Take care; do not turn to iniquity
(Job 36:21)
ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് വചനം കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്. ദൈവം തന്റെ പ്രിയപുത്രനെ ഭൂമിയിലേക്കയച്ചത് നീതിമാന്മാരെ തേടിയല്ല, പാപം ചെയ്ത് ദൈവീക സംരക്ഷണത്തിൽ നിന്നും അകന്നുപോയ പാപികളെ തേടിയാണ്. രക്ഷകനായ യേശുവിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴി തിരികെ കണ്ടെത്തുന്നവരെ പ്രതി ദൈവം ഒട്ടധികം സന്തോഷിക്കും എന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്.
പൗലോസ് അപ്പസ്തോലൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നമ്മെ അനുസ്മരിപ്പിക്കുന്നു. നാമെല്ലാവരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അറിഞ്ഞോ അറിയാതെയോ പാപം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. പാപമല്ല നമ്മിൽ ഇല്ലാത്തത്; പാപിയാണെന്ന തിരിച്ചറിവാണ്. ഒരു വ്യക്തിയെ ഈ ലോകത്തിൽ നല്ലവനാക്കുന്നത് എന്താണ് ? പലപ്പോഴും അത് അവർ ചെയ്യുന്ന പ്രവർത്തികളാണ്. ദരിദ്രരെയും അനാഥരെയും വിധവകളെയും രോഗികളെയും ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി നല്ലവനാണെന്ന് എളുപ്പത്തിൽ വിധിയെഴുതാൻ ലോകത്തിനാകും. പുറമേ കാണുന്നതുപയോഗിച്ചു വിധിക്കുന്നതാണ് ലോകത്തിന്റെ രീതി. എന്നാൽ ദൈവം വിധിക്കുന്നത് നമ്മുടെ ആത്മാവിന്റെ അവസ്ഥയും പ്രവർത്തിയും കണ്ടിട്ടാണ്.
നാം ഒരോരുത്തർക്കും ദൈവത്തിന്റെ ശക്തിയാൽ പാപത്തിൽ നിന്ന് അകന്ന് നിൽക്കാം. സ്നേഹനാഥാ, അങ്ങയിലേക്കുള്ള വഴി ഇടുങ്ങിയതും ക്ലേശങ്ങൾ നിറഞ്ഞതുമാണെന്നു ഞാനറിയുന്നു. പേരും പെരുമയുമാകുന്ന വിശാലവഴിയിൽ കൂടി നടന്നു ശീലിച്ച ഞാൻ അങ്ങയിലേക്കുള്ള വഴിയിൽ സഞ്ചരിക്കുമ്പോൾ പാപത്തിൽ നിരന്തരം വീണുപോകുന്നു. എന്റെ വീഴ്ചകളിൽ താങ്ങായി കരുണാമയനായ കർത്താവേ അങ്ങുണ്ടാകണമേ. പകലുകളിൽ തണലായും ഇരുളിൽ പ്രകാശമായും എന്നെ പാപത്തിൽ വീഴാതെ നയിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.