ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൻസിഞ്ഞോർ ജോർജ് കൂവക്കാട് അച്ചൻ ആഗോള കത്തോലിക്കാ സഭയിലെ കർദിനാൾ തിരു സംഘത്തിലേക്ക് നിയുക്തനാക്കപ്പെട്ടിരിക്കുന്നു. സീറോ മലബാർ നസ്രാണി സഭയ്ക്കാകമാനവും, ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പ്രത്യേകമായും അഭിമാനത്തിന്റെ നിമിഷങ്ങൾ.

പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയായ സീറോ മലബാർ സഭയുടെ കിരീടമെന്നു ഭാഗ്യ സ്മരണാർഹനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വിശേഷിപ്പിച്ച പൗവത്തിൽ മാർ യൗസേപ്പ് പിതാവിൽ നിന്നുമാണ് നിയുക്ത കർദിനാൾ കൂവക്കാട് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.

അഭിവന്ദ്യ പ്ലാസിഡ് പൊടിപ്പാറ അച്ചന്റെ 125 ആം ജന്മദിനം ആഘോഷിക്കുന്ന ഈ കാലയളവിലും, അഭിവന്ദ്യ യൗസേപ്പ് പിതാവിന്റെ സ്വർഗ്ഗ പ്രാപ്തിയുടെ വേളയിലും, രണ്ടുപേരും ഈ പൗരസ്ത്യ സുറിയാനി സഭയ്ക്ക് വേണ്ടി സ്വർഗത്തിൽ മധ്യസ്ഥം അപേക്ഷിക്കുന്നുവെന്നതിന്റെ ഫലമായിരിക്കാം ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്ന ഈ വലിയ അനുഗ്രഹങ്ങൾ.

May be an image of 3 people and text

നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതയുടെ അനുമോദനങ്ങൾ

പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തിൽ നിന്നുള്ള മൂന്നാമത്തെ കർദ്ദിനാളാണ് മോൺ. ജോർജ് കൂവക്കാട് . മാർ ആൻ്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടു കർദ്ദിനാൾമാർ.

മോൺ. ജോർജ് കൂവക്കാട് മമ്മൂട് ലൂർദ്മാതാ ഇടവക കൂവക്കാട് ജേക്കബ് – ത്രേസ്യാമ്മ മകനായി 1973 ആഗസ്റ്റ് 11 ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി. 2004 ജൂലൈ 24 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. എസ്ബി കോളേജിൽ നിന്ന് ബിഎസ് സി ബിരുദവും റോമിൽ നിന്ന് കാനൻ ലോയിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേൽ സെൻ്റ് മേരീസ് പള്ളിയിൽ അസി. വികാരിയായി ശുശ്രൂഷ ചെയ്തു. തുടർന്ന് 2006 മുതൽ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ ജോലി ചെയ്തുവരുന്നു. അൾജീരിയ, സൗത്ത് കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകൾക്കു ശേഷം 2020 മുതൽ ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിർവഹിച്ചു വരവെയാണ് പുതിയ നിയമനം.

പുതിയതായി നിയമിക്കപ്പെട്ട 21 കർദിനാൾമാരുടെയും നിയമനം ഡിസംബർ 08 ന് വത്തിക്കാനിൽ നടക്കും. മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. കർദ്ദിനാളായി ഉയർത്തപ്പെടുന്നതോടെ മാർപ്പായെ തെരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലെ ഒരംഗമായി മോൺ. ജോർജ് കൂവക്കാട് മാറുകയും ആഗോള കത്തോലിക്കാ സഭയിൽ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായി തീരുകയും ചെയ്യും.

നിങ്ങൾ വിട്ടുപോയത്