഗ്രഹിക്കുന്നത് ഇതാണ് , ഞാൻ അന്വേഷിക്കുന്നത് ഇതാണ്, ഞാൻ പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുന്നത് .”

ഫ്രാൻസിസിൻ്റെ ജീവചരിത്രകാരനായ വിശുദ്ധ ബൊനവെഞ്ചറിൻ്റെ അഭിപ്രായത്തിൽ “ഫ്രാൻസിസ് സുവിശേഷം മുഴുവൻ ആശ്ലേഷിക്കുകും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ വാക്കിലും പ്രവർത്തികളിലും പൂർണ്ണമായി പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു.” സുവിശേഷത്തോടുള്ള ഈ ആത്മസമർപ്പണവും വിശ്വസ്തതയുമാണ് ഫ്രാൻസിസ്കൻ ആത്മീയതയെയും ജീവിതശൈലിയെയും പൊതുസമക്ഷം സാക്ഷ്യമാക്കുന്നത്

സുവിശേഷം ജീവിക്കുക എന്നത് ക്ഷമിക്കാനാവാത്തിടത്ത് ക്ഷമിക്കുകയും, വെറുപ്പുള്ളിടത്ത് സ്നേഹിക്കുകയും, അനീതിയുള്ളിടത്ത് സത്യം പറയുകയും ചെയ്യുന്നതാണ്. യാക്കോബ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു: “നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.”(യാക്കോബ്‌ 1 : 22). ഫ്രാൻസിസ് പിതാവ് ഓർമ്മിപ്പിക്കുന്നതുപോലെ “ക്രിസ്തു നിനക്കായി എന്ത് ചെയ്തുവെന്ന് ഓർക്കുക; നീ അവനുവേണ്ടി എന്ത് ചെയ്യുന്നു?”

ഇന്നു നാം ജീവിക്കുന്ന ലോകം വാക്കുകളിൽ നിറഞ്ഞതെങ്കിലും സാക്ഷ്യത്തിൽ ദരിദ്രമാണ്. സഭക്കും സമൂഹത്തിനും ഏറ്റവും ആവശ്യം സുവിശേഷം ജീവിക്കുന്ന മനുഷ്യരെയാണ്. നമ്മുടെ ചെറിയ പ്രവൃത്തികളിലൂടെ – സ്നേഹത്തിലൂടെ, സത്യത്തിലൂടെ, സേവനത്തിലൂടെ – സുവിശേഷത്തിൻെ മുഖം ലോകത്തിനു വെളിപ്പെടുത്താം.

“ഇന്ന് ഞാൻ സുവിശേഷം വായിച്ചോ?” എന്നതിനെക്കാൾ “ഇന്ന് ഞാൻ സുവിശേഷം ജീവിച്ചോ?” എന്ന ചോദ്യം ഓരോ ദിവസവും നമ്മെ ഉണർത്തട്ടെ

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 5

സഹോദര്യം – “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം”

ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിലാണ് സഹോദര്യത്തിൻ്റെ സ്ഥാനം. ദൈവം നമ്മുടെ പിതാവായതിനാൽ, നമ്മൾ എല്ലാവരും സഹോദരങ്ങളും സഹോദരിമാരുമാണ്. “നിങ്ങളെല്ലാം സഹോദരന്‍മാരാണ്.”(മത്തായി 23 : 😎

ആദിമ സഭയെക്കുറിച്ച് വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 44) എന്നു നാം വായിക്കുന്നു

അസീസിമിലെ ഫ്രാൻസിസ് തന്റെ കൂട്ടായ്മയെ “Order” എന്നതിലുപരി “സഹോദരസംഘം” എന്നാണ് വിളിച്ചിരുന്നത്. “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം.” എന്നദേഹം ഉപദേശിച്ചിരുന്നു. തന്റെ അനുയായികളെ പുരോഹിതന്മാരോ സന്യാസിമാരോ എന്നതിലുപരി ഫ്രയേഴ്‌സ് മൈനർ(Friars Minor) – ചെറിയ സഹോദരന്മാർ – എന്ന് വിളിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്, ഓരോ മനുഷ്യനും ഒരു സഹോദരനോ സഹോദരിയോ ആയിരുന്നു.

ഈ സാഹോദര്യം സാർവത്രികമായി അദ്ദേഹം വ്യാപിപ്പിച്ചു. ഉദാഹരണത്തിന് കുരിശുയുദ്ധകാലത്ത് (1219) ഡാമിയേറ്റയിലെ സുൽത്താൻ അൽ-കാമിലിനെ കാണാൻ ഫ്രാൻസിസ് പോയി. തന്റെ ജീവനുള്ള ഭീഷണി വകവയ്ക്കാതെ സംഭാഷണവും സമാധാനവും അക്രമത്തേക്കാൾ ശക്തമാണെന്ന് കാണിക്കാനായിരുന്നു ഈ ശ്രമം. എല്ലാവരും സോദരിൽ (2020) ഫ്രാൻസിസ് മാർപാപ്പ ഈ പൈതൃകത്തിൽ നിന്ന് സാരാംശം ഉൾക്കൊണ്ടു എഴുതുന്നു : “ഫ്രാൻസിസ് സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്കുകളുടെ ഒരു യുദ്ധം നടത്തിയില്ല; അദ്ദേഹം ദൈവസ്നേഹം പ്രചരിപ്പിച്ചു” (No ‘: 4).

ഫ്രാൻസിസ് തൻ്റെ ആദ്യ സഭാ നിയമത്തിൽ ഇപ്രകാരം എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ എളിമയും ദാരിദ്ര്യവും പിന്തുടരാൻ എല്ലാ സഹോദരന്മാരും പരിശ്രമിക്കട്ടെ, ലോകത്തിൽ നാം ആരെയും നമ്മുടെ ശത്രുക്കളാക്കരുത്, മറിച്ച് എല്ലാവരും നമ്മുടെ സഹോദരന്മാരായിരിക്കണം”

സഹോദര്യം ഒരുമിച്ച് താമസിക്കുന്നത് മാത്രമല്ല; പരസ്പരം ഭാരങ്ങൾ ചുമക്കുന്നതും, ക്ഷമിക്കുന്നതും, മനസ്സിലാക്കുന്നതും, പിന്തുണയ്ക്കുന്നതുമാണ്. വിശുദ്ധ പൗലോസ് വാക്കുകൾ ഇവിടെ പ്രസക്തമാണ് :” നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍.”(റോമാ 12 : 16)“

ഇന്നത്തെ ലോകം വിഭജനങ്ങളാലും മത്സരങ്ങളാലും നിറഞ്ഞിരിക്കുന്നു. വർഗ്ഗം, ജാതി, ഭാഷ, പദവി എന്നിവ മനുഷ്യരെ വേർതിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ നാം ഒരേ ശരീരത്തിന്റെ അംഗങ്ങളാണ്.

നമ്മുടെ സമൂഹങ്ങളിലും സഭകളിലും കുടുംബങ്ങളിലും സഹോദരത്വത്തിന്റെ ആത്മാവ് വളരുമ്പോൾ, ലോകം ദൈവരാജ്യത്തിന്റെ ഒരു ചെറിയ പ്രതിബിംബം കാണും. അതിനാൽ, ഫ്രാൻസിസിനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം: “കർത്താവേ, ഞങ്ങളെ യഥാർത്ഥ സഹോദരന്മാരായി, ഒരേ കുടുംബമായി ജീവിക്കാൻ പഠിപ്പിക്കണമേ.”

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 6

സൃഷ്ടി – “സകല സൃഷ്ടിയും ദൈവത്തെ സ്തുതിക്കുന്നു”

സൃഷ്ടി മുഴുവനും ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്ന ഒരു വലിയ ഗീതമാണ്. ആകാശവും ഭൂമിയും, പർവതങ്ങളും നദികളും, പക്ഷികളും മരങ്ങളും എല്ലാം മൗനമായും വാക്കുകളില്ലാതെയും ദൈവത്തെ സ്തുതിക്കുന്നു. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.(സങ്കീ 19 : 1)

വിശുദ്ധ ഫ്രാൻസിസ് എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെ ഒരു കുടുംബമായി മനസ്സിലാക്കി. സര്‍വ്വചരാചരങ്ങളിലും അദ്ദേഹം ദൈവത്തിന്റെ പ്രതിഛായ കണ്ടു. തന്റെ പ്രസിദ്ധമായ “സൂര്യകീര്‍ത്തന”ത്തില്‍ സൂര്യന്‍ തന്റെ സഹോദരനും ചന്ദ്രന്‍ സഹോദരിയും ഭൂമി അമ്മയുമാണ്. മരണാസന്നനായപ്പോള്‍ സഹോദരീ എന്നാണ് അദ്ദേഹം മരണത്തെ സംബോധന ചെയ്തത്. വിശുദ്ധ ബൊണവെഞ്ചർ ഈ ദൈവശാസ്ത്രത്തെ കൂടുതൽ ആഴത്തിലാക്കി: “മുഴുവൻ പ്രപഞ്ചവും ഒരുമിച്ച് ദിവ്യ നന്മയിൽ പങ്കെടുക്കുന്നു, അതിന്റെ വൈവിധ്യത്തിലൂടെ ദിവ്യജ്ഞാനം കാണിക്കുന്നു” (Breviloquium II,12). അദ്ദേഹത്തിന്, സൃഷ്ടി നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു ഗോവണി ആയിരുന്നു. അങ്ങേയ്ക്കു സ്തുതിയിൽ (2015) ഫ്രാൻസിസ് മാർപാപ്പ ഈ ഫ്രാൻസിസ്കൻ പാരമ്പര്യത്തെ വീണ്ടും ഉറപ്പിച്ചു പറഞ്ഞു: “ദൈവം നമ്മോട് സംസാരിക്കുകയും അവന്റെ അനന്തമായ സൗന്ദര്യത്തിന്റെയും നന്മയുടെയും ഒരു കാഴ്ച നമുക്ക് നൽകുകയും ചെയ്യുന്ന ഒരു മഹത്തായ പുസ്തകമായി പ്രകൃതിയെ കാണാൻ വിശുദ്ധ ഫ്രാൻസിസ് നമ്മെ ക്ഷണിക്കുന്നു” (No : 12).

ഫ്രാൻസിസിൻ്റെ കാഴ്ചപാടിൽ:“സൃഷ്ടിയിലെ ഓരോ ജീവിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്.” അതുകൊണ്ടാണ് അദ്ദേഹം മൃഗങ്ങളോടും പക്ഷികളോടും പോലും സ്നേഹത്തോടെ സംസാരിച്ചത്.

ഇന്നത്തെ ലോകത്ത് പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ സൃഷ്ടിയെ നശിപ്പിക്കുന്നത് ദൈവത്തിന്റെ കൈവേലയെ നശിപ്പിക്കുന്നതുപോലെയാണ്. സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നു: “ ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റേതാണ്. (സങ്കീ 24 : 1,

സൃഷ്ടിയെ സംരക്ഷിക്കുക എന്നത് ഒരു ശാസ്ത്രീയ ബാധ്യത മാത്രമല്ല, ഒരു ആത്മീയ ഉത്തരവാദിത്വമാണ്. പ്രകൃതിയോട് ബഹുമാനത്തോടെ പെരുമാറുമ്പോൾ, നാം ദൈവത്തെ ബഹുമാനിക്കുന്നു.

നമ്മുടെ ജീവിതം തന്നെ ഒരു സ്തുതിഗീതമാകിമാറ്റം വാക്കുകളിലൂടെ മാത്രമല്ല, സൃഷ്ടിയെ സ്നേഹിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തികളിലൂടെയും. അപ്പോൾ, സകല സൃഷ്ടിയോടൊപ്പം നാം ദൈവത്തെ പാടിപ്പുകഴ്ത്തുന്നവരാകും.

ഫാ. ജയ്സൺ കുന്നേൽ MCBS

നിങ്ങൾ വിട്ടുപോയത്