സിറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതുന്ന കത്ത്
മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് 1999-ൽ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ഏകകണ്ഠമായി എടുത്ത തീരുമാനത്തെ പ്രത്യേക അംഗീകാരത്തോടും പ്രോത്സാഹനത്തോടും കൂടിയാണ് പരിശുദ്ധ സിംഹാസനം പരിഗണിക്കുന്നത്. തുടർന്നു വന്ന വർഷങ്ങളിൽ പരിശുദ്ധ സിംഹാസനം ഈ തീരുമാനത്തിന് ആവർത്തിച്ച് അംഗീകാരം നൽകുകയും ചെയ്തിട്ടുള്ളതാണ്. നിങ്ങളുടെ പ്രിയപ്പെട്ട സഭയിൽ മുഴുവൻ വർദ്ധമാനമായ സ്ഥിരതയും സഭാത്മകമായ ഐക്യവും സംജാതമാവുന്നതിന് ഈ ഐക്യതീരുമാനം അതിപ്രധാനമായ ഒരു കാൽവെയ്പ്പ് ആണ്. മഹാ ജൂബിലി വർഷത്തിൽ (2000) ശ്രേഷ്ഠമായ ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നിങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ നമ്മുടെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് നിങ്ങളുടെ സ്വയാധികായ സഭയിൽ സഭയിൽ സന്തോഷപൂർവമായ പ്രതീക്ഷ നൽകി.
നിങ്ങളുടെ ഊർജ്ജസ്വലമായ സഭയിൽ നിലനിൽക്കുന്നതും തുടർ നടപടികൾ ആവശ്യമുള്ളതുമായ ചില എതിർപ്പുകൾക്കിടയിലും മെത്രാൻ സംഘത്തിന്റെ നിരന്തരമായ അഭിപ്രായ ഐക്യം പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണെന്ന് മനസ്സിലാക്കി സമാധപൂർവ്വമായും പ്രാര്ഥനാപൂർവ്വമായും കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായുള്ള ഔദ്യോഗിക രീതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മിഷൻ രൂപതകളിൽ, സുവിഷവത്കരണത്തിന്റെ വിജയം ഉൾപ്പെടെ ഗണ്യമായ സത്ഫലങ്ങൾ ലഭിച്ചു.
തങ്ങളെടുത്ത ഐക്യതീരുമാനത്തിൽ നിലനിൽക്കാൻ സിറോ മലബാർ മെത്രാന്മാരോട് ഞാൻ ആവശ്യപ്പെടുന്നു. “സ്ഥലത്തേക്കാൾ സമയം പ്രധാനപ്പെട്ടതാണ്” (cf. Evangelii Gaudium, 222-225) എന്നും “സംഘർഷത്തിനു മുകളിൽ ഐക്യം പ്രാമുഖ്യം നേടുന്നു” (cf. Ibid, 226-230) എന്നും വിശ്വസിച്ച് ദൈവജനവുമൊത്ത് “ഒരുമിച്ച് നടക്കാനുള്ള” അവരുടെ സഭാത്മകമായ തീരുമാനത്തെ ഞാൻ സ്ഥിരീകരിക്കുന്നു.
നിങ്ങളുടെ സഭയുടെ ഉപരി നന്മയ്ക്കും ഐക്യത്തിനും വേണ്ടി വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃത രീതി ഉടനടി നടപ്പിലാക്കാൻ എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും ഉപദേശിക്കുന്നതിന് പുതിയ റാസ കുർബാന തക്സയ്ക്ക് അംഗീകാരം നൽകുന്ന സന്ദർഭം ഞാൻ ബോധപൂർവ്വം ഉപയോഗിക്കുന്നു.സിനഡൽ തീരുമാനം നടപ്പിലാക്കാൻ നിങ്ങൾ പ്രവർത്തിക്കുമ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളിലും ഐക്യവും സാഹോദര്യവും കൂട്ടായ്മയും വളർത്തട്ടെ.
പരിശുദ്ധ കന്യാമറിയത്തിന്റെയും പുണ്യപിതാവായ മാർ യൗസെപ്പിന്റെയും മാർത്തോമാ ശ്ലീഹായുടെയും മധ്യസ്ഥതയിൽ നിങ്ങളെ എല്ലാവരെയും ഭരമേൽപ്പിച്ചുകൊണ്ട്, ഞാൻ സന്തോഷപൂർവ്വം എന്റെ ശ്ലൈഹീക ആശീർവാദം നൽകുന്നു. പ്രാർത്ഥനയിലുള്ള എന്റെ അടുപ്പം ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
ഫ്രാൻസിസ് മാർപാപ്പ
റോം, സെന്റ് ജോൺ ലാറ്ററൻ,
3 ജൂലൈ 2021
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2021-ൽ എഴുതിയ കത്തിന് ഇപ്പോഴും വലിയ പ്രസക്തി .