🌹ദാനധർമ്മം..ദശാംശം🌹

എല്ലാവരും കേട്ടിട്ടുള്ളതും മിക്കവർക്കും താല്പര്യം ഇല്ലാത്തതുമായ ഒരു വിഷയം ആണല്ലോ ഇത്.. എങ്കിലും കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.. നമുക്ക് ദൈവം ദാനമായി നൽകിയ ജോലി അല്ലെങ്കിൽ ഏതെങ്കിലും വരുമാനമാർഗത്തിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക്/ സഹായം അർഹിക്കുന്നവർക്ക് കൊടുക്കാൻ നമ്മൾ മടിക്കുന്നത് എന്തുകൊണ്ടാണ്?? പ്രഭാഷകൻ 4:4 ഇൽ ഇങ്ങനെ പറയുന്നു “കഷ്ടതയനുഭവിക്കുന്ന ശരണാർഥിയെ നിരാകരിക്കുകയോ, ദരിദ്രനിൽ നിന്നും മുഖം തിരിക്കുകയോ ചെയ്യരുത്. ആവശ്യക്കാരനിൽ നിന്ന് കണ്ണ് തിരിക്കരുത്”

നമ്മുടെ കുടുംബത്തിലെ സമ്പത്തു മുഴുവനും നമ്മൾക്കും നമ്മുടെ മക്കൾക്കും വേണ്ടി മാത്രം ഉപയോഗിക്കുക എന്നതാണോ ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്?? നമ്മുടെ ചുറ്റും സഹായം ആവശ്യമുള്ള എത്രയോ ആളുകൾ കാണും അവരിൽ ആരെ എങ്കിലുമൊക്കെ പറ്റുന്നപോലെ സഹായിക്കാൻ നമുക്ക് കഴിയില്ലേ? പ്രഭാഷകൻ 35:11 “സന്തോഷത്തോടെ ദശാംശം കൊടുക്കുക, അത്യുന്നതൻ നൽകിയതുപോലെ അവിടുത്തേക്ക്‌ തിരികെ കൊടുക്കുക, കഴിവിനൊത്തു ഉദാരമായി കൊടുക്കുക” ഇങ്ങനെയുള്ള ഒത്തിരി വചനങ്ങൾ വിശുദ്ധ ബൈബിളിൽ നമുക്ക് കാണുവാൻ സാധിക്കും.

കൊടുത്താൽ തീർന്നുപോകും എന്ന് ഒരിക്കലും കരുതരുത്.. കൊടുക്കുന്നതിലും ഇരട്ടിയായി തിരികെ തരുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. “അല്‍പം വിതയ്‌ക്കുന്നവന്‍ അല്‍പംമാത്രം കൊയ്യും; ധാരാളം വിതയ്‌ക്കുന്നവന്‍ ധാരാളം കൊയ്യും” എന്നാണ് 2 കോറിന്തോസ്‌ 9:6 ഇൽ പറഞ്ഞിരിക്കുന്നത്.. സന്തോഷത്തോടെ കൊടുക്കുമ്പോൾ ആണ് ദൈവകൃപ നമ്മളിലേക്ക് ഇറങ്ങി വരുന്നതും കൂടുതൽ അനുഗ്രഹങ്ങൾ നമ്മളുടെ കുടുംബങ്ങളിലേക്ക് ദൈവം ചൊരിയുന്നതും.. 2 കോറിന്തോസ്‌ 9:7-8 “സന്തോഷപൂര്‍വം നല്‍കുന്നവനെയാണ്‌ ദൈവം സ്‌നേഹിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം”. ഉല്‍പത്തി 28:22 “അവിടുന്ന്‌ എനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന്‌ ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും”. എന്ന് യാക്കോബ് ദൈവത്തോട് പ്രതിജ്ഞ ചെയ്തതുപോലെ, നമ്മളും സമ്പാദ്യത്തിന്റെ 10% ദൈവത്തിനു നന്ദിപൂർവം സമർപ്പിക്കണം അപ്പോൾ ബാക്കി 90% ത്തിലേക്ക് ദൈവകൃപ ഇറങ്ങിവരും.

1 യോഹന്നാന്‍ 3:17 “ലൗകിക സമ്പത്ത്‌ ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?”.. 1 കോറിന്തോസ്‌ 4:7 “ദാനമായി ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌?” നമുക്ക് ഇന്ന് കാണുന്ന സൗഭാഗ്യങ്ങളും സമ്പത്തും എല്ലാം ദൈവത്തിന്റെ ദാനം ആണെന്ന് ഓർക്കുമ്പോൾ, പാവങ്ങളെ സഹായിക്കാതെ ഇരിക്കാൻ നമുക്ക് എങ്ങനെ കഴിയും.. നമുക്ക് മുന്നിൽ സഹായത്തിനു കൈ നീട്ടുന്ന, അർഹതപ്പെട്ട പാവങ്ങൾക്ക് കൊടുക്കാതെ പിടിച്ചു വെക്കുന്നത് നമുക്ക് അനുഭവിക്കാൻ പറ്റി എന്ന് വരില്ല. “മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്‌” ലൂക്കാ 12:15.. അപ്പ.പ്രവര്‍ത്തനങ്ങള്‍ 10:4 ഇൽ കൊർണേലിയൂസിനോട് “ദൂതന്‍ പറയുന്നത് ഇങ്ങനെയാണ്: “നിന്റെ പ്രാര്‍ഥനകളും “ദാനധര്‍മങ്ങളും” ദൈവസന്നിധിയില്‍ നിന്നെ അനുസ്‌മരിപ്പിച്ചിരിക്കുന്നു”..

Businessman hand showing key to success. Problem solving to overcome work obstacles

കൊടുക്കാനും മാത്രം എനിക്കൊന്നും ഇല്ല എന്ന് പറയുന്നവർ വായിച്ചിരിക്കേണ്ട ഭാഗമാണ് മാർക്കോസിന്റെ സുവിശേഷം 12 ആം അധ്യായത്തിലെ “വിധവയുടെ കാണിക്ക” എന്നത്.. ദരിദ്രയായ വിധവ 2 ചെമ്പു നാണയങ്ങൾ കാണിക്കയായി സമർപ്പിച്ചപ്പോൾ അത് കണ്ട ഈശോ ശിഷ്യന്മാരോട് പറയുന്നുണ്ട് “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം”.. നമ്മളുടെ കഴിവിനനുസരിച്ചു ദാനം ചെയ്തു ശീലിക്കാം.. 2 കോറിന്തോസ്‌ 8 :12 “താത്‌പര്യത്തോടെയാണു നല്‍കുന്നതെങ്കില്‍ ഒരുവന്റെ കഴിവനുസരിച്ചുള്ള ദാനം ദൈവം സ്വീകരിക്കും. കഴിവില്ലായ്‌മ കണക്കാക്കേണ്ടതില്ല” എന്നാണ് വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത്..

മത്തായി 25 : 40-45 “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌… ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്‌”.. ദൈവം ദാനമായി നൽകിയ സമ്പത്തിലെ ഒരു വിഹിതം കൊണ്ട് പാവങ്ങളെ സഹായിച്ചും, കരുണ കാണിച്ചും, നല്ല ജീവിതം നയിച്ചും മത്തായി 25 ഇൽ പറഞ്ഞിരിക്കുന്നതുപോലെ അവസാനവിധിയുടെ സമയത്തു മനുഷ്യപുത്രന്റെ വലതു ഭാഗത്തു നില്ക്കാൻ യോഗ്യത ഉള്ളവരായി നമുക്ക് മാറാം..

🙏🏻✍🏻ജോജി കോലഞ്ചേരി

നിങ്ങൾ വിട്ടുപോയത്