OCl കാര്‍ഡുകാർക്കും വോട്ടവകാശം വേണം;
സീറോമലബാര്‍ സിനഡ് ചര്‍ച്ച ചെയ്യണം

………………………………………
“യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും” തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതായി വാർത്ത കണ്ടു. “വിശ്വാസികളുടെ എണ്ണം കുറയുന്നതിനു പരിഹാരമായാണ് ആഹ്വാനം. യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകര്‍ക്കല്‍ ആണെന്നും പാംപ്ലാനി വിമര്‍ശിച്ച”തായും വാർത്തയിലുണ്ട് (റിപ്പോർട്ടർ ചാനൽ).
കേരളത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന സ്ഥിതി ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ സഭയിലെ യുവജനങ്ങൾ വിദേശങ്ങളിലേക്കു പഠിക്കാൻ പോകുന്നതും അവിടെ ജോലി ചെയ്യുന്നതും സ്ഥിരതാമസമാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നത് പ്രായോഗികമാണെന്നു കരുതുന്നില്ല.

കുടിയേറ്റങ്ങളും ലോകം മുഴുവനും ചിതറിപ്പാര്‍ക്കുന്നതും ക്രൈസ്തവസഭയുടെ തുടക്കംമുതലുള്ള സവിശേഷതയാണ്. ഈ കുടിയേറ്റ പാരമ്പര്യം പിൻപറ്റുന്നതിൽ മലയാളി ക്രൈസ്തവർ എന്നും മുമ്പന്തിയിലാണ്. നാലാം നൂറ്റാണ്ടിൽ ക്നായി തോമായുടെ നേതൃത്വത്തിൽ കേരളത്തിലേക്കു നടന്ന കുടിയേറ്റവും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്കുണ്ടായ കുടിയേറ്റവും സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി? വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കു കുടിയേറിയ മലയാളികൾ രാജ്യത്തിൻ്റെ മുഖഛായ മാറ്റുന്നതിൽ വഹിച്ച പങ്ക് നിസ്തുല്യമാണ്. കുടിയേറിച്ചെല്ലുന്ന ദേശത്തിൻ്റെ സാഹചര്യങ്ങളോടും സംസ്കാരങ്ങളോടും ഇഴുകിച്ചേരുമ്പോഴും സത്യവിശ്വാസം സംരക്ഷിക്കാനും തലമുറകളിലേക്ക് അത് പകർന്നു കൊടുക്കാനും കുടിയേറ്റക്കാര്‍ തയ്യാറാണ്. ഇന്ത്യക്കു വെളിയിലുള്ള സീറോ മലബാർ രൂപതകളുടെ വളര്‍ച്ച ഇതാണ് തെളിയിക്കുന്നത്.
ക്രിസ്ത്യാനികള്‍ വിദേശത്തേക്കു പോയി അവിടെ സ്ഥിരതാമസമാക്കുന്നത് ഭാരത ക്രൈസ്തവ സഭയെ വലിയ പ്രതിസന്ധിയിലാക്കുമെങ്കിലും വിശാലമായി ചിന്തിച്ചാല്‍ സീറോമലബാര്‍ സഭയുള്‍പ്പെടെ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല, അത് വര്‍ദ്ധിച്ചിട്ടേയുള്ളൂ എന്നതാണ് വസ്തുത. വിശ്വാസികളെ കേരളത്തില്‍ കാണുന്നില്ലെങ്കിലും അവര്‍ വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നു.
പുത്തൻ ലോകവീക്ഷണവും
നൂതന വിഷയങ്ങളുടെ പഠനവും
“യൂത്ത് മൊബിലിറ്റി സ്കീം” (Youth Mobility Schemes) എന്ന പദ്ധതിയിലൂടെ യുവജനങ്ങളെ പഠനത്തിനും ജോലിക്കുമായി ആകർഷിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രത്യേകതയാണ്. ഇതിനുള്ള അവസരം ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അവർ തുറന്നതോടെ അതിനൂതന വിഷയങ്ങൾ വിദേശത്തു പഠിക്കാൻ അവർക്കും അവസരം ലഭിച്ചു. ഇത്തരം വിഷയങ്ങൾ പഠിച്ചവർ കേരളത്തിൽ വന്നാൽ എന്തു ചെയ്യും എന്നത് വലിയൊരു ചോദ്യമാണ്.
എനിക്കു പരിചയമുള്ള ഒരു ക്രിസ്ത്യൻ യുവാവ് ഇംഗ്ലണ്ടിൽ “നാനോ ടെക്നോളജി” പഠിച്ച് തിരികെ കേരളത്തിലെത്തി, ഇന്ത്യ മുഴുവൻ അന്വേഷിച്ചിട്ടും ജോലികിട്ടാതെ ഒടുവിൽ ഇംഗ്ലണ്ടിലേക്കു മടങ്ങിവരേണ്ടിവന്നു. മറ്റൊരു മലയാളി (ക്രിസ്ത്യൻ) യുവാവ് നൂതന ഊർജ്ജസ്രോതസുകളെ സംബസിച്ചാണ് പഠനം നടത്തിയത്. 50 ലക്ഷം രൂപ വാർഷിക ശമ്പളത്തോടെയാണ് നോർവെ കേന്ദ്രമായ ഒരു കമ്പനി ആ യുവാവിനു ജോലി നൽകിയത്. ഇത്തരം നൂതന വിഷയങ്ങൾ പഠിച്ചവർക്ക് കേരളത്തിൽ എന്തു സാധ്യതയാണുള്ളത് ?
ഇംഗ്ലണ്ടിൽ GCSC (ഇവിടുത്തെ പത്താം ക്ളാസ്) കഴിഞ്ഞ ഒരു സീറോ മലബാർ സഭാംഗമായ പെൺകുട്ടി, ഫ്രഞ്ച് ഭാഷയോടുള്ള താൽപര്യം കണക്കിലെടുത്ത് യൂണിവേഴ്സിറ്റി പഠനത്തിനായി ഫ്രാൻസിലേക്കു പോകാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു. പുതിയ തലമുറയുടെ ലോകവീക്ഷണത്തിൽ ഇന്നു വന്നിരിക്കുന്ന മാറ്റം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. അതിനാൽ സമുദായ സംരക്ഷണം എന്ന പേരിൽ യുവജനങ്ങളെ കേരളത്തിൽ ഇനി പിടിച്ചു നിർത്താൻ കഴിയുമെന്നോ അതിനവർ തയ്യാറാകുമെന്നോ കരുതാൻ കഴിയില്ല. മറ്റു ചില മതങ്ങളെപ്പോലെ മതത്തോടും സമുദായത്തോടും അത്രമേൽ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന ഒരു മത വിദ്യാഭ്യാസം കേരളത്തിലെ ഒരു ക്രൈസ്തവ സഭയും നൽകുന്നില്ല. ഈ പശ്ചാത്തലത്തിൽ യുവാക്കള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നതും ജോലിക്ക് പോകുന്നതും നിരുത്സാഹപ്പെടുത്തുന്നതു യുക്തിഭദ്രമാണെന്നു കരുതാൻ നിർവ്വാഹമില്ല.
2013 മുതല്‍ വിദേശപൗരത്വം
കരസ്ഥമാക്കിയ ഇന്ത്യക്കാര്‍ എത്ര?
രാജ്യസഭാഗംമായിരുന്ന ശ്രീ സുശീല്‍ കുമാര്‍ മോദിയുടെ ചോദ്യത്തിനു 2023 ഓഗസ്റ്റ് 10ന് അന്നത്തെ വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന്‍ നല്‍കിയ മറുപടിയിൽ വിദേശപൗരത്വം നേടിയ ഇന്ത്യക്കാരേക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ കാണാം. ഇതുപ്രകാരം 2013 മുതല്‍ 2022 വരെയുള്ള പത്തുവര്‍ഷത്തെ കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് ഏകദേശം 2.25 ലക്ഷം പേരാണ്. ഇവരില്‍ ഏറ്റവുമധികം പേര്‍ രാജ്യതലസ്ഥാനം സ്ഥിതിചെയ്യുന്ന ന്യൂഡല്‍ഹി സംസ്ഥാനത്തുനിന്നാണ്. ഡൽഹിക്കാരായ 60,414 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു വിദേശപൗരത്വം സ്വീകരിച്ചത്. രണ്ടാം സ്ഥാനത്ത് പഞ്ചാബ് -28,117 പേര്‍, മൂന്നാം സ്ഥാനത്ത് പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍നിന്നുമാണ് -22,300 പേര്‍. എന്നാല്‍ ഈ കാലയളവില്‍ കേരളത്തില്‍നിന്ന് 16,247 പേര്‍ മാത്രമാണ് വിദേശപൗരത്വം സ്വീകരിച്ചത്. ചെറിയ സംസ്ഥാനങ്ങളിലൊന്നായ ഗോവയില്‍നിന്നും 18,610 പേരും ലക്ഷദ്വീപില്‍നിന്ന് 33 പേരും വിദേശകുടിയേറ്റം നടത്തിയെന്നും കാണാം (വിശദമായ റിപ്പോര്‍ട്ട് കമന്‍റ് ബോക്സില്‍. എന്നാല്‍ മറ്റ് ചില മാധ്യമ ഉറവിടങ്ങളില്‍ കാണുന്നത് ഇതില്‍നിന്നും വ്യത്യസ്തമായ കണക്കുകളാണ്).
2020 കോവിഡിനു ശേഷവുമുള്ള കാലത്ത് വിദേശത്ത് എത്തിച്ചേര്‍ന്നത് ലക്ഷക്കണക്കിന് ഭാരതീയരാണ്. ഇവക്കെല്ലാം ഈ വര്‍ഷവും അവടുത്തവര്‍ഷവുമായി പൗരത്വം ലഭിച്ചു തുടങ്ങും. അതിനാല്‍ പുതിയ കണക്ക് സകലരേയും ഞെട്ടിക്കുന്നതായിരിക്കും. അത്രമേല്‍ വലിയ കുടിയേറ്റമാണ് പൗരത്വം വാഗ്ദാനം ചെയ്യുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും ഉണ്ടായിട്ടുള്ളത്. ഈ സ്ഥിതി ഭാവിയിലും തുടര്‍ന്നേക്കാം. അങ്ങനെയെങ്കില്‍ കേരളത്തിലെ ക്രൈസ്തവ സഭയ്ക്കു മാത്രമല്ല കുടിയേറ്റം പ്രതിസന്ധിയാകാൻ പോകുന്നത്. രാജ്യത്തെ മുഴുവനും ബാധിക്കുന്ന ഒരു വിഷയമായി ഇത് മാറിയേക്കാം.
മതാധിഷ്ഠിത പ്രാതിനിധ്യവും ഇന്ത്യന്‍
രാഷ്ട്രീയത്തിലെ വെല്ലുവിളിയും
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മതസമൂഹങ്ങള്‍ക്കു പ്രത്യേക സ്വാധീനമുള്ളതിനാൽ വിശ്വാസികളുടെ അംഗസംഖ്യ ഉയര്‍ന്നുനില്‍ക്കേണ്ടത് മതങ്ങളെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട കാര്യമാണ്. സമുദായനേതാക്കന്മാര്‍ അംഗസംഖ്യ ഉയര്‍ത്തിക്കാണിച്ചാണ് ആനുകൂല്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാരുകളോടു വിലപേശുന്നത്. ഈ പശ്ചാത്തലത്തില്‍, കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നത് തീര്‍ച്ചയായും ആശങ്കയ്ക്കു വഴിവയ്ക്കുന്ന കാര്യമാണ്. മുസ്ലിം, ഹിന്ദു വിശ്വാസികളേക്കാള്‍ ക്രൈസ്തവരുടെ അംഗസംഖ്യ കുറയുമ്പോള്‍ രാഷ്ട്രീയമായി തങ്ങള്‍ തഴയപ്പെടുമോ എന്ന് ക്രൈസ്തവര്‍ ഭയപ്പെടുന്നു. കേരള ക്രൈസ്തവ സഭ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശത്തേക്കു കുടിയേറിയവരെ തിരികെ നാട്ടിലെത്തിച്ചു സമുദായശക്തി ബലപ്പെടുത്തുക എന്നതല്ലാതെ മറ്റ് പോംവഴികളുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
1950കള്‍ മുതല്‍ ആരംഭിച്ച മലയാളികളുടെ വിദേശകുടിയേറ്റത്തിന്‍റെ ഫലമായി കേരളത്തില്‍നിന്നുള്ള ക്രൈസ്തവരും അവരുടെ രണ്ടും മൂന്നും തലമുറകളിലുമായി കുറഞ്ഞത് 25 ലക്ഷം പേരെങ്കിലും ഇന്ന് വിദേശ പൗരത്വത്തിന്‍റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. കേരള ക്രൈസ്തവരുടെ ജനനനിരക്കു കുറയുകയും വിദേശകുടിയേറ്റം അനിയന്ത്രിതമായി തുടരുകയും ചെയ്താല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലുള്ള ക്രൈസ്തവരേക്കാള്‍ കൂടുതൽ മലയാളി ക്രൈസ്തവര്‍ ഇന്ത്യയ്ക്കു വെളിയിലായിരിക്കും കാണപ്പെടുക.
ഇരട്ട പൗരത്വവവും
OCI card ആനുകൂല്യവും
വിദേശകുടിയേറ്റം രാജ്യത്തു പ്രതിസന്ധി സൃഷ്ടിക്കുമെന്നു തിരിച്ചറിഞ്ഞതോടെ അതിന്‍റെ ആഘാതം കുറയ്ക്കുവാനാണ് 2003ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് “ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് ഓഫ് ഇന്ത്യ” (Overseas Citizenship of India (OCI Card) എന്ന പദവി നൽകാൻ രാജ്യം തയ്യാറായത്. ഈ കാര്‍ഡുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ വന്നുപോകുന്നതിനും സ്ഥിരതാമസത്തിനും സ്വത്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനുമെല്ലാം അവകാശമുണ്ട്. മാതാപിതാക്കളുടെ ഭാരതവുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വംശജരായ നാലു തലമുറകള്‍ക്കു വരെ ഒ.സി.ഐ കാര്‍ഡിന് വ്യവസ്ഥയുണ്ട്.

2022 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച 41 ലക്ഷം പേര്‍ ഒ.സി.ഐ കാര്‍ഡ് കരസ്ഥമാക്കിയതായി കാണാം. 2025 ജൂണ്‍ ആയപ്പോഴേക്കും ഇന്ത്യയില്‍നിന്നും 51 ലക്ഷം ഒ.സി.ഐ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും ചില അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. 2023 മുതല്‍ ഓ.സി.ഐ കാർഡു നേടുന്നവര്‍ വര്‍ഷംതോറും രണ്ടുലക്ഷത്തിലേറെയുണ്ടെന്നുമാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ഗ്രാഫ് ഉയര്‍ന്നുപോകുന്നതിനാല്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വിദേശപൗരത്വവും ഒ.സി.ഐ കാര്‍ഡും കരസ്ഥമാക്കുന്നവരുടെ എണ്ണം ഒരുകോടിയിലെത്തിയേക്കാം. ഇന്ത്യയിലെ ശരാശരി ഒരു ജില്ലയിലെ ജനസംഖ്യ 20ലക്ഷത്തില്‍ താഴെയാണെന്നു മനസ്സിലാക്കുമ്പോഴാണ് രാജ്യം വിട്ടു പോകുന്ന ജനങ്ങളുടെ വലിപ്പം സകലരേയും ആശങ്കപ്പെടുത്തുന്നത്.
OCI കാര്‍ഡുകാർക്കും
വോട്ടവകാശം വേണം
“ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവര്‍ക്ക് ഇരട്ടപൗരത്വം (Dual Citizenship) നല്‍കുന്നത് വലിയൊരു വെല്ലുവിളി”യാണെന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2023ല്‍ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തിലുള്ള “ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതായി വാര്‍ത്തികളില്‍ കാണാം. “ചര്‍ച്ചകള്‍ സജീവമാണ്” എന്ന അദ്ദേഹത്തിന്‍റെ പ്രതികരണമാണ് ക്രൈസ്തവ ജനസംഖ്യ കുറയുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാര്‍ഗ്ഗമായി നമ്മൾ കാണേണ്ടത്.
സ്വന്തം പൗരന്മാര്‍ വിദേശത്തേക്കു കുടിയേറിയാലും അവരുടെ പൗരത്വമെന്ന ജന്മാവകാശം നിലനിര്‍ത്തുകയും വോട്ടവകാശവും രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കുകയും ചെയ്യുന്ന (Dual Citizenship) നിരവധി രാജ്യങ്ങള്‍ ഇന്നുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മിനി, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഇറ്റലി, ഇസ്രായേല്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇരട്ടപൗരത്വം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നീ പ്രമുഖ രാജ്യങ്ങള്‍ ഇതംഗീകരിക്കുന്നില്ല.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞതുപോലെ ഇരട്ട പൗരത്വ സമ്പ്രദായം ആവിഷ്കരിക്കുന്നതു വലിയ വെല്ലുവിളികള്‍ നിറഞ്ഞ കാര്യംതന്നെയാണ്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങേണ്ടതുണ്ടെന്നാണ് ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റവും പൗരത്വം ഉപേക്ഷിക്കുന്ന പ്രവണതയും വ്യക്തമാക്കുന്നത്. എന്നാല്‍ ഇരട്ട പൗരത്വമെന്ന സങ്കീര്‍ണ്ണവിഷയത്തെ മാറ്റിവച്ച്, ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് വോട്ടവകാശം നല്‍കാന്‍ രാജ്യം തയ്യാറായാല്‍ ഇരട്ട പൗരത്വമെന്ന സങ്കീര്‍ണ്ണത തല്‍ക്കാലം കുറയ്ക്കാന്‍ സാധിക്കും. ഒരു ഇന്ത്യന്‍ പൗരനുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് ലഭിക്കുന്നുമുണ്ട്. എന്നാല്‍ വോട്ടവകാശം മാത്രമാണ് അവര്‍ക്കു തടയപ്പെട്ടിരിക്കുന്നത്.
ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് വോട്ടവകാശം കൂടി ലഭിക്കുന്നതോടെ വിദേശപൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് രാജ്യത്തോടു കൂടുതല്‍ അടുക്കുവാനും വിദേശകുടിയേറ്റത്തിലൂടെ രാജ്യത്തെ ജനസംഖ്യയില്‍ സംഭവിക്കുന്ന ആഘാതം കുറയ്ക്കുവാനും സാധിക്കും. അതോടൊപ്പം അംഗസംഖ്യ കുറയുന്നതിന്‍റെ പേരില്‍ ഭാരതക്രൈസ്തവര്‍ ഉള്‍പ്പെടെ വിവിധ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക ഒരുപരിധിവരെ തടയാനും ഇതിലൂടെ കഴിയും. ഇന്ത്യന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടുചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചാല്‍ ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് ലോകത്തിന്‍റെ ഏതുഭാഗത്തിരുന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാഗമാകാനും കഴിയും. അതോടൊപ്പം, വിദേശവാസം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തി ജീവിക്കുന്നവര്‍ക്കും മാതൃരാജ്യത്തിൻ്റെ ജനാധിപത്യപ്രക്രിയകളില്‍ പങ്കെടുക്കാനും കഴിയും.
ഒ.സി.ഐ കാര്‍ഡുടമകള്‍ക്കു
വോട്ടവകാശം വേണം: സീറോമലബാര്‍
സിനഡ് ഇക്കാര്യം ചര്‍ച്ച ചെയ്യണം
കേരളക്രൈസ്തവരുടെ ജനസംഖ്യ അതിവേഗം കുറയുന്നു എന്നത് തീര്‍ച്ചയായും ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇതിനെ നേരിടാന്‍ കേരളത്തിലെ എല്ലാ ക്രൈസ്തവവിഭാഗങ്ങളും ഒരുമിച്ചുനിന്ന് ഒസിഐ കാര്‍ഡ് ഹോള്‍ഡേഴ്സിന് വോട്ടവകാശം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യണം. കേരളത്തിലുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയോടെ ഈ ആവശ്യം ഇന്ത്യൻ പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ സീറോമലബാര്‍ സഭ മുന്‍കൈയെടുക്കണം. 2025 ഓഗസ്റ്റില്‍ ചേരുന്ന സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്ത് കേന്ദ്രസര്‍ക്കാരില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കണം.
വിദേശങ്ങളിലേക്കു തൊഴില്‍ തേടിയുള്ള കുടിയേറ്റവും വിദേശപൗരത്വ സ്വീകരണവുമെല്ലാം ഇന്നു സര്‍വ്വസാധാരണമായ കാര്യമാണ്. ഇതിനെ തടഞ്ഞുനിര്‍ത്തി കേരളത്തില്‍ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്നു കരുതുന്നത് തികച്ചും അപ്രായോഗികമായ കാര്യമാണ്. എന്നാല്‍ ഇവിടെ പ്രായോഗികമായി ചെയ്യാവുന്ന ഒരു കാര്യമാണ് “ഒസിഐ കാര്‍ഡ് ഹോള്‍ഡേഴിസിനു വോട്ടവകാശം നേടിയെടുക്കുക” എന്നത്. വിദേശത്തു കഴിയുന്ന ഇന്ത്യന്‍ വംശജരുടെ ജന്മാവകാശമായ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ വിദേശകുടിയേറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധിയെ സഭയ്ക്കും രാഷ്ട്രത്തിനും ലഘൂകരിക്കാന്‍ കഴിയുകയുള്ളൂ.
മാത്യൂ ചെമ്പുകണ്ടത്തിൽ
