.”ഇങ്ങനെ വയലൻസ് കാണുമ്പോൾ അതിൽ ആകൃഷ്ടരാകുന്ന ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്, ഇതൊക്കെ നോർമലൈസ് ചെയ്യപ്പെടുമ്പോൾ നാളെ അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങളെ പറ്റി കൂടി ചിന്തിക്കണ്ടേ. നന്മ പടങ്ങൾ കണ്ട് ആരും നല്ലവർ ആകാൻ സാധ്യതയില്ല പക്ഷേ വയലൻസ് പടങ്ങൾ കണ്ട് അക്രമ വാസന കൂടാൻ നല്ല സാധ്യതയുണ്ട്”……

‘മലയാളത്തിലെ ഏറ്റവും വയലൻസ് ഉള്ള പടം’ എന്ന് അവകാശവാദമോ, മുന്നറിയിപ്പോ ആയി വന്ന സിനിമയെ പറ്റി വായിച്ച ഒരു റിവ്യൂവിലെ വാക്കുകളാണ്.

അടുത്ത ബന്ധുവായ പതിനഞ്ചു വയസ്സുകാരൻ, ‘പൊളി’ എന്നാണ് ആ സിനിമ കണ്ടിട്ട് പറഞ്ഞത്! വയലൻസിന്റെ അതിപ്രസരം കൊണ്ട് ‘Adults Only’ ആയ സംഭവമാണ്, എങ്കിലും കാണേണ്ടവർ ഒക്കെ കാണും. കൂട്ടുകാർ ഒന്നിച്ച് കൂടുമ്പോൾ, അതിനെയൊക്കെ ‘കിടു’, ”പൊളി സാനം ‘ എന്ന് പറഞ്ഞില്ലേൽ ‘അയ്യേ ഇവനെന്താ ഇങ്ങനെ ആയിപ്പോയെ?’ എന്ന് പറഞ്ഞു ചെറുതാക്കുന്ന കാലം. ഇങ്ങനെയാണ് എക്സ്ട്രീം കാര്യങ്ങൾ നോർമലൈസ്ഡ് ആവുന്നത്.

ഇന്നലെ fb ൽ കണ്ട ഒരു വീഡിയോയിൽ മൂന്നു മുതിർന്ന സ്കൂൾ കുട്ടികൾ ഒരു റോഡിനു മുൻപിൽ സംസാരിച്ചു നിൽക്കുന്നു. അവർക്ക് നേരെ മുൻപിലായി വളവിൽ നിന്ന് നോക്കാതെ തിരിച്ച ഒരു കാർ, പാഞ്ഞുവന്നു കൊണ്ടിരുന്ന ബൈക്കിൽ ഇടിക്കുന്നു. ബൈക്കിലിരുന്ന രണ്ടു പയ്യന്മാർ തെറിച്ചു വീഴുന്നു. നാലുപാട് നിന്നും ആളുകൾ ഓടിവരുന്നു. ചില ചേച്ചിമാർ പോലും. പക്ഷേ ഈ മൂവർ സംഘം ഒന്ന് അനങ്ങിയതുപോലും ഇല്ല. നിന്നിരുന്ന അതെ ലാഘവത്തോടെ അവർ നോക്കി നിൽക്കുന്നു ഞങ്ങൾ ഈ നാട്ടുകാരല്ല എന്ന മട്ടിൽ. അതെ, അപകടങ്ങൾ, അത്യാഹിതങ്ങൾ, ആക്രമണങ്ങൾ നോർമൽ ആയിക്കഴിഞ്ഞു പുതുതലമുറയിലെ കുറേ പേർക്കെങ്കിലും.

റിവ്യൂവിൽ പറഞ്ഞിരിക്കുന്ന പോലെ, നന്മ പടങ്ങൾ കണ്ട് ആരും നല്ലവർ ആകാൻ സാധ്യതയില്ല എന്നെനിക്കഭിപ്രായമില്ല. ചെറിയൊരു മോട്ടിവേഷൻ എങ്കിലും കിട്ടും. പക്ഷേ ഗർഭിണികളെ, കുഞ്ഞുങ്ങളെ പോലും കൊല്ലുന്ന ബ്രൂട്ടൽ സീനുകളുണ്ടെന്ന് പറയുന്ന, സിനിമ കാണുന്ന ചിലർ ഛർദിച്ചു പോവുന്ന, ഇടക്ക് തല കറങ്ങി വീഴുന്ന, പകുതിക്ക് വെച്ച് ഇറങ്ങി പോകുന്ന ഇമ്മാതിരി അക്രമങ്ങളുള്ള സിനിമകൾ വാഴ്ത്തപ്പെടുമ്പോൾ, ഇതേ genre ൽ ഇനിയും സിനിമകൾ ഇറങ്ങാൻ സാധ്യത കാണുമ്പോൾ, ആശങ്ക ഇല്ലാതില്ല.

എൻഡോസൾഫാനെക്കാൾ അപകടകാരികളാണ് ചില സീരിയലുകൾ എന്ന അഭിപ്രായം വരുന്നത്, സ്ഥിരമായി കുടുംബാംഗങ്ങൾ തമ്മിലുള്ള പോരുവിളിയും അസൂയയും കയ്യാങ്കളിയും ചതിയിൽ വീഴ്ത്തുന്ന മാർഗ്ഗങ്ങളും, കാണുന്നവരുടെ മനസ്സിലും വിദ്വേഷത്തിന്റെ വിത്തുകൾ പാകപ്പെടും എന്നുള്ളത് കൊണ്ടാണ്. ചില Horror മൂവി കണ്ടാൽ, അന്ധകാരശക്തികൾ നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ വിത്തുകൾ പാകുന്നുണ്ട്, എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും.

നമ്മൾ നല്ല കൃപയിലായിരിക്കെ, ഒരു സിനിമ അല്ലെങ്കിൽ സീരിയൽ കാണുന്നെന്ന് വിചാരിക്കുക, അതിലെ വില്ലൻ നായകനോട് അല്ലെങ്കിൽ അമ്മായിഅമ്മ മരുമകളോട് ചെയ്യുന്ന അനീതിയിൽ നമുക്കും ഓട്ടോമാറ്റിക്കലി രോഷം തോന്നും, പ്രതികാരം ചെയ്യാൻ നമ്മളും ആഗ്രഹിച്ചു പോകും. പ്രതികാരം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം വരും. ഫലമോ, സിനിമ കണ്ടു കഴിഞ്ഞാൽ, നമ്മൾ മുൻപ് ആയിരുന്ന കൃപയിലേക്ക് എത്തണമെങ്കിൽ പണിപ്പെടേണ്ടി വരും. വിശുദ്ധ കുർബ്ബാന കൂടുമ്പോൾ പോലും അതിലെ രംഗങ്ങൾ മനസ്സിൽ മിന്നി മറയും. സത്യമല്ലേ? എനിക്ക് അനുഭവമുണ്ട് ( ഞാൻ സീരിയലുകൾ കാണാറില്ല )

എങ്കിലും സിനിമകൾ കാണാറുണ്ട് ഇടക്കൊക്കെ. വലിയ അക്രമം ഒന്നുമില്ലാത്ത സിനിമകൾ പോലും നമ്മളെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ഇത്രയും വയലൻസ് ഉള്ള സിനിമകൾ എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചു പോയി.

മക്കളെ വാക്കിനാൽ കൺട്രോൾ ചെയ്യുന്നതിൽ നമുക്ക് പരിധികളുണ്ട്. പരിധിയിൽ കവിഞ്ഞ restrictions അവരും ഇഷ്ടപ്പെടില്ല. ജപമാല ചൊല്ലുമ്പോൾ മക്കളെയും അവരെപ്പോലെയുള്ള യുവജനങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കാം. പ്രലോഭനങ്ങളിലും തെറ്റായ സ്വാധീനങ്ങളിലും അകപ്പെടാതിരിക്കാൻ… കൃപയിലൂടെ നയിക്കപ്പെടാൻ… നമ്മളും.

ഗർഭിണിയായ പരിശുദ്ധ അമ്മയെ വാസസ്ഥലം ആവശ്യമുള്ളവളായി കണ്ടിട്ടും നിസ്സംഗരായി മുഖം തിരിച്ച കുറേപേരേ പ്പോലെ… ആവശ്യങ്ങളിൽ, അപകടങ്ങളിൽ, രക്തബന്ധങ്ങൾക്ക് മുന്നിൽ നിസ്സംഗരായിരിക്കാതെ, ഹൃദയകാഠിന്യത്തോടെ പെരുമാറാതെ, സഹായിക്കുന്ന, സ്നേഹിക്കുന്ന മനുഷ്യർ എന്നും ഉണ്ടായിരിക്കട്ടെ…

2025 ന്റെ ഫെബ്രുവരി ആകുന്നേ ഉള്ളു. നാട്ടുകാരെയും അയൽക്കാരെയും.. എന്തിന്, സ്വന്തം അപ്പനുമമ്മയെയും കൂടപ്പിറപ്പുകളെയും പോലും ക്രൂരമായി ആക്രമിച്ച് വകവരുത്തുന്ന യുവത്വങ്ങളുടെ വാർത്ത ഇക്കൊല്ലം എത്രാമത്തെ വട്ടമാണ് കേൾക്കുന്നത്. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു എന്ന ഒരു വാൽക്കഷണവും ഉണ്ടാവും അതിനൊപ്പം. ഇത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നായി മാറി ലഹരി നമ്മുടെ നാട്ടിൽ. എന്നാണ് അതിന്റെ ഒഴുക്കിന് ഒരു ശമനം ഉണ്ടാകുക. പോരാതെ മാർക്കോ, റൈഫിൾ ക്ലബ്‌ പോലുളള വയലന്റ് മൂവികളുടെ ഗ്ലോറിഫിക്കേഷനും. അച്ഛനെ രക്ഷിക്കാൻ പോയതിന്റെ പേരിൽ ജീവിതം കൈവിട്ടുപോയ കിരീടത്തിലെ സേതുമാധവനെ കാണിക്കുമ്പോൾ, അക്രമം ഒന്നിനും പരിഹാരമല്ല എന്ന സന്ദേശമായിരുന്നു കിട്ടിയിരുന്നതെങ്കിൽ, അരിഞ്ഞും ചതച്ചും തള്ളുന്ന ഹീറോമാരെയും വില്ലന്മാരെയുമാണ് ഇന്ന് സിനിമകൾ വാഴ്ത്തുന്നത്.

അക്രമസിനിമകൾ ഇനിയും വേണോ നമുക്ക്? രക്തം കാണാൻ അറപ്പില്ലാതെ,തല ചുറ്റാതെ, ചുറ്റിക എടുത്തുള്ള തല പൊളിക്കലും വെട്ടുകത്തി എടുത്തു വീശലും ഇനിയും നിത്യ സംഭവമാകുന്നു, അതും ഉറ്റവരെയും ഉടയവരുടെയും നേർക്ക് . മക്കളെ, അയൽക്കാരെ, പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണ്‌ നാട്ടിൽ. എല്ലാറ്റിലും ഉപരിയായി പ്രാർത്ഥിക്കാം യുവജനത്തിന്റെ വെളിവിനായി. ലഹരിയിൽ നിന്നുള്ള മോചനത്തിനായി…

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്