I tell you, there is joy before the angels of God over one sinner who repents.”“
(Luke 15:10) ✝️

പാപം ചെയ്യുന്ന മനുഷ്യൻ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം അല്ലായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവൻ എന്നും തന്നോടൊപ്പം ആയിരിക്കണം എന്ന ആഗ്രഹവുമായാണ്. എന്നാൽ സൃഷ്ടിച്ച് ഏറെ വൈകുന്നതിനു മുൻപു ദൈവം മനസ്സിലാക്കി മനുഷ്യന്റെ ഹൃദയം പാപത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു എന്ന്. എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ പറുദീസയിൽ ജീവിച്ചപ്പോഴും അതിനുപരിയായ എന്തോ ഉണ്ടെന്നും അത് കൈക്കലാക്കണമെന്നുമുള്ള ചിന്തയായിരുന്നു മനുഷ്യഹൃദയത്തെ നയിച്ചിരുന്നത്. പാപം ഭൂമിയിൽ പെരുകിയപ്പോൾ ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു” (ഉൽപത്തി 6:6)
പലപ്പോഴും മനുഷ്യന്റെ ചിന്തയാണ്, ഞാൻ പാപം ചെയ്യുന്നത് ദൈവം എന്നെ ബലഹീനനായി സൃഷ്ടിച്ചതു കൊണ്ടാണ്, അതിനാൽ ഞാൻ പാപം ചെയ്യുന്നതിന്റെ കാരണം ദൈവത്തിനറിയാം, അത് മനസ്സിലാക്കി ദൈവം എന്നോട് ക്ഷമിച്ചുകൊള്ളും എന്നത്. എന്നാൽ മനുഷൻ പാപം ചെയ്യുന്നത് തന്റെ കുറ്റം കൊണ്ടല്ലാത്തതിനാൽ ദൈവം സ്വയം ക്ഷമിച്ച് നിത്യജീവൻ നൽകും എന്നത് തികച്ചും തെറ്റായ ഒരു അബദ്ധചിന്തയാണ്. എല്ലാവരും പാപത്തിൽ നിന്ന് രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദൈവം അതിനായി ആരെയും നിർബ്ബന്ധിക്കുന്നില്ല.

ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിയിലും എത്രയധികം പാപം ചെയ്താലും ദൈവം അനുതാപത്തിന്റെ ആത്മാവിനെ നിക്ഷേപിച്ചിട്ടുണ്ട്. പാപം മൂലം നിർവീര്യമായി കിടക്കുന്ന ആത്മാവിനെ പുനർജീവിപ്പിക്കുവാനുള്ള കൃപ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശികരണത്തിലൂടെ നമുക്കെല്ലാവർക്കും ലഭ്യമാണ്. യേശുവിനെപ്പറ്റി അറിഞ്ഞിട്ടും, അവിടുത്തെ കൃപ സ്വീകരിച്ച് ദൈവത്തിലേയ്ക്കു തിരിയാത്ത ഒരാളും നിത്യരക്ഷ പ്രാപിക്കുകയില്ല. ആരും നശിച്ചു പോകാതെ ഇരിക്കുന്നതിനു എല്ലാവരും അനുതപിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️





