കത്തോലിക്കാ ജേർണലിസത്തിൽ തുടക്കകാരിൽ ഒരാളും, ജർമ്മൻ നാസി ഭരണകാലത്ത് ഡക്കാവുവിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് രക്തസാക്ഷിയായ നെതർലന്റുകാരൻ ഫാ. ടിറ്റോ ബ്രാൻഡ്സ്മയും, തെക്കേ ഇറ്റലിയിലെ പലെർമോയിൽ ജനിച്ച മേരി ഓഫ് ജീസസ് എന്ന കന്യാസ്ത്രീയെയും, ഫ്രഞ്ചുകാരിയായ സിസ്റ്റർ മരിയ റിവിയറെയും ആണ് ഈ വരുന്ന മെയ് 15 ന് വത്തിക്കാനിൽ വച്ച് നടക്കുന്ന നാമകരണ ചടങ്ങിൽ വിശുദ്ധരായി പാപ്പ പ്രഖ്യാപിക്കുക. ഇന്ത്യയിൽ നിന്നുള്ള ദേവസാഹായം പിള്ള, വാഴ്. ചാൾസ് ഡി ഫൂക്കോൾഡ്, ദൈവവിളി സഭ സ്ഥാപിച്ച ഫാ. ജസ്റ്റിനിയാനോ റുസോളിനോ എന്നിങ്ങനെ ആറ് പേരുടെ കൂടെയാണ് ഇവർ മൂന്ന് പേരും വിശുദ്ധരായി നാമകരണം ചെയ്യപെടുന്നത്.
കർമ്മലീത്ത വൈദികനും, കത്തോലിക്കാ മാധ്യമ പ്രവർത്തനത്തിന്റെ തുടക്കകാരനും, എക്യുമെനിക്കൽ ചർച്ചകളുടെ പ്രവർത്തകനുമായിരുന്നു വാഴ്ത്തപെട്ട ഫാ. ടിറ്റോ. നാസി ഭരണകാലത്ത് പൊതുപ്രവർത്തനത്തിലും, മാധ്യമ പ്രവർത്തനത്തിലും ഏർപെട്ടിരുന്ന ഫാ. ടിറ്റോയെ 1941 ലാണ് നാസി തടവിലാക്കുന്നത്. നാസി തടവിലും തന്റെ പ്രവർത്തനങ്ങൾ തുടർന്നതിനാലാണ് അദ്ദേഹത്തെ മരണത്തിന് വിധിക്കുന്നത്.
മരണത്തിന് മുമ്പ് ആരാച്ചാർക്ക് വേണ്ടി പ്രാർത്ഥിച്ചാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. 1985ലാണ് ഫാ. ടിറ്റോയെ വാഴ്ത്തപെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. 2004 ൽ ആണ് അദ്ദേഹത്തെ വിശുദ്ധനാക്കി ഉയർത്താനുള്ള അത്ഭുതം വാഴ്. ഫാ. ടിറ്റോയുടെ മധ്യസ്ത്ഥതയിൽ അമേരിക്കയിൽ വച്ച് നടന്നത്.ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്നുള്ള ഈശോയുടെ മേരി എന്ന പേരിൽ അറിയപെടുന്ന 2016 ൽ ആണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപെട്ടത്. ചെറുപ്പത്തിൽ തന്നെ ഫ്രാൻസിസ്ക്കൻ ആത്മീയത ശീലിച്ച സിസ്റ്റർ സ്ത്രീകൾക്ക് വേണ്ടി ഒരു ഫ്രാൻസിസ്കൻ സന്യാസ സമൂഹം സ്ഥാപിച്ചിട്ടുണ്ട്.
ഫ്രഞ്ചുകാരിയായ വാഴ്. മരിയ റിവിയർ ചെറുപ്പത്തിൽ ഉണ്ടായ ഒരു അപകടം കാരണം മഠത്തിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ പിന്നീട് സ്വന്തം ഭവനത്തിൽ രോഗികളെയും ദരിദ്രരെയും പരിചരിക്കുന്നതിനായി ഒരു സ്ഥാപനം തുറന്നു, അത് പിന്നീട് ഒരു സന്യാസ സമുഹത്തിന്റെ പിറവിക്ക് കാരണമായി. 2013 ൽ കെനിയയിൽ വച്ചാണ് വിശുദ്ധരുടെ പട്ടികയിലേക്ക് ഉയത്താൻ കാരണമായ അത്ഭുതം വാഴ്ത്തപ്പെട്ട മരിയ റിവിയരുടെ മാധ്യസ്ഥത്തിൽ നടന്നത്. കൂടാതെ ഇന്ന് കൂടിയ കൺസിസ്റ്ററിയിൽ എട്ട് കർദിനാൾമാരെ കർദിനാൾഡീക്കൻ എന്ന സ്ഥാനത്ത് നിന്ന് കർദിനാൾപ്രീസ്റ്റ് സ്ഥാനത്തേക്ക് പാപ്പ ഉയർത്തുകയും ചെയ്തു.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ചിത്രങ്ങൾക്ക് കടപ്പാട്: വത്തികാൻ മീഡിയ