ജനാഭിമുഖ ബലിയർപ്പണത്തിന് 50 വർഷത്തിന്റെ പാരമ്പര്യമേ അവകാശപ്പെടാനുള്ളൂ!!
1969 ൽ വി.പോൾ ആറാമൻ മാർപാപ്പയാണ് ജനാഭിമുഖ ബലിയർപ്പണ രീതി [Novus ordo mass] കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി കൊണ്ട് വന്നത് കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനവും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആരാധനക്രമ പഠനങ്ങളും താഴെ വായിക്കാം
A. കിഴക്കിനഭിമുഖമായ പ്രാർത്ഥന:
പുരാതനകാലം മുതൽ പൗരസ്ത്യസഭകളുടെ പ്രാർത്ഥനയിൽ കിഴക്കോട്ടു തിരിഞ്ഞ് സാഷ്ടാംഗം പ്രണമിക്കുന്ന പതിവുണ്ട്. അൾത്താര കിഴക്കിനഭിമുഖമായി വരത്തക്കവിധമാണ് പള്ളികൾ തന്നെ നിർമ്മിച്ചിരുന്നത്. ഈ പാരമ്പര്യത്തിന്റെ അർത്ഥം ഡമാസ്കസിലെ വിശുദ്ധ യോഹന്നാൻ വിശദീകരിക്കുന്നു: “ലാളിത്യത്തിനുവേണ്ടിയോ, യാദൃശ്ചികമായോ അല്ല നാം കിഴക്കു ദിക്കിലേക്കു തിരിഞ്ഞു പ്രാർത്ഥിക്കുന്നത് (…). ദൈവം, പ്രകാശമായതുകൊണ്ടും (1 യോഹ. 1:5), വിശുദ്ധ ലിഖിതത്തിൽ മിശിഹായെ നീതിസൂര്യനെന്നും (മലാക്കി 3:20) പൗരസ്ത്യനെന്നും (സക്ക.. 3:8 of the LXX) വിളിക്കുന്നതുകൊണ്ടും അവന് ആരാധന അർപ്പിക്കുന്നതിനായി കിഴക്കിനെ അവനായി (മിശിഹാക്ക്) സമർപ്പിക്കേണ്ടതാവശ്യമാണ്. വിശുദ്ധഗ്രന്ഥം പറയുന്നു: “അവിടുന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടമുണ്ടാക്കി. താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. (ഉല്പത്തി 2:8) (…) പുരാതനമായ ജന്മദേശത്തെ അന്വേഷിച്ചും അങ്ങോട്ടു തിരിഞ്ഞും നാം ദൈവത്തിന് ആരാധന അർപ്പിക്കുന്നു. മോശയുടെ കൂടാരത്തിന്റെ പോലും വിരിയും കൃപാസനവും കിഴക്കിനഭിമുഖമായിരുന്നു. യൂദായുടെ ഗോത്രവും കിഴക്കുദിക്കിലാണ് കൂടാരമടിച്ചത് (cf. സംഖ്യ 2:3). സോളമന്റെ ദേവാലയത്തിലും കർത്താവിന്റെ പടിവാതിൽ കിഴക്കിനഭിമുഖമായിരുന്നു (cf. എസക്കിയേൽ 44:1). അവസാനമായി, കുരിശിൽ സ്ഥാപിക്കപ്പെട്ട കർത്താവ് പടിഞ്ഞാറോട്ടാണു നോക്കിയത്. അതുകൊണ്ട് നാം കർത്താവിനഭിമുഖമായി അവിടുത്തെ വശത്തേക്കു സാഷ്ടാംഗം പ്രണമിക്കുന്നു. മിശിഹാ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തപ്പോൾ കിഴക്കുഭാഗത്തേക്കാണ് ഉയർത്തപ്പെട്ടത്. അങ്ങനെ (കിഴക്കോട്ടു നോക്കി ശിഷ്യന്മാർ അവിടുത്തെ ആരാധിച്ചു. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നൽപിണർ പോലെയായിരിക്കും മനുഷ്യപുത്രൻ ആഗമനം’ (മത്തായി 24:27) എന്നു കർത്താവു തന്നെ പറഞ്ഞതുപോലെ മിശിഹാ സ്വർഗ്ഗത്തിലേക്കു പോകുന്നതു ശിഷ്യന്മാർ കണ്ടതുപോലെതന്നെ അവിടുന്നു തിരിച്ചു വരും (cf. നടപടി 1:11). അവിടുത്തെ പ്രതീക്ഷിച്ചുകൊണ്ടു നാം കിഴക്കോട്ടു സാഷ്ടാംഗപ്രണാമം നടത്തുന്നു. ശ്ലീഹന്മാരിൽ നിന്നും ഉത്ഭവിച്ച ഒരു അലിഖിത പാരമ്പര്യമാണിത്.
ആകർഷകവും സമ്പന്നവുമായ ഈ വ്യാഖ്യാനം, ദൈവാരാധനാ കർമ്മങ്ങളിൽ പങ്കെടുക്കുന്ന ജനത്തെപ്പോലെ തന്നെ നേതൃത്വം നല്കുന്ന കാർമ്മികനും കിഴക്കിനഭിമുഖമായി പ്രാർത്ഥിക്കുന്നതിന്റെ സാംഗത്യം വ്യക്തമാക്കുന്നു. പലപ്പോഴും അവകാശപ്പെടുന്നതുപോലെ ജനങ്ങൾക്കു പുറംതിരിഞ്ഞുനിന്നുകൊണ്ട് കർമ്മങ്ങൾക്കു നേതൃത്വം നല്കുന്ന പ്രശ്നമല്ല ഇത്; മറിച്ച് കർത്താവിന്റെ പ്രത്യാഗമനംവരെ പ്രാർത്ഥനാപൂർവ്വം ദൈവരാജ്യത്തിലേക്കുള്ള തീർത്ഥാടനത്തിൽ കാർമ്മികൻ ജനങ്ങളെ നയിക്കുകയാണ്.
അടുത്ത കാലത്തുണ്ടായ ഒരു പുതിയ ലത്തീൻ സ്വാധീനംകൊണ്ട് പല പൗരസ്ത്യകത്തോലിക്കാസഭകളിലും ഭീഷണിയ്ക്കു വിധേയമായിരിക്കുന്ന ഇത്തരം ആചാരങ്ങൾ ആഴമായ മൂല്യമുള്ളവയാണ്. ശരിയായ പൗരസ്ത്യ ആരാധനാദ്ധ്യാത്മികതയോട് ചേർന്നുപോകുന്ന ഇവയെ സംരക്ഷിക്കേണ്ടതുണ്ട്.[വത്തിക്കാനിലെ പൗരസ്ത്യസഭകളുടെ കാര്യാലയത്തിൽ നിന്നുള്ള ഉദ്ബോധനം – “ലിറ്റർജിയും പൗരസ്ത്യ കാനാൻസംഹിതയും – പൗരസ്ത്യസഭകളുടെ കനാൻ സംഹിതയനുസരിച്ച് ആരാധനക്രമ അനുശാസനങ്ങൾ പ്രായോഗികമാക്കാനുള്ള ഉദ്ബോധനം, നമ്പർ 107”]
കിഴക്കോട്ടു തിരിഞ്ഞുള്ള നില്പ് ക്രിസ്തീയ പ്രാർത്ഥനയിലെന്നതുപോലെ ഞായറാഴ്ചയാചരണവും ക്രിസ്തുമതത്തിന്റെ ആദിമകാലം തൊട്ടുള്ളതാണ്. ആരംഭകാലംതൊട്ട് അതിന് സഭയിൽ സ്ഥാനമുണ്ടായിരുന്നു…ക്രൈസ്തവമായ ദൈവാരാധനയുടെ വിശുദ്ധ സ്ഥാനം തന്നെ കാലത്തിലേയ്ക്ക് മുമ്പുതന്നെ തുറന്നിരിയ്ക്കുന്നതാണ്. കിഴക്കോട്ടുതിരിയുക എന്നതിന്റെ അർത്ഥം ഒരുവൻ പ്രാർത്ഥിക്കുമ്പോൾ ഉദയസൂര്യനെ അഭിമുഖീകരിക്കുക എന്നതാണ്. ഇതിപ്പോൾ ചരിത്രപ്രാധാന്യം അർഹിക്കുന്നതായി കഴിഞ്ഞിരിക്കുന്നു. ഈശോമിശിഹായുടെ പെസഹാരഹസ്യത്തിലേയ്ക്ക് അവന്റെ മരണത്തിലേയ്ക്കും ഉത്ഥാനത്തിലേക്കുമാണ് ഇത് വിരൽചൂണ്ടുന്നത്. രക്ഷകന്റെ അന്തിമ ആഗമനത്തോടുകൂടി സംഭവിക്കാൻ പോകുന്ന ചരിത്രത്തിന്റെ പരിസമാപ്തിയിലേക്കും ലോകത്തിന്റെ ഭാവിയിലേക്കുമുള്ള സൂചനയുമാണിത്.[ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ;ലിറ്റർജിയുടെ ചൈതന്യം]
B. അന്ത്യ അത്താഴം ജനാഭിമുഖ ബലിയർപ്പണ രീതിയായിരുന്നോ?
ലൂയി ബൂയേ: “ജനങ്ങളുടെ നേരെ തിരിഞ്ഞിട്ടാവണം ഒരു വിരുന്നാഘോഷം, വിശിഷ്യ, അന്ത്യ അത്താഴം എന്നതായിരുന്നു ആദ്യമുണ്ടായിരുന്ന ആശയം എന്നതിന് അവലംബമായി, ക്രൈസ്തവമാകട്ടെ, അല്ലാത്തതാകട്ടെ ഒരു വിരുന്ന് പ്രാചീനകാലത്ത് എപ്രകാരമായിരിക്കണം എന്നതിനെപ്പറ്റിയുള്ള തെറ്റായ ധാരണയൊഴികെ മറ്റൊന്നും തന്നെയില്ല. ക്രിസ്താബ്ദത്തിന്റെ പ്രാരംഭകാലട്ടത്തിലെ ഒരു വിരുന്നിലും അതാഘോഷിക്കുന്ന സമൂഹത്തിന്റെ അദ്ധ്യക്ഷൻ, പങ്കെടുക്കുന്ന ജനങ്ങളെ അഭിമുഖീകരിച്ചിരുന്നില്ല. കുതിരലാടത്തിനോട് ഏതാണ്ടു സാദൃശ്യമുള്ളതോ ഇംഗ്ലീഷ്ഭാഷ യിലെ ‘C’ എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ളതോ ആയ മേശയുടെ പുറവളവിലായി അവരെല്ലാം ഇരിക്കുകയോ ചാരിയിരിക്കുകയോ ചെയ്തിരുന്നു. അകവശം, ഭക്ഷണം വിളമ്പാനുള്ള സൗകര്യത്തിനായി സദാ ഒഴിച്ചിട്ടിരുന്നു. ഭോജനവേളയിലെ അദ്ധ്യക്ഷതക്കായി ജനങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന ആശയം ക്രൈസ്തവപഴമയിലൊരിടത്തും ഉയർന്നുവന്നിരിക്കാൻ സാദ്ധ്യതയില്ല. ഇതിനെതിരായുള്ള ഒരു ക്രമവല്‍ക്കരണം കൊണ്ടുമാത്രമാണു സദ്യയുടെ സാമൂഹിക സ്വഭാവത്തിന് ഊന്നൽ കൊടുത്തത്. അതായത് വിരുന്നിൽ സംബന്ധിക്കുന്ന സർവ്വരും മേശയുടെ ഒരേവശത്തുതന്നെ ഉപവിഷ്ഠരായിരുന്നു”. [ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കൃതി, ലിറ്റർജിയുടെ ചൈതന്യം, പേജ് 74,75]
C. ജനാഭിമുഖമായി ദിവ്യബലി അർപ്പിക്കുക എന്ന നവീന ആശയം.
രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം, ജനങ്ങളുടെ സജീവ പങ്കാളിത്തം എന്ന ക്രൈസ്തവലിറ്റർജിയുടെ യഥാർത്ഥ ആവശ്യത്തിന് അനുരൂപമായുള്ളത് പുരോഹിതനും ജനങ്ങളും പരസ്പരം നോക്കുന്ന രീതിയും ദിവ്യബലിയർപ്പിക്കുന്ന സമൂഹം ഒന്നാകെ ഒരു വൃത്തമായി നിൽക്കുന്നതു സാദ്ധ്യമാവുന്ന രീതിയും മാത്രമാണെന്നു ചിലർ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതൊന്നേ അന്ത്യഅത്താഴത്തിന്റെ ആദിമമാതൃകയോട് അനുയോജ്യമാവുകയുള്ളു എന്നും പറയാൻ തുടങ്ങി. ജനങ്ങളെ നോക്കിക്കൊണ്ട് എന്നതിനെപ്പറ്റി ഒന്നും തന്നെ പറയുന്നില്ലെങ്കിലും രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം, ഇത്തരത്തിലുള്ള പുതിയ അൾത്താരകൾ എവിടെയും പണിയത്തക്കരീതിയിൽ സ്വാധീനമാർജ്ജിച്ചു ഈ ചിന്താഗതി. മാത്രമല്ല, ജനാഭിമുഖമായി ദിവ്യബലി അർപ്പിക്കുക എന്നതാണ് ഈ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സവിശേഷഫലം എന്ന പ്രകടമായ പ്രതീതി പ്രസ്തുത പ്രചാരണങ്ങൾ ജനിപ്പിക്കുന്നതായും കാണപ്പെടുന്നു. ഈ പുനസംവിധാനം ലിറ്റർജിക്കായി പ്രതിഷ്ഠിതമായിട്ടുള്ള സ്ഥലങ്ങൾ ബാഹ്യരൂപത്തിലും, അതോടൊപ്പം അതിന്റെ ആന്തരികസത്തയിലും കൊണ്ടുവന്ന ഏറ്റം പ്രകടമായ ഫലമാണിത്. ലിറ്റർജി ഐക്യവിരുന്നാണ് എന്ന ഈ നവീന ആശയം.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (ലിറ്റർജിയുടെ ചൈതന്യം, പേജ് 74)
എല്ലാകാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്മരിക്കുന്നതിനാലും ഞാന്‍ നല്കിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു.(1 കോറിന്തോസ് 11 : 2)
കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്,കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.(1 കോറിന്തോസ് 11 : 23-26)
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍.(കൊളോസോസ് 3 : 15)
സമാധാനം നമ്മോടുകൂടെ!
Jinto Chittilappilly