ആദ്യ സിനിമയിൽ നിന്നും രണ്ടാമത്തെ സിനിമയിലേക്കുള്ള ഒരു സംവിധായകന്റെ യാത്ര…

എന്റെ തന്നെ തിരക്കഥയിൽ മലയാളത്തിലെ പ്രമുഖ നടൻ്റെ ഡേറ്റ് കിട്ടിയതുമാണ് പക്ഷേ ചിത്രത്തിന്റെ നിർമ്മാതാവ് ആയി വന്ന ആളാണ് എന്റെ കരിയറിൽ ഇത്രയും വലിയൊരു ഗ്യാപ്പ് ഉണ്ടാക്കാൻ കാരണം.……

വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അക്കാലത്തെ,ഞാൻ overcome ചെയ്തത് പരിശുദ്ധ കന്യകാമറിയത്തോടുള്ള എന്റെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രമാണ്.……

‘ഒരു സെക്കൻ്റ് ക്ലാസ് യാത്ര’ 2015- ൽ റിലീസ് ചെയ്ത്,തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ഒരു ചിത്രമായിരുന്നു.ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിലെ. എക്കാലത്തെയും വിജയ ചിത്രങ്ങളിൽ ഒന്നായ ‘പ്രേമ’വും,പൃഥ്വിരാജിന്റെ ‘എന്നു നിന്റെ മൊയ്തീനും’,നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ‘അമർ അക്ബർ ആന്റണി’യും,വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതിയ നിവിൻപോളി ചിത്രം ‘ഒരു വടക്കൻ സെൽഫി’യും,പിന്നെ നമ്മുടെ കൊച്ചു സിനിമയായ ‘ഒരു സെക്കൻ്റ് ക്ലാസ്സ് യാത്ര’യും ആയിരുന്നു.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളി, ‘ഒരു സെക്കൻ്റ് ക്ലാസ് യാത്ര’യിലൂടെയാണ് ആദ്യമായി ഒരു നായിക വേഷത്തിൽ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.ജോജു ജോർജിന് സഹ നടനുള്ള സ്പെഷ്യൽ മെൻഷൻ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ലഭിക്കുകയും,മലയാള സിനിമ കണ്ട അതുല്യ നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന നെടുമുടി വേണുവിന് അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിൽ ആദ്യമായി ഒരു വില്ലൻ വേഷത്തിനുള്ള അംഗീകാരം ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ‘ഒരു സെക്കൻ്റ് ക്ലാസ് യാത്ര’യിലൂടെ ലഭിക്കുകയുമുണ്ടായി. ഇപ്പോഴും സൂര്യ ടിവിയിൽ മികച്ച ടി.ആർ.പി.റേറ്റിംഗിൽ സിനിമ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. ഇന്നും ആ ചിത്രത്തെക്കുറിച്ച്, അതിന്റെ തിരക്കഥയെക്കുറിച്ച്, നടീ നടന്മാരുടെ അഭിനയത്തെക്കുറിച്ച്, പ്രത്യേകിച്ച്, നെടുമുടി വേണുവിന്റെ കഥാപാത്രത്തെക്കുറിച്ച്,ചെമ്പൻ വിനോദിന്റെ കഥാപാത്രത്തെക്കുറിച്ചൊക്കെ,പ്രേക്ഷകർ നല്ലത് പറയുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.

എന്നിട്ടും രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാൻ ഞാൻ ഇത്രയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. പലരും ചോദിക്കാറുണ്ട് ഇത്ര വലിയ ഗ്യാപ്പ് എന്റെ ഫിലിം കരിയറിൽ എങ്ങനെ ഉണ്ടായി എന്ന്…സത്യത്തിൽ ‘ഒരു സെക്കൻ്റ് ക്ലാസ് യാത്ര’യുടെ വിജയത്തിന് ശേഷം ഞാനും,എന്റെ പാർട്ണറും ഇൻഡിപെൻഡൻ്റായി അടുത്ത സിനിമകളിലേക്ക് പോയതാണ്.എനിക്ക് എന്റെ തന്നെ തിരക്കഥയിൽ മലയാളത്തിലെ പ്രമുഖ നടൻ്റെ ഡേറ്റ് കിട്ടിയതുമാണ് പക്ഷേ ചിത്രത്തിന്റെ നിർമ്മാതാവ് ആയി വന്ന ആളാണ് എന്റെ കരിയറിൽ ഇത്രയും വലിയൊരു ഗ്യാപ്പ് ഉണ്ടാക്കാൻ കാരണം.തമിഴിലെ രണ്ട് പ്രമുഖ നായക നടന്മാർ ഡേറ്റ് തന്ന ചിത്രം നിർമ്മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പല തവണയായി നീട്ടി വയ്ക്കുകയാണ് ഉണ്ടായത്.ഒരവസരത്തിൽ തൊട്ടടുത്ത ചിത്രം ആയി മലയാളത്തിലെ പ്രമുഖ നടൻ എന്റെ ചിത്രം പ്ലാൻ ചെയ്യുക വരെ ഉണ്ടായി.മലയാളത്തിലും തമിഴിലും ആയി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള വലിയൊരു അവസരം ഉണ്ടാക്കിത്തന്ന നിർമ്മാതാവിന് ഞാൻ എന്റെ ജാമ്യത്തിൽ ഫിനാൻസ് അറേഞ്ച് ചെയ്യുകയും,അതിനെ തുടർന്ന് എനിക്കെന്റെ കിടപ്പാടം വരെ നഷ്ടപ്പെടുകയും ആണ് ഉണ്ടായത്. കടുത്ത പരീക്ഷണങ്ങൾ നേരിട്ട അക്കാലത്തും ഞാൻ പ്രതീക്ഷ കൈവിട്ടില്ല.കാരണം അത്രയ്ക്കും സിനിമ എനിക്ക് ഇഷ്ടമായിരുന്നു.ജീവിതത്തിൽ മറ്റ് പലതും വേണ്ടെന്ന് വച്ചിട്ടാണ് ഞാൻ ഈ ഫീൽഡിലേക്കിറങ്ങിയതെന്ന്,മറ്റാരേക്കാളും എനിക്ക് ബോധ്യമുണ്ടായിരുന്നു.

എന്റെ സംഘടനയും,ചിത്രത്തിൽ അഭിനയിക്കാമെന്ന് വാക്ക് തന്ന പ്രധാന നടന്മാരും എന്നോടൊപ്പം ആ കഷ്ടകാലസമയത്തും ഫുൾ സപ്പോർട്ടും ആയി കൂടെ നിന്നു.ഞാൻ പൂർണ്ണമായും ചതിക്കപ്പെട്ടതായി അവർക്കെല്ലാം ബോധ്യപ്പെട്ടതൊന്ന് കൊണ്ട് മാത്രമായിരുന്നത്.കഥ പറയാൻ ചെന്നതല്ലാതെ,യാതൊരു മുൻപരിചയവും എനിക്ക് അവരോടൊന്നും തന്നെ ഉണ്ടായിരുന്നില്ല.പുതിയൊരു നിർമ്മാതാവിനെ വെച്ച് സിനിമ മുന്നോട്ട് കൊണ്ടു പോകാൻ വീണ്ടും ഒരവസരം ഉണ്ടായപ്പോൾ കോവിഡ് ഒരു വില്ലനായി എന്റെ മുന്നിലേക്ക് വന്നു.

പോക്കറ്റിൽ 100 രൂപയുമായി,സ്ക്രിപ്റ്റ് എഴുതാനുള്ള പേപ്പർ പോലും വാങ്ങിക്കാനാവാതെ, പുറത്തേക്കിറങ്ങാനാവാതെ ഞാൻ അക്കാലത്ത് വളരെയധികം കഷ്ടപ്പെട്ടു. ടി.എൻ.പി.എല്ലിന്റെ ഒരു ബണ്ടിൽ ക്വാളിറ്റി പേപ്പർ വാങ്ങി,അതിൽ എഴുതി ശീലിച്ച ഞാൻ സ്കൂൾ കുട്ടികൾ ഹോം വർക്ക് ചെയ്യുന്ന കനം കുറഞ്ഞ പേപ്പറിൽ,അതും 30 രൂപയ്ക്ക് 100 പേപ്പർ കിട്ടുന്ന ക്വാളിറ്റി കുറഞ്ഞ പേപ്പറിൽ എഴുതാൻ ശീലിച്ചു.എൻ്റെ ചില ആത്മാർത്ഥ സുഹൃത്തുക്കളാണ് ആ അവസരത്തിൽ എന്നെ പിടിച്ചു നിർത്തിയത്.ബന്ധുക്കൾക്കും,സുഹൃത്തുക്കൾക്കും,നാട്ടുകാർക്കും ഇടയിൽ സിനിമക്ക് വേണ്ടി എല്ലാം നശിപ്പിച്ച ഒരാളായി ഞാൻ മാറി.

വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അക്കാലത്തെ,ഞാൻ overcome ചെയ്തത് പരിശുദ്ധ കന്യകാമറിയത്തോടുള്ള എന്റെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രമാണ്.

ഞാൻ പത്തോളം തിരക്കഥകൾ ഇതിനിടക്ക് എഴുതി. ഫോൺ വിളിച്ചാൽ സുഹൃത്തുക്കൾ ഫോൺ എടുക്കാത്ത ഒരു കാലം.ഞാൻ സിനിമയിൽ അവസരം കൊടുത്ത് സഹായിച്ചവർ പോലും എന്നെ കണ്ട് തിരിഞ്ഞു നടക്കുന്ന ഒരു സമയത്ത്,എനിക്ക് script discuss ചെയ്യാൻ അടുത്ത് ഒരാൾ പോലും ഇല്ലാതായ അവസരത്തിൽ,എൻ്റെ അടുത്ത് എന്റെ കുടുംബം മാത്രം…ഭാര്യയും മോളും മാത്രം.അങ്ങനെ എൻ്റെ ഭാര്യ അവൾ പോലും അറിയാതെ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആയി മാറി. സിനിമാ രംഗത്തേക്ക് ഒരു assistant director ആയി ഇറങ്ങാൻ എന്റെ ഭാര്യ തീരുമാനിച്ചതും യാദൃശ്ചികമായി.സുഹൃത്ത് ഡോൺ മാക്സ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരു costume designer ആയി അവൾ പുതിയ ജോലിക്ക് ഇറങ്ങി.

നീണ്ട പ്രാർത്ഥനകൾക്കും,കാത്തിരിപ്പിനും ശേഷം,’സ്വർഗ’മെന്ന സിനിമ ചെയ്യാൻ ഒരവസരം ദൈവം എനിക്ക് തന്നു.തിരക്കഥ,സംഭാഷണം ഞാനും ഭാര്യയും ചേർന്ന്. സംവിധാനം ഞാൻ.ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

ഒരു കൊച്ചു ചിത്രമാണ്. ഇതിലെ കഥാപാത്രങ്ങൾ നിങ്ങൾക്ക് പരിചിതരായവർ തന്നെയെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നും.ചെറിയൊരു ചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രം അവസാനമെത്തുമ്പോൾ നിങ്ങളുടെ കണ്ണുകളെ ചെറുതായൊന്ന് ഈറണനിയിക്കും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.ഏത് പ്രായക്കാർക്കും ഈ സിനിമ കാണാം.കുട്ടികളുമായി മാതാപിതാക്കൾക്ക് ധൈര്യമായി ‘സ്വർഗ’ത്തിന് ടിക്കറ്റ് എടുക്കാം.’സ്വർഗം’നിങ്ങളെ നിരാശപ്പെടുത്തില്ല.

‘സ്വർഗം’കണ്ട് ടിക്കറ്റിന് മുടക്കിയ പൈസ നഷ്ടമായെന്ന് നിങ്ങൾ ഒരിക്കലും പറയില്ല.രണ്ട് മണിക്കൂറിൽ താഴെ,മൂന്ന് പാട്ടുകളുമായി ഞങ്ങളുടെ ‘സ്വർഗം’നാളെ നിങ്ങളുടെ തൊട്ടടുത്തുള്ള തീയറ്ററുകളിൽ എത്തുകയാണ്. ചെറിയ പരസ്യമേയുള്ളൂ ഞങ്ങളുടെ ഈ കൊച്ചു ചിത്രത്തിന്.’സ്വർഗ’ത്തിൻ്റെ പ്രമോഷൻ ഞങ്ങളുടെ ട്രെയിലറും,ഇതിനോടകം ശ്രദ്ധ നേടിയ മൂന്നു പാട്ടുകളും ആണ്.ആദ്യ ദിവസം തന്നെ 2 ലക്ഷം പേർ കണ്ട് ഇഷ്ടപ്പെട്ട nostalgic mood തോന്നുന്നെന്ന് പലരും പറഞ്ഞ കപ്പപ്പാട്ടും, ഇപ്പോൾ തന്നെ കല്ല്യാണ വീഡിയോകളിൽ ഉൾപ്പെടുത്തിയ കല്യാണപ്പാട്ടും, പള്ളികളിൽ പാടാൻ തുടങ്ങിയ ക്വയർ സോങ്ങും…

കേരളത്തിന് പുറമേ നവംബർ എട്ടിന് തന്നെ ലോകമെങ്ങുമുള്ള തീയേറ്ററുകളിൽ ‘സ്വർഗം’ റിലീസ് ചെയ്യുന്നുണ്ട്.തീയേറ്ററുകൾ കുറവാണ്…Shows കുറവാണ്…നിങ്ങൾ ഈ സിനിമ തിയേറ്ററുകളിൽ തന്നെ പോയി കണ്ടാലേ എന്റെ പ്രൊഡ്യൂസർമാർക്ക് മുടക്കിയ പൈസ തിരിച്ചു കിട്ടൂ.വലിയ സിനിമകൾ, വലിയ പ്രമോഷനുകളുമായി,കോടികൾ മുടക്കി വരുന്നതിനിടക്കാണ് ഞാനിത് നിങ്ങളോട് പറയുന്നതെന്ന് എനിക്കറിയാം.

എപ്പോഴും പറയും,ഒരു സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് അയാളുടെ സിനിമാ ഭാവി നിശ്ചയിക്കുന്നതെന്ന്.ആ അർത്ഥത്തിൽ എന്റെ കഴിവിന്റെ മാക്സിമം ഈ കൊച്ചു കഥയ്ക്കനുസരിച്ച്,ഞാൻ എന്നാലാവും വിധം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിന് വേണ്ടി.നിർമ്മാതാക്കൾക്കും, അഭിനേതാക്കൾക്കും,സാങ്കേതിക പ്രവർത്തകർക്കും,എന്നോട് ഇതു വരെ ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട്,ജീവിതത്തിൽ മുന്നോട്ടു പോകാൻ ധൈര്യം തന്ന, എല്ലാ അർത്ഥത്തിലും പിടിച്ചു നിർത്തിയ ആത്മാർത്ഥ സുഹൃത്തുക്കളെ ഒരിക്കൽ കൂടി ഓർമ്മിച്ചു കൊണ്ട്, എന്നെ കൂടെ നിന്ന്,അതും ഒരു മൂത്ത സഹോദരനെപ്പോലെ ഞാൻ കണ്ട,കൂടെ നിന്ന് ചതിച്ച ആ നിർമ്മാതാവിനെ,മാതാവിനോടുള്ള പ്രാർത്ഥനയിലൂടെ ലഭിച്ച ക്ഷമാശീലവും, മനശക്തിയും കൊണ്ട് ക്ഷമിച്ച് പൊറുത്ത് ഞാൻ മുന്നോട്ടു പോകുന്നു.എനിക്കീ യാത്ര തുടരണം…

സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ,അത് പോസിറ്റീവോ നെഗറ്റീവോ ആകട്ടെ,എന്നെ വിളിച്ചറിയിക്കാവുന്നതാണ്.ഒരു അസഹിഷ്ണുതയും അതിൽ നിന്നും എനിക്ക് ഉണ്ടാകുന്നതല്ല.കാരണം,ആദ്യ ചിത്രത്തിൽ നിന്നും രണ്ടാമത്തെ സിനിമയിലേക്ക് എത്തുമ്പോൾ ഞാൻ ഏറ്റവും അധികം പഠിച്ചത് ‘ക്ഷമ’എന്ന വാക്കാണ്.

എനിക്കെൻ്റെ സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരോട്, പ്രത്യേകിച്ച് സഹ സംവിധായകരായി work ചെയ്യുന്നവരോട് പറയാനുള്ളതും അത് തന്നെയാണ്.നിങ്ങൾ കാത്തിരിക്കുക.നിങ്ങളുടെ സമയവും വരും.ആരൊക്കെ പുശ്ചിച്ചാലും,മാറ്റി നിർത്തിയാലും,നിങ്ങളുടെ സമയവും ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും വരും…

പലപ്പോഴും ആദ്യ സിനിമ കഴിഞ്ഞ് രണ്ടാമത്തെ സിനിമ ചെയ്യാൻ പറ്റാതെ പോയ സംവിധായകരെക്കുറിച്ച് ഞാൻ ഓർക്കാറുണ്ട് .അവർക്കൊക്കെ ഒരു കാരണമുണ്ടാകും അതിനൊക്ക.കഴിവ് കുറഞ്ഞവരായതുകൊണ്ടല്ല അവർ സിനിമ വീണ്ടും ചെയ്യാനാവാതെ കടന്ന് പോയത്.അവരുടെ കഴിവുകൾ,മറ്റു പലരും മനസ്സിലാക്കാതെ പോയതു കൊണ്ടാണ് അതെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.സിനിമക്കാരാകാൻ അറിയാതെ പോയ,ആ നിഷ്കളങ്കർക്കായി ഞാനെന്റെ ചിത്രം ‘സ്വർഗം’ Where the family nests... സമർപ്പിക്കുന്നു.കുടുംബം ആണ് എല്ലാം…അതായിരിക്കണം നമ്മുടെ സ്വർഗം…

എന്റെ എഴുത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചു കൊണ്ട്,നിങ്ങളെല്ലാവരും ഞങ്ങളുടെ ഈ കൊച്ചു ചിത്രം ‘സ്വർഗം’ നിങ്ങളുടെ തൊട്ടടുത്ത തീയേറ്ററുകളിൽ പോയി കാണും എന്ന പ്രതീക്ഷയോടു കൂടി...

റെജിസ് ആൻ്റണി.

സിഎൻ ​ഗ്ലോബൽ മൂവിസിന്റെ ബാനറിൽ പ്രവാസികളായ 16 പേർ ചേർന്ന് നിർമ്മിച്ച റെജിസ് ആന്റണി സംവിധാനം ചെയ്ത സ്വർ​ഗം സിനിമ രണ്ടാം വാരത്തിൽ വളരെ മനോഹരമായി മുന്നേറുന്നു. ഈ കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർ കുടുംബചിത്രം സ്വീകരിക്കുമോ സാമ്പത്തിക നഷ്ടമുണ്ടാകുമോ തുടങ്ങിയ ഒട്ടനവധി ആശങ്കകൾ‌ നിലനിൽക്കവെയാണ് ചിത്രം റിലീസ് ചെയ്തത്. സാമ്പത്തിക ഭദ്രതയിലേക്ക് ഇനിയും എത്തേണ്ടതുണ്ടെങ്കിലും രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന നല്ല ​ഗാനങ്ങളോടു കൂടിയ ഈ കൊച്ചു ചിത്രത്തെ ലോകം മുഴുവൻ ഏറ്റെടുത്തതിൽ സന്തോഷം. രണ്ടാം വാരത്തിലും കുടുംബങ്ങൾ ഒന്നിച്ച് സിനിമ കാണാൻ പോകുന്നതുകൊണ്ട് നഷ്ടമില്ലാതെ മുന്നോട്ടുപോകുമെന്ന ബോധ്യം ഞങ്ങൾക്കുണ്ട്.

ഈ സിനിമ യാത്രയിൽ പ്രതീക്ഷിക്കാത്ത പലരുമാണ് ഞങ്ങളെ സഹായിച്ചത്. ഞങ്ങൾ 16 പേരുടെ സ്വപ്നത്തിന് കൂട്ടായി ലോകത്തിന്റെ പല ഭാ​ഗത്തുമായുള്ളവർ കൂടെ നിന്നു. പ്രി പ്രൊഡക്ഷനും പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ഏകദേശം ഒന്നര വർഷത്തോളമായി ഈ സിനിമ യാത്ര തുടങ്ങിയിട്ട്.

ഈ യാത്രയിൽ പല പ്രതിസന്ധികളെയും നേരിടേണ്ടി വരാമെന്ന ബോധ്യം ഉണ്ടായിരുന്നു. എന്നാൽ ദൈവാനു​ഗ്രഹത്താലും അനേകം പേരുടെ പ്രാർത്ഥനയാലും സിനിമ പൂർത്തീകരിച്ച് തിയറ്ററിലെത്തിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. അവകാശവാദങ്ങളൊന്നുമില്ലാതെ ഒരു ചെറിയ കുടുംബ ചിത്രം എന്നേ ഞങ്ങൾ പറഞ്ഞിട്ടൊള്ളു. കാരണം ഞങ്ങളുടെ ആദ്യ സിനിമയാണ് അതിന്റേതായ പല പരിമിതികളും കുറവുകളും കാണുമെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ട്. ഇത്തരത്തിലുള്ള സിനിമകൾ ഇനിയും വേണമെന്ന് ആ​ഗ്രഹിക്കുന്ന ലോകത്തിന്റെ എല്ലാ ഭാ​ഗത്തുമുള്ള അനേകായിരങ്ങൾ കൈകോർത്തതുകൊണ്ടാണ് ഈ സിനിമ ഇവിടെ വരെ എത്തിയത് എന്നതിൽ സംശയമില്ല.

ഇന്ന് നവംബർ 17 ആണ് ഇനിയും ഈ സിനിമ മുന്നോട്ട് വളരെ യാത്ര ചെയ്യേണ്ടതുണ്ട്. അതിന് നിങ്ങളെല്ലാവരും ഇന്നുവരെ കൂടെ നിന്നതുപോലെ കൂടെ നിൽക്കണം. നഷ്ടമില്ലാതെ മുന്നോട്ടുപോയാൽ നല്ല ഒരു പ്രൊജക്ട് വന്നാൽ ഇനിയും ചെയ്യും. നമ്മുടെ നാടിനെക്കുറിച്ച് നല്ല ഒരു കാഴ്ചപ്പാട് ലോകം മുഴുവനും നൽകുക എന്നത് മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. നമുക്ക് നല്ല ഒരു സംസ്കാരവും നന്മകളും ഉണ്ട്. അത് നാം പുതു തലമുറക്ക് നൽകുക എന്നത് നമ്മുടെ ദൗത്യമായി ​കാണുന്നു.

ഈ സിനിമയുടെ എല്ലാ പ്രവർത്തനങ്ങളെയും സപ്പോർട്ട് ചെയ്യണമെന്നും ഇനിയും സിനിമ കാണാത്തവർ അടുത്തുള്ള തിയറ്ററുകളിൽ‌ പോയി കാണണമെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു. 15 പ്രൊഡ്യൂസർമാരുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

റെജിസ് ആൻ്റണി.

നിങ്ങൾ വിട്ടുപോയത്