മാർപാപ്പയുടെ നിർദ്ദേശത്തെ തിരസ്ക്കരിക്കുന്നവർ മാർപാപ്പയുടെ കീഴിൽതന്നെ സ്വതന്ത്ര സഭയാകും പോലും!
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് ഒരേയൊരു രൂപതയ്ക്കുമാത്രമേ അനുസരിക്കണമെന്നുപറഞ്ഞു കത്തുകളെഴുതുകയും വീഡിയോ സന്ദേശം നൽകുകയും ചെയ്തുള്ളു. അത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കാണ്. ആദ്യം കത്തെഴുതിയപ്പോൾ അതു മാർപാപ്പയുടേതല്ലെന്നു പ്രചരിപ്പിച്ചു. വീഡിയോ സന്ദേശം വന്നപ്പോൾ മാർപാപ്പയെ നിർബന്ധിച്ച് നല്കിയതാണെന്നായി.
ആരുടെയൊക്കെയോ നിർബന്ധങ്ങൾക്കനുസ്സരിച്ചു പ്രവർത്തിക്കുന്ന ഒരാളായി ചിത്രീകരിച്ച് മാർപാപ്പയെ പൊതുസമൂഹത്തിൽ അപമാനിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ഒരു പാപബോധവുമില്ലാതെ ആവർത്തിച്ചാവർത്തിച്ചു ലംഘിച്ചു.
സാർവ്വത്രിക കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വേദനാജനകമായ ഒരധ്യായമാണ് ഈ കൊച്ചു കേരളത്തിൽ രചിക്കപ്പെട്ടത്. എന്നിട്ടും, ഈ അനുസരണക്കേടിനു നേതൃത്വം നൽകുന്നവർ മാർപാപ്പയുടെ കീഴിൽ സ്വതന്ത്ര സഭയാകുമെന്ന് പ്രമേയം പാസ്സാക്കുന്നു. അൽപ്പംകൂടി വിശ്വാസയോഗ്യമായ എന്തെങ്കിലും നുണകൾ കണ്ടുപിടിക്കണം. സ്വന്തം പിടിവാശിയെ ജയിപ്പിക്കാനായി മാർപാപ്പയെയും പരിശുദ്ധ സിനഡിനെയും ധിക്കരിക്കുന്നവർ തങ്ങളുടെകൂടെ വിശ്വാസികളെ പിടിച്ചുനിർത്താനായി മണ്ടത്തരങ്ങൾ ആവർത്തിക്കുന്നു.