നാം ഓരോരുത്തരുടെയും ജീവിതത്തിൽ വിലാപത്തിന്റെറയും വേദനയുടെയും അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിലാപത്തിന്റെ അവസ്ഥകളെ മാറ്റി ആനന്ദനൃത്തം ആക്കുവാൻ നമ്മുടെ കർത്താവിനു സാധിക്കും. നാം ഓരോരുത്തരും ഉദ്ദേശിക്കുന്ന സമയത്ത് അല്ല കർത്താവ് നമ്മുടെ ജീവിതത്തെ ആനന്ദനൃത്തം ആക്കുന്നത്,മറിച്ച് കർത്താവിൻറെ സമയത്താണ് നമ്മുടെ ജീവിതത്തെ ആനന്ദനൃത്തം ആക്കുന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഭാവിയെ കുറിച്ചുള്ള ഉൽകണ്ഠകൾ തലമുറകളെ കുറിച്ചുള്ള ഭാരങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം വിലാപത്തിലേയ്ക്ക് തള്ളിവിടുന്നു.
ജീവിതത്തിൽ വിലാപത്തിന്റെ അവസ്ഥകൾ ഉണ്ടാകുമ്പോൾ ദുഃഖിക്കാതെ എല്ലാ പ്രശ്നങ്ങളും ദൈവകരങ്ങളിൽ സമർപ്പിക്കുകയും ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുക. 2സാമുവേൽ പന്ത്രണ്ടാം അദ്ധ്യായത്തിൽ ദാവീദ് ഊരിയാവിൻറെ ഭാര്യയിലുണ്ടായ തൻറെ കുഞ്ഞിന്റെ ജീവനുവേണ്ടി നിലവിളിച്ചു കർത്താവിനോട് പ്രാർത്ഥിക്കുകയും, ചാക്ക് വസ്ത്രമണിഞ്ഞ് ദൈവ സന്നിധിയിൽ ഉപവസിക്കുകയും ചെയ്തു. എന്നാൽ കുട്ടി മരിച്ചു, ദാവീദിന്റെ ദ്യത്യൻമാർ കുട്ടിയുടെ മരണവിവരം ദാവീദിനോട് പറയാൻ ഭയപ്പെട്ടു, കാരണം കുട്ടിയുടെ മരണ വിവരം അറിഞ്ഞാൽ ദാവീദ് സ്വന്തം ജീവൻ പോലും അപായപ്പെടുത്തുമോ എന്ന് ഓർത്ത് ദ്യത്യൻമാർ ഭയപ്പെട്ടു. എന്നാൽ ഇതറിഞ്ഞ ദാവീദ് ഉപവാസം അവസാനിപ്പിക്കുകയും അണിഞ്ഞിരുന്ന ചാക്ക് വസ്ത്രങ്ങൾ മാറ്റി കുളിച്ച് വൃത്തിയായി വസ്ത്രം മാറി, ദേവാലയത്തില്ച്ചെന്ന് ആരാധിച്ചു. കൊട്ടാരത്തില് തിരിച്ചെത്തി ഭക്ഷണം ഭക്ഷിച്ചു.
ദാവീദ് കുട്ടി മരിച്ചപ്പോൾ ദൈവത്തെ കുറ്റപ്പെടുത്തിയില്ല പകരം ദൈവകരങ്ങളിൽ തൻറെ വിലാപങ്ങളെ ദൈവകരങ്ങളിൽ സമർപ്പിച്ചു. എന്നാൽ പിൽകാലത്ത് സോളമൻ മകനായി പിറന്നു. ബുദ്ധിയിലും, ജ്ഞാനത്തിലും സർവ്വ ശ്രേഷ്ഠനായി സോളമൻ വളർന്നു. സോളമന്റ ജനനവും വളർച്ചയും ദാവീദിന് ആനന്ദനൃത്തമേകി. പഴയ ദുഃഖങ്ങളെ ദാവീദ് മറന്നു. അതുപോലെ നാം ഒരോരുത്തരുടെയും ജീവിതത്തിലുണ്ടാകുന്ന വിലാപങ്ങളെ ആനന്ദനൃത്തം ആക്കുവാൻ ദൈവത്തിന് ഒരു നിമിഷം മതി. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.