ഒരു ഘട്ടം കഴിഞ്ഞാൽ ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം.
നിനച്ചിരിക്കാതെ തനിച്ചാക്കി, പങ്കാളി കൂടൊഴിയുമ്പോൾ നാളെ ഞാൻ എങ്ങനെയെന്ന് അവൾ ആകുലപ്പെടാൻ നിങ്ങൾ കാരണമാകരുത്.അവൾക്കുള്ളതെല്ലാം അനുവാദം പോലും ചോദിക്കാതെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിച്ചിട്ട്, ഒന്നും പറയാതെ, ആരോടും ഒന്നും പറഞ്ഞു വയ്ക്കുക പോലും ചെയ്യാതെ നിങ്ങൾ പടിയിറങ്ങുമ്പോൾ ……..
നിങ്ങൾ ഇല്ലാത്ത ഈ ലോകത്ത് അവൾ എങ്ങിനെ ജീവിക്കും എന്ന് ഒരു നിമിഷം എങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഈനിമിഷം അതുണ്ടാകണം.നിങ്ങൾ മരണപ്പെട്ടാൽ ഞാൻ എങ്ങിനെ ജീവിക്കും എന്ന് ചോദിക്കാൻ പോയിട്ട് ആ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും അശക്തരാണ് പല സ്തീകളും.
അത് കൊണ്ട് തന്നെ അത് കൃത്യമായി പറഞ്ഞു വയ്ക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്.നിങ്ങളുടെ മരണശേഷമുള്ള പുറംലോകത്തിന്റെ കണക്കെടുപ്പിൽ, വരുന്നവർക്കും പോകുന്നവർക്കും കൊട്ടിപ്പോകാനുള്ള ചെണ്ടയാകരുത് അവൾ.ഇന്നലെ വരെ അവൾ നിങ്ങൾക്കാരായിരുന്നു എന്ന് കണക്കു നോക്കാൻ വരുന്നവർക്കറിയില്ലല്ലോ?അതിനാൽ അവരെ നിങ്ങൾ ഇന്നേ സേഫ് ആക്കണം. അത് അവളോട് തന്നെ നിങ്ങൾ ഉറപ്പാക്കുകയും വേണം.
നാലു മണിച്ചായ’ എത്ര തവണ വായിച്ചാലും വീണ്ടും ആദ്യമെന്ന പോലെ വായിക്കുന്ന ഒരു കഥ. നിങ്ങളും വായിക്കണം. പറയാനുള്ളതും, ചെയ്യാനുള്ളതും അന്യോന്യം പറഞ്ഞ് വയ്ക്കണം. മരണം രംഗബോധമില്ലാത്ത കോമാളിയാണ്. തന്റെ പങ്കാളിയെ ഒരു നിമിഷം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ കാര്യങ്ങൾക്ക് കൃത്യത വരുത്താമായിരുന്നു എന്ന് ചിന്തിച്ചിട്ട് പിന്നെ കാര്യമില്ലല്ലോ?
നാലുമണിച്ചായ……………………
കുട്ടികൾ എല്ലാവരും മുതിർന്നു വിവാഹം കഴിച്ചുപോയിരുന്നു. ഇടയ്ക്ക് അവർ തിരികെ വരുമ്പോഴൊക്കെ സ്വന്തം മുറിയടക്കം മക്കൾക്ക് വിട്ടുകൊടുത്ത് അച്ഛനും അമ്മയും ഹാളിൽ കിടന്നു.
അയാളുടെ നീണ്ട കൈയെടുത്ത് തന്റെ തലയിണയാക്കാൻ ഒരുങ്ങിയപ്പോൾ അയാൾ ചോദിച്ചു. “മൂന്ന് പേരിൽ ഒരാൾ പോലും വന്ന് അച്ഛനും അമ്മയും മുറിയിൽ കിടന്നോ,
ഞങ്ങൾ ഇവിടെ കിടന്നോളാം എന്ന് പറഞ്ഞില്ലല്ലോ.. നിന്നോട് പറഞ്ഞോ?
“”ഇല്ല… അവരൊക്കെ ചെറുപ്പമല്ലേ.. അവരാണോ ഹാളിൽ കിടക്കേണ്ടത്..?” “
ഹഹ!!.. വയസ്സായ നമുക്ക് ഹാളിൽ കിടക്കാമെന്ന്… അല്ലേ?….”അമിതാഭ് ബച്ചനും ഹേമമാലിനിയും അഭിനയിച്ച സമാനമായ സീനുകൾ ഉള്ള ഹിന്ദിപ്പടം അവളുടെ ഉള്ളിൽ തെളിഞ്ഞു. മക്കളോ അതിഥികളോ വന്നാൽ ഒട്ടുമിക്ക വീടുകളിലും ഇതാണ് അവസ്ഥ!അച്ഛനുമമ്മയും ഹാളിലോ വീട്ടിലെ പൊതു ഇടത്തിലോ, കിടക്കയോ തലയിണയോ ഒന്നുമില്ലാതെയോ മറ്റു അസൗകര്യത്തിലോ കിടക്കേണ്ടിവരും.
“ഞാനൊരു ചായ ചോദിച്ചിരുന്നു മോളോട്…. കിട്ടിയില്ല…. ” അയാൾ പറഞ്ഞു. “അവൾ മറന്നിരിക്കും… ഇപ്പോ വേണോ….?””വേണ്ട…. നീ കിടക്ക്…. “അയാളുടെ നീട്ടിയ കൈകളിലേക്ക് അവൾ കിടന്നു.
“ഞാൻ മരിച്ചുപോയാൽ നീ എന്ത് ചെയ്യും?” അയാളുടെ ഓർക്കാപ്പുറത്തുള്ള ചോദ്യം അവളെ അന്ധാളിപ്പിക്കുകതന്നെ ചെയ്തു.
“വിഷമിപ്പിക്കാൻ ചോദിച്ചതല്ല പെണ്ണേ!… നീ ഓർത്തു വെയ്ക്കണം… ഞാൻ ഇല്ലാതായാൽ ജീവിക്കാനുള്ള കഴിവ് വീണ്ടെടുക്കേണ്ട വഴികൾ ആലോചിച്ചു വെയ്ക്കണം….. മക്കൾ നമ്മെ നോക്കണം എന്നില്ല… നോക്കുമായിരിക്കാം… ഒരുപക്ഷേ മൂന്നുപേരുടെയും വീടുകളിൽ മാറി മാറി താമസിക്കേണ്ടി വന്നേക്കാം..
അവരുടെ മക്കളെ നോക്കാൻ കാശ് കൊടുക്കാത്ത വേലക്കാരിയാവരുത് നീ. ആരോഗ്യം ഉണ്ടാകുംവരെ റാണിയെപ്പോലെ ജീവിക്കണം.”
“എന്തിനാണ് ഇങ്ങനെ…. ഇപ്പൊ…. സംസാരിക്കുന്നത്”അവളുടെ നനഞ്ഞ ശബ്ദം ഇടറിയിരുന്നു.
അയാൾ ആ കവിളുകളിലൂടെ ഒഴുകിയ തുള്ളികൾ തുടച്ചു. “പറഞ്ഞല്ലോ സങ്കടപ്പെടാനല്ല പറയുന്നതെന്ന്… മക്കൾക്കും മറ്റുള്ളവർക്കും ജീവിതമുണ്ട്.
അവരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഉപദ്രവിക്കാവൂ… ഒരു പ്രശനം ഉണ്ടാകും വരെ എല്ലാം തെളിഞ്ഞ ജലാശയമാണ്. പക്ഷെ ഒരു പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യും…”അയാൾ അവളുടെ മുടിയിഴയിൽ തഴുകി.
ഇണ നഷ്ടപ്പെടുന്ന നിമിഷത്തിൽ അയാൾ കുടുങ്ങിക്കിടക്കുകയാണെന്ന് തോന്നി. നീ എവിടെയായാലും എന്റെ സ്നേഹത്തിന്റെ സുഗന്ധത്തിലാണ് എന്ന വാഗ്ദാനം പെട്ടെന്ന് മാഞ്ഞുപോകുന്നു.
ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം പെട്ടെന്നൊരുനാൾ അപ്രത്യക്ഷമാകുന്നു. കനത്ത ശൂന്യതയും നിശബ്ദതയും മക്കൾക്കോ കൂട്ടുകാർക്കോ കുടുംബത്തിനോ നികത്താൻ ആവാതെ മറ്റേയാൾ പകച്ചുപോകുന്നൊരു നിമിഷമുണ്ട്.
“എന്റെ മരണമായാലും ശരി, നീ മരിച്ചാലും ശരി, നമ്മെ വല്ലാതെ ഉലയ്ക്കുന്ന ദിവസങ്ങൾ കഴിഞ്ഞാൽ, യാഥാർഥ്യം തെളിഞ്ഞു വരും. ഇല്ലേ…?”
അവൾ തലയാട്ടിയില്ല. “വയസ്സും രോഗവും മരണവും എന്നും പ്രശ്നക്കാർ ആണ്. അതോണ്ട്…. “
അയാൾ നിറുത്തി. ഉറങ്ങാൻ അവൾക്ക് പേടി തോന്നി. അയാളെ ഉറക്കാനും…
ക്ലോക്കിലെ സെക്കന്റ് സൂചി പതുക്കെ ചലിക്കുന്ന ശബ്ദം മാത്രം.
“അതേയ്….
“”ഉം…”
ആ വിളിക്ക് കാതോർത്തപോലെ അയാൾ മൂളി.
“ഞാൻ എന്താ ചെയ്യുക?….
“താൻ മരിച്ചു പോയാൽ എന്താണ് ചെയ്യുക എന്നാണ് ആ ചോദ്യമെന്നു അയാൾക്ക് മനസ്സിലായിരുന്നു. “
വിഷമിക്കാതെ ആലോചിക്കണം. നമ്മുടെ മക്കൾ എടുക്കാത്ത കുറച്ചു സമ്പാദ്യം നിന്റെ പേരിൽ ഉണ്ട്. നമ്മുടെ ആദ്യത്തെ വീട് നിന്റെ പേരിലുണ്ട്.
ആരോഗ്യം ഉണ്ടെങ്കിൽ നിനക്കിഷ്ടമുള്ള കൃഷിയോ ട്യൂഷനോ ചെയ്യണം. ഒരാളെ സഹായത്തിന് നിറുത്തണം. മക്കൾ കയ്യിട്ടു വാരാൻ വന്നാൽ ഉറച്ചു നിന്ന് സംസാരിക്കണം. അഥവാ സ്നേഹത്തോടെ വന്നാലും നിനക്ക് ആവുംവരെ അവരെ ആശ്രയിക്കേണ്ടല്ലോ. അമ്മ എന്ന സെന്റിമെന്റ്സ് ഇപ്പോൾ അവർക്ക് ആവശ്യമില്ല. അവർ മുതിർന്നവരാണെന്നു മറക്കേണ്ട…”
“ഞാൻ മരിച്ചാലോ…..?
“അവൾ പതുക്കെയാണ് ചോദിച്ചതെങ്കിലും പെരുമ്പറയടിപോലെ പരിസരം കുലുങ്ങി.
“പറ…. നിങ്ങൾ എന്താ ചെയ്യുക…
ഒറ്റയ്ക്ക്?””ആണും പെണ്ണും ഈ കാര്യത്തിൽ വ്യത്യാസമുണ്ട് അമ്മൂ….” അയാൾ അവളുടെ നേരെ തിരിഞ്ഞു കിടന്നു.
“ഒരാണിന് എന്തായാലും മക്കളുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യേണ്ടി വരില്ല. പക്ഷെ മറ്റു വിഷമങ്ങൾ ഉണ്ടാവാം.””എന്റെ പേരിൽ പണമിട്ട നിങ്ങൾ സ്വന്തം പേരിൽ പണം ഇട്ടിട്ടുണ്ടോ…?
“”ഇല്ല…. ”
അയാളുടെ ഒച്ച താഴ്ന്നിരുന്നു.
“എന്നാൽ ഇടണം. വയ്യാതായാൽ എന്ത് ചെയ്യും?….
ഒരു ഹോം നേഴ്സ് വേണമെങ്കിൽ… അതുമല്ല മറ്റൊരു വിവാഹം ഒത്തുവന്നാൽ….”അവൾ കുസൃതിയോടെ അയാളുടെ വിരൽ കവർന്നു. അയാൾ പൊട്ടിച്ചിരിച്ചു. “ഈ ചോദ്യം തിരിച്ചു ചോദിക്കട്ടെ?…. ” “
അങ്ങനെയല്ലല്ലോ. വിധവകൾ അങ്ങനെ വിവാഹം കഴിക്കുന്നത് അപൂർവമല്ലേ… പ്രായമുണ്ടെങ്കിൽ ഒട്ടും ആ വശത്തേക്ക് ചിന്തിക്കില്ല. പക്ഷെ പുരുഷന് ഒറ്റയ്ക്ക് ജീവിക്കാൻ പ്രയാസമായിരിക്കും.
ആരെങ്കിലും നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞാൽ നിങ്ങൾ തിരിച്ചും ഇഷ്ടപ്പെടണം ട്ടോ… പറ്റിയാൽ നിറയെ സ്നേഹിക്കണം. ഒരുമിച്ചു ജീവിക്കണം.
അതിനൊക്കെ പണം വേണ്ടേ… കുറച്ചു കുറച്ചായി എടുത്തു വെയ്ക്കണം…
ഉം…?”
കുറച്ചു നേരം രണ്ട് പേരും മിണ്ടിയില്ല.
“ഈ വയസ്സാംകാലത്തു പെണ്ണ് കെട്ടിയിട്ട് ആ പെണ്ണ് എന്നെ ശപിക്കാനാണോ അമ്മൂ നിന്റെയീ സ്റ്റഡി ക്ലാസ്സ്…?””
അടുത്തിരിക്കാൻ ഒരാൾ ഉണ്ടാവില്ലേ? ഒരു ഘട്ടം കഴിഞ്ഞാൽ സെക്സ് വേണ്ടല്ലോ.. ചാരാൻ ഒരു തോൾ… ഒരു ആശ്രയത്തിന്….” അവൾ വീണ്ടും അയാളെ നോക്കി.
“ചാരാൻ ചുമരുകളാണ് നല്ലത് അമ്മൂ… മനുഷ്യരാവുമ്പോള്, അങ്ങോട്ടു ചാരിയാൽ ഇങ്ങോട്ടും ചാരും….”
“എന്നാലും… സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹമുണ്ടെകിൽ ആ ആഗ്രഹത്തെ തളച്ചിടരുത്. മക്കളോ സമൂഹമോ എന്ത് കരുതുമെന്നോർത്തു ജീവിത സായാഹ്നം നശിപ്പിക്കരുത് ട്ടോ….” അയാളുടെ അമ്മു വീണ്ടും ഓർമിപ്പിച്ചു. “ആരോഗ്യം ഉണ്ടെങ്കിൽ തൂമ്പയെടുത്തു കിളക്കാൻ അറിയാം. നീ വിഷമിക്കേണ്ട കേട്ടോ….” രാവിന്റെ ഏതോ യാമത്തിൽ അയാൾ ആ ചെവിയിൽ പതുക്കെ പറയുന്നുണ്ടായിരുന്നു.
തിരിഞ്ഞു കിടന്നപ്പോൾ അവളുടെ കഴുത്തിലെ ചെറിയ താലി അയാളുടെ കണ്ണിലുടക്കി.
മുമ്പെന്നോ അവൾ പറഞ്ഞിരുന്നു, എനിക്ക് ഈ താലി മാറ്റി മംഗല്യസൂത്രം ഉണ്ടാക്കണമെന്ന്. തമിഴ് നാട്ടിലെ അയ്യങ്കാർ താലി അവൾക്കെന്നും പ്രിയമാണ്.
തിരക്കുകളിൽ താൻ മറന്നപ്പോൾ അവൾ ഓർമിപ്പിച്ചുമില്ലല്ലോ…. പിറ്റേന്ന് മൂന്നാല് പവനോളം തൂക്കം വരുന്ന മൂന്ന് ലോക്കറ്റുകൾ അവളുടെ മാലയിൽ കോർത്ത് അയാൾ ഒരിക്കൽക്കൂടി ആ കഴുത്തിൽ താലി കെട്ടി.
“പെട്ടെന്നെങ്ങാനും ഞാൻ തട്ടിപ്പോയാൽ കുറച്ചു കാലം കാല് നിലത്തുറപ്പിക്കാൻ ഈ സ്വർണ്ണം നിനക്ക് ഉപകരിക്കട്ടെ…”അയാളുടെ ചുണ്ടുകൾ ചിരിച്ചപ്പോൾ അവൾക്കും ചിരി വരുന്നുണ്ടായിരുന്നു.
“എന്തൊരു കൂത്താണ്…… വയസ്സായെന്ന് വിചാരമില്ലാത്ത ഈ തന്തയും തള്ളയും ….” അയാളുടെ കണ്ണുകളിലെ തീക്ഷ്ണമായ ആജ്ഞാശക്തിയിലേക്ക് ഇപ്പോഴും നോക്കാൻ കെൽപ്പില്ലാത്ത മക്കൾ അവരുടെ മുറികൾക്കുള്ളിൽ പിറുപിറുത്തുകൊണ്ടിരുന്നപ്പോൾ അവൾ അയാൾക്കിഷ്ടമുള്ള നാലുമണിച്ചായയിലേക്ക് തേയില ചേർക്കുകയായിരുന്നു.
(കേരളഭൂഷണം പത്രത്തിൽ വന്ന കഥ…. നാലുമണിച്ചായ) *നാളെ നമുക്കെല്ലാം നേരിടേണ്ടി വരുന്ന ഒരവസ്ഥ ആണിത്……
Prepare for it*
Vinson Kurian