“Does he not examine my ways and number all my steps? ‭‭(Job‬ ‭31‬:‭4‬)

നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ പ്രലോഭനങ്ങളാൽ പാപത്തിലേയ്ക്ക് വഴി നടത്തുന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്നാണ് യേശു നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളത്. നാം നമ്മളുടെ ആവശ്യങ്ങൾ അറിയുന്നതിനു മുൻപേ കർത്താവ് ഒരോ ആവശ്യങ്ങളും അറിയുന്നു. ഒരോ ദിവസവും കർത്താവ് നമ്മുടെ പ്രാർത്ഥന കേട്ട് നമ്മെ അനുഗ്രഹിക്കാൻ തയ്യാറാകുന്നു.

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. ഒരു കുട്ടി നടക്കാൻ ആരംഭിക്കുമ്പോൾ മാതാപിതാക്കൾ കുട്ടിയുടെ കാലടികളെ വീഴുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നു അതുപോലെ ദൈവം നമ്മുടെ മാർഗങ്ങൾ നിരീക്ഷിക്കുകയും നമ്മുടെ കാലടികളെ എണ്ണുകയും ചെയ്യുന്നു. നാളെ എന്ന ദിവസത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. എന്നാൽ നമ്മളെ ഏത് സാഹചര്യത്തിലും നമ്മുടെ ജീവനെ താങ്ങി നിർത്തുവാൻ കർത്താവ് നമ്മളോട് കൂടി ഉണ്ട്. സങ്കീര്‍ത്തനങ്ങള്‍ 121 : 3 ൽ പറയുന്നു, നിന്റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ജീവിതത്തിന്റെ എല്ലാ സമയത്തും നമ്മെ സ്‌നേഹിക്കുന്നതും കരുതലുള്ളതുമായ ദൈവമാണ് നമ്മുക്ക് ഉള്ളത്.

തിരുവചനത്തിൽ നിന്നു നോക്കിയാൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ദൈവത്തിൻറെ സാന്നിദ്‌ധ്യം കാണുവാൻ സാധിക്കും. മോശയുടെയും ഹാനോകിന്റെ കൂടെയും ദാനിയേലിന്റെ കൂടെയും മറ്റു പ്രവാചൻമാരുടെ കൂടെ എല്ലാം ദൈവത്തിൻറെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തിലേക്ക് നോക്കുമ്പോൾ ദൈവത്തിൻറെ സഹായകനായ പരിശുദ്ധാത്മാവ് ഏതു നിമിഷവും നമ്മുടെ കൂടെ ഉണ്ട് . എന്നാൽ ജീവിതത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം. ദൈവം ഉണ്ടോന്നുപോലും നാം സംശയിക്കുന്നു. എന്നാൽ ദൈവം നമ്മുടെ മധ്യേ ഉണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്