‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ്’
മുഖമില്ലാത്തവരുടെ മുഖം!
ഇന്നാണ് ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ്’ കാണാനായത്.
അൽപ്പം കുടിവെള്ളം എടുത്തതിനുള്ള ശിക്ഷയോടെയുള്ള തുടക്കം മനോഹരമായിരിക്കുന്നു.
അനീതി, ചൂഷണം, അടിച്ചമർത്തൽ, പീഡനം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയുള്ള സ്വരം ആണ് ‘ഫേസ് ഓഫ് ദി ഫെസ്ലെസ്സ്’.
അന്ധവിശ്വാസങ്ങളും കിരാതമായ ആചാരങ്ങളും പിഴുതെറിഞ്ഞു ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന സന്ദേശവും ഈ സിനിമ നൽകുന്നു.
Xavier Beauvois സംവിധാനം ചെയ്ത് അൾജീരിയയിലെ ടിബിരിയൻ മൊണാസ്ട്രിയിലെ അഞ്ചു സിസ്റ്റേഴ്സിയൻ (ട്രാപ്പിസ്റ്റു) സന്യാസിമാരുടെ ജീവിതവും രക്തസക്ഷിത്വവും പകർത്തിയ Des hommes et des dieux (2010) (മനുഷ്യരും ദൈവങ്ങളും) എന്ന ഫ്രഞ്ച് ഫിലിം കാണുമ്പോഴുള്ള ഫീൽ “ഫേസ് ഓഫ് ദി ഫേസ്ലെസ്സ്” കാണുമ്പോൾ അതിലും വളരെ വളരെ തീവ്രമായും വൈകാരികമായും തോന്നും.
വി. മരിയ ഗൊരേത്തിയെക്കുറിച്ചു ഏതാനും സിനിമകളുണ്ട് (1949, 2003). അവയിലും മനോഹരമാണ് വാഴ്ത്തപ്പെട്ട സി. റാണി മരിയയെക്കുറിച്ചുള്ള ‘ഫേസ് ഓഫ് ദി ഫെസ്ലെസ്സ്’. ഈ ഫിലിമിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിലും എല്ലാംകൊണ്ടും മെച്ചമാണ്. അങ്ങനെയാകുമ്പോഴാണ് ഏതൊരു സിനിമയും വിജയിക്കുന്നത്.
കമ്പ്യൂട്ടർ അനിമേഷൻ പോലുള്ള ആധുനിക ദൃശ്യമാധ്യമസംവിധാനങ്ങളുടെ അതിപ്രസരമില്ലാതെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു ഫിലിം ആണ് ഫേസ് ഓഫ് ദി ഫേസ്ലെസ്സ്. സിനിമയുടെ ആഖ്യാനരീതിയും ശൈലിയും പരിണാമഗുപ്തിയോടെ കഥ പറയുന്ന ശൈലിയാണ്.
കാസ്റ്റിംഗ് കൊള്ളാം.
കേന്ദ്രകഥാപാത്രത്തിൽ തികച്ചും കേന്ദ്രീകൃതമായ സിനിമ ആണിത്. ഒരു സ്ത്രീ കഥാപാത്രത്തെ അദ്യവസാനം മിക്കവാറും എല്ലാ സീനുകളിലും കാണിച്ചു വിജയിപ്പിക്കുന്ന സിനിമകൾ ഇതുപോലെ വേറെ അധികം കാണില്ല. ഒരു നടിക്ക് ഒരു കന്യസ്ത്രിയുടെ മാനറിസം ഇത്ര നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സി റാണി മരിയ ആയി അഭിനയിച്ച വിൻസി അലോഷ്യസ് അഭിനന്ദനം അർഹിക്കുന്നു. മറ്റു നടീനടന്മാരും നന്നായി അഭിനയിച്ചു. സംവിധായകൻ ഷൈസൺ പി. ഔസേഫ് അഭിനന്ദനവും അംഗീകാരവും അർഹിക്കുന്നു.
ജോസഫ് പാണ്ടിയപ്പള്ളിൽ