ബിർമിംഗ്ഹാം: ഗ്ലാസ്‌ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽ അനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോ മലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. അഭയാർത്ഥികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അത്താണിയായിരുന്ന ബിഷപ്പിന്റെ വിയോഗം ബ്രിട്ടനിലെ പൊതുസമൂഹത്തിനു തന്നെ തീരാനഷ്ട്മാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പൗരന്മാർ നേരിടുന്ന വെല്ലുവിളികളെ നന്നായി മനസിലാക്കിയിരുന്ന അദ്ദേഹം അവരുടെ വിശ്വാസങ്ങൾ പരിഗണിക്കാതെ സാമൂഹ്യനീതിക്കുവേണ്ടി ധീരമായി പോരാടുകയും തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുവാൻ തന്റെ സ്ഥാനം ഉപയോഗിക്കുകയും ചെയ്തു. പിതാവിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന ഗ്ലാസ്‌ഗോ രൂപതയിലെ വിശ്വാസികളുടെ ദുഃഖത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പങ്കുചേരുന്നതായും ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

2012 മുതൽ ഗ്ലാസ്ഗോ അതിരൂപതയിൽ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ടാർട്ടാഗ്ലിയയുടെ (70) മരണവാർത്ത ബുധനാഴ്ച ഉച്ചകഴിഞ്ഞ് അതിരൂപതയുടെ ഓൺലൈൻ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ക്രിസ്മസിന് തൊട്ടുപിന്നാലെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ബിഷപ്പിന്റെ ആകസ്മിക വിയോഗം അതീവദുഃഖത്തോടുകൂടിയാണ് അതിരൂപത പങ്കുവച്ചത്. 1951 ജനുവരി 11ന് ആർച്ച് ബിഷപ്പ് ടാർട്ടാഗ്ലിയ ഗ്വിഡോയുടെയും അനിത ടാർട്ടാഗ്ലിയയുടെയും മൂത്ത മകനായി ഗ്ലാസ്ഗോയിൽ ജനിച്ചു. റിഡ്രിയിലെ സെന്റ് തോമസ് പ്രൈമറിയിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സെന്റ് മുംഗോ അക്കാദമിയിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പോർത്തിയാക്കി. അതിനുശേഷം ലാങ്‌ബാങ്കിലെ സെന്റ് വിൻസെന്റ് കോളേജിലെ ദേശീയ ജൂനിയർ സെമിനാരിയിൽ ചേർന്നു.

പിന്നീട് അബെർഡീനിലെ ബ്ലെയേഴ്സിലെ സെന്റ് മേരീസ് കോളേജിലും പൊന്തിഫിക്കൽ സ്കോട്ട്സ് കോളേജിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിലും സഭാപഠനം പൂർത്തിയാക്കി. 1975 ജൂൺ 30 ന് ഡെന്നിസ്റ്റൗണിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ഗുഡ് കൗൺസലിൽ അന്നത്തെ ആർച്ച് ബിഷപ്പ് ആയിരുന്ന തോമസ് വിന്നിംഗിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 2005 നവംബർ 20 ന് പെയ്‌സ്‌ലിയിലെ സെന്റ് മിറിൻസ് കത്തീഡ്രലിൽ വച്ച് ബിഷപ്പായി. ആർച്ച് ബിഷപ്പ് മരിയോ കോണ്ടിയുടെ പിൻഗാമിയായി 2012 ജൂലൈ 24 ന് ബിഷപ്പ് ടാർട്ടാഗ്ലിയയെ ഗ്ലാസ്ഗോ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു.

2006ൽ നിർമിച്ച കുടുംബവുമായി ബന്ധപ്പെട്ട യുകെ നിയമത്തെ വിമർശിച്ചതിന് ബിഷപ്പ് ടാർട്ടാഗ്ലിയ വിവാദത്തിലായി.

വിവാഹമോചനം വേഗത്തിലും എളുപ്പത്തിലും ആക്കിയ ഫാമിലി ലോ ആക്റ്റ്, സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ പദവി നൽകുന്ന സിവിൽ പാർട്ണർഷിപ്പ് നിയമവും ലിംഗപരമായ അംഗീകാര നിയമവും ലിംഗഭേദം അനുവദിച്ചുകൊണ്ടുള്ള നിയമവും അദ്ദേഹം ചോദ്യം ചെയ്തു. ഈ നിയമങ്ങൾ കുടുംബങ്ങളെ ദുർബലപ്പെടുത്തുമെന്നും നമ്മുടെ മനസ്സ് ഇരുണ്ടതായി തീരാൻ ഇടയാക്കുമെന്നും ദൈവം തന്റെ സൃഷ്ടിയിൽ എഴുതിയ പ്രകൃതി നിയമത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2010 ൽ ഡേവിഡ് കാമറൂണിന് കത്തെഴുതിക്കൊണ്ട് അദ്ദേഹം ഇത് ആവർത്തിച്ചു: “കത്തോലിക്കാ സഭ സിവിൽ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുകയോ സ്വവർഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല: ഇപ്പോൾ എന്നല്ല, ഭാവിയിലുമില്ല, ഒരിക്കലുമില്ല”. ആണവായുധശേഷി വർധിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെയും വർഗവിരുദ്ധ നിയമനിർമ്മാണത്തെയും വെല്ലുവിളിച്ച അദ്ദേഹം ബ്രിട്ടനിലെ കത്തോലിക്കാസഭയുടെ വേറിട്ട ശബ്ദമായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളിൽ കത്തോലിക്കാ സഭയെ തളരാതെ നയിച്ച ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയ സാമൂഹികസമത്വത്തിന്റെ കാവലാളായാണ് അറിയപ്പെടുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

പി എസ്

What do you like about this page?

0 / 400