സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്?
ഒക്ടോബർ രണ്ട് ഞായറാഴ്ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി.
ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും സഭയുടെ നിലപാടിനെയും പ്രതികരണത്തെയും പിന്തുണച്ചും അഭിനന്ദിച്ചും സോഷ്യൽമീഡിയയിൽ സജീവമായപ്പോൾ അപൂർവ്വം ചിലർ വിരുദ്ധാഭിപ്രായങ്ങളുയർത്തി വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു സമൂഹത്തെ കാരണങ്ങൾ സൃഷ്ടിച്ച് അവഹേളിക്കാനും അനാവശ്യമായി ചോദ്യം ചെയ്യാനും ചിലർ സംഘടിതമായി ശ്രമിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമായിരുന്നു അത്. ഒക്ടോബർ രണ്ട് സംബന്ധിച്ച പ്രഖ്യാപനം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതിനാലാണ് ക്രൈസ്തവ സമൂഹവും സഭയും പ്രതികരിക്കാൻ നിർബ്ബന്ധിതരായത് എന്നുള്ളതാണ് വാസ്തവം.
ഞായറാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കുന്ന രീതി
വാരാന്ത്യ അവധി ദിനം എന്ന നിലയിൽ സകലരും അർഹിക്കുന്നതും ക്രൈസ്തവർക്ക് വിശുദ്ധ ദിനവുമായ ഞായറാഴ്ച പ്രവൃത്തിദിനങ്ങളാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നതല്ല. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി ഇത്തരമൊരു പ്രവണത ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മാത്രം ഇതേവിഷയവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉടലെടുക്കുകയുണ്ടായിരുന്നു. കഴിഞ്ഞ ജൂലായ് മൂന്ന്, സെന്റ്തോമസ് ദിനം എന്ന നിലയിൽ കേരളത്തിലെ ക്രൈസ്തവർ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ദിവസം ഞായറാഴ്ച കൂടിയായിരുന്നിട്ടും അന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനമാക്കിയതും, ഓണത്തോട് അനുബന്ധിച്ച് ശനിയാഴ്ച ദിവസങ്ങളിൽ നടത്തിവന്നിരുന്ന വള്ളംകളി ഇത്തവണ ഞായറാഴ്ചയിലേയ്ക്ക് മാറ്റിയതുമൂലം പങ്കെടുക്കുന്നവരിൽ വലിയൊരു വിഭാഗമായ ക്രൈസ്തവരും പരിസരത്തുള്ള ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച ആചാരണങ്ങളും പ്രതിസന്ധിയിൽ അകപ്പെട്ടതും രൂക്ഷമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സംഭവങ്ങളാണ്.
ആ അവസരങ്ങളിൽ കത്തോലിക്കാ സഭാ നേതൃത്വവും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും വളരെ വ്യക്തമായ രീതിയിൽ സർക്കാരിനെ പ്രതിഷേധം അറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഞായറാഴ്ച ആചരണം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നു മാത്രമല്ല, ആഴ്ചയിൽ ഒരു ദിവസത്തെ അവധി ഏതൊരു വ്യക്തിയുടെയും അവകാശമാണെന്നതും, ആകെ ലഭിക്കുന്ന ഒരു ഒഴിവ് ദിവസത്തിൽ വ്യക്തിപരമായും കുടുംബപരമായുമുള്ള ആവശ്യങ്ങൾ മിക്കവർക്കും ഉണ്ടായിരിക്കും എന്നുള്ളതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായെടുക്കുന്ന ഒരു തീരുമാനം അടിച്ചേൽപ്പിക്കുന്നത് ആശാസ്യമല്ല.
അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങൾ
മുന്നനുഭവങ്ങൾ പ്രകാരം ഞായറാഴ്ചകളിൽ സർക്കാർ തീരുമാനപ്രകാരമുള്ള പരിപാടികൾ പ്രഖ്യാപിക്കുന്നത് എല്ലായ്പ്പോഴും തന്നെ ചുരുങ്ങിയ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. ജൂലായ് മൂന്ന് ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനമാണെന്ന തീരുമാനം പ്രഖ്യാപിച്ചതും, ഒക്ടോബർ രണ്ട് സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്ന് പ്രഖ്യാപിച്ചതും കേവലം നാല് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്. മാത്രമല്ല, അത്തരം പരിപാടികൾ ദിവസം മുഴുവനുമുള്ളതായിരിക്കുകയുമാണ് പതിവ്. വിശ്വാസപരവും, സാമുദായികവും, സ്വകാര്യവുമായ നിരവധി കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന ബഹുഭൂരിപക്ഷത്തെ സംബന്ധിച്ച് ഇത്തരം അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും.
ഇത്തരത്തിൽ, പെട്ടെന്നുള്ളതും അഭിപ്രായങ്ങൾ തേടാതെയുള്ളതുമായ പ്രഖ്യാപനങ്ങൾ വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് വഴിവയ്ക്കുന്നതായുള്ള നിരവധി പരാതികൾ സർക്കാരിന് മുമ്പിൽ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നാല് മാസത്തിനിടെ മൂന്നാമതും ഒക്ടോബർ രണ്ട്, ഞായറാഴ്ചയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടാകുന്നത്. രാജ്യം മുഴുവൻ സമുചിതമായി ആചരിക്കുന്ന ഒക്ടോബർ രണ്ട് – ഗാന്ധി ജയന്തി ദിനം – മുമ്പും ഞായറാഴ്ചകളിൽ വന്നിട്ടുണ്ടെങ്കിലും അന്നൊന്നും നിർബ്ബന്ധിത പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുള്ളതല്ല. മുൻകാലങ്ങളിലെ രീതികൾക്ക് വിരുദ്ധമായി ഗാന്ധി ജയന്തി ആചരണം സംബന്ധിച്ച പ്രഖ്യാപനം വന്നപ്പോൾ ഉടൻ തന്നെ (സെപ്റ്റംബർ 28) കെസിബിസി പ്രതികരണം അറിയിക്കുകയും തീരുമാനം മാറ്റാൻ ഗവൺമെന്റിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ന്യായമായ ആ ആവശ്യത്തെ കണക്കിലെടുക്കാൻ സർക്കാർ തയ്യാറായില്ല.
ഞായറാഴ്ചയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ
എല്ലാ ക്രൈസ്തവരും വിശുദ്ധബലി അർപ്പണത്തിനായി ദേവാലയത്തിൽ എത്തണമെന്ന് നിർബ്ബന്ധിതമായതു മാത്രമല്ല, കത്തോലിക്കാ സമൂഹത്തിലെ കുട്ടികൾക്കുള്ള മതബോധന ദിനങ്ങൾ കൂടിയാണ് ഞായറാഴ്ചകൾ. മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കും മതബോധനത്തിനും ഏതൊരു പൗരനുമുള്ളത് ഭരണഘടനാപരമായ അവകാശമായതിനാൽ തടയപ്പെടാൻ പാടുളളതല്ല. മാത്രമല്ല, വേദപാഠ ക്ളാസുകളിലെ വിദ്യാർത്ഥികളുടെ മിഡ് ടേം പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുമ്പേ നിശ്ചയിക്കപ്പെട്ടിരുന്ന ദിവസമാണ് 2022 ഒക്ടോബർ രണ്ട് ഞായറാഴ്ച. കേവലം മൂന്നോ നാലോ ദിവസങ്ങൾക്ക് മുമ്പ് തിടുക്കത്തിൽ സ്വീകരിച്ച മറ്റൊരു തീരുമാനം മൂലം അവ പുനഃക്രമീകരിക്കാൻ കഴിയുമായിരുന്നില്ല. ഉന്നയിക്കപ്പെട്ട ന്യായമായ ആവശ്യം പോലും പരിഗണിക്കാൻ സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ (സെപ്റ്റംബർ 30) കേരള കത്തോലിക്കാ മെത്രാൻ സമിതി നിർബ്ബന്ധിതമായത്.
കത്തോലിക്കാ സഭയുടെ സാമൂഹിക ഇടപെടലുകൾ
മദ്യ – ലഹരി വിരുദ്ധ പരിപാടികളും അതിനുള്ള വിവിധ പദ്ധതികളും മുതൽ എല്ലാവിധ സാമൂഹിക സേവന പരിപാടികളിലും കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും എത്രമാത്രം സജീവമാണ് എന്നുള്ളത് പൊതുസമൂഹത്തിന് വ്യക്തതയുള്ള കാര്യമാണ്. ഒക്ടോബർ സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ലഹരി വിരുദ്ധ പദ്ധതികളിൽ പൂർണ്ണമായ സഹകരണം കത്തോലിക്കാ സമൂഹം ഉറപ്പു നൽകിയിട്ടുമുണ്ട്. സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന വിവിധ പരിപാടികളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് പ്രധാനം. കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളിൽ എഴുപത് ശതമാനവും പഠിക്കുന്നത് എയ്ഡഡ് – അൺഎയ്ഡഡ് മാനേജ്മെന്റ് സ്കൂളുകളിലാണ്. അത്തരം സ്കൂളുകൾ ഭൂരിപക്ഷവും കത്തോലിക്കാ – ക്രൈസ്തവ മാനേജ്മെന്റുകളുടേതാണ്. മുൻകാലങ്ങളിൽ എന്നതുപോലെ ഇനിയും സർക്കാരിന്റെ എല്ലാവിധ പദ്ധതികളുമായും അത്തരം സ്കൂളുകൾ പരിപൂർണ്ണമായും സഹകരിക്കും എന്നുള്ളതിൽ സർക്കാരിന് പോലും യാതൊരു സംശയവും ഉണ്ടാകാനിടയില്ല. എങ്കിൽപ്പോലും, ക്രൈസ്തവ സമൂഹം നിയമപരമായും ഭരണഘടനാപരമായും അർഹിക്കുന്ന അവകാശങ്ങളെ സർക്കാർ അപ്രധാനമായി കാണാനിടയാകുന്നതും തീരുമാനങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ദൗർഭാഗ്യകരമാണ്.
വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും ഉൾക്കൊണ്ട്, ഏവരും അർഹിക്കുന്ന വാരാന്ത്യ അവധി ദിനവും ക്രൈസ്തവർ സവിശേഷമായി ആചരിക്കുന്ന ദിവസവുമായ ഞായറാഴ്ചകളിൽ മറ്റ് പരിപാടികൾ നിർദ്ദേശിക്കുന്ന പതിവ് ഇനിയുള്ള കാലം സർക്കാർ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.