‘യുവാരവം’ എന്നത് എന്തൊരു പേരാണ്! പറയുമ്പോൾ തന്നെ അതിന്റെ ആരവം കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘മൗനം മുറിഞ്ഞുപോകുന്നൊരിടം’ എന്ന ഇരട്ടപിറന്ന ഉപശീർഷകത്തിനു മീതെ ആ പേര് യുവത്വത്തിന്റെ ചൂടും ചൂരുമറിയിച്ചു തെളിഞ്ഞു കിടന്നു.

മലങ്കര കത്തോലിക്കാ സഭയിലെ തിരുവനന്തപുരം വൈദിക ജില്ല യുവജനങ്ങൾക്കായി സംഘടിപ്പിച്ച ഒരു മത്സരപരിപാടിയാണ് യുവാരവം! നല്ല തലയ്ക്കു പിറന്ന ആശയങ്ങളും ചിന്തയ്ക്കു പിറന്ന ബോധ്യങ്ങളും യുവത്വത്തിന്റെ വീറിനും വാശിക്കും പോന്ന വാക്കുകളും കൊണ്ട് മലങ്കരയുടെ ഇരുപതു രത്നങ്ങൾ മാറ്റുരച്ച അപൂർവ്വമായ ഒരു പകൽ എരിഞ്ഞടങ്ങിയപ്പോൾ അതു മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ യുവജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുതിയ ഒരധ്യായമായി.

മലങ്കരയിലെ യുവജനങ്ങളുടെ ചിന്താശേഷിയും ദർശന വെളിച്ചവും ആത്മപ്രകാശന മികവുമൊക്കെ പല വഴികളിലൂടെയും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ യുവാരവത്തിൽ പങ്കെടുക്കാൻ അറുനൂറിലധികം കിലോമീറ്ററുകൾ താണ്ടിയെത്തിയ പുത്തൂർ രൂപതാംഗം ആകാശ് മുതൽ അയൽപക്കക്കാരൻ അനന്തു വരെയുണ്ടായിരുന്നു. പിന്നെ പാറശാലയിൽ നിന്ന്, മാവേലിക്കരയിൽ നിന്ന്, പത്തനംതിട്ടയിൽ നിന്ന്, തിരുവല്ലയിൽ നിന്ന്, ബത്തേരിയിൽ നിന്ന്… അങ്ങനെ മലങ്കര സഭാവൃക്ഷത്തിന്റെ എല്ലാ പച്ചമരച്ചില്ലകളിൽ നിന്നും ജ്വലിക്കുന്ന മനസ്സോടെ അവർ പറന്നെത്തി.

നൽകപ്പെട്ടിരുന്ന ഒരു വിഷയത്തെ അധികരിച്ചുള്ള, നേരത്തേ നടന്ന ഒരു വീഡിയോ അവതരണത്തിനും ഓൺലൈൻ ഇന്റർവ്യൂവിനും ശേഷം നൂറ്റി അറുപതോളം മത്സരാർത്ഥികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഇരുപതു പേരാണ് ഇന്ന് നാലാഞ്ചിറ ബിഹബ്ബിൽ നടന്ന യുവാരവത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.

‘നേർക്കാഴ്ച’ എന്നു പേരിട്ട, പത്തുപേരടങ്ങുന്ന, അര മണിക്കൂർ നീണ്ട രണ്ടു ഗ്രൂപ്പ് ഡിസ്കഷനുകളിൽ നിന്ന് ഏറ്റവും മിടുക്കരായ പത്തു പേർ തെരഞ്ഞെടുക്കപ്പെട്ടു. ‘അഭിനവ ഭാരതത്തിൽ നാമനുഭവിക്കുന്ന സ്വാതന്ത്യം’ എന്ന വിഷയത്തിൽ മത്സര സമയം കഴിഞ്ഞിട്ടും നീണ്ടു പോയ ചർച്ചകളിൽ അക്ഷരാർത്ഥത്തിൽ തീപാറി. പിന്നീടു നടന്നത്, ഒരു വിഷയത്തിൻമേൽ ആനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു കൊണ്ട് രണ്ടു പേർ പരസ്പരം പോരാടിയ ഇനമാണ്- സെഷന്റെ പേര് ‘അങ്കത്തട്ട്’. ചോര പൊടിഞ്ഞില്ലെന്നേയുള്ളൂ. അതു കഴിഞ്ഞപ്പോൾ അഞ്ചു പേർ അകത്ത്, അഞ്ചു പേർ പുറത്ത്!

പിന്നെ, ‘പകർന്നാട്ടം’ എന്ന പേരിൽ പരകായപ്രവേശനത്തിനുള്ള സമയമായിരുന്നു. മേരി കോമും മദർ തെരേസയും അബ്ദുൾ കലാമും മാർ ഇവാനിയോസ് തിരുമേനിയും ഫാദർ സ്റ്റാൻ സ്വാമിയും വിധികർത്താക്കളുടെ ചോദ്യശരങ്ങളെ പുല്ലുപോലെ വെട്ടിയരിഞ്ഞു. ചങ്കിടിച്ചെങ്കിലും അഞ്ചു പേരും ഒരിഞ്ചുപോലും പിന്നോട്ടു പോയില്ല.നിമിഷ നേരം കൊണ്ട് ചിന്തകളെ മുന്നോട്ടും പിന്നോട്ടും പായിക്കാനുള്ള സാമർത്ഥ്യമളന്ന സെഷനായിരുന്നു ‘വാക്പോര്’! തൽസമയം നൽകപ്പെടുന്ന ഒരു വിഷയത്തിന്റെ ഗുണവും ദോഷവും വിധികർത്താക്കളുടെ സൂചനയനുസരിച്ച് മാറിമാറിപ്പറയണം. ഓന്തിനെപ്പോലെ നിമിഷങ്ങൾ കൊണ്ടു നിറവും നിലപാടും മാറിയ മത്സരാർത്ഥികളുടെ പ്രകടനം കാണികൾ ഏറെ ആസ്വദിച്ചു. പ്രണയവും കർഷക സമരവും സ്വകാര്യവൽക്കരണവും കാമ്പസ് പൊളിറ്റിക്സും ഓൺലൈൻ വിദ്യാഭ്യാസവുമൊക്കെ വിഷയങ്ങളായി വന്ന വാക്പോര് ഒട്ടും മോശമായില്ല.

കഴിഞ്ഞു എന്നു വിചാരിക്കാൻ വരട്ടെ. പിന്നീടായിരുന്നു കലാശക്കൊട്ട്! അഞ്ച് മത്സരാർത്ഥികൾ, അഞ്ചു വിശിഷ്ടാതിഥികൾ. അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനി, ശബരീനാഥൻ MLA, കെ. പ്രശാന്ത് MLA, മേയർ ആര്യാ രാജേന്ദ്രൻ, റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ! ഓരോ അതിഥിയും ഓരോ മത്സരാർത്ഥിയെ കൈകാര്യം ചെയ്തു. ചോദ്യങ്ങൾ കൊണ്ടും ഉപചോദ്യങ്ങൾ കൊണ്ടും അവരെ ‘മസ്തിഷ്ക പ്രക്ഷാളന’ത്തിനു വിധേയരാക്കി! അഭിവന്ദ്യ ബാവാ തിരുമേനി തന്റെ സ്വതസിദ്ധമായ ശൈലിയിൽ നർമ്മം കലർത്തി സദസ്യരെ സന്തുഷ്ടരാക്കി.

ശേഷം വിധികർത്താക്കളുടെ ഊഴമായിരുന്നു. ക്രൈസ്തവ കാഹളം ചീഫ് എഡിറ്റർ റവ. ഫാ. ബോവസ് മാത്യു, മാധ്യമ പ്രവർത്തകനായ ബോബി എബ്രഹാം, കോളേജ് അധ്യാപിക ഷേർളി സ്റ്റുവർട്ട്, ICYM സെക്രട്ടറി അഡ്വ. ആന്റണി ജൂഡി എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ യുവരത്നത്തെ കണ്ടെത്താനുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചു. ഒരു കൈസഹായത്തിന് ഭാഗികമായി അവർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് സന്തോഷത്തോടും നന്ദിയോടും കൂടി ഓർക്കുന്നു.

ഒടുവിൽ ഒരു പകൽ നീണ്ട ബൗദ്ധിക, മാനസിക, വീക്ഷണ, പ്രകടന പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ മാവേലിക്കരയിൽ നിന്നു വന്ന ചാരുംമൂടിന്റെ പ്രിയപുത്രൻ അലക്സ് ഡേവിഡ് ഏറ്റവും തിളക്കമുള്ള യുവരത്നമായി. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ ഇരുമ്പ ഇടവകാംഗം രഞ്ജിത രണ്ടാമതെത്തി. ബത്തേരി രൂപതയിലെ പാലാങ്കര ഇടവകാംഗം അലീഷ മരിയ ജോർജ്ജ് മൂന്നാം സ്ഥാനവും പാറശ്ശാല രൂപതയിലെ കാഞ്ഞിരംകുളം ഇടവകാംഗം മനുജ നാലാം സ്ഥാനവും തിരുവനന്തപുരത്തെ അഞ്ചൽ ഇടവകാംഗം ടോം ജോസ് അഞ്ചാം സ്ഥാനവും നേടി. മലങ്കരയുടെ പഞ്ചരത്നങ്ങൾക്ക് അഭിമാനത്തോടെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ!

വന്നു പങ്കെടുത്ത ഇരുപതു പേരിൽ ബാക്കി പതിനഞ്ചു പേർ എന്താ മോശക്കാരാണോ? ഒരിക്കലുമല്ല! ഇന്നത്തെ ദിവസം അവരുടേതായിരുന്നില്ല എന്നേയുള്ളൂ. അവരും പത്തരമാറ്റ് തിളക്കമുള്ളവർ തന്നെ.എന്തൊരാവേശമായിരുന്നു ഈ ദിവസത്തിന്. ഈ പരിപാടിയെക്കുറിച്ച് അറിയാതെ പോയവർക്കും അറിഞ്ഞിട്ടും ആലസ്യത്തിലാണ്ടിരുന്നവർക്കും പങ്കെടുക്കാനോ കാണാനോ കഴിയാത്തവർക്കും തീർച്ചയായും അതൊരു വലിയ നഷ്ടമാണ്.സത്യത്തിൽ നമ്മുടെ യുവജനങ്ങളുടെ ആശയങ്ങളും പ്രകാശന ശേഷിയുമൊന്നും നാമിതുവരെയും വേണ്ട രീതിയിൽ ഇനിയും കണ്ടെത്തിയിട്ടില്ല. ഇന്നത്തെ ദിവസത്തിന്റെ മുഴുവൻ ക്രെഡിറ്റും തിരുവനന്തപുരം വൈദിക ജില്ലയ്ക്കാണ്. ഇതുപോലെ സമാനതകളില്ലാത്ത ഒരു വേദി യുവജനങ്ങൾക്ക് ഒരുക്കിക്കൊടുത്തതിന്, അവരുടെ അറിയപ്പെടാതെ കിടക്കുന്ന പോരാട്ട വീര്യത്തെ പുറത്തുവിട്ടതിന്, മലങ്കര സഭയ്ക്ക് അഭിമാനിക്കാൻ ഒരു ദിവസം തന്നതിന്, നിങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഞങ്ങൾ എഴുനേറ്റു നിന്നു കയ്യടിക്കുന്നു. ജില്ലാ ഡയറക്ടർ ജോൺ കുറ്റിയിലച്ചൻ, ആനിമേറ്റർ സിസ്റ്റർ വചന SlC ജില്ലാ പ്രസിഡന്റ് അപർണ്ണ, സഭാതല പ്രസിഡന്റ് ജിത്ത്, പിന്നെ അവർക്കൊപ്പം തങ്ങളുടെ മുഴുവൻ ശേഷിയും പുറത്തെടുത്ത് സംഘാടക മികവിന്റെ പര്യായമായ ജില്ലാ സമിതിയംഗങ്ങൾ തുടങ്ങിയവർക്ക് പ്രത്യേക അനുമോദനങ്ങൾ!

ഇത്രയൊക്കെ വലിച്ചു നീട്ടി എഴുതാൻ എന്തു കുന്തമാണിതെന്ന് ചിലർക്കു തോന്നാം. കോവിഡിന്റെ പരിമിതികളിൽ നിന്നു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ ഇതിന്റെ പിന്നിൽ ഉരുക്കഴിച്ചിട്ടുള്ള കഠിനാധ്വാനത്തേയും കർമശേഷിയേയും ബഹുമാനിക്കുന്നതു കൊണ്ടാണ് ഈ കുറിപ്പ്.

കോവിഡിന്റെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന മലങ്കരയുടെ യുവജന സഭയ്ക്കുള്ള ഒരു ‘വേക്ക് അപ്’ കോളായിരിക്കട്ടെ ഇത്! ‘യുവാരവം’ അവസാനിക്കാതിരിക്കട്ടെ! സഭയെ തച്ചുതകർക്കാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കൾക്കു മുന്നിൽ സിംഹഗർജ്ജനമായി അതു മുഴങ്ങട്ടെ!

Fr.Sheen Palakkuzhy