വിശുദ്ധ കുർബാനയ്ക്കായി കലഹിക്കുന്നവർ?


കേരളത്തിലെ പൊതുസമൂഹം ഏതാനും വര്ഷങ്ങളായി സ്ഥിരം കേൾക്കുന്ന പദങ്ങളുണ്ട്. പത്രം വായിക്കുകയും ടീവി കാണുകയും ചെയ്യുന്നവർ ആവർത്തിച്ചു കേൾക്കുന്ന വാക്കുകൾ ഓർക്കും.അതിലൊന്നാണിപ്പോൾ വിശുദ്ധ കുർബാന .
പാർട്ടികൾ പള്ളികൾ സമുദായങ്ങൾ, കോടതി വാർത്തകൾ, കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം വാർത്തകളിൽ പ്രഥമ സ്ഥാനം നേടുകയും ചെയ്യും.


മദ്യം ഉപയോഗിക്കാറില്ലെങ്കിലും ഈ മത്തായിയും മദ്യവും ലഹരിയും വർധിക്കുന്നതിന്റെ വാർത്തകളും വായിച്ചു ദുഖിക്കാറുണ്ട്. സമുഹ ത്തിലെ തിന്മകൾക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ, നമ്മുടെ പല മാധ്യമങ്ങൾ മടിച്ചാലും സകല മാലിന്യങ്ങളും തിന്മകളും നന്നായി അവതരിപ്പിക്കാൻ മറക്കാറില്ല, മടിക്കാറില്ല.

ഒരിക്കൽ മത്തായിക്ക്‌ ഒരു വലിയ എഡിറ്ററുമായി നേരേ ചൊവ്വേ സംസാരിക്കാനുള്ള അവസരം പ്രതീക്ഷിക്കാതെ കിട്ടി. അപ്പോൾ ഇയുള്ളവൻ ചോദിച്ചു. “എന്തിനാ നെഗറ്റീവ് വാർത്തകൾ സംഭവങ്ങൾ കൊടുക്കുന്നത് “-എന്ന്. പിന്നെ അദ്ദേഹം ഒരു പ്രസംഗം തന്നെ നടത്തി.


മനുഷ്യർക്ക്‌ നന്മകൾ വായിക്കാൻ കേൾക്കാൻ താല്പര്യം ഇല്ല. മറ്റുള്ളവരുടെ വീഴ്ചകൾ കുഴപ്പങ്ങൾ തകർച്ചകൾ… അതൊക്കെ അറിയാനാണ് ആഗ്രഹം. സ്വന്തം കാര്യങ്ങൾ എത്ര കുഴഞ്ഞു മറിഞ്ഞാലും, മറ്റുള്ളവരുടെ ചെറിയ കുറവുകൾ കേൾക്കാനാണ് ആഗ്രഹം….


സമാധാനത്തിൽ പോകുന്നതിൽ, കൂട്ടായ്മയിൽ കഴിയുന്നതിൽ, നീതി നടക്കുമ്പോൾ…. എന്ത് വാർത്ത. വെളുപ്പിൽ ഒരു ചെറിയ കറുപ്പ്, കണ്ടെത്തുക, വളർത്തുക അതാണ് മാധ്യമ വീക്ഷണം.
അദ്ദേഹം പറഞ്ഞത് മുഴുവൻ ആധുനിക മാധ്യമ സമീപനങ്ങളെ ന്യായികരിക്കുന്നതായിരുന്നു. അതിലെ പലതും മത്തായി പിന്നെ പറയാം. ചുരുക്കം ഇങ്ങനെയായിരുന്നു.


വെളുപ്പിൽ വാർത്തയില്ല.99% വെളുപ്പിനെ കാണരുത്, കാണുവാൻ പ്രേരിപ്പിക്കരുത്. സുചികുത്തുപോലുള്ള കറുപ്പിനെ ഇല്ലെങ്കിൽ അത് ഉണ്ടാക്കുക. പിന്നെ അത് മാത്രം ആവർത്തിച്ചുപറയുക. ജനം കറുപ്പിനെ മാത്രം കാണട്ടെ. അവർ അത് മാത്രം ചർച്ചകൾ നടത്തട്ടെ. കറുപ്പിനായി വാദിക്കട്ടെ. വലിയ വെളുപ്പിനെ വെറുക്കട്ടെ. ചെറുതിന്റെ, കറുപ്പിന്റെ അഴകിനെ വർണ്ണിക്കട്ടെ. കറുപ്പിന്റെ കുത്തുകൾ വർധിപ്പിച്ചു വെണ്മയെ മറക്കട്ടെ..


കാര്യം മത്തായിക്ക് വൈകിയാണ് മനസ്സിലായത്. അത് ഇന്നലെ എറണാകുളം ഇളംകുളത്തെ റോഡിലൂടെ നടന്ന അനുഭവം അന്തോണിച്ചൻ പറഞ്ഞപ്പോഴാണ് പീടികിട്ടിയത്.


അന്തോണിയുടെ മകൻ അമേരിക്കയിൽ നിന്നും അവധിക്കു വന്നിട്ടുണ്ട്. അവൻ പ്രഭാതത്തിൽ നടക്കാനിറങ്ങി. മടങ്ങിവന്നപ്പോൾ റോഡിൽ കണ്ട മാലിന്യങ്ങൾ വാരിക്കട്ടി എടുത്തുകൊണ്ടു പൊന്നു. അത് കണ്ട അന്തോണി ചോദ്യം ചെയ്തു. അതവിടെ കാനയിൽ ഇട്ടപോരായിരുന്നോ? എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാതെ ജോസുകുട്ടി പൊതിയുമായി വീടിനകത്തേക്ക് പോയത്രേ.


പൊതി ഏതെങ്കിലും തെങ്ങിന്റെ ചുവടിൽ ഇടുമെന്നു കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. വിരുന്ന് മേശയിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ വരുമ്പോൾ, ജോസുകുട്ടി മാലിന്യത്തിന്റെ പൊതികൾ ഓരോന്നായി തുറക്കും. എന്നിട്ട് പറയും “ഇത് കണ്ടോ ഇത് എത്ര മോശം മണത്തുനോക്കുക… മാലിന്യം മാലിന്യം…
ജോസുകുട്ടി ഇപ്പോൾ രാവിലെയുള്ള വാകിങ്ങും മാലിന്യശേഖരണവും തുടരുന്നു. പിന്നെ പരസ്യമായ മണപ്പിക്കലും. പലരും ഭക്ഷണം കഴിക്കാൻ വരാതെയായി. എങ്കിലും ജോസുകുട്ടി തന്റെ “ചുമതലകൾ “-നിർവഹിക്കുന്നു.


ഇതുപോലെ മണപ്പിക്കുന്ന മാധ്യമങ്ങ ൾക്ക് മുന്നിൽ മാലിന്യം സ്ഥിരം നിക്ഷിപ്പിക്കുന്നവരും ഉണ്ടെന്ന് മത്തായിക്ക് മനസ്സിലായി.
പണ്ടത് പാർട്ടികളിൽ ആയിരുന്നു. എന്നാൽ അതിപ്പോൾ പള്ളിക്കാർക്കാണ്.


ഒന്നായിരുന്നു ഒരു പുരാതന സഭയിൽ ചെറിയ അധികാര തർക്കം വന്നു. പിന്നെ പള്ളികൾ,വിശുദ്ധ കുർബാന, സെമിത്തെരി, പട്ടക്കാർ എല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു. മനസ്സ് മടുത്ത അനേകർ പുതിയ സഭയുണ്ടാക്കുകയോ, ഉണ്ടായിരുന്ന നവികരണ കുട്ടായ്‌മ കളിൽ ചേരുകയോ ഉണ്ടായി. അതിപ്പോഴും തുടരുന്നു. അതിലൊരു വിഭാഗത്തിന്റെ പ്രധാന പത്രം പക്ഷം പിടിച്ചും പിടിക്കാതെയും വാർത്തകൾ നൽകുവാൻ വിഷമിച്ചു. ചിലർ കത്തോലിക്ക സഭയിലേയ്ക്ക് ചേരുകയും ചെയ്തു.

എന്നാലിപ്പോൾ വിണ്ടും വിശുദ്ധ കുർബാന വിഷയം സജിവമാക്കിയത് കത്തോലിക്കരാണ്. അവിടെ വലിയ അച്ചടക്കം ഉണ്ടെന്നാണ് എല്ലാവരും കരുതിയത്. എന്നാലിപ്പോൾ അതിൽ മത്തായിക്കും അൽപ്പം ആശങ്ക വർദ്ധിക്കുന്നു.
വിശുദ്ധ കുർബാനയ്ക്കായി വാദിക്കുന്ന ചിലരുടെ വാക്കുകളും പ്രവർത്തികളും കേട്ടിട്ട് മാധവൻ ചേട്ടനും മുഹമ്മദ് സാഹിബും മുക്കത്തു വിരൽ വെയ്ക്കുന്നു.


ജോസുകുട്ടിയും വഴിയിലെ മാലിന്യവും ഓർമ്മവരുന്നു.മത്തായി അന്വേഷണം നടത്തിയപ്പോൾ അറിഞ്ഞതെല്ലാം ശരിയോ എന്ന് അറിയില്ല. എന്നാൽ അതിതായിരുന്നു.


വിശുദ്ധ കുർബാനയ്ക്കായി വാദിച്ചു, ചാനലിൽ വരുന്നവരിൽ പലരും വിശുദ്ധ കുർബാനയെക്കുറിച്ച് അറിവുള്ളവരല്ല. അവർ യഥാർത്ഥമായി വിശുദ്ധ കുർബാന അർപ്പിക്കാറില്ല, പങ്കെടുക്കാറില്ല. പിന്നെ അവർക്കിതൊരു സമര വേദി…

“വിശുദ്ധ കുർബാന വിശുദ്ധർക്കുള്ളത് “-പള്ളിയിൽ കുർബാനക്കിടയിൽ കേട്ടത് ഓർത്തുപോയി. ആരാണ് വിശുദ്ധർ? വിശുദ്ധിയിൽ വളരുവാൻ ആണോ? വിശ്വാസികൾ എല്ലാം വിശുദ്ധിയിൽ വളരുവാൻ വിളിക്കപ്പെട്ടവർ അല്ലേ?.. മത്തായിയുടെ മനസ്സ് കാട് കയറുന്നു.


പിന്നെ വൈദികർക്ക് പട്ടം നൽകുന്നത് മെത്രാനും, മെത്രാനെ തിരഞ്ഞെടുക്കുന്നതും അഭിഷേകം ചെയ്യുന്നതും സഭാ നേതൃത്വം( സിനഡ്,സീനിയർ മെത്രാപ്പോലീത്ത, മേജർ അർച്ചുബിഷപ്പ് )ആണല്ലോ, അവരെല്ലാം മാർപാപ്പായാൽ നിയന്ത്രിക്കപ്പെടുന്നവരും ആണല്ലോ… അപ്പോൾ അവിടെ അധികാരം, അനുസരണ, വിധെയത്വം ഉണ്ടല്ലോ.


സഭാപിതാക്കന്മാർ, വിവിധ കുടിയാലോചനകൾ, ചർച്ചകൾ, പഠനങ്ങൾക്ക് ശേഷം രൂപം നൽകിയതും, പൗരസ്തകാര്യാലയവും, മാർപാപ്പയും അംഗീകരിച്ച വിശുദ്ധ കുർബാന അർപ്പിക്കില്ലെന്നു പറയുന്ന “വിശുദ്ധരെ “-മത്തായി എന്ത് വിളിക്കണം?

മത്തായി പണ്ട് സെമിനാരിയിൽ പോകുവാൻ ആഗ്രഹിച്ചതാണ്. വൊക്കേഷൻ പ്രമോട്ടർ അച്ചൻ പറഞ്ഞു. ദാരിദ്രം (അത് ചിന്തിക്കാൻ കഴിയില്ല ) അനുസരണ (അത് ഒട്ടും വാഴങ്ങില്ല )ബ്രഹ്മചര്യം (അന്നൊരു മേഴ്‌സിയുമായി പ്രണയത്തിൽ ആയിരുന്നു ) പാലിക്കണമെന്ന്. അത് കേട്ടപ്പോൾ പിന്നെ പട്ടത്ത വഴികൾ പറ്റാത്ത വഴികളാണെന്നു തോന്നി. എന്നാലിപ്പോൾ ചിലരുടെ വാക്കുകളും ജീവിതവും കാണുമ്പോൾ ഒരു സംശയം.. സെമിനാരി അഡ്മിഷൻ വ്യവസ്ഥകൾ മാറ്റിയോ.?!


അയ്യോ ഇന്ന് ഞായറാഴ്ച ആണല്ലോ. വിശുദ്ധ കുർബാനയ്ക്ക് പോകണല്ലോ. “ടീവിയിൽ ഏതെങ്കിലും പള്ളിയിൽ അൾത്താരയിൽ ചാടിവീഴുന്ന ചാവേറുകൾ കാണും…”കുഞ്ഞനാമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നു.


അപ്പന് വേറെ പണിയില്ലേ. വേണേൽ ഓൺലൈൻ കുർബാന ഇഷ്ടമുള്ളത് കണ്ടോളു. പള്ളിപോക്ക് നിർത്തുക.. കൊച്ചുമോൻ തോമസുകുട്ടിയും പറഞ്ഞു കഴിഞ്ഞു.

അതാ കുഞ്ഞാന്നമ്മ പള്ളിയിലേയ്ക്ക് നടന്നുതുടങ്ങി.” ഞാൻ പോകുന്നത് പ്രാർത്ഥിക്കാനാണ്. അച്ചൻ സഭയെ അനു സരിക്കട്ടെ. അച്ചന്റെ മുഖം കാണാനല്ല ഞാൻ പോകുന്നത്. അച്ചൻ എങ്ങോട്ട് വേണമെങ്കിലും, എപ്പോഴെങ്കിലും തിരിയട്ടെ. സഭയിൽ വൈദികനായ അച്ചൻ സഭയെ അനുസരിക്കട്ടെ.അപ്പോൾ അച്ചനെ പാവം വിശ്വാസികളും അനുസരിക്കും… പിന്നെ അച്ചന്റെ പ്രസംഗം അതിരുവിട്ടാൽ ഇടയ്ക്ക് ഞാനിങ്ങു ഇറങ്ങിപോരും…


അതാ അവൾപോകുന്നു. എന്നാൽ ഞാനും പോകട്ടെ, വിശുദ്ധ കുർബാന മുടക്കുന്നില്ല.


വിശേഷങ്ങൾ പിന്നെ പറയാം.പലതുണ്ട്. പിന്നെ മാലിന്യം അല്ലാട്ടോ.
ഇതാപോയി ദാ വരാട്ടോ.


മത്തായി വിസ്യാസകുന്നേൽ.

നിങ്ങൾ വിട്ടുപോയത്