സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും വിവാദമാക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും സഭയെ തെക്കും വടക്കുമായാണ് അവതരിപ്പിക്കുന്നത്! യാഥാർത്ഥ്യത്തിന് നിരക്കാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്ന ഇക്കൂട്ടർക്ക് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് കത്തോലിക്കാ സഭ എന്ന കാഴ്ചപ്പാട് പോലും ഇല്ല!തന്മൂലം ഇതരസഭകളെയും രൂപതകളെയും സോഷ്യൽ മീഡിയയിലൂടെ ബോധപൂർവ്വം അവഹേളിക്കുകയും തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുക എന്നത് ഇത്തരക്കാരുടെ പതിവു ശൈലിയാണ്.ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ.

വാസ്തവത്തിൽ എന്താണ് വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ട വസ്തുതകൾ? ഒന്നാമതായി മനസ്സിലാക്കേണ്ടത് വിശ്വാസപ്രമാണം രൂപപ്പെട്ടത് സഭയിലാണെന്നാണ്.നാം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വിശ്വാസപ്രമാണത്തിന്റെ പേര് നിഖ്യാ -കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം (Nicea- Constantinople Creed)എന്നാണ്. അതുപോലെതന്നെ ജപമാലയിലും മറ്റും “ഞാൻ വിശ്വസിക്കുന്നു” എന്ന് ഏകവചനത്തിൽ ചൊല്ലുന്ന ശ്ലീഹന്മാരുടെ വിശ്വാസപ്രമാണവും ഉണ്ട് (Apostles’ Creed).എ. ഡി. ആദ്യനൂറ്റാണ്ടുകളിൽ രൂപപ്പെട്ട ഈ വിശ്വാസപ്രമാണം ശ്ലീഹന്മാർ രചിച്ചതല്ല. മറിച്ച്, പ്രധാനപ്പെട്ട ക്രൈസ്തവതത്വങ്ങളുടെ ചെറിയ സമാഹാരമാണ്.

എ.ഡി 325ലെ നിഖ്യാ സൂനഹദോസിൽ പിതാക്കന്മാർ ക്രോഡീകരിച്ച വിശ്വാസ സത്യങ്ങളെ എ.ഡി 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് വിപുലീകരിച്ചു. ഇതിനെയാണ് നിഖ്യാ- കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം എന്ന് വിളിക്കുന്നത്. സൂനഹദോസ് നടന്ന ഈ കാലഘട്ടത്തിൽ ആര്യനിസം, മാസിഡോണിയനിസം തുടങ്ങിയ പാഷണ്ഡതകൾ (തെറ്റായ പഠനങ്ങൾ) ശക്തി പ്രാപിച്ചിട്ടുണ്ടായിരുന്നു.ത്രിത്വത്തിലെ പുത്രനെയും പരിശുദ്ധാത്മാവിനെയും കേവലം സൃഷ്ടികളായി മാത്രം പരിഗണിക്കുന്ന പാഷണ്ഡതകളായിരുന്നു ഇവ.ഈ പശ്ചാത്തലത്തിലാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസപ്രഖ്യാപനം എ.ഡി 381 ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ ഉൾപ്പെടുത്തിയത്. “പിതാവിൽ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്” എന്നാണ് ഈ സൂനഹദോസിൽ പരിശുദ്ധാത്മാവിനെക്കുറിച്ച് പ്രഖ്യാപിച്ചത്.

എന്നാൽ, എ.ഡി. 589 ൽ സ്പെയിനിൽ വെച്ച് നടത്തിയ തൊളേദോ പ്രാദേശിക കൗൺസിലിൽ “പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്” എന്ന് കൂട്ടിച്ചേർക്കുകയും ലത്തീൻ സഭയിൽ അത് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു . ‘ഫീലിയോക്വേ’ (Filioque) എന്നാണ് ലത്തീൻ ഭാഷയിൽ ഇത് അറിയപ്പെടുന്നത്. പിന്നീട് ലത്തീൻ സഭയിൽ എല്ലായിടത്തും കൂട്ടിച്ചേർക്കപ്പെട്ട ഈ വിശ്വാസപ്രമാണം സ്വീകരിക്കപ്പെട്ടു. എന്നാൽ ഗ്രീക്ക് സഭകൾ ഇതിനെ എതിർത്തു. കാരണം അവരുടെ അഭിപ്രായത്തിൽ ഒരു എക്യുമെനിക്കൽ കൗൺസിലിനു മാത്രമേ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും കൂട്ടിച്ചേർക്കൽ അനുവദിക്കാൻ സാധിക്കുകയുള്ളൂ. ഏതായാലും 1014ൽ ബെനഡിക്ട് ഏഴാമൻ മാർപാപ്പ ലത്തീൻവിശുദ്ധ കുർബാനയിലെ വിശ്വാസ പ്രമാണത്തിൽ ‘ഫീലിയോക്വേ’ എന്നത് കൂട്ടിച്ചേർക്കാൻ ഔദ്യോഗികമായി അനുമതി നൽകി.

1054ൽ ആഗോള സഭയിൽ ഒരു വലിയ പിളർപ്പ് സംഭവിച്ചു. റോമും കോൺസ്റ്റാന്റിനോപ്പിളും തമ്മിലുണ്ടായ ഈ വലിയ പിളർപ്പ് ‘മഹാശീശ്മ’ അഥവാ ‘Great Schism’ എന്ന പേരിൽ അറിയപ്പെടുന്നു. ഈ പിളർപ്പോടെ പാശ്ചാത്യ സഭയും പൗരസ്ത്യ സഭകളിലെ ഒരു വലിയ വിഭാഗവും തമ്മിൽ പരസ്പരം അകന്നു.

ഈ പിളർപ്പിനുള്ള അനേകം കാരണങ്ങളിലൊന്ന് വിശ്വാസപ്രമാണത്തിൽ ‘ഫീലിയോക്വേ’ എന്നത് കൂട്ടിച്ചേർത്തതാണ്. പിന്നീട്, 1439 ലെ ഫ്ലോറൻസ് കൗൺസിലിൽ യൂജിൻ നാലാമൻ മാർപാപ്പ “പുത്രനിൽ നിന്നും” എന്ന കൂട്ടിച്ചേർക്കൽ കൂടാതെ വിശ്വാസ പ്രമാണം ചൊല്ലുവാൻ പൗരസ്ത്യ സഭക്കാരെ അനുവദിക്കുന്ന കാര്യവും ചരിത്രത്തിൽ നാം കാണുന്നുണ്ട്.

ഒരു പൗരസ്ത്യസഭയായ സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത് നിഖ്യാ- കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണമാണ്. വിശുദ്ധ കുർബാനയുടെ ആഘോഷക്രമവുമായി ബന്ധപ്പെട്ട് റോമിൽ നിന്ന് പൗരസ്ത്യ തിരുസംഘം 1959ൽ നൽകിയ ” ORDO CELEBRATIONIS ” എന്ന നിർദ്ദേശക രേഖയിൽ വിശ്വാസപ്രമാണം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് ഇപ്രകാരം പറയുന്നു:”സ്ഥലത്തെ മെത്രാന്റെ തീരുമാനപ്രകാരം പുത്രനിൽ നിന്ന് (Filioque) എന്നത് ചൊല്ലുകയോ ഒഴിവാക്കുകയോ ചെയ്യാം”(No. 29). നമ്മുടെ കുർബാന തക്സയിലെ വിശ്വാസപ്രമാണത്തിൽ “പുത്രനിൽ നിന്നും” എന്നത് hyphen (-) അടയാളത്തിലാണ് ചേർത്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

ഒരു പൗരസ്ത്യസഭയാണെങ്കിലും മൂന്നു നൂറ്റാണ്ടുകളോളം സീറോ മലബാർസഭ ലത്തീൻ അധിനിവേശത്തിന് കീഴിലായിരുന്നതുകൊണ്ടാണ് ഇപ്രകാരം ഒരു നിർദ്ദേശം പൗരസ്ത്യ തിരുസംഘം നൽകിയിരിക്കുന്നത്. ഇക്കാലയളവിൽ ലത്തീൻ സഭയുടെ പല ആചാരാനുഷ്ഠാനങ്ങളും ഭാഷാപ്രയോഗങ്ങളും സീറോ മലബാർ സഭയിലും കടന്നുകൂടി എന്നത് ഒരു യാഥാർത്ഥ്യമാണ്. ഉദയംപേരൂർ സൂനഹദോസിന് ശേഷം ലത്തീനീകരണത്തിന്റെ ഭാഗമായി തിരുത്തൽ വരുത്തിയ നമ്മുടെ കുർബാനക്രമത്തിലെ വിശ്വാസപ്രമാണത്തിൽ “പുത്രനിൽ നിന്നും” എന്ന് കൂട്ടിച്ചേർത്തത് സ്വാഭാവികമാണല്ലോ.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ആഗോള സഭയിലെ ഒരു അഭിപ്രായവ്യത്യാസത്തെ തങ്ങളുടെ പ്രാദേശിക താത്പര്യം സംരക്ഷിക്കാൻ ചിലർ ഉപയോഗിക്കുന്നു എന്നത് വിചിത്രമാണ്. വിശ്വാസപ്രമാണത്തിൽ “പുത്രനിൽ നിന്ന്” എന്ന് ചൊല്ലാത്ത രൂപതകളിലെ വീഡിയോകൾ ഉയർത്തിക്കാണിച്ചുകൊണ്ട് ആ രൂപതകളിലെ പിതാക്കന്മാർ അബദ്ധപ്രബോധകരാണെന്നും പിതാക്കന്മാർക്കിടയിൽ ഐക്യമില്ലെന്നും പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. വിശുദ്ധ കുർബാനയുമായും വിശ്വാസവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ സഭ നൽകുന്ന നിർദ്ദേശങ്ങളെ മനസ്സിലാക്കാതിരിക്കുകയും അവയ്ക്ക് സ്വന്തം വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്യുന്നതാണ് ഇവിടെ കാണുന്നത്. സമകാലിക സീറോ മലബാർ സഭ നേരിടുന്ന വലിയ പ്രതിസന്ധിയും ഇതു തന്നെയാണല്ലോ! വിശുദ്ധ കുർബാനയിൽ വിശ്വാസപ്രമാണം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് പൗരസ്ത്യ തിരു സംഘം നമ്മുടെ സഭയ്ക്ക് നൽകിയ നിർദ്ദേശത്തെ ഇവിടെ ബോധപൂർവ്വം വക്രീകരിക്കുകയാണ് ചിലർ ചെയ്യുന്നത്. വിശ്വാസികൾ ഇത്തരം അബദ്ധപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം