- മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ പുതിയ മേജർ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു
കാക്കനാട്: അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം എന്നെ ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പുതിയ മേജർ ആർച്ച്ബിഷപ്. ഒത്തിരിയേറെപേരുടെ പ്രാർത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയർത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിതപ്രകാരം തന്നെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാർക്കും സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങൾക്കും തിരുകർമ്മങ്ങളിൽ പങ്കുചേർന്ന വിശ്വാസിസമൂഹത്തിനും മാർ റാഫേൽ തട്ടിൽ പിതാവ് കൃതജ്ഞതയറിയിച്ചു. തന്റെ മുൻഗാമിയായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടിപ്രസംഗത്തിൽ തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു.
ദൈവാലയത്തിൽനിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകൾക്ക് തുടക്കമായത്. സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് പുതിയ മേജർ ആർച്ച്ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും പ്രതിനിധികളായെത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. സഭാ സിനഡ് തെരഞ്ഞെടുത്ത മാർ റാഫേൽ തട്ടിൽ പിതാവിനെ മേജർ ആർച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. സ്ഥാനാരോഹണതിരുകർമ്മങ്ങൾക്ക് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തിൽ ഇരുന്നതോടെ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.
തുടർന്ന് പുതിയ മേജർ ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു. ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമ്മികരായിരുന്നു. കൃതജ്ഞതാബലിമധ്യേയുള്ള വചനസന്ദേശം നൽകിയത് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയും സിനഡ് സെക്രട്ടറിയുമായ മാർ ജോസഫ് പാംപ്ലാനി പിതാവാണ്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ഹ്രസവും ലളിതവുമായ അനുമോദനസമ്മേളനത്തിൽ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ. പ്രസിഡന്റും തൃശൂർ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത്, ലത്തീൻ സഭയെ പ്രതിനിധീകരിച്ച് കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല, ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറി ആർച്ച്ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വർഗീസ് പൊട്ടയ്ക്കൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. സന്യസ്ത വൈദികരുടെ പ്രതിനിധിയായി സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സന്യാസിനിമാരുടെ പ്രതിനിധിയായി സി.എം.സി. സുപ്പീരിയർ ജനറൽ സി. ഗ്രേസ് തെരേസ്, സമർപ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സി.എസ്.റ്റി. സുപ്പീരിയർ ജനറൽ ബ്ര. വർഗീസ് മഞ്ഞളി, അല്മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറൽ സെക്രട്ടറി ആൻസി മാത്യു, എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവർ പൂച്ചെണ്ടുകൾ നൽകി. സീറോമലബാർ സഭാ ആന്തം ആലപിച്ചതോടെയാണ് സ്ഥാനാരോഹണശുശ്രൂഷ പൂർത്തിയായത്.
ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ