കേരളത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത ചില പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നുമുള്ള ചിന്ത ഇവിടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകള്‍ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇന്ന് അനേകരേയും ഭരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിൻ്റെ പ്രതിനിധികളായ രാഷ്ട്രീയ, സാംസ്കാരിക നേതാക്കന്മാരുടെ കഴിവില്ലായ്മയ്ക്ക് ഒരു സമൂഹം ഭാരിച്ച വിലനല്കേണ്ടിവരുന്നതിലെ പ്രതിഷേധം പല നിലകളിലാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ഇതരമതസ്ഥരെ നേരിടാന്‍ അവരുടെ ദൈവശാസ്ത്ര വിഷയങ്ങനാൽ ഗവേഷണം നടത്തി പ്രതികരിക്കുന്നവരും സര്‍ക്കാരിന്റെ മതപ്രീണന നയങ്ങള്‍ക്കെതിരേ നിയമയുദ്ധം നയിക്കുന്നവരും രാഷ്ട്രീയ മേഖലയില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നു എന്ന ബോധം ഉള്‍ക്കൊണ്ട് രാഷ്ട്രീയമായി സംഘടിക്കുന്നവരും മാധ്യമങ്ങള്‍ ക്രൈസ്തവ പക്ഷത്തെ അപഹസിക്കുന്നു എന്നതിന്റെ പേരില്‍ വിവിധ മാധ്യമങ്ങള്‍ ആരംഭിച്ചവരുമുണ്ട്. തങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി കാലികമായുള്ള വെല്ലുവിളികളെ നേരിടാന്‍ ഇപ്രകാരം കച്ചകെട്ടി രംഗത്തിറങ്ങിയവർ നിരവധിയാണ്.
ക്രൈസ്തവരുടെ ജനസംഖ്യ വലിയതോതില്‍ കുറയുന്നുവെന്നതും ലൗജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നഷ്ടപ്പെടുന്നു എന്നതും ഒരു ദശകത്തിനിടയില്‍ ക്രൈസ്തവസമൂഹത്തിന്റെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിച്ച ചില സംഭവങ്ങളാണ്. ഇതിന്റെ കൂടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ക്രൈസ്തവ കുടിയേറ്റങ്ങളും മുപ്പത്തഞ്ചിലേറെ വയസുകഴിഞ്ഞിട്ടും അവിവാഹിതരായി നിൽക്കുന്ന ആയിരക്കണക്കിന് യുവാക്കളെക്കുറിച്ചുള്ള ആകുലതകളുമെല്ലാം സംഘടിതമായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത എല്ലാ ക്രൈസ്തവരെയും ബോധ്യപ്പെടുത്തിയ ചില സംഗതികളാണ്.
വിദ്യാഭ്യാസ സംവരണത്തിലെ 80:20 എന്ന അനുപാതം കടുത്ത അനീതിയാണെന്ന ബോധ്യം ക്രൈസ്തവര്‍ തിരിച്ചറിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഈ വിഷയത്തല്‍ ഇടതു -വലത് സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തിയ ചിറ്റമ്മനയം ക്രൈസ്തവരെ ഏറെ ചൊടിപ്പിച്ചു. ഇതിനെതിരേ അഡ്വ ജസ്റ്റിൻ പളളിവാതുക്കലിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച നിയമനടപടികള്‍ വിജയം കണ്ടത് എല്ലാ ക്രൈസ്തവ സഭകള്‍ക്കും പ്രതീക്ഷയും ആത്മവിശ്വാസവും നല്കി.
ക്രൈസ്തവർ വെറും വോട്ടു ബാങ്കുകളാണെന്ന ചിന്തയാണ് പല രാഷ്ട്രീയ പാർട്ടികളെയും നയിച്ചത്. അതിനാൽ ഇലക്ഷന് കാലത്ത് മെത്രാസനമന്ദിരങ്ങള്‍ കയറിയിറങ്ങി അവരോടൊപ്പം നിന്നു ഫോട്ടോയെടുത്തു പ്രചരിപ്പിച്ചാൽ മാത്രംമതി, ക്രിസ്ത്യാനികളുടെ പിന്തുണ ഉറപ്പാകുമെന്ന രാഷ്ട്രീയ ശൈലിക്കു ഇന്ന് മാറ്റം വന്നിരിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് ക്രൈസ്തവസമൂഹത്തിൽ രൂപപ്പെട്ട പുത്തൻ രാഷ്ട്രീയ പ്രവണതയുടെ പ്രതിഫലനമായിരുന്നു. രാഷ്ട്രീയമായി ഒരുമിച്ചു നീങ്ങിയാൽ ഉണ്ടാകുന്ന ഗുണം എത്രത്തോളം വലുതായിരിക്കും എന്നു തിരിച്ചറിയാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു.
ക്രൈസ്തവ വിശ്വാസ ആചാരങ്ങളെ അപഹസിച്ചുകൊണ്ടും ക്രൈസ്തവ ആത്മീയബിംബങ്ങളെ ആക്ഷേപിച്ചുകൊണ്ടുമുള്ളു സിനിമകള്‍ കുറെ നാളുകളായി ക്രൈസ്തവരില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനോടു പ്രതികരിക്കുന്നത് ആവിഷ്കാര, അഭിപ്രായ സ്വാന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായും സാംസ്കാരിക അവബോധമില്ലായ്മയായും മതപരമായ അസഹിഷ്ണുതയായും ചിത്രീകരിച്ചത് കുറെക്കാലത്തേക്കെങ്കിലും ക്രൈസ്തവരുടെ പൊതുവായ പ്രതിഷേധങ്ങളെ തടഞ്ഞു നിർത്താൻ സഹായിച്ചു. എന്നാൽ ഒന്നിനു പുറകെ ഒന്നായി സിനിമകളുടെ പ്രമേയവും കഥാപാത്രങ്ങളും പേരുകളുമെല്ലാം ക്രൈസ്തവരെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിക്കുന്നതെന്നും ഇതിനു പിന്നിൽ സംഘടിതമായ നിഗൂഢലക്ഷ്യങ്ങളുണ്ടെന്നും തിരിച്ചറിഞ്ഞതോടെ ക്രൈസ്തവസമൂഹം ഒന്നടങ്കം രംഗത്തു വന്നു. “ഈശോ”; “കേശു ഈ വീടിന്റെ നാഥന്” എന്നിങ്ങനെയുള്ള പേരുകളില്‍ നാദിര്‍ഷാ എന്ന സംവിധായകന് പുതിയ സിനിമകൾ ഒരുക്കുന്നതായി അറിഞ്ഞതോടെ എല്ലാ വിഭാഗീയതകളും മറന്നാണ് ക്രൈസ്തവ സമഹൂം പ്രതികരിച്ചത്.
സിസ്റ്റര്‍ ലൂസി വിഷയം, എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്, ഏകീകരിച്ച കുര്‍ബാന എന്നിങ്ങനെയുള്ള ക്രൈസ്തവ സഭയിലെ ആഭ്യന്തര വിഷയങ്ങളിൽ മലയാള മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്ന അതിരുകവിഞ്ഞ താൽപര്യം ക്രൈസ്തവസമൂഹത്തിൽ ഏറെ അസ്വസ്ഥതകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ, കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും വന്നുവെങ്കിലും വാർത്തകൾ പ്രസിദ്ധീകരിക്കാതെ സംഘടിതമായി ഈ വിഷയത്തെ അവഗണിച്ചതും ക്രൈസ്തവരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്.
രാഷ്ട്രീയമായും സാംസ്കാരികമായും സാമൂഹികമായും നേരിട്ട വെല്ലുവിളികള്‍ക്കൊപ്പം ഇസ്ലാമിക സമൂഹത്തില്‍ നിന്നും ഉയര്‍ന്ന ചില പ്രതികരണങ്ങള്‍ ക്രൈസ്തവരെ ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മതസൗഹാർദ്ധം, മതേതരത്വം എന്നിവ ക്രൈസ്തവരുടെ ഏകപക്ഷീയമായ ബാധ്യതയാണെന്നു തോന്നിക്കുന്ന വിധമുള്ള സംഭവങ്ങൾ കഴിഞ്ഞ ഏതാനും കൊല്ലങ്ങൾക്കുള്ളിൽ ഉണ്ടായി. ചോദ്യപ്പേപ്പർ വിവാദത്തിൽ പ്രഫ. ജോസഫിൻ്റെ കൈ വെട്ടിയ സംഭവത്തിലൂടെ വാസ്തവത്തിൽ ഇസ്ളാമിക – ക്രൈസ്തവ മതസാഹോദര്യ ബന്ധമാണ് വെട്ടിമാറ്റപ്പെട്ടത്. കേരളത്തിലെ മതസൗഹാർദ്ദത്തിനു കോട്ടംതട്ടാതിരിക്കാൻ ഈ വിഷയത്തിൽ ക്രൈസ്തവസഭകൾ വച്ചു പുലർത്തിയ സംയമനം തങ്ങളുടെ ബലഹീനതയായി ചിത്രീകരിക്കുന്നു എന്ന നിലയിലാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടു പോയത്.
തുര്‍ക്കി ഭരണകൂടം ഹാഗിയാ സോഫിയാ ദേവാലയത്തെ മോസ്കായി പ്രഖ്യാപിച്ച നടപടികളെ സ്വാഗതം ചെയ്ത് “ചന്ദ്രിക” ദിനപ്പത്രത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ എഴുതിയ ലേഖനം ഇസ്ലാമിക ക്രൈസ്തവ സമൂഹത്തിനിടിയില്‍ പ്രകടമായ അകലം സൃഷ്ടിച്ചു. “തീവ്രചിന്താഗതികളും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകളും തീവ്രജിഹാദി സംഘങ്ങളും ലോകമെമ്പാടും ഉണ്ട്, ഇവര്‍ കേരളത്തിലുമുണ്ട്, ഇവരെ കരുതിയിരിക്കണം” എന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ വിശ്വാസികളോടു മാത്രമായി പറഞ്ഞതിനെ ഇസ്ലാമിക സമൂഹം ഒന്നടങ്കം ശക്തമായി പ്രതികരിച്ചത് വീണ്ടും ഇസ്ലാമിക -ക്രൈസ്തവ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയ സംഗതിയായിരുന്നു. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ബിഷപ്പിനെതിരേ ശക്തമായ നിലപാടുകളുമായി രാഷ്ട്രീയക്കാര്‍ മുന്നോട്ടു വന്നതും ബിഷപ്പിനെക്കൊണ്ട് മാപ്പു പറയിക്കുനും അദ്ദേഹത്തിനെതിരേ ഒപ്പുശേഖരണം നടത്താനും ഇസ്ളാമിക സംഘടനകൾ സമ്മർദ്ദം ചെലുത്തിയതും സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങളുെമെല്ലാം ക്രൈസ്തവ സമൂഹത്തിൽ ഒരു ഏകതാസൃഷ്ടിച്ച സംഗതികളാണ്. ബിഷപ്പിനെതിരേ ഇസ്ളാമിക സംഘടനകൾ ആരംഭിച്ച നിയമനടപടികളെ ശക്തമായി നേരിടണം എന്നണ് എല്ലാ ക്രൈസ്തവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
പ്രമുഖ ക്രിസ്ത്യൻ അപ്പോളജിസ്റ്റായ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് ക്രിസ്ത്യാനിയല്ല എന്ന നിലയിൽ ചില ഛിദ്രശക്തികൾ നടത്തുന്ന കുപ്രചാരണങ്ങളെ നിഷേധിച്ചുകൊണ്ട് അഞ്ചോളം കത്തോലിക്കാ പുരോഹിതരാണ് കഴിഞ്ഞ ആഴ്ചയയിലെ സെബാസ്റ്റ്യൻ പുന്നയ്ലിൻ്റെ ലൈവ് പ്രോഗ്രാമിൽ വന്നത്. കൂടാതെ അനിൽ കുമാർ അയ്യപ്പൻ, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർക്കു പിന്തുണയുമായി ആയിരക്കണക്കിന് ക്രൈസ്തവരാണ് സഭാവ്യത്യാസം മാറ്റിവച്ച് രംഗത്തുള്ളത്.
കഴിഞ്ഞ ഏതാനും നാളുകളിലായി നേരിട്ട പ്രതിസന്ധികള്‍ കേരള ക്രൈസ്തവസമൂഹത്തില്‍ എന്തെന്നില്ലാത്ത ഒരു ഐക്യത്തിനും സഹകരണമനോഭാവത്തിനും വഴി തുറന്നിരിക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എല്ലാ വിഭാഗം ക്രൈസ്തവ സഭകളുടെയും പിന്തുണയുള്ള വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടക്കാന്‍ പോകുന്ന ലീഡര്‍ഷിപ്പ് ക്യാമ്പ്. 19, 20, 21 തീയ്യതികളിൽ നടക്കുന്ന ക്യാമ്പിൽ എല്ലാ വിഭാഗം ക്രൈസ്തവ സഭകളില്‍നിന്നുമുള്ള വ്യക്തികൾ ഒരുമിച്ചു ചേരും. കത്തോലിക്കാ, യാക്കോബായ, പ്രൊട്ടസ്റ്റൻ്റ്, പെന്തക്കൊസ്റ്റ്, ബ്രദറൺ സഭകളിലെ പ്രമുഖരാണ് ക്ലാസുകളെടുക്കുന്നത്.
ദൈവശാസ്ത്ര വ്യാഖ്യാനങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വൈവിധ്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുവാനും എല്ലാം നല്ലതിനാണെന്ന ചിന്തയോടെ ഒരുമിച്ചു നിന്നുകൊണ്ട് മുന്നേറുവാനുമാണ് കേരളത്തിൽ ക്രൈസ്തവർ ഇപ്പോൾ വിവിധ പദ്ധതികൾ തയ്യാറാക്കുന്നത്.
മാത്യൂ ചെമ്പുകണ്ടത്തിൽ