പ്രിയപ്പെട്ട മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളി ഇടവകാംഗങ്ങളേ,

ഞാൻ ഇന്ന് നമ്മുടെ അതിരൂപതാദ്ധ്യക്ഷനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തു പിതാവിന്റെ നിയമന ഉത്തരവനുസരിച്ച് ഇന്ന് നാലുമണിയോടുത്ത് ഞാൻ പള്ളിയുടെ ചുമതലയേൽക്കാൻ വന്നത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. മൂഴിക്കുളം ഇടവകയിലെ വിശ്വാസികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി നിയമാനുസൃതമായി(Licit) ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനായി അതിരൂപതാദ്ധ്യക്ഷനിൽ നിന്ന് ലഭിച്ച Dispensation Decree യോടുകൂടിയാണ് ഞാൻ അവിടെയെത്തിയത്. ഇക്കാര്യം ഞാൻ മുൻകൂട്ടിത്തന്നെ ഇടവകയിലെ ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നതാണ്.

മൂഴിക്കുളത്തെ വിശ്വാസി സമൂഹം എന്നെ മാലയിട്ട് സ്വീകരിക്കുകയും ബൊക്കെ നൽകുകയും ചെയ്തു. പക്ഷേ, വളരെ ആസൂത്രിതമായി ഒരു വിഭാഗം പള്ളിയുടെ എല്ലാ ഗെയ്റ്റുകളും നേരത്തെതന്നെ അടച്ചിട്ട് കഞ്ഞിയടക്കം നേരത്തെ തയ്യാറാക്കി ഒരു കാരണവശാലും എന്നെ പള്ളി കോമ്പൗണ്ടിൽ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ് നിലയുറപ്പിച്ചിരുന്നു.

പോലീസിന്റെ സഹായ മുണ്ടായിട്ടും സംഘർഷ മൊഴിവാക്കുന്നതിനും ദൈവജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനുംവേണ്ടി പ്രധാന ഗെയ്റ്റിനു മുമ്പിൽവച്ച് ദൈവജനത്തെ സാക്ഷിനിർത്തി ഞാൻ നിയമനപത്രിക വായിച്ചു മൂഴിക്കുളം ഫൊറോന പള്ളിയുടെ വികാരിയായി സ്ഥാനമേൽക്കുകയും ചെയ്തു.

മൂഴിക്കുളം ഫൊറോന പള്ളിയുടെ വികാരി എന്ന നിലയിൽ അതിരൂപതാദ്ധ്യക്ഷന്റെയോ എന്റെയോ അനുമതിയില്ലാതെ 12.03.2023 മുതൽ പള്ളിയിൽ കുർബാനയോ മറ്റു കൂദാശകളോ പരികർമ്മം ചെയ്യാൻ പാടുള്ളതല്ലെന്ന് കൈക്കാരന്മാരെ വിളിച്ചു വരുത്തി അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഇന്ന് പള്ളിയും ഗെയ്റ്റുകളും പൂട്ടിയിടാനുള്ള കാരണം തെറ്റിദ്ധരിക്കപ്പെട്ട് അവിടെ കൂടിയിരുന്ന ന്യൂനപക്ഷം വരുന്ന ചില ആളുകളുടെ പിടിവാശി മൂലമാണ്. എന്നാൽ, നാളെ ഞായറാഴ്ച ഒരു പുരോഹിതനെന്ന നിലയിൽ നിങ്ങൾക്കുവേണ്ടി ബലിയർപ്പിക്കാനും എന്റെ പൗരോഹിത്യ ശുശ്രൂഷ ഇടവകയിൽ ആരംഭിക്കുവാനും മൂഴിക്കുളം ഇടവകയിലെ വിശ്വാസി സമൂഹത്തെ ദൈവേഷ്ടപ്രകാരം സഭയുടെ പ്രബോധനങ്ങളും അധികാരികളുടെ കൽപ്പനയുമനുസരിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ തയ്യാറാണെന്ന് നിങ്ങളെ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

ഈയവസരത്തിൽ ഒരു ന്യൂനപക്ഷം വരുന്ന വിശ്വാസസമൂഹത്തിന്റെ മനസ്സിലുണ്ടായിട്ടുള്ള സംശയം ദൂരീകരിക്കേണ്ടതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

ബസ്ലിക്ക പള്ളി അടച്ചിടാൻ കാരണം ബസ്ലിക്കയിൽ അവഹേളനപരമായി അനുവാദമില്ലാതെ പ. കുർബാനയെ സമരായുധമാക്കി പതിനാറ് മണിക്കൂർ നീണ്ട റിലേ കുർബാന നടത്തുകയും അതേത്തുടർന്നുണ്ടായ സംഘർഷങ്ങൾക്കൊടുവിൽ ബസ്ലിക്ക അടച്ചിടേണ്ടി വരികയുമായിരുന്നു.

അന്ന് ബസ്ലിക്കയിലെ കുർബ്ബാനയർപ്പണത്തെ ഞാൻ ഒരിക്കലും തടസ്സപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല.മറിച്ച് ബസ്ലിക്കയുടെ അഡ്മിനിസ്ടേറ്ററായ എന്നെ കുർബാന അർപ്പിക്കുന്നതിൽനിന്ന് ഒരു വിഭാഗം വൈദികർ ദേവാലയവും ബലിപീഠവും കയ്യടക്കി എന്നെ തടയുകയായിരുന്നു.

ബസ്ലിക്കയിൽ നടന്ന അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്തം എന്നിൽ ശക്തമായി ആരോപിക്കുകയും അത്തരത്തിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയുമായിരുന്നു.

ഇന്ന് മൂഴിക്കുളം പള്ളിയിൽവച്ച് നമ്മുടെ ഇടവക സമൂഹത്തിലെ കുറെപ്പേർ അത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ആസൂത്രിതമായി ഗെയ്റ്റ് അടച്ചിടുകയുമായിരുന്നു.

ബസ്ലിക്ക പൂട്ടിയിട്ടതിൽ ബസ്ലിക്കയുടെ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഏറെ വേദനിക്കുന്ന വൈദികനാണ് ഞാൻ. ഇന്ത്യയുടെ അപ്പസ്തോലിക് നുൺ ഷോ നിയമിച്ച അഭിവന്ദ്യ സൂസൈപാക്യം പിതാവിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഈ വിഷയം സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുളളതുമാണ്.

ആയതിനാൽ മൂഴിക്കുളം ഇടവക സമൂഹത്തിലെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വിഘടിച്ച് നിൽക്കുന്ന എല്ലാവരും ഒരേ മനസ്സോടെ ഒരിടയനും തൊഴുത്തുമായി ഈശോയുടെ സ്വപ്നം പോലെയും ആദിമ ക്രൈസ്തവ സമൂഹം പോലെയും നമുക്കൊരുമിച്ച് സഭയോടും സഭാപിതാക്കന്മാരോടും ചേർന്ന് ക്രിസ്തുവിന് സാക്ഷ്യംവഹിച്ച് മുന്നോട്ട് പോകാം.

നമുക്ക് പരസ്പരം പ്രാർത്ഥിക്കാം.

സ്നേഹപൂർവ്വം

ഫാ.ആന്റണി പൂതവേലിൽ


മൂഴിക്കുളം സെ. മേരീസ് ഫൊറോന പള്ളി വികാരി .
11.03.2023 .