ദൈവത്തിന് നമ്മുടെ പരിമിതികൾ അറിയാം. “എന്തിൽ നിന്നാണ് നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓർമ്മിക്കുന്നു,” സങ്കീർത്തനം 103:14 നാം ഓരോരുത്തരും അപൂർണതയുടെ ഫലമായി നാം ദൗർബല്യങ്ങൾ അഥവാ ബലഹീനതകൾ ഉള്ള സൃഷ്ടിയാണെന്ന് ദൈവത്തിനറിയാം. പശ്ചാത്താപമുള്ള ഒരു ഹൃദയത്തോടെ നാം കർത്താവിന്റെ കരുണ തേടുന്നെങ്കിൽ അവൻ നമ്മോടു ക്ഷമിക്കുമെന്ന് സ്‌നേഹപൂർവം നമുക്ക് ഉറപ്പുനൽകുന്നു. തകർന്ന ഹൃദയത്തെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല, അല്ലെങ്കിൽ തള്ളിക്കളയില്ല.
നമ്മുടെ പാപപ്രകൃതിയെ, പാപം ചെയ്യാനുള്ള ഒഴികഴിവായി ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്‍റെ കരുണയെ നിസ്സാരീകരിക്കാമെന്നാണോ? തീർച്ചയായുമല്ല! ദൈവം കേവലം വികാരത്താലല്ല നയിക്കപ്പെടുന്നത്. അവന്‍റെ കരുണയ്‌ക്ക് അതിരുകളുണ്ട്. കഠിന ഹൃദയത്തോടെ, യാതൊരു അനുതാപവും പ്രകടമാക്കാതെ, മനഃപൂർവം പതിവായി പാപം ചെയ്‌തുകൊണ്ടിരിക്കുന്നവരോട് അവൻ തീർച്ചയായും ക്ഷമിക്കുകയില്ല. (ഹെബ്രായർ 10:26) മറിച്ച്, പശ്ചാത്താപമുള്ള ഒരു ഹൃദയം കാണുമ്പോൾ, അവൻ ക്ഷമിക്കാൻ തയ്യാറാകുന്നു.
നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുന്ന രക്ഷകനാണ് യേശുക്രിസ്തു. ദൈവത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ നമ്മുടെ പാപങ്ങൾക്ക് കഴിയില്ല. നമ്മുടെ പാപമോചനത്തിനായി അപേക്ഷിച്ചുകൊണ്ട് യേശു ക്രൂശിൽ പിതാവിനോട് നിലവിളിച്ചപ്പോൾ ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. അതുകൊണ്ടാണ് പാപം പരാജയപ്പെട്ടുവെന്ന് ഉറപ്പിച്ചുകൊണ്ട് ‘‘നിവൃത്തിയായി’’ എന്നുപറഞ്ഞ് യേശു തന്റെ ആത്മാവിനെ ഏല്പിച്ചു കൊടുത്തത്. നിങ്ങളുടെ പാപങ്ങൾ യേശുവിന്റെ കാൽക്കൽ വയ്ക്കുക. പാപങ്ങൾ ഏറ്റുപറഞ്ഞ് അവൻ നൽകുന്ന പാപമോചനം അനുഭവിച്ചറിയുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ