കഴിഞ്ഞ നാലരമാസം കൊണ്ട് അവരുടെ മനോനിലയിൽ തന്നെ വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പലവിധത്തിലുള്ള കഴിവുകളും സാമർത്ഥ്യങ്ങളും ഉള്ളവർ ക്യാമ്പിന്റെ അകത്തളത്തിൽ തളക്കപ്പെട്ട അവസ്ഥയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം ആർക്കും മനസ്സിലാക്കാൻ കഴിയും. ഓരോ തവണ റിലീഫ് ക്യാമ്പിൽ ചെല്ലുമ്പോൾ പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നിരാശയുടെ പടുകുഴിയിൽ കഴിയുന്ന ഒരുപറ്റം ജനങ്ങൾ.
ഞാൻ പഠിപ്പിക്കുന്ന കോളേജിലെ Social Entrepreneurship Specialisation വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു Skill Mapping അവിടെ നടത്തി. ഏകദേശം 150 ഓളം ആളുകൾ ഈ സർവേയിൽ പങ്കെടുത്തു. അവർ തങ്ങളുടെ കഴിവുകൾ ഞങ്ങളുമായി പങ്കുവെച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ഇവരുടെ സാധ്യതകൾ എന്ന് ഈ പഠനത്തിലൂടെ മനസ്സിലാക്കുവാൻ കഴിഞ്ഞു.
സംസാരശേഷിയില്ലാത്ത ഒരു യുവതി വന്നു പറഞ്ഞു “എനിക്ക് അല്പം നൂല് തന്നാൽ ഞാൻ മനോഹരമായ പൂക്കൾ ഉണ്ടാക്കാം”. അതിനുശേഷം തന്റെ ഫോണിൽ നിന്നും മുൻപ് ഉണ്ടാക്കിയിട്ടുള്ള മനോഹരമായ പൂക്കളുടെ ദൃശ്യങ്ങൾ അവർ ഞങ്ങളെ കാണിച്ചു.
ഏതാനും ചെറുപ്പക്കാർ ഞങ്ങളെ സമീപിച്ചു പറഞ്ഞു “ഞങ്ങൾ നന്നായി ആശാരിപ്പണി ചെയ്യുന്നവരാണ്. ഉപകരണങ്ങൾ വാങ്ങിച്ച് തരികയാണെങ്കിൽ മരത്തടി ഞങ്ങൾ വനത്തിൽ നിന്നും സംഘടിപ്പിച്ച് വീട്ടുപകരണങ്ങൾ നിർമ്മിച്ചു കൊടുക്കാം”.
തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ നിരീക്ഷണത്തിൽ പലതരത്തിലുള്ള ബാഗുകൾ നിർമ്മിക്കുന്ന സ്ത്രീകളെയും കരകൗശല സാധനങ്ങൾ നിർമ്മിക്കുന്ന പ്രായമായവരെയും കണ്ടു.
ആരും വാങ്ങാൻ ഇല്ല എന്നതായിരുന്നു അവരുടെ പ്രശ്നം. വിലകൊടുത്ത് അവ വാങ്ങിയപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞത് പ്രതീക്ഷയുടെ പുഞ്ചിരിയായിരുന്നു.
ആദ്യഘട്ടത്തിൽ ചെറിയ രീതിയിൽ തുടങ്ങാവുന്ന സംരംഭങ്ങളാണ് വിദ്യാർത്ഥികൾ വിഭാവനം ചെയ്തിരിക്കുന്നത്. Occupational therapy യുടെ ഭാഗമായി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.
ഫാദർ റോബിൻ പേണ്ടാനത്ത്