സൂചകങ്ങളെ പിന്തുടര്‍ന്ന്ക്രിസ്തുപാദാന്തികത്തില്‍

.കിഴക്കുകണ്ട നക്ഷത്രം നല്‍കിയ ചില സൂചനകളെ ലാക്കാക്കി പൗരസ്ത്യദേശത്തുനിന്നും യാത്രയാരംഭിച്ച് ഒടുവില്‍ കാലിത്തൊഴുത്തിലെത്തി ദിവ്യരക്ഷകനെ കണ്ട് അവനെ ആരാധിച്ചു സായൂജ്യമടഞ്ഞ് ജ്ഞാനികളെയാണ് സുവിശേഷ പ്രസംഗകനായിരുന്ന അരവിന്ദാക്ഷമേനോന്‍റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത്. തനിക്കു സുപരിചിതങ്ങളായ വേദോതിഹാസ ഗ്രന്ഥങ്ങളിലെ ചില സൂചനകങ്ങളെ പിന്തുടര്‍ന്ന് ക്രിസ്തുപാദാന്തികത്തില്‍ എത്തിച്ചേര്‍ന്ന സത്യാന്വേഷിയായിരുന്നു അദ്ദേഹം.

ആര്യവേദങ്ങളില്‍ നിഴലിച്ചുനിന്ന പ്രജാപതി പരാമര്‍ശങ്ങളില്‍ മനുഷ്യവംശത്തിനു വേണ്ടി യാഗമാകാൻ മനുഷ്യാവതാരം ചെയ്ത ഈശോ മശിഹായേക്കുറിച്ചുള്ള സൂചനകള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ദിശാഫലകങ്ങളെ അടിസ്ഥാനമാക്കിയുള്ള തീര്‍ത്ഥാടനമായിരുന്നു പിന്നീടുള്ള അദ്ദേഹത്തന്‍റെ ജീവിതം. ഈ യാത്ര സനാതനസത്യമായ ക്രിസ്തുവിലേക്ക് അദ്ദേഹത്തെ നയിച്ചു. തുടര്‍ന്നുള്ള തന്‍റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനെ പ്രകീര്‍ത്തിച്ചു, അനേകരെ ക്രിസ്ത്വാനുകരണത്തിന് പ്രചോദിതരാക്കി, ഇക്കഴിഞ്ഞ ഏപ്രില്‍ 19-ന് ഭൗമികബന്ധനങ്ങളില്‍നിന്ന് വിമോചിതനായ ആ സഞ്ചാരി അപരിമേയമായ ആത്മീയയാഥാര്‍ത്ഥ്യങ്ങളിലേക്ക് കടന്നുപോയി. കണ്ണാടിയില്‍ കടമൊഴിയായും അംശമായും മാത്രം അറിഞ്ഞിരുന്ന ആത്മീയമര്‍മ്മങ്ങളെയെല്ലാം ഇപ്പോള്‍ അറിയേണ്ടവിധം അറിഞ്ഞുകൊണ്ട് ക്രിസ്തുവില്‍ നിത്യാനന്ദം നുകരുകയാണ് അരവിന്ദാക്ഷമേനോന്‍ എന്ന ബഹുമാന്യ കര്‍തൃദാസന്‍. അദ്ദേഹത്തിൻ്റെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍. പരേതാത്മാവ് ക്രിസ്തുവിനോടൊത്തുള്ള പരമാനന്ദത്തില്‍ ആമഗ്നമായിരിക്കട്ടെ!

ഒരു സുവിശേഷകനായി അറിയപ്പെടുന്നതിനു മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനുമായിരുന്നു അരവിന്ദാക്ഷമേനോന്‍. ഭാര്യ: ഓമന. മക്കള്‍: റാണി ഹെക്ടര്‍ (ടെക്സസ്), രജനി അല്‍ഫോന്‍സ് (എറണാകുളം). മരുമക്കള്‍: ഹെക്ടര്‍ ലൂയിസ് (ടെക്സസ്), അല്‍ഫോന്‍സ് ജോസഫ് (എറണാകുളം).

സുവിശേഷകൻ അരവിന്ദാക്ഷമേനോനു തൻ്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളാണ് അദ്ദേഹത്തെ ദൈവാന്വേഷണത്തിലേക്ക് തിരിച്ചുവിട്ടത്. ഈ അന്വേഷണത്തിനിടയിലാണ് സുവിശേഷങ്ങളിലെ ക്രിസ്തുവിനോടു സാദൃശ്യമുള്ള പ്രജാപതിയെ വേദങ്ങളില്‍ അദ്ദേഹം തിരിച്ചറിയുന്നത്. തുടര്‍ന്ന് സുവിശേഷങ്ങളിലെ ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിയുകയും പഠിക്കുകയും ചെയ്ത അരവിന്ദാക്ഷമേനോന്‍, തന്‍റെ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ക്രിസ്തുവിന്‍റെ പക്ഷത്ത് നിലയുറപ്പിച്ചു. പോട്ടെയിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ ഭാഗമായി വര്‍ഷങ്ങളോളം അദ്ദേഹം സത്യവചനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ ശ്രേഷ്ഠതയും ക്രിസ്തുവിലുള്ള രക്ഷയും പ്രസംഗിച്ച്. തന്‍റെ ജീവിതവും പ്രസംഗങ്ങളും ക്രൈസ്തവ ജനലക്ഷങ്ങളെ വിശ്വാസത്തില്‍ ഉപ്പിക്കുവാനും അനേകര്‍ക്ക് ക്രിസ്തുവിനെ അറിയുവാനും വഴിതുറന്നു. തിരുവചനത്തിനുവേണ്ടി വിശ്വാസതീക്ഷ്ണതയില്‍ അന്ത്യത്തോളം ജ്വലിച്ചുപ്രകാശിച്ച അദ്ദേഹത്തിന്‍റെ ജീവിതം ഇനിയും അനേകര്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

അരവിന്ദാക്ഷമേനോനെ നേരിട്ടു കാണുവാനോ അദ്ദേഹത്തില്‍ നിന്ന് നേരിട്ട് കേള്‍ക്കുവാനോ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി വീഡിയോകള്‍ കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വേദങ്ങളിലും ഇതിഹാസഗ്രന്ഥങ്ങളിലും വിഹരിച്ചിരുന്ന താന്‍ സുവിശേഷത്തിന്‍റെ ദാസനായി മാറിയ ജീവിതസാക്ഷ്യങ്ങളായിരുന്നു ആ പ്രസംഗങ്ങളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെയെല്ലാം തുടര്‍മാനമായി കേള്‍ക്കാന്‍ കഴിഞ്ഞ ഒരു വിഷയമായിരുന്നു വേദങ്ങളിലെ പ്രജാപതിയെയും സുവിശേഷങ്ങളിലെ ക്രിസ്തുവിനെയും പറ്റിയുള്ള സാധര്‍മ്യവിവരണങ്ങള്‍.

അരവിന്ദാക്ഷ മേനോന്‍ അവതരിപ്പിച്ച പ്രജാപതിയും ക്രിസ്തുവും തമ്മിലുള്ള താരതമ്യപഠനം പിന്നീട് കേരളത്തില്‍ നിരവധി സുവിശേഷ പ്രസംഗകര്‍ ഏറ്റെടുത്തു. ഹൈന്ദവവേദങ്ങളോട് ആഭിമുഖ്യം കാണിച്ചവരും ഈ മതപശ്ചാത്തലത്തില്‍ നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് വന്നവരും ഈ വിഷയത്തേ ഏറ്റെടുത്ത് അനുകൂലിച്ചും പ്രതികൂലിച്ചും പഠനങ്ങളും പ്രസംഗങ്ങളുമായി മുന്നേറി. വേദങ്ങളിലെ പ്രജാപതിയില്‍ ബൈബിളിലെ ക്രിസ്തുവിനോടു സാമ്യം ദര്‍ശിച്ച അരവിന്ദാക്ഷമേനോന്‍റെ വാദങ്ങളെ അനുകൂലിച്ചവരേക്കാള്‍ അതിശക്തമായി ഈ വാദത്തെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നു. ഈ തര്‍ക്കങ്ങളും വാദങ്ങളും ഏതാണ്ട് കെട്ടടങ്ങിയ കാലഘട്ടത്തിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. വേദങ്ങളില്‍ പരാമര്‍ശിക്കുന്ന പ്രജാപതിയുടെ സമ്പൂര്‍ണ്ണത ക്രിസ്തുവില്‍ വെളിപ്പെട്ടിരുന്നു എന്ന് അരവിന്ദാക്ഷമേനോന്‍ അന്ത്യത്തോളം വിശ്വസിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം ഇപ്പോള്‍ പ്രജാപതി വിരുദ്ധര്‍ വീണ്ടും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിവച്ചിരിക്കുകയാണ്.

വേദങ്ങളിലെ പ്രജാപതി ക്രിസ്തുവാണോ അല്ലയോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ അരവിന്ദാക്ഷമേനോനെയും അദ്ദേഹത്തിന്‍റെ വാദങ്ങളെയും എതിര്‍ക്കുന്നവരുടെ ചില പരാമര്‍ശങ്ങളെ പരിശോധിക്കുവാന്‍ മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ. തിരുവചനത്തിനു വെളിയില്‍, മറ്റൊരു മതത്തിലും അവരുടെ വിശിഷ്ട ഗ്രന്ഥങ്ങളിലും യേശുക്രിസ്തുവിനെക്കുറിച്ച് വെളിപാടുകള്‍ കാണില്ല എന്നാണ് പ്രജാപതി വിരുദ്ധര്‍ പറയുന്നത്. അതിനായി സങ്കീര്‍ത്തനം 147:19,20 വാക്യങ്ങളെയാണ് ഇക്കൂട്ടര്‍ എടുത്തുദ്ധരിക്കുന്നത്. “അവന്‍ യാക്കോബിന് തന്‍റെ കല്‍പ്പനയും ഇസ്രായേലിന് തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കു വേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല, അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ്.

കര്‍ത്താവിനെ സ്തുതിക്കുവിന്‍ “പ്രജാപതി വിരുദ്ധര്‍ മുന്നോട്ടു വയ്ക്കുന്ന ഈ വചനം അവരുടെ ദുര്‍ബലമായ വാദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതല്ലാതെ മറ്റൊരു വാക്യം ഇവർ മുന്നോട്ടുവയ്ക്കുന്നുമില്ല. ഈ വചനത്തില്‍ തന്നെ പറയുന്നത്, ഇസ്രായേലിനല്ലാതെ, യഹൂദഗ്രന്ഥങ്ങള്‍ക്കു വെളിയില്‍ ദൈവം തന്‍റെ കല്‍പ്പനകള്‍, ചട്ടങ്ങള്‍, വിധികള്‍ എന്നിവ മറ്റൊരു ജനതയ്ക്കും നല്‍കിയിട്ടില്ല എന്നാണ്.

യഹൂദന്‍ മാത്രം പിന്‍പറ്റുവാന്‍ വേണ്ടി ദൈവം നല്‍കിയ നിരവധി കല്‍പ്പനകളും പ്രമാണങ്ങളും ചട്ടങ്ങളും പഴയനിയമഗ്രന്ഥങ്ങളില്‍ വായിക്കാന്‍ കഴിയും. യഹൂദനുവേണ്ടി മാത്രമുള്ള ജീവിതരീതികളും വിശ്വാസാചാരങ്ങളും വിധികളുമുണ്ട്. സാബത്താചരണം, പരിഛേദനം, വിവിധതരം യാഗങ്ങള്‍, ക്ഷാളനങ്ങള്‍, ബാഹ്യവിശുദ്ധിയെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍… എന്നിങ്ങനെ യഹൂദനു മാത്രം നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ആണ് 147-ാം സങ്കീര്‍ത്തനം വിവക്ഷിക്കുന്നത്. വിശ്വാസസംബന്ധിയായ ഇത്തരം ആചാരങ്ങള്‍ ഇസ്രായേലിനല്ലാതെ മറ്റൊരു ജാതിക്കും നല്‍കിയിട്ടില്ല എന്നത് തികച്ചും വസ്തുതാപരമാണ്. എന്നാല്‍ ഈ വിധികളൊന്നും ഇമ്മാനുവേല്‍ പ്രവചനമല്ല എന്നോര്‍ക്കണം. വാഗ്ദത്ത മശിഹായേക്കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍, അവിടുന്നു നിറവേറ്റാനിരിക്കുന്ന ജീവിതം, രക്ഷാകരസംഭവങ്ങള്‍ ഇവയൊന്നുമല്ല സങ്കീര്‍ത്തനം 147:19,20 വാക്യങ്ങളില്‍ പരാമര്‍ശിക്കുന്നത് എന്നത് സ്പഷ്ടമാണ്. ഈ വാക്യം വച്ചാണ് പ്രജാപതിവാദത്തെ എതിര്‍ക്കുന്നവര്‍ രംഗത്തു വന്നത്. ഇത് പ്രജാപതിവിരുദ്ധരുടെ ദുര്‍ബലമായ വാദങ്ങളുടെ ദയനീയവാസ്ഥയാണ് വെളിപ്പെടുത്തുന്നത്.

വാസ്തവത്തില്‍ ബൈബിളിനു വെളിയില്‍ മര്‍ത്യവിമോചകനായ ക്രിസ്തുവിനെ ദൈവം വെളിപ്പെടുത്തുന്നതില്‍ എന്താണ് അപാകതയുള്ളത് എന്നത് മനസ്സിലാകുന്നില്ല. അപ്രകാരമുള്ള വെളിപ്പാടുകള്‍ മോശെയുടെ കാലഘട്ടത്തില്‍ തന്നെ യഹൂദനു വെളിയില്‍ സംഭവിച്ചിരുന്നു. മോശെയുടെ സമകാലികനായിരുന്നു ഗ്രീക്ക് തത്വചിന്തകനായിരുന്ന പ്ലേറ്റോ. ബിസി നാലാം നൂറ്റാണ്ടില്‍ പ്ലേറ്റോയുടെ ദര്‍ശനങ്ങളില്‍ ആണ് ആദ്യമായി ലോഗോസ് (Logos) എന്ന ചിന്ത കടുന്നുവരുന്നത്. പ്ലേറ്റോയുടെ ലോഗോസ് ദര്‍ശനങ്ങള്‍ അദ്ദേഹത്തിനു ശേഷം നാല് നൂറ്റാണ്ടുകളോളം ഗ്രീക്ക് തത്വചിന്താ ലോകത്തെ അടക്കിവാണു. ആയിരക്കണക്കിന് തത്വജ്ഞാനികള്‍ ഈ അവബോധത്തിലാണ് പ്ലേറ്റോണിസത്തിൽ (Platonism) ആകൃഷ്ടരായത്. ദൈവം മനുഷ്യനായി (Logos Anthropos), വചനം ജഡമായി (Logos Sarx) ഭൂമിയില്‍ ജീവിച്ചു, മരിച്ചു, ഉത്ഥാനം ചെയ്തു എന്ന വസ്തുത സുവിശേഷത്തിലൂടെ യഹൂദനു വെളിയിലേക്ക് വ്യാപിച്ചപ്പോള്‍ അതില്‍ ആദ്യമായി ആകൃഷ്ടരായ ജനവിഭാഗവും ഗ്രീക്ക് ജ്ഞാനികള്‍ ആയിരുന്നു. ക്രിസ്തീയ വിശ്വാസത്തിൻ്റെ ഭാഗമായി കടന്നുവന്ന ജസ്റ്റിൻ മാർട്ടറെപ്പോലുള്ള തത്വജ്ഞാനികൾ എല്ലാം പ്ലേറ്റോണിസത്തിൽ ആകൃഷ്ടരായവർ ആയിരുന്നു. ആദിമസഭയിലേക്ക് ഗ്രീക്ക് തത്വചിന്തകരുടെ ഒരു പ്രവാഹം തന്നെ പിന്നീടുണ്ടായി. ക്രൈസ്തവിശ്വാസത്തിന് ഊടുംപാവും നെയ്യാന്‍ ദൈവത്താല്‍ നിയുക്തരായ സഭാപിതാക്കന്മാർ ഏതാണ്ട് എല്ലാവരും ഗ്രീക്ക് തത്വചിന്തയുടെ സ്വാധീനമുള്ളവരായിരുന്നു. ക്രൈസ്തവവിശ്വാസത്തെ താത്വികമായി അവതരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ദുരുപദേശങ്ങളിൽ വീണ് സഭ തകർന്നു പോകാതിരിക്കാനും മുന്നിട്ടിറങ്ങിയത് തത്വചിന്തകരായ ഈ ക്രിസ്തുഭക്തരായിരുന്നു.

ദൈവം മനുഷ്യനായി, നമ്മുടെ ഇടയില്‍ പാര്‍ത്തു എന്ന വെളിപ്പാട് വിശുദ്ധഗ്രന്ഥത്തിനു വെളിയിലും ദൈവം പകര്‍ന്നുനല്‍കി എന്നതിന് ഉത്തമോദാഹരണമാണ് ഗ്രീക്ക് തത്വചിന്തയില്‍ നിറഞ്ഞുനിന്ന ലോഗോസ് ദര്‍ശനങ്ങള്‍. സുവിശേഷത്തിനു വെളിയിൽ വ്യാപരിച്ച ഇമ്മാനുവൽ ദർശനങ്ങൾ എപ്രകാരമാണ് മനുഷ്യനെ നിത്യജീവനിലേക്ക് നയിച്ചത് എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.

ബൈബിളിനു വെളിയില്‍ നല്‍കപ്പെട്ട മറ്റൊരു സത്യദര്‍ശനത്തേക്കുറിച്ച് പൗലോസ് ഏഥെന്‍സില്‍ പ്രസംഗിക്കുമ്പോള്‍ പരാമര്‍ശിക്കുന്നത് അപ്പസ്തൊല പ്രവൃത്തികൾ 17-ല്‍ വായിക്കുന്നു. അരെയോപ്പാഗസിലെ പ്രസംഗമധ്യേ അദ്ദേഹം പറയുന്നു “നാം ദൈവത്തിന്‍റെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെ തന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ട്” (വാക്യം 28). ഇവിടെ പൗലോസ് പരാമര്‍ശിക്കുന്നത് ബി.സി കാലഘട്ടത്തില്‍ എഴുതപ്പെട്ട ചില ഗ്രീക്ക് കാവ്യങ്ങളെയാണ്. ഈ കാവ്യങ്ങളില്‍ പരാമര്‍ശിക്കുന്നത്, താന്‍ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ഏകസത്യദൈവത്തെയാണ് എന്ന അവബോധം പൗലോസിന് ഉണ്ടായിരുന്നു. മറ്റേതെങ്കിലും മൂര്‍ത്തികളെ ഉദ്ദേശിച്ചാണ് ഈ കാവ്യം രചിച്ചിരിക്കുന്നതെങ്കില്‍ പൗലോസ് ഇപ്രകാരം പരാമര്‍ശിക്കില്ലായിരുന്നു എന്നു കരുതാം. ഇവിടെയും നമുക്കു കാണാൻ കഴിയുന്നത് തിരുവചനത്തിനു വെളിയിലുള്ള ദൈവിക വെളിപാടുകളുടെ സൂചനകളാണ്.

സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നതും അവരെല്ലാവരും സത്യത്തിന്‍റെ പരിപൂര്‍ണ്ണതയിലേക്ക് കടന്നുവരണമെന്നതും ദൈവഹൃദയത്തിന്‍റെ ആഗ്രഹമാണെന്ന് 1 തിമോത്തി 2:4ല്‍ വായിക്കുന്നു. ക്രിസ്തുവിലൂടെ ദൈവം മര്‍ത്യകുലത്തിന് പ്രദാനം ചെയ്തിരിക്കുന്ന നിത്യരക്ഷയുടെ സന്ദേശവും സത്യത്തിന്‍റെ പരിപൂര്‍ണ്ണതയും മനസ്സിലാക്കണമെന്ന് അഭിവാഞ്ജയുള്ള ദൈവം ഇതര മതഗ്രന്ഥങ്ങളില്‍ ക്രിസ്തുവിലേക്കുള്ള സൂചനകള്‍ നല്‍കാന്‍ പാടില്ല എന്ന് ചില പണ്ഡിതന്മാര്‍ വാശിപിടിക്കുന്നതിന്‍റെ സാംഗത്യമാണ് മനസ്സിലാക്കാന്‍ കഴിയാത്തത്.

ക്രിസ്തു ചെയ്ത അത്ഭുതങ്ങളെല്ലാം അടയാളങ്ങളായിരുന്നു. കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ ആദ്യ അത്ഭുതത്തിന് ഒടുവില്‍ യോഹന്നാന്‍ 2:11-ാം വചനത്തില്‍ എഴുതിയത് “യേശു തന്‍റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം” എന്നാണ്. ക്രിസ്തു ചെയ്ത അത്ഭുതങ്ങളെല്ലാം അടയാളങ്ങളായിരുന്നു. തന്‍റെ മഹത്വം വെളിപ്പെടുത്തുക എന്നതായിരുന്നു ഈ അത്ഭുതങ്ങളുടെ ലക്ഷ്യമായി തിരുവചനം അടിവരയിട്ടു പറയുന്നത്. അത്ഭുതം അതില്‍ തന്നെ പൂര്‍ണ്ണമല്ല, അതൊരു സൂചന മാത്രമാണല്ലോ.

സത്യാന്വേഷണ തല്‍പ്പരരായ ഭാരതത്തിലെ ഋഷീവര്യന്മാർക്കു സനാതനസത്യത്തെക്കുറിച്ചു ലഭ്യമായ സൂചനകളാണ് തങ്ങളുടെ എഴുത്തുകളില്‍ പങ്കുവച്ചത്. ഇത്തരം സൂചനകള്‍ ബൈബിളിനു വെളിയില്‍ ജീവിച്ച പലരേയും ക്രിസ്തുവിലേക്കു കാലാന്തരത്തില്‍ നയിച്ചു. കാശിയിലും വരാണസിയിലും “ക്രിസ്തുവിനെ ധ്യാനിച്ചിരിക്കുന്ന സന്യാസിമാരെ” കണ്ടുമുട്ടിയതായി സാധു സുന്ദർസിംഗ് സാക്ഷ്യപ്പെടുത്തിയത് ഇവിടെ സ്മരണാർഹമാണ്. ഇന്നും ബൈബിൾ കൈവശമില്ലാത്ത ആളുകൾക്ക് ക്രിസ്തുവിൻ്റെ സാമീപ്യം ലഭ്യമാവുകയും അവർ പിന്നീട് ക്രിസ്തു വിശ്വാസികളായിത്തീരുകയും ചെയ്ത എത്രയോ വാർത്തകൾ ഉയരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

കിഴക്കുദിച്ച നക്ഷത്രവും പൗരസ്ത്യജ്ഞാനകള്‍ക്ക് ഒരു സൂചനയായിരുന്നു. ഈ നക്ഷത്രത്തേ നോക്കി സഞ്ചരിച്ച ജ്ഞാനികള്‍ക്ക് ദിവ്യരക്ഷക സംസർഗ്ഗമാണുണ്ടായത്. ഇമ്മാനുവേൽ പ്രവചനങ്ങൾ എഴുതിയ ഗ്രന്ഥങ്ങളെ നിരന്തരം പാരായണം ചെയ്തവർക്കു അജ്ഞാതമായ വെളിപ്പാടുകളാണ് ഇത്തരം സൂചനകളെ പിൻപറ്റിയർക്ക് ദൃശ്യവേദ്യമായത് എന്നു പറയുമ്പോൾ സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്നുള്ള ദൈവികവാഞ്ജയുടെ ആഴങ്ങളാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

ബൈബിളിനു വെളിയില്‍ ദൈവം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. സകലരും രക്ഷപ്പെടണമെന്ന ദൈവിക ഹൃദയവാഞ്ജ മനസ്സിലാകാത്തവര്‍ക്കു മാത്രമേ ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ പരിധി നിര്‍ദ്ദേശിക്കാൻ കഴിയൂ. എന്നാല്‍ ഇത്തരക്കാരുടെ വിമര്‍ശനങ്ങളേയും വ്യക്തിഹത്യയേയുമെല്ലാം അതിജീവിച്ച് സുവിശേഷസന്ദേശത്തിന് പ്രപഞ്ചത്തോളം പരിധിയുണ്ടെന്ന ബോധ്യത്തില്‍ സധൈര്യം സുവിശേഷം പ്രസംഗിച്ച ഭക്തനയിരുന്നു അരവിന്ദാക്ഷമേനോന്‍.

ആര്യവേദങ്ങള്‍ അദ്ദേഹത്തിന് ക്രിസ്തുവിലേക്കുള്ള സൂചനകളായിരുന്നു. സൂചനകളേ പിന്തുടര്‍ന്ന് അദ്ദേഹം സനാതനസത്യദര്‍ശനം പ്രദാനംചെയ്യുന്ന നിത്യജീവന്‍റെ ഭാഗമായിരിക്കുന്നു. ക്രിസ്തുവില്‍ പ്രിയ സഹോദരന്‍ അരവിന്ദാക്ഷമേനോന്‍റെ ഓര്‍മ്മകള്‍ അനേകായിരങ്ങളേ ഇനിയും ക്രിസ്തുപാദാന്തികത്തിലേക്ക് ആകര്‍ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ

https://youtu.be/CszoC6R68AE

https://youtu.be/3ml_XV2HKPs