Oh, how abundant is your goodness, which you have stored up for those who fear you (Psalm 31:19)
ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ 3: 9 ൽ പത്രോസ് ഓർമപ്പെടുത്തുന്നു. കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാൻ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെക്കാൾ ഉന്നതനാക്കും (നിയ. 28:1-2).
ഭയപ്പെടേണ്ടതില്ല. താല്ക്കാലികമായി വന്നുചേരുന്ന ദുഃഖദുരിതങ്ങളും കഷ്ടനഷ്ടങ്ങളും കണ്ട് മനസ് തളരേണ്ടതില്ല. ദൈവവചനത്തിന്റെ പാതയിൽ ചരിക്കുന്നവർ, ദൈവേഷ്ടത്തിന്റെ മാർഗത്തിൽ നടക്കുന്നവർ അനുഗ്രഹത്തിന്റെ വഴിയിലാണ്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് നന്മ ചെയ്ത് അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭൂതരാകാനാണ്. നന്മയെ ജാഗ്രതയോടെ അന്വേഷിക്കുന്നവൻ അനുഗ്രഹത്തെയാണ് അന്വേഷിക്കുന്നത്” (സുഭാ. 11:27 ) അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ് മറ്റുളളവരെ അനുഗ്രഹിക്കുക എന്നത്. അനുഗ്രഹിക്കുന്നതിലൂടെ അപരർക്ക് സ്നേഹം നല്കുകയാണ്. ജീവിതവഴികളിൽ കണ്ടുമുട്ടുന്നവരെയൊക്കെ അനുഗ്രഹിക്കുന്നത്, അവരുടെ നന്മ ആഗ്രഹിക്കുന്നത്, വിശാലഹൃദയമുള്ളവരാണ്, ദൈവിക സ്വഭാവത്തിന്റെ നിറവുള്ളവരാണ്.
നിന്നെ ഞാൻ അനുഗ്രഹിക്കും… അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ അനുഗ്രഹവഴികളിലൂടെ നാം നടക്കണം. അടിയന്റെ കുടുംബം അങ്ങയുടെ മുൻപിൽനിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളമാക്കേണമേ, എന്ന പ്രാർത്ഥന നമ്മുടേതാക്കി മാറ്റാം. നിശ്ചയമായും ദൈവിക അനുഗ്രഹങ്ങൾ അവകാശമായി നമ്മൾക്ക് ലഭിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ