ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നത് സൽപ്രവർത്തികളാണ്. ശാരീരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടതകൾ നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ സൽപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്.

ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാമും പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ദൈവത്തിന്റെ കരുണയിൽ ആശ്രയം തേടുന്ന എല്ലാവരും അവർക്കു ചുറ്റുമുള്ളവർ അനുഭവിക്കുന്ന വേദനയും ഇല്ലായ്മകളും തിരിച്ചറിഞ്ഞു സഹായിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്.

നമ്മുടെ സഹായം ആവശ്യമുള്ളവരെ കണ്ടുമുട്ടുമ്പോൾ, മാർക്കോസ് എട്ടാം അദ്ധ്യായത്തിൽ ശിഷ്യന്മാരുടെ അവസ്ഥ നമുക്കും പലപ്പോഴും ഉണ്ടാകാറുണ്ട്. അവരുടെ ഇല്ലായ്മയുടെയും വേദനയുടെയും വ്യാപ്തി മനസ്സിലാക്കുമ്പോൾ, അവരുടെ ആവശ്യങ്ങൾക്കു മുൻപിൽ പലപ്പോഴും പകച്ചു നിൽക്കുന്നവരാണ് നമ്മൾ.

നമ്മുടെ കൈയിലുള്ള ഏഴ് അപ്പവും കുറേ ചെറിയ മത്സ്യവും ഒന്നിനും തികയില്ല എന്ന ആകുലതയോടെ, അവരെ സഹായിക്കാൻ നമ്മൾ പലപ്പോഴും മടിക്കാറുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ സാധിക്കാത്ത അപര്യാപ്തതകളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് ദൈവസന്നിധിയിൽ നെടുവീർപ്പിടുന്നവരോട് ഈശോ ഇന്നും ചോദിക്കുന്നുണ്ട്,”നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?”. യാതൊന്നിനും തികയില്ല എന്നറിയാമെങ്കിൽ കൂടിയും, നമുക്ക് ലഭ്യമായിട്ടുള്ള നിസ്സാരങ്ങളായ വിഭവങ്ങൾ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, അവിടുത്തെ മഹത്വം അഭിലഷിച്ചുകൊണ്ട്, മറ്റുള്ളവർക്കായി ചിലവഴിക്കുമ്പോൾ, നമ്മുടെ പ്രതീക്ഷകൾക്കും ഉപരിയായുള്ള സംതൃപ്തി അവ മൂലം പ്രദാനം ചെയ്യാനും മിച്ചം വരുത്താനും ദൈവത്തിനാകും.

ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹം ലഭിച്ചവരാണ് എല്ലാ ക്രിസ്തീയരും. ആ അനുഗ്രഹം പ്രാപിച്ച എല്ലാവരും നിസ്വാർത്ഥമായ സേവനമനോഭാവത്തോടെ ദൈവത്തെയും തങ്ങളുടെ സമൂഹത്തെയും സ്നേഹിക്കുകയും ആദരിക്കുകയും വേണം.ദുരിതങ്ങൾമൂലം ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായവരുടെ ഏകാന്തതയിൽ ഒരല്പം ആശ്വാസമാകാൻ, അവരുടെ കദനങ്ങളിൽ ഒരിറ്റു സാന്ത്വനമാകാൻ, അവരെ നമ്മുടെ സന്തോഷത്തിന്റെ ഒരു ഭാഗമാക്കിമാറ്റാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്