
യേശു കർത്താവ് തന്റെ ജീവിത കാലയളവിൽ പലപ്പോഴും വലിയ ജനാവലിയുടെ മുന്നിൽ വെച്ചുതന്നെ ഒട്ടേറെ അൽഭുതങ്ങൾ പ്രവർത്തിക്കുകയും, ശക്തി വെളിപ്പെടുത്തുകയും ചെയ്തു. മനുഷ്യരെക്കൊണ്ടു കീഴടക്കാൻ സാധിക്കാത്ത പ്രതിബന്ധങ്ങളെയും പ്രതിയോഗികളെയും കീഴ്പെടുത്താൻ യേശുവിനാകുമെന്ന് ആ അത്ഭുതങ്ങൾ തെളിയിച്ചു. നമ്മുടെ ജീവിതയാത്രയിൽ നാം വെറുതെ ഒന്നു തിരിഞ്ഞു നോക്കിയാൽ കാണാം നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്ത അൽഭുതങ്ങൾ.

യേശു കർത്താവ് രോഗങ്ങൾ സുഖപ്പെടുത്തുന്നു. യേശു സകലതരം രോഗങ്ങളും വ്യാധികളും സൗഖ്യ”മാക്കി. (മത്തായി 4:23) കുഷ്ഠരോഗികൾക്കും അപസ്മാരരോഗികൾക്കും അവൻ രോഗശാന്തി നൽകി. അന്ധരെയും ബധിരരെയും മുടന്തരെയും അംഗഹീനരെയും അവൻ സുഖപ്പെടുത്തി. അവനു സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യനു കീഴ്പെടുത്താൻ കഴിയാത്ത ശത്രുവാണ് മരണം. എന്നാൽ മരണത്തെയും കർത്താവ് കീഴടക്കി. തിൻമയുടെ സാത്താനിക ശക്തിയെയും, പ്രകൃതിക്ഷോഭത്തെയും, വിശപ്പിനെയും എന്തിനേറെ പറയുന്നു, മനുഷ്യന്റെ മുൻപിൽ പ്രതിബിംബമായി നിന്ന എല്ലാ ശക്തികളെയും കർത്താവ് കീഴടക്കി.

നാം തിരിച്ചറിയണം ഒറ്റപ്പെടുത്തുന്നവരുടെ മുൻപിൽ, മാറ്റി നിർത്തപ്പെടുന്നവരുടെ മുൻപിൽ തളർന്നു പോകാതെ യാതൊരു വ്യവസ്ഥകളുമില്ലാതെ നമ്മെആയിരിക്കുന്ന അവസ്ഥയിൽ ദൈവം സ്നേഹിക്കുന്നു. ആ ദൈവം കൂടെയുള്ളപ്പോൾ എന്തിനാ തളരുന്നത്, എന്തിനാ നിരാശപ്പെടുന്നത്, പ്രതിസന്ധികൾക്കു മുൻപിൽ തളർന്ന് കരയാതെ വെല്ലുവിളികളെ നോക്കി ദൈവത്തിൽ അഭയം തേടണം. മുന്നിലുള്ള പ്രശ്നങ്ങളെ നോക്കി വിളിച്ചു പറയൂ എനിക്കു വേണ്ടി അൽഭുതം പ്രവർത്തിക്കുന്ന, ശക്തിപ്പെടുത്തുന്ന ദൈവം എന്റെ കൂടെ ഉണ്ട് എന്ന്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






