ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക് നാട്ടിൽ ചെന്നാൽ ദിവ്യബലി അർപ്പിക്കുന്നത് സാധാരണയായി ചങ്ങനാശേരി അതിരൂപതയിൽ പെട്ട എന്റെ ഇടവകപള്ളിയിലാണു. പ്രഥമ ദിവ്യബലിയർപ്പണം മുതൽ ഞാൻ അവിടെ അർപ്പിച്ച എല്ലാ ദിവ്യബലികളും അൾത്താരാഭിമുഖം ആയിരുന്നു. പുനെയിൽ ആയിരുന്ന കാലത്ത് കല്യാൺ രൂപതയിലെ വിവിധ ദൈവാലയങ്ങളിൽ ദിവ്യബലിയർപ്പിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. അവിടങ്ങളിൽ പൊതുവിൽ ജനാഭിമുഖവും അൾത്തരാഭിമുഖവും സംയോജിപ്പിച്ചു കൊണ്ടുള്ള രീതിയായിരുന്നു.
ഇത്രയും പറഞ്ഞത് ഈ രീതികളിലൊക്കെ ദിവ്യബലിയർപ്പിക്കുന്നതിനു എനിക്ക് യാതൊരു പ്രശ്നവുമില്ല എന്ന് സൂചിപ്പിക്കാനാണു. കാരണം ഓരോ രീതിയുടെയും ദൈവശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വളരെ ലളിതമായി ആ പ്രത്യേകതകൾ പറയാം.
അൾത്താരാഭിമുഖമായ കുർബാന സൂചിപ്പിക്കുന്നത് വൈദികനും ജനങ്ങളും ഉൾപ്പെടെയുള്ള സഭ അതിന്റെ സ്വഭാവത്തിൽ തീർത്ഥാടക ആണെന്നുള്ളതാണു. പുരോഹിതൻ ആ തീർത്ഥാടക സഭയുടെ തലവൻ ആണു. തലവൻ എന്ന അർത്ഥത്തിൽ അവൻ മിശിഹായുടെ പ്രതിനിധിയുമാണു. കാരണം മിശിഹായാണല്ലൊ സഭയുടെ ശിരസ്. സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് മനുഷ്യനായ മിശിഹായൊടൊപ്പമാണ് സഭ ഇന്നും സ്വർഗം ലക്ഷ്യമാക്കി നീങ്ങുന്നതെന്ന സൂചനയാണു അൾത്താരാഭിമുഖമായ കുർബാന നൽകുന്നത്. ഒരു തരത്തിൽ ഡിസന്റിംഗ് ക്രിസ്റ്റോളജിയുടെ പ്രതീകമാണു അത്.
ഇനി ജനാഭിമുഖമായ കുർബാന എന്താണു സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ജനാഭിമുഖ കുർബാനയിൽ പുരോഹിതൻ മഹത്വപൂർണ്ണനായി സ്വർഗത്തിൽ ആയിരിക്കുന്ന മിശിഹായുടെ പ്രതീകമാണു. സഭയുടെ തീർത്ഥാടക സ്വഭാവത്തെക്കാൾ അവൾക്ക് ലഭിക്കാനിരിക്കുന്ന സ്വർഗീയ വിരുന്നിന്റെ മുന്നാസ്വാദനത്തിനാണു ജനാഭിമുഖ കുർബാനയിൽ പ്രാധാന്യം. ഇവിടെ മിശിഹായുടെ ദൈവത്വമാണു ആഘോഷിക്കപ്പെടുന്നത്. അങ്ങനെ നോക്കിയാൽ ജനാഭിമുഖമായ കുർബാന ഒരു തരത്തിൽ അസന്റിംഗ് ക്രിസ്റ്റോളജിയുടെ പ്രതീകമാണു.
ഈ രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും. കത്തോലിക്കാസഭയിലെ വിവിധ വ്യക്തിസഭകളും മറ്റു അപ്പസ്തോലിക സഭകളും വ്യത്യസ്ഥങ്ങളായ ഈ ദൈവശാസ്ത്ര ചിന്തകളെ മനോഹരമായി അവരവരുടെ ആരാധനാരീതികളിലൂടെ അവതരിപ്പിക്കുന്നു.
സിറൊ-മലബാർ സഭയിൽ ഇപ്പോൾ സിനഡ് അംഗീകരിച്ചിരിക്കുന്ന ബലിയർപ്പണ രീതി ഈ രണ്ടു ദൈവശാസ്ത്ര ചിന്തകളും സമന്വയിപ്പിക്കുന്നതാണു. സ്വർഗത്തിൽ നിന്നിറങ്ങി വന്ന് മനുഷ്യരോടൊപ്പം ആയിരുന്ന പുത്രനെ വചനശുശ്രൂഷ വരെയും സഭയുടെ തലവനായി അവളോടൊപ്പം സ്വർഗത്തിലേക്ക് യാത്ര ചെയ്യുന്ന പുത്രനായ ദൈവത്തെ വചനശുശ്രൂഷക്ക് ശേഷവും മനോഹരമായി അവതരിപ്പിക്കുവാൻ ഈ രീതിക്ക് സാധിക്കുന്നു.
വചനശുശ്രൂഷ വരെയുള്ള ഭാഗം യേശുവിന്റെ മനുഷ്യാവതാരത്തെ സൂചിപ്പിക്കുന്നതായതുകൊണ്ടാണു ബേമ്മ അഥവാ വചനപീഠം ദൈവജനത്തിന്റെ ഇടയിൽ സ്ഥാപിക്കുന്നത്. “വചനം മാംസമായി നമ്മുടെയിടയില് വസിച്ചു” (യോഹ 1:14) എന്നാണല്ലൊ യോഹന്നാൻ പറയുന്നത്. മനുഷ്യനായി അവതരിച്ച് വീണ്ടും സ്വർഗത്തിലേക്ക് കടന്നു പോയ പ്രധാന പുരോഹിതനായ യേശുവിനെ (ഹെബ്രായർ 4:14) സൂചിപ്പിക്കാനാണു വചനശുശ്രൂഷക്ക് ശേഷം അപ്പം മുറിക്കൽ ശുശ്രൂഷക്കായി പുരോഹിതൻ അൾത്താരയിലേക്ക് പ്രവേശിക്കുന്നത്. ദൈവശാസ്ത്രത്തിന്റെയും ക്രിസ്തുശാസ്ത്രത്തിന്റെയുമൊക്കെ മനോഹരമായ അവതരണമാണു സിറൊ-മലബാർ സഭയുടെ സിനഡ് നീണ്ട വർഷങ്ങളുടെ പ്രയത്നഫലമായി ഒരുക്കിയിരിക്കുന്ന ആരാധനാക്രമം എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
വ്യത്യസ്ഥ ആരാധനാക്രമങ്ങളെക്കുറിച്ചുള്ള എന്റേതായ ഈ കാഴ്ചപ്പാടുകൾ ആണു ഓരോ കുർബാനയർപ്പണത്തിനും എന്നെ ഒരുക്കുന്നത്. “അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണു” (1 സാമുവൽ 15:22) എന്ന തിരുവചനം ദിവ്യബലിയർപ്പിക്കുന്ന കാര്യത്തിലെങ്കിലും പാലിക്കണം എന്നുള്ളതുകൊണ്ടും ഓരോരുത്തരും താന്താങ്ങൾക്ക് ശ്രേഷ്ഠമെന്ന് തോന്നുന്ന രീതിയിൽ ബലിയർപ്പിക്കുന്നത് ക്രമരാഹിത്യത്തിനു കാരണമാകുമെന്നുള്ളതു കൊണ്ടും അതാത് സഭകൾ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ബലിയർപ്പിക്കാനാണു എനിക്കിഷ്ടം. ലത്തീൻ സഭയിൽ ബലിയർപ്പിക്കുമ്പോൾ ആ സഭയുടെ രീതിയും സിറൊ-മലബാർ സഭയിൽ ബലിയർപ്പിക്കുമ്പോൾ ആ സഭയുടെ രീതിയും പിന്തുടരും. ഇവിടെ ജനാഭിമുഖമാണോ അൾത്താരാഭിമുഖമാണോ അതോ രണ്ടും കൂടിയുള്ള രീതിയാണൊ നല്ലത് എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല. ആ ചർച്ചകൾക്ക് പ്രസക്തി ആരാധനക്ക് ഒരു ക്രമം നിശ്ചയിക്കുന്നത് വരെ മാത്രമേ ഉള്ളൂ. അതിനുശേഷം പ്രസ്ക്തമായ ഒരേ ഒരു ചോദ്യമേ ഉള്ളൂ.. “സഭ നിഷ്കർഷിക്കുന്ന രീതി ഏതാണ്?”
അതുകൊണ്ടാണു ഞാൻ തുടക്കത്തിൽ പറഞ്ഞത് – സഭയുടെ നിലപാടാണു എന്റെ നിലപാട്.
ബിബിൻ മഠത്തിൽ|FB