സഭയുടെ നന്മയാഗ്രഹിക്കുന്നവർ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം
സഭയോടൊപ്പം നില്ക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളുടെ പേരിൽ സഭയെയും സഭാതലവനെയും സഭാസിനഡിനെയും സഭയുടെ കൂരിയയെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഭാതീരുമാനം അനുസരിക്കാതെ സഭയോടു വിഘടിച്ചുനിൽക്കുന്നവരെപ്പോലെ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സഭയെ പൊതുജനമധ്യത്തിൽ അവഹേളിതയാക്കാൻ മാത്രമേ ഇടയാക്കൂവെന്നു ഇത്തരം സംഘടനകൾക്കും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുന്നവർ തിരിച്ചറിയുന്നത് ഉചിതമാണ്.
സീറോമലബാർസഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പിനു ലോകമെമ്പാടുമുള്ള 35 രൂപതകളുടെയും യൂറോപ്പിലെ അപ്പസ്തോലിക്ക് വിസിറ്റേഷന്റെയും നേതൃപരമായ ചുമതലയുണ്ട്. സഭാധ്യക്ഷനെന്ന നിലയിൽ സഭാകാര്യാലയത്തിലെ ഭരണപരമായ നേതൃത്വത്തോടൊപ്പം വിശ്വാസികളുടെ അജപാലനപരമായ കൂട്ടുത്തരവാദിത്വങ്ങളും നിർവഹിക്കാൻ മേജർ ആർച്ചുബിഷപ്പ് സംലഭ്യനാകുന്നതിനെ സീറോമലബാർ വിശ്വാസികളും പൊതുസമൂഹവും അഭിമാനത്തോടെയാണ് നോക്കികാണുന്നത്. പിതാവിന്റെ സന്ദർശനവേളകളിൽ വിശ്വാസികൾ ആദരവോടും ആവേശത്തോടുംകൂടി അദ്ദേഹത്തെ സ്വീകരിക്കുന്നത് ഇതിന്റെ ഉദാഹരണവുമാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണം മാർപാപ്പ ഏൽപ്പിച്ചിരിക്കുന്നത് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെയാണ്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണം അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പേപ്പൽ ഡെലഗേറ്റിനെയും മാർപാപ്പ നിയോഗിച്ചിട്ടുണ്ട്. അതിനാൽ, മേജർ ആർച്ചുബിഷപ്പിനു ഇക്കാര്യങ്ങളിൽ നേരിട്ടുള്ള ചുമതലകൾ ഇല്ല എന്നതും വ്യക്തമാണ്.
സഭയുടെ നിയതമായ പ്രവർത്തനശൈലി വിട്ട് എറണാകുളം-അങ്കമാലി അതിരൂപതയുടെ കാര്യത്തിൽ തങ്ങൾ ആഗ്രഹിക്കുന്നതുപോലെയും തങ്ങൾ നിശ്ചയിക്കുന്ന സമയത്തും സഭാധികാരികൾ പ്രവർത്തിക്കണമെന്നു നിർബന്ധം പിടിക്കുകയും അതു സാധിക്കാതെ വരുമ്പോൾ സഭയെയും സഭാപിതാക്കന്മാരെയും ആക്ഷേപിക്കുകയും ചെയ്യുന്നവർ ആത്മപരിശോധന ചെയ്യണം. ഇത്തരം അധിക്ഷേപകരമായ പ്രചാരണങ്ങളിൽനിന്നു സഭയുടെ നന്മയും ശ്രേയസ്സും അഭിലഷിക്കുന്നവരെല്ലാം പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നു.