മനുഷ്യർ കർത്താവിനു സാക്ഷ്യം നൽകുന്നതിൽ ലജ്ജിക്കുന്നവരും, കർത്താവിന്റെ അനുഗ്രഹം സ്വീകരിക്കാൻ അതിയായ താൽപര്യം ഉള്ളവരുമാണ്. ദൈവവചനം പ്രസംഗിക്കുമ്പോള്‍ അത്യധികമായ നിഷേധങ്ങളും, എതിര്‍പ്പുകളും, മറ്റുള്ളവരുടെ നിന്ദയും അനുഭവിക്കേണ്ടി വരും. യേശു നമുക്ക് തന്ന മുന്നറിയിപ്പ് നാം വിസ്മരിക്കരുത്, “എന്നെ പ്രതി നിങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാര്. ലജ്ജ കൂടാതെ കർത്താവിന് സാക്ഷ്യം വഹിക്കുവാൻ ധൈര്യം ഉള്ളവരാകാനാണ് നമ്മളെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത്.ആദ്യ നൂറ്റാണ്ടുകളിൽ ദൈവവചനപ്രഘോഷകർ അതിഭയങ്കരമായ ക്രൂരതകള്‍ സഹിച്ചു.
ഈ ചരിത്രം ഇന്ന് മറ്റ് സ്ഥലങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ, നാം ഓരോരുത്തർക്കും രക്തം ചൊരിയാന്‍ പോലുമുള്ള സാഹചര്യം ഉണ്ടാകുന്നില്ല, എന്നിട്ടും, സുവിശേഷം പ്രചരിപ്പിക്കാന്‍ നമ്മള് വിമുഖത കാണിച്ചിട്ടുണ്ടോ? സത്യ ദൈവമായ അവിടുത്തോട് അവിശ്വസ്തത കാണിക്കുന്നവരാണോ നമ്മള്? സുവിശേഷപ്രഘോഷണം എക്കാലത്തും ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിശ്വാസത്തെയും സുവിശേഷത്തെയുംപ്രതി എത്രയോ പേരാണ് ജീവന് സമര്‍പ്പിച്ചിട്ടുള്ളത്.
കോവിഡ് എന്ന മഹാമാരി മൂലം ജനങ്ങൾ വീടുകളിൽ തന്നെയാണ് കൂടുതലും ചിലവഴിക്കുന്നത്. ജോലിയും വിദ്യാഭ്യാസവും എല്ലാം ഓൺലൈൻ മേഖലേയ്ക്ക് കുടിയേറി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളുകൾ ഇന്ന് ചുരുക്കമാണ്.യേശു ശിഷ്യൻമാരോട് പറഞ്ഞത്, നിങ്ങൾ ലോകം മുഴുവൻ പോയി സുവിശേഷം അറിയിക്കാനാണ്. നാം ഓരോരുത്തർക്കും ലോകം മുഴുവൻ പോകാതെ വളരെ എളുപ്പത്തിൽ സോഷ്യൽ മീഡിയ വഴി ദിവസേന ഒരു വചനം ലോകം മുഴുവൻ അറിയിക്കുവാൻ സാധിക്കും. ജോലി സ്ഥലത്തും, സമൂഹത്തിലും, കുടുബാംഗങ്ങൾക്കിടയിലും കർത്താവിന് സാക്ഷ്യം നൽകുന്നതിൽ ലഞ്ജിക്കരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ