രണ്ട് കാര്യങ്ങളെക്കുറിച്ച് പറയണമെന്ന് കുറച്ചായി വിചാരിക്കുന്നു.
ഒന്ന് . മക്കൾ താമസിക്കുന്നിടത്തേക്ക് വിളിക്കുമ്പോൾ പോകാതെ, എന്റെ വീട് , ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ വീട്, എന്റെ ഭർത്താവിന്റെ ഓർമ്മകൾ ഉള്ള വീട്, ഇത് വിട്ട് എങ്ങോട്ടേക്കും ഇല്ല എന്നൊക്കെ സെന്റിമെന്റ്സ് പറഞ്ഞ് ഒരു വീട്ടിൽ തനിയെ താമസിക്കുന്ന വയോധികരോടാണ്. ഞാൻ നിങ്ങളെക്കാൾ കുറേ ലോകം കണ്ടതാ, എനിക്ക് ആരുടേം സഹായം വേണ്ട എന്നൊക്കെ നിങ്ങൾ പറയുമായിരിക്കും. നിങ്ങളുടെ വിഷമം മനസ്സിലാവും പക്ഷേ കാലം അത്ര നല്ലതല്ല പ്രിയരേ .
ഒന്നാമത് നിങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നു വീണുപോയാൽ ആരുമറിയില്ല. പിന്നെ, നിങ്ങളുടെ പണത്തിനോ സ്വർണ്ണത്തിനോ ശരീരത്തിനോ വേണ്ടിയുള്ള മറ്റുള്ളവരുടെ ആക്രമണസാധ്യത.
നിങ്ങൾ വിചാരിക്കും അപ്പുറമിപ്പുറം നല്ല അയൽക്കാരും സുഖാന്വേഷണത്തിന് വരുന്നവരും ഉള്ളപ്പോൾ ഒന്നും പേടിക്കാനില്ലെന്ന്. ചിലപ്പോൾ അവരിൽ തന്നെ ഉണ്ടാകാം കുറ്റവാളികൾ.
അമ്മേ ന്നും വല്യമ്മേ ന്നും ഒക്കെ വിളിക്കുന്നവരുടെ ഉള്ള് നമുക്ക് അറിയാൻ പറ്റില്ലല്ലോ. ആത്മാർത്ഥമായ സ്നേഹം ഇല്ലെന്നല്ല, പക്ഷേ അവരുണ്ടല്ലോ എന്ന് വിചാരിച്ചു നിങ്ങൾ ഇരുന്നാൽ, അവരും അറിയണമെന്നില്ല നിങ്ങളുടെ വീട്ടിൽ എന്ത് നടക്കുന്നു എന്ന്. ഇടയ്ക്കിടെ നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും പണിക്ക് വന്നു പോകുന്നവരോ, പച്ചക്കറി , മീൻ ഒക്കെ വിൽക്കുന്നവരോ എന്ന് വേണ്ട ജസ്റ്റ് അപ്പോൾ പരിചയപ്പെട്ടവർക്കും നിങ്ങൾ വീട്ടിൽ എപ്പോഴും തനിച്ചാണ് എന്ന് അറിയുന്നത് അപകടമല്ലേ?
കഴിഞ്ഞ മാസം ഒരു കൂട്ടർ മാമ്പഴം കിട്ടുമോ എന്ന് ചോദിച്ചു ഉള്ളിലേക്ക് ചെന്ന് വൃദ്ധയെ ഉപദ്രവിച്ചു കവർച്ച ചെയ്തെന്ന് വായിച്ചു. ബാംഗ്ലൂരിൽ, മക്കൾ എത്ര വിളിച്ചിട്ടും കൂടെ പോകാതെ തനിച്ചു താമസിച്ച വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന് ആഭരണങ്ങൾ കൊണ്ടുപോയി. അവരുടെ മകൻ എല്ലാവരുടെയും അറിവിലേക്കായി വേദനയോടെ കുറച്ചു കാര്യങ്ങൾ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അദ്ദേഹത്തിന്റെ അമ്മ മരിച്ചു വീണ വീടിനു മുൻപിൽ CCTV ഉണ്ടായിരുന്നു പക്ഷേ അക്രമികൾ മാസ്കും തൊപ്പിയും വെച്ചാണ് വീടിനുള്ളിൽ കടന്നതും പുറത്തേക്ക് പോയതും. മേശയിൽ ചായകപ്പുകൾ കാണുമ്പോൾ മനസ്സിലായി അമ്മക്ക് പരിചയമുള്ള ആരോ ആണ് അവർ എന്ന്.
ഇക്കാലത്തെ സീരിയലുകൾ മക്കളെയും മരുമക്കളെയും ഭീകരരാക്കി, പുറത്തു നിന്നുള്ളവരെ നന്മമരങ്ങൾ ആക്കുന്നതാണെന്ന് തോന്നുന്നു. ഉപ്പോളം വരുമോ ഉപ്പിലിട്ടത്? മക്കളുടെ സ്നേഹത്തിന്റെയത്ര വരുമോ രക്തബന്ധമില്ലാത്തവരുടേത്? നിങ്ങളുടെ മക്കൾക്ക് ജോലിയോ വീടോ ഉപേക്ഷിച്ച് നിങ്ങളുടെ കൂടെ നിക്കാൻ വയ്യാത്ത സാഹചര്യമാണെങ്കിൽ, അവർ ആത്മാർത്ഥമായി നിങ്ങളെ വിളിക്കുന്നെങ്കിൽ , കൂടെ പോകുന്നതല്ലേ നല്ലത്. അവർക്കും എത്ര സമാധാനം കിട്ടും.എന്തായാലും ദൈവഹിതം അനുസരിച്ച് ചെയ്യുക.
രണ്ടാമത് എനിക്ക് പറയാനുള്ളത് ലിവ് ഇൻ റിലേഷൻഷിപ്പ് / ലിവിങ് ടുഗദർകാരോടാണ്. കൂടെ കുറേ നാൾ ജീവിച്ച സ്ത്രീകളെ കൊന്ന് വെട്ടി നുറുക്കി ഉപേക്ഷിക്കുന്ന വാർത്തകൾ എത്രയോ കേട്ടു. വെട്ടി നുറുക്കി പ്രഷർകുക്കറിൽ വേവിച്ചെന്നു വരെ ഇന്ന് വായിച്ചു. ഒന്നാമത് സ്വന്തം വീട്ടിൽ അറിയിക്കാതെയും അവരോട് ഏറെക്കാലമായി മിണ്ടാതെയും ആയിരിക്കും പല സ്ത്രീകളും അവരുടെ പങ്കാളികളുടെ കൂടെ താമസിക്കുന്നത്. ചോദിക്കാനും പറയാനും ആരും പെട്ടെന്ന് വരില്ലെന്ന ധൈര്യമുണ്ട് ഈ കൊലകൾക്ക് പിന്നിൽ. ഒന്നിച്ചു കുറേ താമസിച്ച് കഴിയുമ്പോൾ ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന ചിന്ത പല പങ്കാളികൾക്കും വരുന്നതായാണ് കാണുന്നത്. എന്തിനാണ് വിവാഹത്തിന്റെ ഉറപ്പില്ലാതെ ഈ വക കാര്യങ്ങൾക്ക് നിൽക്കുന്നത്? ധാർമികദൂഷ്യങ്ങൾ വേറെ.
വിവാഹത്തിന്റെ പിൻബലമില്ലാതെ ഈ വക കാര്യങ്ങൾക്ക് പോകാതിരുന്നു കൂടെ?
എന്തിന് സ്വന്തം ഭാവിയും ജീവനും തുലാസ്സിലാക്കുന്നു?സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ.
ജിൽസ ജോയ്