“ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ എന്ന ത്വക് രോഗി അടക്കാനാവാത്ത സന്തോഷത്തോടെ പറയുകയായിരുന്നു. ശരീരമാസകലം മുഴകളും, അതുകാരണമുള്ള വേദനയും ചൊറിച്ചിലും, ആളുകളുടെ തിരസ്കരണവും, വേണ്ടുവോളം അനുഭവിച്ചിരുന്ന ആ അമ്പത്തെട്ടുകാരനെ പാപ്പ കെട്ടിപ്പിടിച്ചത് വിനിസിയോക്കെന്ന പോലെ തന്നെ ലോകത്തിനും അവിശ്വസനീയമായിരുന്നു.

“….എന്നെ കെട്ടിപ്പിടിക്കണോ വേണ്ടയോ എന്നദ്ദേഹം രണ്ടുവട്ടം ആലോചിച്ചതേയില്ല. എന്റേത് പകർച്ച വ്യാധിയല്ല, പക്ഷേ അത് പാപ്പക്ക് അറിയുമായിരുന്നില്ല. എന്നിട്ടും അദ്ദേഹം അത് ചെയ്തു. ഫ്രാൻസിസ് അസ്സീസ്സിയെപ്പോലെ എന്റെ മുഖമാകെ തഴുകി. സ്നേഹം മാത്രം ഞാനറിഞ്ഞു. ആദ്യം ഞാൻ പാപ്പയുടെ ഒരു കയ്യിൽ ചുംബിച്ചു. അപ്പോൾ അദ്ദേഹം മറുകരം കൂടി നീട്ടിത്തന്നു. എന്റെ മുഖത്ത് അദ്ദേഹം ചുംബിച്ചു. എന്റെ ശിരസ്സ് അദ്ദേഹത്തിന്റെ നെഞ്ചിലായിരുന്നു. ആ കരങ്ങൾ എന്നെ ചുറ്റിവരിഞ്ഞിരുന്നു…”.

‘സുവിശേഷത്തിന്റെആനന്ദം’ എന്ന പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിൽ കാരുണ്യം എന്ന പദം പ്രത്യക്ഷപ്പെടുന്നത് 32 പ്രാവശ്യമാണ്.

ഫ്രാൻസിസ് എന്ന പേര് പാപ്പ സ്വീകരിച്ചത് വെറുതെയായിരുന്നില്ലല്ലോ. കുഷ്ഠരോഗികളെയും ആശ്ലേഷിച്ച, ഒന്നിന്റെയും വേലിക്കെട്ടുകളില്ലാതെ സൃഷ്ടികളെയെല്ലാം ദൈവത്തെപ്രതി സ്നേഹിച്ച, കരുണ കാണിച്ച വിശുദ്ധനെപ്പോലെയാകാൻ തീരുമാനിച്ച ആൾ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പെരുമാറും? 2022 ലെ ഫെബ്രുവരിയിൽ, പ്രോട്ടോക്കോൾ ഒന്നും നോക്കാതെയാണ്, അസഹ്യമായ മുട്ടുവേദന വകവെക്കാതെയാണ്, യുക്രൈനുമായി യുദ്ധം തുടങ്ങിയ റഷ്യയോട് അരുതേയെന്ന് പറയാൻ പാപ്പ റഷ്യൻ എംബസ്സിയിലേക്ക് വേവലാതിയോടെ കയറി ചെന്നത്.

യുദ്ധം, അത് ഏത് രാജ്യങ്ങൾ തമ്മിൽ ആയാലും, ഉണങ്ങാത്ത അഗാധമായ മുറിവേൽപ്പിക്കുമെന്നും, എണ്ണിയാലൊടുങ്ങാത്ത യുദ്ധ ക്കെടുതികളുണ്ടാകുമെന്നുമുള്ള വേദനയുമല്ലാതെ,

മതം നോക്കിയുള്ള പക്ഷം ചേരലും കൊല്ലാൻ വേണ്ടിയുള്ള ന്യായവും പാപ്പക്കറിയില്ലല്ലോ. അതെല്ലാം അറിയാവുന്നത്, കുടിയേറ്റക്കാരെ രാജ്യത്തു കടക്കാൻ അനുവദിക്കരുത് എന്ന് അഭിപ്രായമുള്ളത്, ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്ന നമ്മളിൽ കുറേപേർക്കൊക്കെയല്ലേ? യേശുവിന്റെ പ്രകാശത്തിൽ, ആത്മാവിന്റെ ആനന്ദത്തിൽ, ജീവിക്കുന്നതിലുപരി, അവന്റെ നിഴലിൽ മാത്രം, ഇരുളിൽ ഒതുങ്ങാനാഗ്രഹിക്കുന്നവരെ പാപ്പ വവ്വാൽ ക്രിസ്ത്യാനികൾ എന്നാണ് വിളിച്ചത്. ക്രിസ്തു പറഞ്ഞ, കാണിച്ചു തന്ന പലതും ഇന്നത്തെ കാലത്ത് പ്രാക്റ്റിക്കൽ അല്ല എന്ന ചിന്തയുള്ളവർ, കാരുണ്യത്തിനും സ്നേഹത്തിനും ഉപരിയായി ഈ ലോകത്തിലെ സുരക്ഷയെ കരുതുന്നവർ.. വവ്വാൽ ക്രിസ്ത്യാനികളാകാതെ ആത്മാവിൽ വ്യാപരിക്കുന്നവരാകൂ എന്ന് പാപ്പ ക്ഷണിച്ചു.

സഭാമാതാവ് നമ്മെ കാരുണ്യം പഠിപ്പിക്കുന്നവളാണെന്നും സുവിശേഷത്തിന്റെ കേന്ദ്രബിന്ദു കാരുണ്യമാണെന്നും ആവർത്തിച്ചു പറയാറുള്ള പാപ്പ ഒരിക്കൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വെച്ച് ഒരമ്മയുടെ കഥ പറഞ്ഞു. അമ്മക്ക് നാലും അഞ്ചും ഏഴും വയസ്സുള്ള മൂന്ന് കുട്ടികൾ. ഒരു ദിവസം അവർ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ വാതിലിൽ ആരോ മുട്ടി. ‘കഴിക്കാൻ എന്തെങ്കിലും തരുമോ?’എന്ന് ചോദിച്ചു വന്നതാണ് ഒരാൾ. “ഒരു നിമിഷം നിൽക്കൂ” എന്ന് അയാളോട് പറഞ്ഞുകൊണ്ട് അമ്മ അകത്തുവന്ന് മക്കളോട് കാര്യം പറഞ്ഞു. “ആഹാരം വല്ലതുമുണ്ടോ എന്ന് ചോദിച്ച് ഒരാൾ അവിടെ നിൽക്കുന്നു. എന്താ ചെയ്യേണ്ടത്? “ “അമ്മ അയാൾക്ക് എന്തെങ്കിലും കൊടുക്ക്”, മക്കളുടെ ഉത്തരമെത്തി. അവരുടെ പ്ളേറ്റിൽ ഉരുളക്കിഴങ്ങ് വറുത്തതും ബീഫ് സ്‌റ്റെയ്‌ക്കും ഉണ്ടായിരുന്നു. “ശരി, നിങ്ങൾ ഓരോരുത്തരുടെ പ്ളേറ്റിൽ നിന്നും കുറച്ച് വീതമെടുക്കാം”, അമ്മ പറഞ്ഞു. “ അമ്മേ, അതെങ്ങനെ ശരിയാകും? അത് പറ്റത്തില്ല “. മക്കൾ ബഹളം വെച്ചു. “അല്ലാതെ എങ്ങനെ ശരിയാകും? നിങ്ങളുടെ ഓഹരിയിൽ നിന്നും ഓരോ പങ്ക് വേണ്ടേ? “ അങ്ങനെ ആ അമ്മ അവരുടെയെല്ലാം പ്ളേറ്റിൽ നിന്ന് ഓരോ പങ്ക് വീതമെടുത്തു ആവശ്യക്കാരന് കൊടുത്തു. ‘എനിക്കൊന്നും മിച്ചമില്ല. നിങ്ങൾക്കുള്ളതിന്റെ ഒരു ഭാഗം തരിക’, എന്നാണ് മക്കളെ കാരുണ്യം പഠിപ്പിക്കാൻ ആഗ്രഹിച്ച ആ അമ്മ പറഞ്ഞത്. ഇതാണ് സഭാമാതാവും പറയുന്നത്. നമ്മുടെ പങ്കും നൽകുക. കരുണ കാണിക്കാൻ മറ്റുള്ളവരോട് പറയാൻ എളുപ്പമാണ്. പക്ഷേ വില കൊടുക്കേണ്ട സന്ദർഭങ്ങളിലാണ് വിശ്വാസത്തിന്റെ മാറ്റുരച്ചു നോക്കേണ്ടി വരിക.

ഫ്രാൻസിസ് പാപ്പ തന്റെ മെത്രാൻപദത്തിന്റെ ആപ്തവാക്യമായി (episcopal motto) സ്വീകരിച്ചത് ‘miserando atque eligendo’ എന്നതായിരുന്നു. ചുങ്കം പിരിച്ചു കൊണ്ടിരുന്ന മത്തായിയെ കാരുണ്യം നിറഞ്ഞ നോട്ടത്താൽ സശ്രദ്ധം നോക്കി, ശിഷ്യന്മാരുടെ വിമുഖത വകവെക്കാതെ പന്ത്രണ്ടു പേരിലൊരുവനായി ക്രിസ്തു തിരഞ്ഞെടുക്കുന്ന ഭാഗത്തെപ്പറ്റി വിശുദ്ധ ബീഡ് എഴുതിയ വാക്യശകലമായിരുന്നു ‘miserando atque eligendo’( അർത്ഥം-കാരുണ്യത്തോടെ നോക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു). ആ പ്രയോഗം പാപ്പയെ വല്ലാതെ ആകർഷിച്ചു. അത് തന്നെ motto ആയി തിരഞ്ഞെടുത്തു. ദൈവകരുണയുടെ നൊവേന ചൊല്ലിക്കൊണ്ടിരിക്കുന്ന ഈ ആഴ്ചയിൽ തന്നെ ആയി, ദൈവകരുണയുടെ മുഖമായി മാറിയ ഈ പാപ്പയുടെ വിയോഗമെന്നതും ദൈവഹിതം. അവസാനത്തെ അബോധാവസ്ഥയിലേക്കും കോമ സ്റ്റേജിലേക്കും വഴുതി വീഴുന്നതിന് മുൻപ് പാപ്പയുടെ ചുണ്ടുകൾ വീണ്ടും വീണ്ടും ഉരുവിട്ടു കൊണ്ടിരുന്നത് ‘കർത്താവേ, നിന്റെ സഭയോട് കരുണയായിരിക്കണമേ’ എന്നായിരുന്നു എന്ന് മെഡിക്കൽ ടീമിലുള്ളവർ പറഞ്ഞെന്നാണ് അറിയുന്നത്(സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്). ഫ്രാൻസിസ് മാനിയയെപ്പറ്റി ചോദിച്ചപ്പോൾ പാപ്പ ഒരു അഭിമുഖത്തിൽ പറഞ്ഞത് താൻ ചെയ്യാത്ത, പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞ് ഒരു താരമായും അതിമാനുഷനായുമൊക്കെ ചിത്രീകരിക്കുന്നത് മുറിപ്പെടുത്തലാണെന്നാണ്. “റോമിന്റെ വീഥിയിലൂടെ രാത്രിയിൽ യാചകർക്ക് ഭക്ഷണം നൽകാൻ ഞാൻ വത്തിക്കാന് പുറത്തു പോയെന്ന് ആരൊക്കെയോ പറയുന്ന കേട്ടു. ആവോ, എനിക്കറിയില്ല!” ചിരിക്കുന്ന, കൂട്ടുകൂടുന്ന ഒരു സാദാ മനുഷ്യനാകാൻ ആഗ്രഹിച്ച പാപ്പ. പേപ്പൽ വസതിയിൽ താമസിക്കാതെ സാന്താ മാർത്താ ഹോസ്റ്റലിലെ 207-ആം മുറി തിരഞ്ഞെടുത്തത്, വിശാലമാണെങ്കിലും മറ്റുള്ളവർ കൂടെ താമസിക്കാൻ വരാത്ത വിധം അത് ഇടുങ്ങിപോകുമെന്ന് പറഞ്ഞിട്ടാണ്. വൈദികർക്കും പിതാക്കന്മാർക്കുമൊപ്പം അവരിലൊരാളായി കഴിയാൻ ആഗ്രഹിച്ച ഫ്രാൻസിസ് പാപ്പ.

2015 മാർച്ച്‌ 13-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച്, ഫ്രാൻസിസ് പാപ്പ ഒരു ‘അസാധാരണ വിശുദ്ധ വർഷാചരണം’ പ്രഖ്യാപിച്ചു, അതിന് മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത പോലെ ‘കാരുണ്യത്തിന്റെ അസാധാരണ ജൂബിലി’. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാപനത്തിന്റെ അൻപതാം വാർഷികത്തിലായിരുന്നു കാരുണ്യത്തിന്റെ വാതിലുകൾ ദൈവജനത്തിനായി മലർക്കെ തുറക്കപ്പെട്ടത്. നവമായ രീതിയിൽ സുവിശേഷം പ്രഘോഷിക്കേണ്ട സമയത്തിന്റെ ആവശ്യകതയെപറ്റി പാപ്പ ബോധവാനായിരുന്നു. 2015 ലെ അമലോത്ഭവ തിരുന്നാളിൽ ആരംഭിച്ച് 2016 ലെ ക്രിസ്തു രാജത്വത്തിരുന്നാളിൽ അവസാനിക്കുന്ന ആ വിശുദ്ധ ജൂബിലി വർഷത്തിലൂടെ, തന്നിലേക്ക് മടങ്ങാൻ എല്ലാ മനുഷ്യരെയും ക്ഷണിക്കുന്ന ദൈവത്തിന്റെ ‘കാരുണ്യമുള്ള മുഖത്തിലേക്ക്’എല്ലാവരുടെ ശ്രദ്ധയെയും തിരിക്കാനാണ് പാപ്പ ശ്രമിച്ചത്.

ജൂബിലി പ്രഖ്യാപനവേളയിൽ പാപ്പ പറഞ്ഞു, “…..സഭ സന്നിഹിതമായിരിക്കുന്നിടത്തെല്ലാം പിതാവിന്റെ കാരുണ്യം പ്രകടമായിരിക്കണം. നമ്മുടെ ഇടവകകളിൽ, സന്ന്യാസ സമൂഹങ്ങളിൽ, സംഘടനകളിൽ, പ്രസ്ഥാനങ്ങളിൽ, ചുരുക്കത്തിൽ ക്രൈസ്തവരുള്ള എല്ലായിടത്തും ഏതൊരാൾക്കും കാരുണ്യത്തിന്റെ മരുപ്പച്ച കണ്ടെത്താനാവണം…”

ആദ്ധ്യാത്മിക, ശാരീരിക കാരുണ്യ പ്രവൃത്തികൾ – അജ്ഞതയിൽ, വിശപ്പിന്റെ പിടിയിൽ, ഏകാന്തതയിൽ കഴിയുന്നവരെ സഹായിച്ചോ എന്ന്; ഏകാകികളോടും വേദനിക്കുന്നവരോടും സമീപസ്ഥരായിരുന്നോ എന്ന്; നമ്മെ ദ്രോഹിച്ചവരോട് നാം ക്ഷമിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന അരിശത്തിന്റെയും വെറുപ്പിന്റെയും എല്ലാ രൂപങ്ങളും ഉപേക്ഷിക്കുകയും ചെയ്തുവോ എന്ന്; നമ്മോട് അത്രമേൽ ക്ഷമ കാട്ടുന്ന ദൈവത്തിന്റേത് പോലുളള ക്ഷമ നമുക്കുണ്ടോ എന്ന്; പ്രാർത്ഥനയിൽ നമ്മുടെ സഹോദരിസഹോദരന്മാരെ നാം കർത്താവിന് ഏൽപ്പിച്ചു കൊടുത്തോ എന്നതൊക്കെ നാം അന്ത്യത്തിൽ വിധിക്കപ്പെടുന്ന മാനദണ്ഡങ്ങളിൽ ചിലതായിരിക്കും എന്ന് പാപ്പ ഓർമ്മിപ്പിക്കുന്നുണ്ട്.

കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ വാക്കുകളും.. “ ഈ ജീവിതത്തോട് വിട പറയുമ്പോൾ സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം വിധിക്കപ്പടുന്നത് ”. ആ വിധിയിൽ നമ്മുടെ പാപ്പ നൂറിൽ നൂറ് മാർക്കും വാങ്ങിയിരിക്കും. സ്നേഹവും കാരുണ്യവും കൊണ്ട് ക്രിസ്തുവിനോട് അത്രയേറെ ഈ വലിയ ഇടയൻ അനുരൂപപെട്ടിരുന്നില്ലേ.

1831ന് ശേഷം ആദ്യമായി ക്രിസ്തുവിന്റെ വികാരിയായി, റോമിന്റെ മെത്രാനായി, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട സന്യാസിയായ പാപ്പ..ആദ്യ ലാറ്റിനമേരിക്കൻ പാപ്പ.. മതസൗഹാർദ്ദത്തിനായും ആഗോള ഐക്യത്തിനായും പാരിസ്ഥിതിക സംരക്ഷണത്തിനായും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായും ഇത്രയേറെ നിലകൊണ്ട പാപ്പ… അങ്ങ് അവശേഷിപ്പിച്ച മൊഴിമുത്തുകൾ എത്ര പറഞ്ഞാലും തീരാത്തതാണ്, കാണിച്ചു തന്ന ലാളിത്യത്തിന്റെ, കരുണയുടെ മാതൃക എത്ര പുകഴ്ത്തിയാലും മതിയാവാത്തതും.

എത്രയോ പോസ്റ്റുകളിലൂടെ അങ്ങയുടെ ജീവിതത്തിലെ ഏടുകൾ എടുത്തു കാണിച്ചിട്ടും ഇനിയും പറയാൻ ഏറെ ബാക്കിയാണ്. അത് അങ്ങനെ ഇരിക്കട്ടെ. വർഷങ്ങളായി, എന്റെ കുർബ്ബാന നിയോഗങ്ങൾ തുടങ്ങിയിരുന്നത് അങ്ങേക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ യായിരുന്നല്ലോ പിതാവേ. നിരാലംബരായ മനസ്സോടെയാണ് ഞങ്ങൾ അങ്ങയെ യാത്രയാക്കിയത്. ലോകത്തിന് വേണ്ടി, ആഗോള സഭക്ക് വേണ്ടി, ഓരോ ദൈവമക്കൾക്കും വേണ്ടി ഇനിയും ആ പ്രാർത്ഥന ഉയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. തൽക്കാലത്തേക്ക് വിട അനുഗ്രഹീത പിതാവേ…നന്ദി….ഒരുപാടിഷ്ടം..

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്