”Whoever trusts in his riches will fall, but the righteous will flourish like a green leaf.“
(Proverbs 11:28) ✝️
ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു മുൻപായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. എന്നാൽ ലൗകീകവസ്തുക്കൾക്ക് ദൈവത്തിലും കൂടുതൽ പ്രാധാന്യം നല്കാതെ, തനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവോടുകൂടി ജീവിക്കാൻ നാം ഓരോരുത്തർക്കും കഴിയണം. ഒന്നും എന്റേതല്ല, എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന ബോധ്യം ഇല്ലാതെ വരുമ്പോഴാണ് നമ്മിൽ സമ്പത്തിനോടുള്ള അത്യാഗ്രഹം മുളപൊട്ടുന്നത്.
ചില വ്യക്തികൾ ചിന്തിക്കുന്നത് സമ്പത്ത് നേടി കഴിഞ്ഞാൽ ജീവിതത്തിൽ എല്ലാം നേടി എന്നാണ്. നാം ചിന്തിക്കേണ്ട കാര്യം സമ്പത്ത് കൊണ്ട് ആരോഗ്യമോ, സന്തോഷമോ, സമാധാനമോ നേടാൻ കഴിയുകയില്ല. സമ്പത്ത് ജീവിതത്തിൽ വ്യവഹാരത്തിനുള ഒരു ഉപാധി മാത്രമാണ്. സമ്പന്നനാകുന്നത് പാപമല്ല. സമ്പത്ത് കൈവശം വയ്ക്കുന്നത് പാപമാണെന്ന് തിരുവചനം ഒരിക്കലും സൂചിപ്പിക്കുന്നില്ല. ഒരു ധനികന് ദൈവത്തിന്റെ യഥാർത്ഥ അനുയായിയാകാൻ കഴിയും. എന്നാൽ വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിന് സമ്പത്ത് വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ സമ്പത്ത് ഒരു തടസ്സമായിരിക്കുമെന്ന് തിരുവചനം വ്യക്തമായി സൂചിപ്പിക്കുന്നു. സമ്പത്ത് ഉള്ള വ്യക്തി സ്വന്തം കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാതെ ദൈവഹിതത്തിന് അനുസ്യതമായി വിനിയോഗിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുക.
സമ്പത്ത് സൃഷ്ടിക്കുവാനുള്ള ലോക പ്രമാണം സമ്പത്ത് കൂട്ടിവെയ്ക്കുക എന്നതാണ്, എന്നാല്‍ ദൈവത്തിന്റെ പ്രമാണം സമ്പത്ത് കൊടുക്കുക എന്നതാണ്. സമ്പത്ത് മറ്റുള്ളവർക്ക് പങ്കിടുമ്പോൾ വർദ്ധിക്കും എന്നാണ് തിരുവചനം പഠിപ്പിക്കുന്നത്. മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത്, മറിച്ച് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ