✝️

In the Lord our God is the salvation

‭‭(Jeremiah‬ ‭3‬:‭23‬) ✝️

രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: പാപം മൂലം തന്നിൽ നിന്ന് അകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു അടുപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവർത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചു തന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവ്യർത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനായ യേശുവിൽ ഉള്ള വിശ്വാസം മാത്രം മതി.

കർത്താവ് നമ്മെ പാപത്തിൽ നിന്ന്, രോഗത്തിൽ നിന്ന്, ശാപത്തിൽ നിന്ന്, മരണത്തിൽ നിന്ന്, ശത്രുക്കളിൽ നിന്ന്, വേദനകളിൽ നിന്ന്, ആകുലതകളിൽ നിന്ന് രക്ഷിക്കുന്നു. പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നതു പാപത്തിന്റെ ശക്തിയിൽ നിന്നും തിൻമയുടെ അധികാരത്തിൽ നിന്നും ഉള്ള മോചനം ആണ്. രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നേ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ടു ശിമയോൻ പറഞ്ഞു; സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. (ലൂക്കാ, 2:31)

രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ ലഭ്യമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രായോഗികമാക്കുന്നു. രക്ഷിക്കപ്പെട്ട വ്യക്തിയെ അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു. നാം ഒരോരുത്തരെയും കർത്താവ് രക്ഷയാൽ വഴി നടത്തട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ ❤️