പത്രോസ് ശ്ലീഹായിലൂടെ ഈശോ നമ്മോട് ഒരു യാഥാർത്ഥ്യം തുറന്നു പറയുന്നതാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. നന്മ ചെയ്ത് നീതിമാനായി ജീവിക്കുന്നവൻ വളരെ കഷ്ടിച്ചുമാത്രം രക്ഷപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തിന്മയിൽ ജീവിക്കുന്ന നമ്മുടെ അവസ്ഥ എത്ര പരിതാപകരമാകും എന്ന് ഈശോ നമ്മെ ഓർമിപ്പിക്കുന്നു. പാപികളും ബലഹീനരുമായ നമ്മെ തന്റെ ജീവൻ നൽകി രക്ഷിച്ച ദൈവം നമ്മോട് ചോദിക്കുന്നു അവന്റെ രക്ഷ സ്വീകരിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ? പാപത്തിൽ നിന്ന് അകന്ന് വിശുദ്ധിയിൽ ജീവിക്കുവാനുള്ള ഒരു വില നാം ജീവിതത്തിൽ കൊടുക്കുമ്പോൾ മാത്രമേ , ദൈവിക രക്ഷ അനുഭവിക്കുവാൻ സാധിക്കുകയുള്ളു.
മനുഷ്യന് ഭൂമിയിൽ തന്നിരിക്കുന്ന മഹത്തായ അനുഗ്രഹം ആണ് സ്വാതന്ത്ര്യം. എന്നാൽ ദൈവം തന്നിരിക്കുന്ന സ്വാതന്ത്യം നാം വ്യർത്ഥമായി ഉപയോഗിച്ചാൽ നാം നരക ശിക്ഷ അനുഭവിക്കേണ്ടി വരും. ഇന്ന് പല വ്യക്തികളിലും ഞായറാഴ്ച ക്രിസ്ത്യാനികളായി മാറുകയും, ലോക പ്രകാരമുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുകയും ചെയ്യുന്നു. നിത്യരക്ഷ പ്രാപിക്കുവാൻ ദൈവ വചനം അനുസരിക്കുകയും, ദൈവഹിതപ്രകാരം ജീവിക്കുകയും ചെയ്യണം. ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം തുടങ്ങിയവയൊക്കെ നമ്മിൽ വളരണം, എങ്കിൽ മാത്രമേ നിത്യരക്ഷ ആസ്വദിക്കാൻ സാധിക്കുകയുള്ളു.
ഒരു വിശ്വാസിക്ക് എല്ലാ തിന്മയുടെമേലും അവന്റെ പ്രവർത്തനങ്ങളുടെമേലും യേശുക്രിസ്തു വഴിയായി പൂർണവിമോചനം ഉണ്ട്. ശത്രുവിന്റെ സകല ശക്തികളുടെയുംമേൽ ചവിട്ടി നടക്കുവാനുള്ള അധികാരമാണ് യേശു നമുക്ക് നല്കുന്നത് (ലൂക്കാ 10:19). കർത്താവിന്റെ രക്ഷാകര പ്രവർത്തനങ്ങൾ ഈ ഭൂമിയിൽ തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം ഏത് ജീവിതാവസ്ഥയിൽ വിളിക്കപ്പെട്ടോ ആ മേഖലയിലുള്ള സകല അന്ധകാര ആധിപത്യങ്ങളെയും തകർത്തെറിയുവാനുള്ള അധികാരം അവൻ നമുക്ക് തന്നിട്ടുണ്ട്. നീതിമാന്മാരായി ജീവിച്ച് അവൻ നേടിതന്ന രക്ഷ സ്വന്തമാക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.