quoted from Dr. Pious Malekkandathil, JNU Professor , History Department : _ഡോ. പയസ് മലേക്കണ്ടത്തില്‍.(ചരിത്രവിഭാഗം പ്രൊഫസര്‍, ജെ.എന്‍.യു., ന്യൂഡല്‍ഹി)_
*തോമാശ്ലീഹാ ശരിക്കും കേരളത്തില്‍ വന്നിട്ടുണ്ടോ? നമ്പൂതിരിമാര്‍ കേരളത്തിലെത്തിയത് എട്ടാം നൂറ്റാണ്ടിലാണെന്നിരിക്കെ ആദ്യനൂറ്റാണ്ടില്‍ തോമാശ്ലീഹാ നമ്പൂതിരിമാരെ മതംമാറ്റിയെന്ന് എങ്ങനെ പറയാനാകും? ബ്രാഹ്മണപൈതൃകം അവകാശപ്പെട്ട് ചില മാര്‍ത്തോമ്മാക്രൈസ്തവര്‍ മേല്‍ജാതിബോധം പുലര്‍ത്തുന്നതു ശരിയോ? സമീപകാലത്ത് വീണ്ടും ചര്‍ച്ചാവിഷയങ്ങളായ മൂന്നു ചോദ്യങ്ങളാണിവ. പരസ്പരബന്ധിതമെന്നു തോന്നാമെങ്കിലും ഇവ മൂന്നും വ്യത്യസ്തമായ മൂന്നു വിഷയങ്ങളാണ് എന്നതാണു വസ്തുത. ഒരു ചരിത്രഗവേഷകന്‍റെ മനസ്സോടെ ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുകയാണിവിടെ:*
തോമാശ്ലീഹാ കേരളത്തിലേയ്ക്കു വന്നിട്ടുണ്ടോ?
തോമാശ്ലീഹായുടെ കേരളപ്രേഷിതത്വത്തെ കുറിച്ചുള്ള സംശയം ആദ്യമുയര്‍ത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍റ് മിഷണറിയായ മറ്റുരിനൂസ്ല ക്രോസിനെ പോലുള്ളവരാണ്. പതിനെട്ടാം നൂറ്റാണ്ടു വരെ ഇക്കാര്യം ഒരു ചരിത്രവസ്തുതയായും വിശ്വാസവിഷയമായും കരുതപ്പെട്ടിരുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം 17, 18 നൂറ്റാണ്ടുകളിലെ അവരുടെ രേഖകളില്‍ കേരളത്തിലെ ക്രൈസ്തവരെ സെന്‍റ് തോമസ് ക്രൈസ്തവര്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്. ആരാധനയ്ക്ക് സുറിയാനി ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് സുറിയാനി ക്രൈസ്തവരെന്ന പേരും പിന്നീടു ലഭ്യമായി. ക്രമത്തില്‍ സെന്‍റ് തോമസുമായുള്ള ബന്ധം തമസ്കരിക്കുകയും കേരളത്തിലെ ക്രൈസ്തവരുടെ ഉത്ഭവം സിറിയയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ നിന്നായിരുന്നുവെന്ന വാദം ആംഗ്ലിക്കന്‍ മിഷണറിമാരും മറ്റും അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലേയ്ക്കു ക്രിസ്ത്യന്‍ കുടിയേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അത് വിദൂരസ്ഥമായ സിറിയയില്‍ നിന്നല്ല, താരതമ്യേന അടുത്തുള്ള പേര്‍ഷ്യന്‍ ഉള്‍ക്കടലിന്‍റെയും ചെങ്കടലിന്‍റെയും തീരത്തു നിന്നായിരുന്നു എന്നതാണു വസ്തുത.
തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്ന വാദത്തിനടിസ്ഥാനമായി ചരിത്രകാരന്മാര്‍ ആശ്രയിക്കുന്ന തെളിവുകള്‍:
1) അമ്പതു ലക്ഷം അംഗങ്ങളുള്ള ഒരു സമൂഹമൊന്നാകെ തലമുറകളായി ഐകകണ്ഠ്യേന ഉന്നയിച്ചു വരുന്ന അവകാശവാദം തന്നെയാണു പ്രധാനമായ ഒരു തെളിവ്.
തോമാശ്ലീഹായുമായി യാതൊരു ബന്ധവും ഈ സമൂഹത്തിനില്ലെങ്കില്‍ പിന്നെങ്ങനെയാണ് ആ നാമം ഈ സമൂഹത്തിന്‍റെ സംഘാതമായ ഓര്‍മ്മയിലേയ്ക്കും ബോധത്തിലേയ്ക്കും വരുന്നത്? എന്തുകൊണ്ടാണ് അവര്‍ തങ്ങളുടെ ഉത്ഭവം തോമാശ്ലീഹായുടെ പ്രേഷിതത്വത്തില്‍ നിന്നാണ് എന്നു തലമുറകളായി വിശ്വസിച്ചു വരുന്നത്? എന്തെങ്കിലും തരത്തിലുള്ള സോഷ്യല്‍ എന്‍ജിനീയറിംഗിന്‍റെ ഫലമായാണ് ഈ അവബോധം ഈ സമൂഹത്തിലുണ്ടായതെങ്കില്‍ എന്തുകൊണ്ട് മറ്റ് അപ്പസ്തോലന്മാരെയെല്ലാം മാറ്റി നിറുത്തി കൃത്യമായി തോമാശ്ലീഹായുടെ പേരു മാത്രം പറയുന്നു? ഒരു ജനസമൂഹത്തിന്‍റെ സംഘാതമായ ഓര്‍മ്മയിലും ബോധത്തിലും സത്യത്തിന്‍റെ കണികകളുണ്ടാകാമെന്നതാണു വസ്തുത. പരമ്പരാഗതമട്ടിലുള്ള മറ്റു വിശ്വസനീയ വിവരസ്രോതസ്സുകളില്ലെങ്കില്‍ ചരിത്രപരമായ വിവരാന്വേഷണങ്ങള്‍ക്ക് ഒരു ജനതയേയും അവരുടെ സമൂഹമനസ്സിലെ വിവരങ്ങളേയും ആശ്രയിക്കാവുന്നതാണ്. സമൂഹത്തില്‍ അധികാരവും സ്വാധീനവുമുള്ള വിഭാഗങ്ങള്‍ ലിഖിത ചരിത്ര സ്രോതസ്സുകളില്‍ തങ്ങളുടെ സാന്നിദ്ധ്യവും പ്രാമുഖ്യവും രേഖപ്പെടുത്തപ്പെടുവാന്‍ ശ്രമിക്കും. ചില വിഭാഗങ്ങളുടെ കാര്യത്തിലാകട്ടെ മഹാനിശബ്ദതയാകും ചരിത്രവിവരസ്രോതസ്സുകളിലുണ്ടാകുക. പക്ഷേ ആ വിഭാഗങ്ങള്‍ നിലനിന്നിരുന്നില്ല എന്നതല്ല അതിനര്‍ത്ഥം. ഇത്തരത്തില്‍ ലിഖിത ചരിത്ര സ്രോതസ്സുകളില്ലാത്ത ഈ വിഭാഗങ്ങളുടെ ചരിത്രത്തിന്‍റെ പുനഃസൃഷ്ടിക്കുള്ള പരിശ്രമം ചരിത്രകാരന്മാര്‍ നടത്തുന്നത് വംശീയ-ചരിത്രോപാധികളെ ആശ്രയിച്ചുകൊണ്ടും അതതു ജനതകളെ തന്നെ ചരിത്രപഠനത്തിനുള്ള സുപ്രധാന പ്രാഥമിക സ്രോതസ്സുകളായി കണ്ടുകൊണ്ടുമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഗ്രാമീണ ഗ്രാമങ്ങളെ പഠിച്ചുകൊണ്ട് ഫ്രാന്‍സിന്‍റെ മധ്യകാല ഫ്യൂഡല്‍ സവിശേഷതകളെ പുനഃസൃഷ്ടിച്ച മാര്‍ക് ബ്ലോച്ചിന്‍റെ സംഭാവന ഇതിന് ഉജ്ജ്വലമായ ഉദാഹരണമാണ്. പുരാതന ഇന്ത്യയുടെ സംസ്കാരത്തെയും സമൂഹത്തെയും കുറിച്ചു പഠിക്കുന്നതിനു സിഡി കോസാംബിയും ജനതയെ പ്രാഥമിക സ്രോതസ്സായി ഉപയോഗിച്ചിട്ടുണ്ട്. ഈ രീതിശാസ്ത്രത്തിലെ രണ്ടു പ്രധാന അനുമാനങ്ങളിവയാണ്: 1) ജനങ്ങളുടെ സംഘാതബോധത്തില്‍നിന്നു കണ്ടെടുക്കാനാകുന്ന ഒരു ഭൂതകാലമുണ്ട്. 2) കാലാന്തരത്തിലുള്ള മാറ്റങ്ങളെല്ലാമുണ്ടെങ്കിലും ചരിത്രസത്യത്തിന്‍റെ മര്‍മ്മം മാറ്റങ്ങളുടെ തീവ്രതയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ തോതില്‍ ജനങ്ങളുടെ സംഘാതമനസ്സില്‍ അവശേഷിക്കും. വാമൊഴിപാരമ്പര്യങ്ങള്‍, നാടോടിക്കലകള്‍, ചരിത്രാത്മകമായ പഴഞ്ചൊല്ലുകള്‍ തുടങ്ങിയവയിലെല്ലാം സത്യം പല തോതില്‍ അടങ്ങിയിട്ടുണ്ട്. മാര്‍ത്തോമ്മാ ക്രൈസ്തവര്‍ എന്ന ജനതയെ തന്നെ സ്രോതസ്സായി ഉപയോഗിച്ചുകൊണ്ട് അവരുടെ അധിവാസകേന്ദ്രങ്ങളുടെയും വ്യാപനത്തിന്‍റെയും സ്ഥലങ്ങള്‍ കണ്ടെത്താനാകും. അത് അവരുടെ പാരമ്പര്യത്തില്‍ നിന്നു സത്യത്തിന്‍റെ കണികകളെ വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യും. മാര്‍ത്തോമ്മായുടെ പ്രേഷിതപ്രവര്‍ത്തനം നടന്നുവെന്നു പാരമ്പര്യം പറയുന്ന പ്രദേശങ്ങളില്‍ തന്നെയാണ് അറിയപ്പെടുന്ന വിവിധ ചരിത്രഘട്ടങ്ങളില്‍ മാര്‍ത്തോമ്മാ ക്രൈസ്തവരുടെ അധിവാസം കേന്ദ്രീകരിച്ചിരുന്നതെന്ന വസ്തുത, ദക്ഷിണേന്ത്യയില്‍ സെ. തോമസ് സുവിശേഷം പ്രസംഗിച്ചുവെന്ന പാരമ്പര്യത്തില്‍ സത്യത്തിന്‍റെ കണികകളുണ്ടെന്നു സൂചിപ്പിക്കുന്നതാണ്.
2) എഡി മൂന്നാം നൂറ്റാണ്ടില്‍ സുറിയാനിയില്‍ എഴുതപ്പെട്ട യൂദാസ് തോമസിന്‍റെ നടപടി എന്ന പുസ്തകമാണ് മാര്‍ത്തോമ്മാ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നു പറയുന്ന ഏറ്റവുമാദ്യത്തെ ലിഖിതസ്രോതസ്സ്. ഗൊണ്ടഫോറസിന്‍റെ സാമ്രാജ്യത്തില്‍ സെന്‍റ് തോമസ് സുവിശേഷം പ്രസംഗിച്ചുവെന്നാണ് ഈ പുസ്തകത്തിലെ പരാമര്‍ശം. ഇന്തോ-പാര്‍ഥിയന്‍ ഭരണാധികാരിയായിരുന്നു ഗൊണ്ടഫോറസ് എന്നു പിന്നീടു തിരിച്ചറിയപ്പെടുന്നുണ്ട്. ഗൊണ്ടഫോറസിന്‍റെ നാമം രേഖപ്പെടുത്തിയ ആദ്യ നൂറ്റാണ്ടിലെ നാണയങ്ങള്‍ 1830-കള്‍ മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നു കണ്ടെടുക്കാന്‍ തുടങ്ങി. 1872 ല്‍ പാക്കിസ്ഥാനില്‍നിന്ന് ഗൊണ്ടഫോറസിന്‍റെ ശിലാലിഖിതവും ലഭിച്ചു. അതോടെ യൂദാസിന്‍റെ നടപടിയില്‍ പറയുന്ന ഗൊണ്ടഫോറസ് ഇതേ വ്യക്തിയാണെന്ന നിഗമനത്തില്‍ പണ്ഡിതന്മാര്‍ എത്തിച്ചേരുകയായിരുന്നു.
3) ഗൊണ്ടഫോറസ് ഉള്‍പ്പെടുന്ന പാരമ്പര്യം സംശയാസ്പദമാണെന്ന കാഴ്ചപ്പാടു പുലര്‍ത്തുന്ന റൊമില ഥാപ്പറിനെ പോലുള്ള പ്രമുഖരായ പ്രാചീന ചരിത്രപണ്ഡിതര്‍ പക്ഷേ, മലബാറില്‍ സെന്‍റ് തോമസ് സുവിശേഷപ്രഘോഷണം നടത്തിയെന്നത് കൂടുതല്‍ വിശ്വസനീയമാണെന്നു പറയുന്നു. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിനു ശേഷം സെന്‍റ് തോമസ് ദക്ഷിണേന്ത്യയിലേയ്ക്കു വന്നു എന്ന കാഴ്ചപ്പാടാണ് കാര്‍ഡിനല്‍ ടിസറന്‍റിനെ പോലുള്ള പണ്ഡിതര്‍ക്കുള്ളത്. സെന്‍റ് തോമസ് കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചുവെന്നതിനെ കുറിച്ചുള്ള സംഘാതസ്മരണ വിവിധരൂപങ്ങളില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. അതില്‍ സുറിയാനിയിലും മലയാളത്തിലുമുണ്ടായിരുന്ന അങ്കമാലിയിലെ ലിഖിത സ്രോതസ്സുകളെല്ലാം 1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം പോര്‍ച്ചുഗീസുകാര്‍ കത്തിച്ചുകളഞ്ഞു. പാഷണ്ഡതയും വികലവിശ്വാസപ്രമാണങ്ങളും ആണ് അവയെന്ന തെറ്റിദ്ധാരണ മൂലമായിരുന്നു അത്. 1601-ല്‍ വീണ്ടും ലിഖിതരൂപത്തിലാക്കിയ റമ്പാന്‍ പാട്ടും ദീര്‍ഘകാലം വാമൊഴിയായി സംരക്ഷിക്കപ്പെട്ട മാര്‍ഗംകളി പാട്ടും മാത്രമാണ് സെന്‍റ് തോമസിന്‍റെ പ്രേഷിതത്വത്തെക്കുറിച്ചുള്ള ചരിത്രവിവരണങ്ങളുടെ ചില ഭാഗങ്ങളെന്ന നിലയില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. ബാക്കിയെല്ലാം പോര്‍ച്ചുഗീസുകാര്‍ നശിപ്പിക്കുകയോ കാലക്രമത്തില്‍ നഷ്ടമാകുകയോ ചെയ്തു. എങ്കിലും, സെന്‍റ് തോമസിന്‍റെ പ്രഘോഷണം മൂലമുണ്ടായ തങ്ങളുടെ ഉത്ഭവത്തെക്കുറിച്ചു സെന്‍റ് തോമസ് ക്രൈസ്തവരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ചരിത്രവിവരങ്ങളുടെ ഗണ്യമായ ഒരു ഭാഗം പോര്‍ച്ചുഗീസുകാര്‍ അവരുടെ ചരിത്ര ഉടമ്പടികളിലും നാള്‍വഴിക്കുറിപ്പുകളിലും രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രമുഖമായത് അന്‍റോണിയോ ഡി ഗുവേയുടെ ‘ജോര്‍നാദ ഡോ ആര്‍ച്ബിഷപോ’ ആണ്.
4) സെന്‍റ് തോമസ് കേരളത്തില്‍ വന്നിരിക്കാനുള്ള സാദ്ധ്യത നിരാകരിക്കുന്ന ചില ചരിത്രകാരന്മാര്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്: സെന്‍റ് തോമസ് ഇന്ത്യയിലേയ്ക്കു വന്നെങ്കില്‍ എന്തുകൊണ്ട് വന്നു? കേരളത്തിലേറിയ പങ്കും കാടായിരുന്നു എന്നിരിക്കെ ആ കാലത്ത് ഇവിടെ മനുഷ്യരുണ്ടായിരുന്നോ?മൂന്നാം നൂറ്റാണ്ടിലെഴുതിയ യൂദാസ് തോമസിന്‍റെ നടപടിയില്‍, ഇന്ത്യയിലേയ്ക്കു വന്ന സെന്‍റ് തോമസിനെ രസിപ്പിക്കുന്നതിന് ഗോണ്ടഫോറസ് രാജാവിന്‍റെ രാജസദസ്സില്‍ ഒരു ഹീബ്രു പെണ്‍കുട്ടി പുല്ലാങ്കുഴല്‍ വായിച്ചുവെന്നും തോമസ് പകരം ഹീബ്രുവിലുള്ള ഒരു ഗീതമാലപിച്ചുവെന്നും പറയുന്നുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ യഹൂദരുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് സ്രോതസ്സുകളില്‍, പ്രത്യേകിച്ചും ജോര്‍നാദയില്‍ ഈ ഹീബ്രു പെണ്‍കുട്ടിയുടെ ഗാനാലാപനത്തെക്കുറിച്ചും സെന്‍റ് തോമസ് വന്ന കാലത്ത് കൊടുങ്ങല്ലൂരില്‍ ധാരാളം യഹൂദരുണ്ടായിരുന്നുവെന്നും പരാമര്‍ശിക്കുന്നുണ്ട്. കേരളത്തില്‍ അക്കാലത്തു ജീവിച്ചിരുന്ന യഹൂദര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കുന്നതിനു സെന്‍റ് തോമസ് ഇന്ത്യയിലേയ്ക്കു വന്നുവെന്ന കേരള ക്രൈസ്തവരുടെ പാരമ്പര്യവിശ്വാസത്തെ ശരിവയ്ക്കുന്നതാണിത്. ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍ കേരളത്തില്‍ വളരെ സജീവമായ സമുദ്രവ്യാപാരം നടന്നിരുന്നുവെന്നാണ് ഈയിടെ പട്ടണത്തു നടത്തിയ പുരാവസ്തു ഉത് ഖനനം തെളിയിക്കുന്നത്. ചില ചരിത്രകാരന്മാര്‍ തെറ്റായി വാദിക്കുന്നതു പോലെ ആദ്യനൂറ്റാണ്ടില്‍ കേരളം വെറുമൊരു ഒറ്റപ്പെട്ട വനപ്രദേശമായിരുന്നില്ലെന്ന വസ്തുതയാണ് ഇതു വ്യക്തമാക്കുന്നത്.
5) കേരളത്തിലെ സെന്‍റ് തോമസിന്‍റെ പ്രേഷിതത്വത്തിന് ഉപോത്ബലകമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന ചില സാഹചര്യത്തെളിവുകളുണ്ട്. സെന്‍റ് തോമസ് ഇന്ത്യയില്‍ വന്നുവെന്നു പറയുന്ന കാലഘട്ടം റോമന്‍ ഈജിപ്തും കേരള തുറമുഖങ്ങളും തമ്മില്‍ വിശേഷിച്ചും മുസിരിസുമായി ശക്തമായ സമുദ്രവ്യാപാരം നടന്നിരുന്ന കാലമായിരുന്നു. ചെങ്കടലിലെ മയോസ് ഹോര്‍മോസിനും ഇന്ത്യയ്ക്കുമിടയില്‍ അക്കാലത്ത് ഒരു വര്‍ഷം 120 കപ്പലുകള്‍ വന്നുപോയിരുന്നുവെന്നാണ് സ്ട്രാബോ (63 ബിസി-24 എഡി) നല്‍കുന്ന വിവരം. ഇതില്‍ പകുതിയും അക്കാലത്തു ലിമൈറിക് എന്നറിയപ്പെട്ടിരുന്ന കേരളത്തില്‍ വന്നിരുന്നു. പ്രൊക്കുറേറ്ററും വെസ്പാസിയന്‍റെ രാജസദസ്സിലെ പ്രമുഖനുമായിരുന്ന പ്ലിനി (23 എഡി-79 എഡി) എഡി ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നു റോമിലേയ്ക്കു കയറ്റുമതി ചെയ്ത ഉത്പന്നങ്ങളുടെ ആകെ മൂല്യം 5 കോടി സെസ്റ്റെഴ്സെസ് ആയിരുന്നുവെന്നു കണക്കാക്കുന്നുണ്ട്. ഇതേസമയത്താണ് സെന്‍റ് തോമസ് ഇന്ത്യയില്‍ വന്നതെന്നു പാരമ്പര്യം പറയുന്നു. പട്ടണത്തെ ഉത്ഖനനകേന്ദ്രങ്ങളില്‍ നിന്നു കിട്ടിയ റോമന്‍ പാത്രങ്ങളുടെ ഭാഗങ്ങളും വീഞ്ഞു ഭരണികളുടെ ആയിരകണക്കിനു കഷണങ്ങളും നൂറിലേറെ കളിമണ്‍ പാത്രക്കഷണങ്ങളുമെല്ലാം കാണിക്കുന്നത് അക്കാലത്തു കേരളത്തിനും മെഡിറ്ററേനിയന്‍ പ്രദേശത്തിനുമിടയില്‍ വലിയ വ്യാപാരം നടന്നിരുന്നുവെന്നാണ്. വിശേഷിച്ചും മുസിരിസ് തുറമുഖവുമായി. വിയന്നയില്‍ നിന്നു കിട്ടിയ (1985) രണ്ടാം നൂറ്റാണ്ടിലെ മുസിരിസ് ചുരുളുകള്‍ അക്കാലത്തു മുസിരിസും അലക്സാണ്ട്രിയയും തമ്മിലുണ്ടായിരുന്ന വ്യാപാരം എത്ര സംഘടിതമായിരുന്നുവെന്നു കാണിക്കുന്നുണ്ട്. മുസിരിസിലെ ഒരു വ്യാപാരി അലക്സാണ്ട്രിയന്‍ വ്യാപാരിയില്‍നിന്നു വാങ്ങിയ വായ്പ കൊണ്ട് 3.18 ടണ്‍ ഭാരമുള്ള ചരക്കു വാങ്ങിയതായി രേഖകളില്‍ കാണുന്നു. 1154 ഈജിപ്ഷ്യന്‍ താലന്ത് ആയിരുന്നു അതിന്‍റെ മൂല്യം. ഈ വ്യാപാരിയുടെ ചരക്കുകളില്‍ 88.64% വും കുരുമുളകായിരുന്നുവെന്ന് ഫെഡറിക്കോ ഡി റൊമാനിസിനെ പോലുള്ള പണ്ഡിതര്‍ കണക്കാക്കിയിട്ടുണ്ട്. ഇത്രയും സ ജീവമായ വ്യാപാരം കേരളവും അലക്സാണ്ട്രിയയും തമ്മില്‍ ആദ്യനൂറ്റാണ്ടില്‍ നടന്നുവെന്നിരിക്കെ, ബാബേല്‍ മാന്‍ദെബില്‍ (ഇന്നത്തെ ഏഡന്‍) നിന്നോ ഈജിപ്ഷ്യന്‍ തുറമുഖമായ മയോസ് ഹോര്‍മോസില്‍ നിന്നോ കേരള തുറമുഖമായ മുസിരിസിലേയ്ക്കു വന്ന ഏതെങ്കിലുമൊരു കപ്പലില്‍ സെന്‍റ് തോമസ് കേരളത്തിലേയ്ക്കു വന്നിരിക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്.
6) സെന്‍റ് തോമസിന്‍റെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ഫലമായി രൂപംകൊണ്ട ഏഴു ക്രൈസ്തവസമൂഹങ്ങള്‍ വാമൊഴി പാരമ്പര്യമനുസരിച്ച് കൊടുങ്ങല്ലൂര്‍ (മുസിരിസ്), പാലയൂര്‍, പറവൂര്‍ (കോട്ടക്കാവ്), കോക്കമംഗലം, നിരണം, നിലയ്ക്കല്‍ (ചായല്‍), കൊല്ലം എന്നിവയാണ്. സെന്‍റ് തോമസ് ക്രൈസ്തവരുടെ അധിവാസകേന്ദ്രങ്ങളുടെ ഭൂമിശാസ്ത്രക്രമം സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ പ്രധാനമായും ഈ ഏഴു സ്ഥലങ്ങളോടു ചേര്‍ന്നായിരുന്നുവെന്ന് മനസ്സിലാക്കാം. 20 നൂറ്റാണ്ടിന്‍റെ മൂന്നാം ദശകം മുതല്‍ കുടിയേറ്റം ആരംഭിക്കുന്നതുവരെ സെന്‍റ് തോമസ് ക്രൈസ്തവര്‍ കേന്ദ്രീകരിച്ചിരുന്നത് ഈ പ്രദേശങ്ങളിലായിരുന്നു. പില്‍ക്കാലത്തു മറ്റു സ്ഥലങ്ങളില്‍ വികസിതമായ സെന്‍റ് തോമസ് ക്രൈസ്തവരുടെ അധിവാസകേന്ദ്രങ്ങളെല്ലാം അപ്പസ്തോലികപ്രഘോഷണവുമായി ബന്ധപ്പെട്ട ഈ ഏഴു സ്ഥലങ്ങളിലേതെങ്കിലുമൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വംശ-ചരിത്ര ഉപാധികള്‍ ഉപയോഗിച്ചു നടത്തിയ ഫീല്‍ഡ് പഠനത്തില്‍നിന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഈ ഏഴു സ്ഥലങ്ങളില്‍ സെന്‍റ് തോമസ് ക്രൈസ്തവര്‍ കേന്ദ്രീകരിച്ചിരുന്നുവെന്നു സൂചിപ്പിക്കുന്ന ധാരാളം തെളിവുകള്‍ പതിനാറാം നൂറ്റാണ്ടിലും അതിനു ശേഷവും ഉള്ള കാലഘട്ടങ്ങളില്‍ നിന്നു നമുക്കു ലഭിച്ചിട്ടുണ്ട്.
7) കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി 313 എഡിയില്‍ മിലാന്‍ വിളംബരം പുറപ്പെടുവിക്കുന്നതു വരെ, ലോകത്തില്‍ എവിടെയൊക്കെയാണു ക്രൈസ്തവര്‍ ജീവിക്കുകയും സ്വന്തം മതവിശ്വാസമനുഷ്ഠിക്കുകയും ചെയ്തിരുന്നതെന്നു ക്രൈസ്തവരിലാര്‍ക്കും ആഗോളതലത്തില്‍ അറിയുമായിരുന്നില്ല. ഇന്ത്യന്‍ ക്രൈസ്തവരുള്‍പ്പെടെ പല പ്രദേശങ്ങളില്‍ ചിതറി പാര്‍ത്തിരുന്ന ക്രൈസ്തവസമൂഹങ്ങള്‍ക്ക് ഒന്നിച്ചു വരുന്നതിനും പരസ്പരം അടുത്തറിയുന്നതിനും ചക്രവര്‍ത്തി നിഖ്യായില്‍ വിളിച്ചു കൂട്ടിയ സൂനഹദോസ് നല്ലൊരു വേദിയൊരുക്കി. നിഖ്യാ സൂനഹദോസില്‍ പങ്കെടുത്ത മെത്രാന്മാരില്‍ ഒരാള്‍ ബിഷപ് ജോണ്‍ ദ പേര്‍ഷ്യന്‍ ആയിരുന്നു. പേര്‍ഷ്യയുടെയും ഇന്ത്യയുടെയും മെത്രാനെന്നാണ് അഞ്ചാം നൂറ്റാണ്ടിലെ ഗെലാസിയൂസ് അദ്ദേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത് ഈ സംഭവവികാസങ്ങളെയും മുസിരിസും മെഡിറ്ററേനിയന്‍ പ്രദേശവുമായുള്ള ശക്തമായ വ്യാപാരപ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന്. സെന്‍റ് തോമസിന്‍റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രവര്‍ത്തനത്തെയും ശ്ലീഹാ മാനസാന്തരപ്പെടുത്തിയ ക്രൈസ്തവരേയുംക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യയിലേയ്ക്കും മെഡിറ്ററേനിയന്‍ പ്രദേശത്തേയ്ക്കും പരക്കാന്‍ തുടങ്ങി. നിരവധി പണ്ഡിതര്‍ ഇന്ത്യയിലെ സെന്‍റ് തോമസ് പ്രേഷിതത്വത്തെക്കുറിച്ചു കൂടുതലായി പരാമര്‍ശിക്കാന്‍ തുടങ്ങി. നിസിബിസിലെ വി. എഫ്രേം (ക്രിസ്തുവര്‍ഷം 306-373), വി. ഗ്രിഗറി നസിയാന്‍സെന്‍ (329-390), വി. അംബ്രോസിയോസ് (333-397), വി.ജെറോം (342-419), വി. ഗ്വദെന്‍ സിയൂസ് ബ്രെഷ്യ (+410), വി. പൗളിനൂസ് നോല (353-431), വി. ഗ്രിഗറി ടൂര്‍സ് (538-594), വി. ഇസിദോര്‍ സെവിലാ (560- 636) തുടങ്ങിയവര്‍ ഇന്ത്യയിലെ സെന്‍റ് തോമസിന്‍റെ പ്രേഷിതപ്രവര്‍ത്തനത്തെ കുറിച്ചു വ്യക്തമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. 250 മുതല്‍ 650 എഡി വരെ ജീവിച്ചിരുന്ന സഭാപിതാക്കന്മാരാണ് സെന്‍റ് തോമസിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഈ കാലം കേരളവും മെഡിറ്ററേനിയന്‍ പ്രദേശവുമായി വളരെ സജീവമായ വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്ന കാലമായിരുന്നു. കേരള-റോമാ വാണിജ്യ യാത്രകളില്‍ ഏര്‍പ്പെട്ടിരുന്ന വ്യത്യസ്ത സംഘങ്ങളില്‍ നിന്നാകണം ഈ പിതാക്കന്മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നത്. അക്കാലത്ത് വിവരങ്ങളും വാര്‍ത്തകളും പ്രധാനമായും എത്തിച്ചിരുന്നതും ഈ വാണിജ്യസംഘങ്ങളാണ്.
സെന്‍റ് തോമസ് കേരളത്തില്‍ സുവിശേഷം പ്രസംഗിച്ചുവെന്നത് പോര്‍ച്ചുഗീസുകാര്‍ സൃഷ്ടിച്ച ഒരു കഥയാണോ?
1) സ്പെയിന്‍കാര്‍ക്ക് അവരുടെ കോളനിയില്‍ വി. ജെയിംസിനെ ലഭിച്ചതു പോലെ പൗരസ്ത്യനാട്ടിലുള്ള തങ്ങളുടെ കോളനികള്‍ക്കും സ്വന്തമായി ഒരു അപ്പസ്തോലന്‍ ഉണ്ടായിരുന്നുവെന്നു കാണിക്കുന്നതിനായി പോര്‍ച്ചുഗീസുകാര്‍ കെട്ടിച്ചമച്ചതാണ് സെന്‍റ്തോമസിന്‍റെ ഭാരതപ്രേഷിതത്വം എന്നൊരു വാദമുണ്ട്. പോര്‍ച്ചുഗീസുകാരും സ്പെയിന്‍കാരും തമ്മില്‍ നടന്ന കൊളോണിയല്‍ മത്സരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ചില പണ്ഡിതര്‍ രൂപപ്പെടുത്തിയ തെറ്റായ ഒരു വ്യാഖ്യാനമായേ ഇതിനെ കാണാനാവൂ. കാരണം, പോര്‍ച്ചുഗീസുകാര്‍ വരുന്നതിനും എത്രയോ കാലം മുമ്പു തന്നെ മധ്യകാല സഞ്ചാരികളും വ്യാപാരികളും കേരളത്തിലെ ക്രൈസ്തവരെ സെന്‍റ് തോമസുമായും മൈലാപൂരിലെ കബറിടവുമായും ബന്ധപ്പെടുത്തി പരാമര്‍ശങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു.
2) 1292-ല്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ച മാര്‍കോ പോളോ കൊല്ലത്തെ ക്രൈസ്തവരെക്കുറിച്ചും കോറോമണ്ടലിലെ സെന്‍റ് തോമസിന്‍റെ പ്രേഷിതത്വത്തെക്കുറിച്ചും തുടര്‍ന്നുള്ള രക്തസാക്ഷിത്വത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. മൈലാപൂരിലെ കബറിടത്തെ കുറിച്ചും അവിടെ നിന്നു മണ്ണെടുത്തു വെള്ളത്തില്‍ കുഴച്ച് രോഗികളുടെ മേല്‍ രോഗസൗഖ്യത്തിനായി അണിയിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. 1330-കളില്‍ കൊല്ലത്തു വന്ന സന്യാസി ജോര്‍ദാനുസ് അവിടത്തെ ക്രൈസ്തവരെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: “ഈ ഇന്ത്യയില്‍ അവിടെയും ഇവിടെയുമായി ചിതറി പാര്‍ക്കുന്ന കുറച്ചു പേരുണ്ട്, സ്വയം ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നവര്‍, എന്നാല്‍ ക്രിസ്ത്യാനികളല്ല, മാമോദീസ മുങ്ങിയിട്ടില്ല, വിശ്വാസത്തെക്കുറിച്ച് എന്തെങ്കിലും അറിയുകയുമില്ല. ക്രിസ്തുവിനെക്കാള്‍ വലിയവനാണ് സെന്‍റ് തോമസ് എന്നു കരുതുകയും ചെയ്യുന്നു!” ഈ ക്രിസ്ത്യാനികള്‍ സെന്‍റ് തോമസിനു നല്‍കിയിരുന്ന പ്രാധാന്യം ജോര്‍ദാനൂസ് നന്നായി ചിത്രീകരിച്ചിട്ടുണ്ട്. 1546-ല്‍ കൊല്ലം സന്ദര്‍ശിച്ച ജോണ്‍ മരിഞ്ഞോളി കൊല്ലത്തെ ക്രൈസ്തവരെ പ്രതിപാദിക്കുന്നത് “സമ്പന്നര്‍” എന്നും “കുരുമുളകു തോട്ടങ്ങളുടെ ഉടമകള്‍” എന്നുമാണ്. ധാരാളം മയിലുകള്‍ ഉള്ള ഒരിടത്തു വച്ചു അമ്പേറ്റു മരിക്കുകയായിരുന്നു സെന്‍റ് തോമസ് എന്നു മൈലാപൂരിലെ സെന്‍റ് തോമസിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചു അദ്ദേഹം എഴുതിയിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവര്‍ തങ്ങളുടെ ഉത്ഭവത്തെ അപ്പസ്തോലനായ സെന്‍റ് തോമസുമായി ബന്ധപ്പെടുത്തിയിരുന്നു എന്നത് പോര്‍ച്ചുഗീസുകാര്‍ക്കു വളരെ കാലം മുമ്പു തന്നെ ഇന്ത്യയിലേയ്ക്കു വന്നിരുന്ന വിവിധ പാശ്ചാത്യ സഞ്ചാരികള്‍ക്ക് അറിയാമായിരുന്നു. ഈ വിവരം പ്രാദേശിക ക്രൈസ്തവരില്‍നിന്നു തന്നെയാകണം സഞ്ചാരികള്‍ക്കു ലഭിച്ചിരിക്കുക.
പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തെ കുറിച്ചുള്ള പഠനത്തിനു പോര്‍ച്ചുഗീസിതര യൂറോപ്യന്‍ സ്രോതസ്സുകള്‍ അപഗ്രഥിക്കുമ്പോള്‍ സെന്‍റ് തോമസ് ക്രൈസ്തവരുടെ ഉത്ഭവത്തെ കുറിച്ചു മറ്റെന്തെങ്കിലും കഥകളുണ്ടോ എന്നതു മനസ്സിലാക്കാനാകും. 1502-ല്‍ വാസ്കോ ദ ഗാമയെ അനുഗമിച്ച ജെര്‍മ്മന്‍ യോദ്ധാവ് കൊല്ലത്ത് 3000 ക്രൈസ്തവരുണ്ടായിരുന്നു എന്നു പരാമര്‍ശിക്കുന്നുണ്ട്. ഇറ്റലിക്കാരുടെ വ്യാപാരപ്രതിനിധിയായ ഫ്രാന്‍സെസ്കോ ഡി അല്‍ബുക്കര്‍ക്കിനെ അനുഗമിച്ച ജോവാന്നി ഡി എംപോളിയും 1503-ല്‍ കൊല്ലത്ത് 3000 ക്രൈസ്തവരുണ്ടായിരുന്നു എന്നും അവരെ നസ്രാണികള്‍ എന്നാണു വിളിച്ചിരുന്നതെന്നും പറയുന്നുണ്ട്. 1505-ല്‍ കായംകുളത്ത് എത്തിയ മറ്റൊരു ഇറ്റാലിയന്‍ വ്യാപാരി യുദോവിചോ ഡി വര്‍തെമ പറയുന്നു, “ഈ നഗരത്തില്‍ സെന്‍റ് തോമസിന്‍റെ കുറെ ക്രൈസ്തവരെ ഞങ്ങള്‍ കണ്ടു. അവരില്‍ കുറെ പേര്‍ വ്യാപാരികളാണ്.” മൈലാപൂരിലെ സെന്‍റ് തോമസിന്‍റെ കബറിടത്തില്‍ ഉണ്ടായ ഒരു അത്ഭുതത്തേയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഫ്ളോറന്‍റൈന്‍ വ്യാപാരികളായ പിയെറോ സ്ട്രോസി, ആന്‍ഡ്രിയ കോര്‍സലി എന്നിവര്‍ കേരളത്തില്‍ നിന്നു പശ്ചിമഘട്ടം കടന്ന് ആറു ദിവസം യാത്ര ചെയ്ത് മൈലാപൂരില്‍ സെന്‍റ് തോമസിന്‍റെ കബറിടത്തിലെത്തുന്നതിനെക്കുറിച്ചും നാം വായിക്കുന്നുണ്ട്. ഇറ്റാലിയന്‍ കുരുമുളക് കോണ്‍ട്രാക്ടര്‍ റൊവാലിസാസിന്‍റെ വ്യാപാരപ്രതിനിധിയായി കൊച്ചിയിലുണ്ടായിരുന്ന മഹാനായ ഫ്ളോറന്‍റൈന്‍ മാനവികതാവാദി ഫില്‍പ്പോ സസെറ്റി (1540-1588) പറയുന്നു, “ഇവിടെ നിരവധി ക്രൈസ്തവരുണ്ട്, അപ്പസ്തോലനായ സെന്‍റ് തോമസ് മാനസാന്തരപ്പെടുത്തിയവരാണ് അവര്‍.”
പതിനെട്ടാം നൂറ്റാണ്ടു വരെ ഈ സമൂഹത്തെക്കുറിച്ചു ലഭ്യമായ എല്ലാ ചരിത്രരേഖകളിലും അവരുടെ ഉത്ഭവം സെന്‍റ് തോമസിന്‍റെ പ്രഘോഷണത്തില്‍ നിന്നാണെന്നു പറയുന്നുണ്ട് എന്ന് ഇതില്‍ നിന്നെല്ലാം നമുക്കു മനസ്സിലാകുന്നു. അതിനാല്‍ പോര്‍ച്ചുഗീസുകാര്‍ ഉണ്ടാക്കിയ ഒരു കഥ മാത്രമാണിതെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്.എഡി ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നോ?സംഗം സാഹിത്യത്തിന്‍റെ ഏറ്റവും പഴയ രചനകളിലൊന്നായി കണക്കാക്കപ്പെടുന്ന പതിറ്റുപ്പത്തിലെ വിവിധ പരാമര്‍ശങ്ങള്‍, ചേരസാമ്രാജ്യത്തിലെ ബി സി ഒന്നാം നൂറ്റാണ്ടിലെയും എഡി ഒന്നാം നൂറ്റാണ്ടിലെയും ബ്രാഹ്മണസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നവയാണ്. പക്ഷേ അവര്‍ നമ്പൂതിരിമാരായിരുന്നില്ല. ചേരരാജാക്കന്മാരുടെ വീരകൃത്യങ്ങളെ പാടിപ്പുകഴ്ത്തുന്ന പറനാര്‍, കപിലര്‍, പാലൈ ഗൗതമനാര്‍ തുടങ്ങിയ സംഗം കവികള്‍ ബ്രാഹ്മണരായിരുന്നു. ഇന്നത്തെ കേരളം എന്നു പറയാവുന്ന ചേരസാമ്രാജ്യത്തിലാണ് അവര്‍ ജീവിച്ചിരുന്നതെന്നത് വ്യക്തമാണ്. ബലികളുടെ ഫലമായ (ബ്രാഹ്മണബലികര്‍മ്മങ്ങളെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്) സമൃദ്ധി കൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടാണ് ചേരരാജ്യമെന്ന് പതിറ്റുപത്തില്‍ ബ്രാഹ്മണനായ പാലൈ ഗൗതമനാര്‍ പറയുന്നു. ബലികര്‍മ്മങ്ങള്‍ നടത്തുന്നതിനു ബ്രാഹ്മണര്‍ക്കു സ്വര്‍ണം ദാനമായി നല്‍കുന്ന ചേരരാജാക്കന്മാരെ പാടിപ്പുകഴ്ത്തുന്നുണ്ട് ചേരരാജ്യത്തെ മറ്റൊരു ബ്രാഹ്മണകവിയായ കപിലരും. സെന്‍റ് തോമസ് വരുമ്പോള്‍ ബ്രാഹ്മണര്‍ ഇല്ലാത്ത സ്ഥലമായിരുന്നില്ല കേരളം എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. രേഖകളിലൊന്നും നമ്പൂതിരി എന്ന പേരു പരാമര്‍ശിക്കാത്തതുകൊണ്ട് ആ ബ്രാഹ്മണരാരും നമ്പൂതിരിമാരായിരുന്നില്ല എന്നതും വ്യക്തമാണ്. അക്കാലത്തു ബുദ്ധിസവും ജെയ്നിസവും ആയിരുന്നു പ്രബലമതങ്ങള്‍ എന്നതുകൊണ്ട് ബ്രാഹ്മണര്‍ തീരെ ചെറിയ ന്യൂനപക്ഷവും അധികാരമോ ശക്തിയോ ഇല്ലാത്തവരും ആയിരുന്നു.
സമൂഹത്തില്‍ ആധിപത്യമനുഭവിച്ചിരുന്ന നമ്പൂതിരിമാര്‍ ഏഴും എട്ടും നൂറ്റാണ്ടുകളിലെ വന്‍കുടിയേറ്റത്തിന്‍റെ ഭാഗമായി വരുന്നവരാണ്. കേരളത്തിലെ നദീതടങ്ങളില്‍ 32 ഗ്രാമങ്ങള്‍ സ്ഥാപിച്ച അവര്‍ മഹോദയപുരം ചേരരാജാക്കന്മാരുടെ കീഴില്‍ പ്രഭുകുടുംബങ്ങളായി വളര്‍ന്നു.തോമാശ്ലീഹാ കേരളത്തില്‍ നമ്പൂതിരിമാരെ മാനസാന്തരപ്പെടുത്തിയോ?ഇല്ല. ഏഴും എട്ടും നൂറ്റാണ്ടുകളില്‍ മാത്രം കേരളത്തിലെത്തിയ നമ്പൂതിരിമാര്‍ എന്നറിയപ്പെടുന്ന ബ്രാഹ്മണരെ സെന്‍റ് തോമസ് മാനസാന്തരപ്പെടുത്തിയിട്ടില്ല. മറ്റു ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തിയിരിക്കാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടോ? നമുക്കറിയില്ല. പക്ഷേ പാലയൂരിലും മറ്റു പ്രദേശങ്ങളിലും ബ്രാഹ്മണരെ (നമ്പൂതിരിമാരല്ല) സെന്‍റ് തോമസ് മാനസാന്തരപ്പെടുത്തിയെന്ന ശക്തമായ വാമൊഴി പാരമ്പര്യമുണ്ട്. എഡി നാലാം നൂറ്റാണ്ടിലെ വി. ജെറോമിന്‍റെ രചനയിലുള്ളതാണ് ഇതു സംബന്ധിച്ച ഏറ്റവും പഴയ പരാമര്‍ശം: “ബ്രാഹ്മണരോടു സുവിശേഷം പ്രസംഗിക്കാന്‍” (ut Christus apud Brachmanas praedicaret) സെന്‍റ് തോമസ് പോയെന്നാണ് അദ്ദേഹമെഴുതിയത്. എത്ര പേരെ, എപ്രകാരം എന്നിങ്ങനെയുള്ള വിശദാംശങ്ങളൊന്നും അതിലില്ല.
അതെന്തായാലും, ഇതു സംബന്ധിച്ച ചില നിഗമനങ്ങളിലെത്താന്‍ സെന്‍റ് തോമസ് ക്രൈസ്തവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ചില ആചാരങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്. 1) പതിനെട്ടാം നൂറ്റാണ്ടു വരെ സെന്‍റ് തോമസ് ക്രൈസ്തവര്‍ പൂണൂലിടുകയും കുടുമി വയ്ക്കുകയും ചെയ്തിരുന്നു. ജനന, മരണങ്ങളോടു ബന്ധപ്പെട്ടു പുല ആചരിക്കുന്ന പതിവുണ്ടായിരുന്നു. ഇത് ജൊര്‍നാദയും ഇറ്റാലിയന്‍ ജെസ്യൂട്ട് റോബര്‍ട്ട് ഡിനോബിലിയും പറഞ്ഞിട്ടുള്ളതാണ്. ഈ ആചാരം എങ്ങനെ വന്നു? ബ്രാഹ്മണര്‍ക്കു പുറമെ പൂണൂലിടാന്‍ അധികാരമുള്ള ഏകവിഭാഗമായിരുന്നു സെന്‍റ് തോമസ് ക്രൈസ്തവര്‍. ബ്രാഹ്മണര്‍ എന്തുകൊണ്ട് ക്രൈസ്തവരെ അതിന് അനുവദിച്ചു? ജാതിവ്യവസ്ഥയില്‍ രണ്ടാം സ്ഥാനമനുഭവിച്ചിരുന്ന നായന്മാര്‍ പോലും പൂണൂല്‍ ഇട്ടിരുന്നില്ല. നമ്പൂതിരിമാര്‍ ക്രൈസ്തവര്‍ക്കു നല്‍കിയിരുന്നത് ഏതാണ്ട് വൈശ്യരുടെ പദവിയാണ്. എന്നാല്‍ എട്ടും പതിമൂന്നും നൂറ്റാണ്ടുകള്‍ക്കിടയില്‍ തൊഴിലിന്‍റെ അടിസ്ഥാനത്തില്‍ നമ്പൂതിരിമാര്‍ ജാതിവ്യവസ്ഥ കെട്ടിപ്പടുക്കുന്ന കാലത്ത് ബ്രാഹ്മണപദവിയുമായി ബന്ധപ്പെട്ട പൂണൂല്‍ ഉപയോഗിക്കാനോ നിലനിറുത്താനോ ഉളള അധികാരം സെന്‍റ് തോമസ് ക്രൈസ്തവര്‍ക്ക് നല്‍കിയതെന്തിന്? നമ്പൂതിരി ബ്രാഹ്മണര്‍ വരുന്നതിനു മുമ്പു തന്നെ ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണകുടുംബങ്ങളുമായി സെന്‍റ് തോമസ് ക്രൈസ്തവര്‍ക്കുണ്ടായിരുന്ന ബന്ധം മൂലമായിരുന്നിരിക്കില്ലേ അത്?
ചില സെന്‍റ് തോമസ് ക്രൈസ്തവ കുടുംബങ്ങളില്‍ ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ തുടര്‍ച്ചയായ ഒരുതരം പൗരോഹിത്യനൈരന്തര്യം നിലനിന്നു പോന്നതായി കാണാം. എല്ലാ തലമുറകളിലും ചുരുങ്ങിയത് ഒരു പുരോഹിതനെങ്കിലും കാണും. ഇത്തരം കുടുംബങ്ങളിലേറെയും ബ്രാഹ്മണിക പിന്തുടര്‍ച്ച അവകാശപ്പെടുന്നവരായിരുന്നു. പൗരോഹിത്യത്തിന്‍റെ നൈരന്തര്യം ഇത്തരം കുടുംബങ്ങളുടെ ബ്രാഹ്മണികവേരുകളില്‍ നിന്നുള്ളതാണോ? താഴ്ന്ന ജാതികളിലെ കൈത്തൊഴിലുകാര്‍ നല്‍കുന്ന പാത്രങ്ങളും എണ്ണയും മറ്റും ശുദ്ധമാക്കാന്‍ ചില ക്രൈസ്തവകുടുംബങ്ങളിലെ അംഗങ്ങളെ കൊണ്ടു തൊടുവിക്കുന്ന ആചാരം ഹൈന്ദവക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ഉണ്ടായിരുന്നു. ഇതിനായി അത്തരം കുടുംബങ്ങളെ അമ്പലങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കുമരികില്‍ ഭൂമി നല്‍കി പാര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. (“തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൗലോതു തൊട്ടാലതു ശുദ്ധമായിടും.”) തൊടുക എന്നു പറഞ്ഞാല്‍ അതൊരു ആചാരപരമായ കര്‍മ്മമായിരുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍ കേരളത്തിലെ ആചാരങ്ങളുടെ ആധികാരികസ്രോതസ്സായിരുന്ന നമ്പൂതിരിമാര്‍, മതം വ്യത്യസ്തമായിട്ടും അത്തരമൊരു അധികാരം എന്തിനു ചില സെന്‍റ് തോമസ് ക്രൈസ്തവര്‍ക്ക് അനുവദിച്ചു നല്‍കി? ഏതെങ്കിലും ചില ക്രൈസ്തവകുടുംബങ്ങള്‍ക്കു ആചാരപരമായി ഈ പദവി നല്‍കാന്‍ കഴിയുന്ന ലഘുവായ എന്തെങ്കിലും ബ്രാഹ്മണികബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന സൂചനയാണിതില്‍ നിന്നു ലഭിക്കുന്നത്. ഏതായാലും ഒന്നാം നൂറ്റാണ്ടില്‍ ബ്രാഹ്മണര്‍ ക്രൈസ്തവരായി മതംമാറിയിട്ടുണ്ടെന്നു പറഞ്ഞാല്‍ തന്നെയും, അക്കാലത്ത് യാതൊരു സാമൂഹികാധിപത്യവും ആ സമൂഹം അനുഭവിച്ചിരുന്നില്ല എന്നതു വ്യക്തമാണ്.
സെന്‍റ് തോമസ് ക്രൈസ്തവര്‍ ഒരു തരം “സാമൂഹ്യമേധാവിത്വം” അനുഭവിച്ചിരുന്നോ? എങ്കില്‍ അതെവിടെ നിന്നു വന്നു?മറ്റു നിരവധി വിഭാഗങ്ങള്‍ക്കു സാമൂഹ്യമായി മുകളിലായാണ് സെന്‍റ് തോമസ് ക്രൈസ്തവര്‍ സ്വയം കണ്ടിരുന്നതെന്ന് വിവിധ ചരിത്രരേഖകള്‍ പറയുന്നുണ്ട്. ക്രൈസ്തവികത ഉയര്‍ത്തിപ്പിടിക്കുന്ന സമത്വചിന്തയ്ക്കു വിരുദ്ധമാണിത്. ഈ സമൂഹം കാലക്രമത്തില്‍ മറികടക്കുവാന്‍ പരിശ്രമിച്ച ചുരുക്കം സാമൂഹ്യപ്രശ്നങ്ങളിലൊന്നുമാണിത്. പക്ഷേ ഈ മേധാവിത്വചിന്ത സെന്‍റ് തോമസിന്‍റെ പ്രേഷിതത്വവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് നൂറ്റാണ്ടുകളിലൂടെ രൂപംകൊണ്ട അനേകം സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാലുള്ളതാണ്. ഈ സമൂഹത്തിലേയ്ക്ക് സവര്‍ണബോധം കയറിക്കൂടിയതെങ്ങനെയെന്നത് ചരിത്രപരമായ പശ്ചാത്തലത്തില്‍ നിറുത്തി അപഗ്രഥിച്ചാല്‍ പല കാരണങ്ങള്‍ കാണാനാകും. മധ്യകാലത്ത് കേരളസമൂഹം അധികാരശ്രേണികള്‍ രൂപീകരിക്കുകയും വ്യത്യസ്ത അടരുകളായി രൂപപ്പെടുകയും ചെയ്ത കാലത്ത് വിഭവശേഷിയുള്ള ഓരോ സമൂഹവും സ്വയം ഉയര്‍ന്ന നിലയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. ഭരണാധികാരികളോടോ മറ്റു അധീശത്യവിഭാഗങ്ങളോടോ ഉള്ള ബന്ധങ്ങള്‍ അതിനായി ഉപയോഗിച്ചു. വ്യാപാരികളെന്ന സ്വാധീനം മൂലം പ്രാദേശിക ഭരണാധികാരികളോട് വളരെ അടുത്ത ബന്ധമാണ് സെന്‍റ് തോമസ് ക്രൈസ്തവര്‍ പുലര്‍ത്തിയിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കര്‍ഷകര്‍, നാടുവാഴികളുടെ സൈനികര്‍ തുടങ്ങിയ ബന്ധങ്ങളും അവര്‍ക്കുണ്ടായിരുന്നു. ഈ സമൂഹത്തിനുണ്ടായിരുന്ന വലിയ സമ്പത്തും വിഭവശേഷിയും മൂലം വിവിധ നാടുവാഴികള്‍ ഇവര്‍ക്ക് നിരവധി സാമൂഹ്യ-സാമ്പത്തിക അവകാശങ്ങള്‍ കൽപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു.. ഇത്യാധി കാരണങ്ങളാൽ ആയിരിക്കണം ഒരു സവർണ്ണ മനോഭാവം അവരിൽ ഉണ്ടായത്, അത് തെറ്റാണെങ്കിൽ കൂടെയും അതിൻറെ അടിസ്ഥാന സാമൂഹിക പശ്ചാത്തലം മേൽ വിവരിച്ച കാരണങ്ങൾ ആകാനാണ് സാധ്യത.
ചുരുക്കത്തിൽ പറഞ്ഞുവരുന്നത് മാർത്തോമാ നസ്രാണികളുടെ പരമ്പരാഗത ഐതിഹ്യങ്ങൾക്ക് ഉപോൽബലകമായ തെളിവുകൾ ഉണ്ട്.. വസ്തുത ഇങ്ങനെ ആയിരിക്കെ ചിലർ ഈ ഐതിഹ്യങ്ങളെ ക്രൈസ്തവരെ പരിഹസിക്കാനുള്ള ആയുധമാക്കി മാറ്റുന്നത്, അവരുടെ ഇത്തരം ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും അപഹാസ്യം ആണെന്ന തോന്നൽ അവരിൽ ഉണ്ടാക്കിയാൽ, അവരുടെ ആത്മാഭിമാനവും സ്വത്വബോധവും തകർത്താൽ ആ സമൂഹത്തെ തകർക്കാൻ എളുപ്പമാണ് എന്ന തിരിച്ചറിവിൽ നിന്നാണ്.. ഇത് ഏറ്റവും നന്നായി മനസ്സിലാക്കിയത് കേരളത്തിലെ യുക്തിവാദികളും ഇപ്പോൾ വേറെ ചിലരും ഒക്കെയാണ്.. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യവുമാണ്..
Nadavayal George Parappurathth (Nadavayal)